പ്രശാന്തിന് ഗോള്‍; ബ്ലാസ്റ്റേഴ്സ് മുന്നില്‍

By Web DeskFirst Published Apr 6, 2018, 9:16 PM IST
Highlights
  • കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് മുന്നില്‍

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ നെറോക്ക എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളിന് മുന്നില്‍. പെനാള്‍ട്ടിയിലൂടെ വിക്ടര്‍ പുള്‍ഗയും മലയാളി താരം കെ. പ്രശാന്തുമാണ് മഞ്ഞപ്പടയ്ക്കായി വലകുലുക്കിയത്. പരിക്കേറ്റ സന്ദേശ് ജിംഗാന് പകരം റിനോ ആന്‍റോ കളത്തിലിറങ്ങിയതോടെ മൂന്ന് മലയാളി താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. 

പതിനൊന്നാം മിനുറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന് നിര്‍ണായ ലീഡ് സമ്മാനിച്ച ആദ്യ ഗോള്‍ വീണത്. മിലാന്‍ സിംഗിന്‍റെ ക്രോസ് നെറോക്ക താരം ഗൗരാമാങ്കിയുടെ കൈയില്‍ തട്ടിയതിന് റഫറി പെനാള്‍ട്ടി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടി. കിക്കെടുത്ത വിക്ടര്‍ പുള്‍ഗ അനായാസം പന്ത് വലയിലാക്കി. ഈ ഗോളോടെ ആദ്യ പകുതിയില്‍ 1-0ന്‍റെ ലീഡുമായി ബ്ലാസ്റ്റേഴ്സ് കളിയവസാനിപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജിംഗാന് പകരക്കാരനായി റിനോ മൈതാനത്തിറങ്ങി. 49-ാം മിനുറ്റില്‍ കേരളത്തിന്‍റെ അഭിമാനമുയര്‍ത്തി പ്രശാന്ത് പന്ത് വലയിലാക്കി. ബ്ലാസ്റ്റേഴ്സിന്‍റെ കൃത്യമായ ആസൂത്രണം പ്രകടമായ ഗോള്‍. പെസിക് മറിച്ചുനല്‍കിയ പന്തില്‍ കാല്‍വെക്കാതെ പെക്കൂസണ്‍ അതിവിദഗ്ധമായി ഒഴിഞ്ഞുമാറി. എന്നാല്‍ വലതുമൂലയില്‍ നിന്ന് പാഞ്ഞുകയറിയ പ്രശാന്ത് വലകുലുക്കി.

click me!