100 മെഗാ പിക്‌സല്‍ ശേഷിയുള്ള മൊബൈല്‍ ക്യാമറകള്‍ ഇനി സാധ്യം

By Web TeamFirst Published Mar 18, 2019, 5:21 PM IST
Highlights

സ്മാര്‍ട്ട്‌ഫോണ്‍ പ്രോസസ്സര്‍ നിര്‍മാതാക്കളായ ക്യുവല്‍കോമിന്റെ പുതിയ മൊബൈല്‍ പ്രോസസ്സറിന് 192 മെഗാ പിക്‌സല്‍ വരെയുള്ള ക്യാമറയെയും വഹിക്കാനുള്ള ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഈ വര്‍ഷം തന്നെ 100 മെഗാപിക്‌സല്‍ ശേഷിയുള്ള ക്യാമറകള്‍ വിപണിയിലെത്തും.

കാലിഫോര്‍ണിയ: ഈ വര്‍ഷം വിപണിയിലിറങ്ങുന്ന ആധുനിക സ്മാര്‍ട്ട്‌ഫോണ്‍ പ്രോസസ്സറുകള്‍ക്ക് 192 മെഗാപിക്സല്‍ വരെയുള്ള ക്യാമറകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടാകും. ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ പ്രോസസ്സറായ സ്‌നാപ്ഡ്രാഗണിന്റെ നിര്‍മാതാക്കളായ ക്യുവല്‍കോമാണ് ഇക്കാര്യം അറിയിച്ചത്. 64 മെഗാ പികസല്‍ ക്യാമറയുള്ള ഫോണുകള്‍ ഈ വര്‍ഷം മാര്‍ക്കറ്റിലെത്തിയേക്കാമെന്ന് ക്യുവല്‍കോമിന്റെ സീനിയര്‍ പ്രോഡക്ട് മാനേജ്‌മെന്റ് പറഞ്ഞു.

100 മെഗാപിക്‌സലിലധികം ശേഷിയുള്ള ക്യാമറകളും, നമ്മുടെ കൈപ്പിടിയിലൊതുങ്ങുന്ന ഒരു കുഞ്ഞന്‍ സ്മാര്‍ട്ട്‌ഫോണില്‍ ഇഴചേര്‍ക്കാനാകുമെന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്. ഇത്ര വലിയ ശേഷിയുള്ള ക്യാമറകള്‍ സ്മാര്‍ട്ട്‌ഫോണില്‍ ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കാനാകില്ലെങ്കിലും ശക്തിയേറിയ പ്രോസസ്സറുകളുടെ വരവോടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുമെന്നുറപ്പാണ്.

നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള ഏറ്റവും കരുത്തനായ ക്യാമറ 48 മെഗാപിക്‌സലിന്റേതാണ്. അടുത്തിടെ പുറത്തിറങ്ങിയ ഷവോമി റെഡ്മി നോട്ട് 7 പ്രോ, ഓണര്‍ വ്യൂ 20, ഓപ്പോ എഫ്11 പ്രോ, വിവോ വി15 പ്രോ എന്നിവയിലെല്ലാം 48 മെഗാപിക്‌സല്‍ ക്യാമറകളാണുള്ളത്. എന്നാല്‍ ഇന്നേവരെ ഇറങ്ങിയിട്ടുള്ള ഒരു മൊബൈല്‍ പ്രോസസ്സറിനും ഇത്രയും ശക്തിയേറിയ ഒരു ക്യാമറയെ വഹിക്കാനുള്ള ശേഷിയില്ലെന്നതാണ് സത്യം. 48 എംപി മോഡില്‍ ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഈ ഫോണുകള്‍ കാലതാമസമെടുക്കുകയോ ഹാങ് ആവുകയോ ചെയ്യാറുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു.

ഇന്നത്തെ ഏറ്റവും മികച്ച ഫോര്‍മാറ്റായ 4കെയില്‍ ദ്യശ്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പോലും കേവലം 19 മെഗാപിക്‌സലോ അതില്‍ താഴെയോ മതിയെന്നിരിക്കെ, 100 മെഗാപിക്‌സല്‍ ക്യാമറകളുടെ ശേഷി എത്രത്തോളമുണ്ടെന്ന് ഊഹിക്കാമല്ലോ. മെഗാപിക്‌സല്‍ മാത്രമല്ല, ചിത്രത്തിന് വ്യക്തത കൂട്ടുന്ന മറ്റനേകം ഘടകങ്ങളുണ്ടെന്ന കാര്യവും മറക്കരുത്. 13 മെഗാപിക്‌സലിന്റെ ഒരു ബജറ്റ് സമാര്‍ട്ട്‌ഫോണിലെടുക്കുന്ന ചിത്രത്തെക്കാള്‍ വ്യക്തത, 13 മെഗാപിക്‌സലിന്റെ ഒരു പ്രീമിയം ഫോണിന് കൈവരുന്നത് അതുകൊണ്ടാണ്.

എന്തായാലും നിലവിലെ വിപണിയുദ്ധം ക്യാമറകളെ ചുറ്റിപ്പറ്റിയാണെന്നുള്ളതില്‍ സംശയമില്ല. ശക്തിയേറിയ ആധുനിക പ്രോസസ്സറുകളുടെ വരവോടെ ഈ മത്സരം പുതിയ തലങ്ങളിലേക്ക് വളരുമെന്ന് ഉറപ്പായി.

ഉയര്‍ന്ന ശേഷിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറാ സെന്‍സറുകള്‍ വികസിപ്പിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് സാംസങ്ങും സോണിയുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. 100 മെഗാപിക്‌സലിന് മുകളിലുള്ള സമാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ സാധ്യമായാല്‍, ഒരു ഫോണില്‍ നാലും അഞ്ചും ക്യാമറകള്‍ കുത്തിനിറയ്ക്കുന്ന പ്രവണത അവസാനിക്കുമോ ഇല്ലയോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
 

click me!