കൈകളില്ലാത്ത വിശ്വാസ് നീന്തി വാരിയത് മെഡലുകള്‍

By Web DeskFirst Published Jul 24, 2016, 7:49 AM IST
Highlights

ഇരുകൈകളുമില്ലാത്ത വിശ്വാസ് എന്ന ഇരുപത്തിയാറുകാരന്‍ നീന്തല്‍ കുളത്തില്‍ നിന്നും നീന്തിക്കയറുന്നത് വെറും കൈയ്യോടെയല്ല. ഇരുകൈകളും ഉള്ളവരില്‍ പലരും വെറുംകൈയ്യുമായി മടങ്ങുമ്പോള്‍ വിശ്വാസിന് ലഭിക്കുന്നത് 'കൈ' നിറയെ മെഡലുകളാണ്. കാനഡയില്‍ നടന്ന 2016 സ്പീറോ കാന്‍ ആം പാരസ്വിമ്മിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മൂന്ന് മെഡലുകള്‍ നീന്തി നേടിയാണ് ആത്മവിശ്വാസം മാത്രം കൈക്കരുത്താക്കി ഇരു കൈകളുമില്ലാത്ത കെ എസ് വിശ്വാസ് എന്ന ചെറുപ്പക്കാരന്‍ ചരിത്രം കുറിച്ചത്.

ലോകമറിയുന്ന നീന്തല്‍ താരം ആകണമെന്നായിരുന്നു ചെറുപ്പം മുതലുള്ള മോഹം. കാര്‍ഷിക വകുപ്പില്‍ ക്ലാര്‍ക്ക് ആയിരുന്നു അച്ഛന്‍ സത്യനാരായണ മൂര്‍ത്തി. പക്ഷേ പത്താം വയസ്സില്‍ ജീവിതത്തിനു മേല്‍ ഇടിത്തീ പോലെ ദുരന്തമെത്തി. നിര്‍മ്മാണത്തിലിരുന്ന വീടിന്‍റെ ടെറസ് നനയ്ക്കുന്നതിനിടെ അബദ്ധത്തില്‍ ഇലക്ട്രിക്ക് കമ്പിയുടെ മുകളില്‍ വീണു വിശ്വാസ്. മകനെ രക്ഷിക്കാന്‍ ഓടിയെത്തിയ അച്ഛന്‍ വൈദ്യുതാഘാതമേറ്റ് തത്ക്ഷണം മരിച്ചു. രണ്ട് മാസം കോമയിലായിരുന്നു വിശ്വാസ്. ഒടുവില്‍ രണ്ട് കൈകളും മുറിച്ചുനീക്കി ഡോക്ടര്‍മാര്‍.

പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്ന വിശ്വാസിന് ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. അങ്ങനെ ബികോം ബിരുദധാരിയായി. കായിക സ്വപ്നങ്ങള്‍ അപ്പോഴും ഉള്ളില്‍ ജ്വലിച്ചു നിന്നു. ഡാന്‍സ്, കുങ്ഫൂ തുടങ്ങിയവയ്ക്കൊപ്പം നീന്തലും പരിശീലിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും ആത്മാവില്‍ വെളിച്ചവും വിശ്വാസവും നിറച്ചുവെന്ന് വിശ്വാസ് പറയുന്നു.

ആസ്ത ആന്റ് ബുക്ക് എ സ്‌മൈല്‍ എന്ന എന്‍ജിഒ നീന്തല്‍ പരിശീലനത്തിന് പിന്തുണയുമായെത്തിയത് ജീവിതത്തില്‍ വഴിത്തിരവായി. താമസ സൗകര്യവും ഭക്ഷണവുംമുള്‍പ്പെടെ സൗജന്യ പരിശീലനം. മറ്റ് നീന്തല്‍താരങ്ങളും പിന്തുണയായെത്തിയതോടെ ആവേശത്തോടെ തുഴഞ്ഞു തുടങ്ങി.

സ്പോര്‍ട്‍സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ താരമായിട്ടാണ് കാനഡയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിശ്വാസ് നീന്താന്‍ ഇറങ്ങുന്നത്.
ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക്, ബ്രീസ്റ്റ്‌സ്‌ട്രോക്ക് വിഭാഗങ്ങളില്‍ വെള്ളിയും 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ വെങ്കലവുമാണ്  ആ നീന്തല്‍ക്കുളത്തില്‍ നിന്നും വിശ്വാസ്  മുങ്ങിയെടുത്തത്.

2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നീന്തി സ്വര്‍ണം നേടണമെന്നാണ് വിശ്വാസിന്റെ പുതിയ  സ്വപ്നം.

click me!