ദയനീയ പ്രകടനത്തിന് സഹതാരങ്ങളെ പഴിച്ച് കോലി

By Web DeskFirst Published Apr 30, 2018, 5:30 PM IST
Highlights
  • ഐപിഎല്‍ 2018 സീസണില്‍ ദയനീയ പ്രകടനത്തിന് സഹതാരങ്ങളെ പഴിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി

ബംഗളൂരു: ഐപിഎല്‍ 2018 സീസണില്‍ ദയനീയ പ്രകടനത്തിന് സഹതാരങ്ങളെ പഴിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി.  ഫീല്‍ഡിങ്ങിലും മറ്റും കാഴ്ചവയ്ക്കുന്ന ദയനീയ പ്രകടനം വച്ചു നോക്കിയാല്‍ ആര്‍സിബി വിജയമര്‍ഹിച്ചിരുന്നില്ലെന്ന് കോലി തുറന്നടിച്ചു. 
കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ആറു വിക്കറ്റിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍ ചാലഞ്ചേഴ്‌സ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണെടുത്തത്. എന്നാല്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

നിലവില്‍ ഏഴു മല്‍സരങ്ങളില്‍നിന്ന് നാലു പോയിന്‍റുമായി ഏഴാം സ്ഥാനത്ത് ബാംഗ്ലൂര്‍. ടൂര്‍ണമെന്‍റില്‍ സാധ്യത നിലനിര്‍ത്താന്‍ ടീം കൂടുതല്‍ കഠിനാധ്വാനം ചെയ്‌തേ തീരൂവെന്നും കോലി പറഞ്ഞു. ബോളിങ്ങില്‍ കുറച്ചുകൂടി തല ഉപയോഗിച്ച് കളിക്കണം. ഫീല്‍ഡിങ്ങിലും മെച്ചപ്പെടേണ്ട മേഖലകള്‍ ഏറെയാണ്. 

കൊല്‍ക്കത്തയ്‌ക്കെതിരായ ഫീല്‍ഡിങ് പ്രകടനം വച്ച് ടീം വിജയം അര്‍ഹിക്കുന്നില്ല. ഈ മല്‍സരത്തില്‍ തീരെ മികവു പുലര്‍ത്താന്‍ ഞങ്ങള്‍ക്കായിട്ടില്ലെന്നും കോലി പറഞ്ഞു. ഇപ്പോഴും ടീമിനു മുന്നില്‍ നോക്കൗട്ട് സാധ്യത അടഞ്ഞിട്ടില്ലെന്നും കോലി അഭിപ്രായപ്പെട്ടു. ഇനിയുള്ള ഏഴു മല്‍സരങ്ങളില്‍ ആറെണ്ണം ജയിച്ചാല്‍ നോക്കൗട്ടില്‍ കടക്കാന്‍ സാധ്യതയുണ്ടെന്നും കോലി പറഞ്ഞു.

click me!