പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്ത്; എല്ലാത്തിനും മാപ്പ്

By Web DeskFirst Published Mar 29, 2018, 2:49 PM IST
Highlights

ചെയ്തുപോയ കാര്യങ്ങള്‍ ജീവിതാവസാനം വരെ എന്നെ വേട്ടയാടുമെന്നറിയാം. കാലം എല്ലാം മായ്ക്കുമെന്നും

സി‍ഡ്നി: പന്ത് ചുരണ്ടല്‍ വിവാദത്തെക്കുറിച്ച് വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം തനിക്കാണെന്നും എല്ലാത്തിനും മാപ്പ് പറയുന്നുവെന്നും സ്മിത്ത് പറഞ്ഞു. എന്റെ എല്ലാ ടീം അംഗങ്ങളോടും ആരാധകരോടും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരോടും മാപ്പു പറയുന്നു. സംഭവിച്ചതിന്റെയെല്ലാം ഉത്തരാവാദിത്തം എനിക്കാണ്. എന്റെ നേതൃത്വത്തിന് തെറ്റുപറ്റി. ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി എന്തും ചെയ്യാന്‍ തയാറാണെന്നും വ്യക്തമാക്കിയശേഷമാണ് സ്മിത്ത് പൊട്ടിക്കരഞ്ഞത്.

ഇതില്‍ നിന്ന് എന്തുപഠിച്ചു എന്ന് ചോദിച്ചാല്‍, ഇത് മറ്റുള്ളവര്‍ക്കും ഒരു പാഠമാണ്. ഒരു തെറ്റ് ചെയ്തുപോയി. അതിന്റെ അനന്തരഫലം അനുഭവിക്കുന്നു. ചെയ്തുപോയ കാര്യങ്ങള്‍ ജീവിതാവസാനം വരെ എന്നെ വേട്ടയാടുമെന്നറിയാം. കാലം എല്ലാം മായ്ക്കുമെന്നും. മികച്ച കളിയിലൂടെ നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ശ്രമിക്കും. ക്രിക്കറ്റ് എന്റെ ജീവിതമാണ്. അത് അതുപോലെ തുടരും. എല്ലാത്തിനും മാപ്പ്. ഞാന്‍ ശരിക്കും തകര്‍ന്നുപോയി. എന്റെ കുടുംബാംഗങ്ങളെപ്പോലും ഞാന്‍ നാണംകെടുത്തി. സംഭവമറിഞ്ഞ് എന്റെ അമ്മപോലും പൊട്ടിക്കരഞ്ഞുപോയി-സ്മിത്ത് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ നിരവധി തവണ സ്മിത്ത് വിതുമ്പി.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട സ്റ്റീവ്സ സ്മിത്തിനെ ഓസ്ട്രേലിയന്‍ നായകസ്ഥാനത്തു നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നീക്കിയിരുന്നു. പിന്നാലെ ഒരുവര്‍ഷത്തേക്ക് രാജ്യാന്തര ക്രിക്കറ്റില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഒരുവര്‍ഷ വിലക്കുണ്ട്. പന്ത് ചുരണ്ടിയ യുവതാരം ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കാണ് വിലക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു വിവാദമായ പന്ത് ചുരണ്ടല്‍ സംഭവം അരങ്ങേറിയത്.

click me!