ഓസ്ട്രേലിയക്ക് തിരിച്ചടി; സ്റ്റീവ് സ്മിത്തിന്റെ തിരിച്ചുവരവ് വൈകും

By Web TeamFirst Published Jan 12, 2019, 7:59 PM IST
Highlights

സ്മിത്തിന്റെ കൈമുട്ടിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സ്ഥിരീകരിച്ചു. ശസ്ത്രക്രിയക്കുശേഷ ആറാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരും. ഇതോടെ മാര്‍ച്ച് അവസാനം ആരംഭിക്കുന്ന പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്താമെന്ന സ്മിത്തിന്റെ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു.

സിഡ്നി: പന്തു ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വൈകും. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കോമില്ല വിക്ടോറിയന്‍സിനായി കളിക്കുന്ന സ്മിത്തിന്റെ കൈമുട്ടിന് പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സക്കായി അദ്ദേഹം ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു.

സ്മിത്തിന്റെ കൈമുട്ടിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സ്ഥിരീകരിച്ചു. ശസ്ത്രക്രിയക്കുശേഷ ആറാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരും. ഇതോടെ മാര്‍ച്ച് അവസാനം ആരംഭിക്കുന്ന പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്താമെന്ന സ്മിത്തിന്റെ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. മാര്‍ച്ചിലാണ് സ്മിത്തിന്റെയും വാര്‍ണറുടെയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിലക്കിന്റെ കാലാവധി അവസാനിക്കുന്നത്.

പരിക്കിനെത്തുടര്‍ന്ന് ഐപിഎല്ലും പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗും സ്മിത്തിന് നഷ്ടമാകുമെന്നാണ് സൂചന. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലും കളിച്ചില്ലെങ്കില്‍ രാജ്യാന്തര മത്സരങ്ങളൊന്നും കളിക്കാതെയാവും മെയ് അവസാനവാരം ഇംഗ്ലണ്ടില്‍ തുടങ്ങുന്ന ലോകകപ്പിന് സ്മിത്ത് ഇറങ്ങുക.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കോമില്ല വിക്ടോറിയന്‍സിനായി രണ്ട് മത്സരങ്ങളില്‍ ബാറ്റേന്തിയ സ്മിത്ത് 16, 0 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഓസ്ട്രേലിയക്കെതിരെ ആണ് സ്മിത്ത് അവസാന ഏകദിനം കളിച്ചത്.

click me!