ചൈനയ്ക്ക് വന്‍ തിരിച്ചടി; 71 ശതമാനം ഇന്ത്യക്കാര്‍ ദീപാവലി സീസണില്‍ ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിച്ചു

By Web TeamFirst Published Nov 19, 2020, 9:59 PM IST
Highlights

204 ജില്ലകളിലായി 14,000 ഇന്ത്യന്‍ ഉപഭോക്താക്കളില്‍ കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നടത്തിയ സര്‍വേയില്‍ കാണിക്കുന്നത് 29 ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ് ചൈനയില്‍ നിര്‍മ്മിച്ച ഒന്നോ അതിലധികമോ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയത്. 

ദില്ലി: വിവിധ ഭാഗങ്ങളില്‍ നിന്ന് ചൈനയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിന് ചെവികൊടുത്ത ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഈ ഉത്സവ സീസണില്‍ ചൈന നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ വാങ്ങിയില്ല. ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വേ പ്രകാരം 71 ശതമാനം പേരാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ചത്. പ്രാദേശിക ഉപഭോക്താക്കളും 'മെയ്ഡ് ഇന്‍ ചൈന' ടാഗ് വഹിക്കുന്ന സാധനങ്ങള്‍ വാങ്ങിയിട്ടില്ല. 

204 ജില്ലകളിലായി 14,000 ഇന്ത്യന്‍ ഉപഭോക്താക്കളില്‍ കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നടത്തിയ സര്‍വേയില്‍ കാണിക്കുന്നത് 29 ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ് ചൈനയില്‍ നിര്‍മ്മിച്ച ഒന്നോ അതിലധികമോ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയത്. ഇതില്‍ 11 ശതമാനം പേര്‍ക്ക് അവ വാങ്ങുമ്പോള്‍ ഇക്കാര്യം അറിയില്ലായിരുന്നു. 16 ശതമാനം പേര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞു കൊണ്ടു തന്നെ വാങ്ങുന്നവരാണ്.

ചൈനീസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങളായ സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രിക്കല്‍ ഘടകങ്ങള്‍ മുതല്‍ ഹോം ഡെക്കോര്‍ ഇനങ്ങള്‍ വരെ ഇന്ത്യന്‍ വിപണിയില്‍ ചാകര പോലെ മുളച്ചു പൊന്തിയിരുന്നു. രണ്ടായിരത്തിന്റെ പകുതി മുതല്‍, വിലകുറഞ്ഞ ബദലുകളിലൂടെ വിപണിയില്‍ വലിയ നേട്ടമായിരുന്നു ചൈനീസ് ഉത്പന്നങ്ങള്‍ ഉണ്ടാക്കിയത്. ഈ ദീപാവലിയില്‍ ചൈനീസ് സാധനങ്ങള്‍ വാങ്ങിയ ഉപഭോക്താക്കളില്‍ 75 ശതമാനം പേരും തങ്ങള്‍ പണത്തിന് തക്കതായ മൂല്യം നോക്കിയാണ് ഇവ വാങ്ങിയതെന്നും ചൈനയില്‍ നിര്‍മ്മിച്ചവയാണ് ഇഷ്ടപ്പെടുന്നതെന്നും പ്രാദേശികമായി നിര്‍മ്മിച്ച സാധനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗുണനിലവാരത്തിലും / അല്ലെങ്കില്‍ മെച്ചത്തിലും മികച്ചതാണെന്നും അഭിപ്രായപ്പെട്ടു. 

രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐടി) അനുസരിച്ച്, ഈ ദീപാവലിക്ക് ചൈനീസ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം 40,000 കോടി രൂപ വരെയാകാം. '2021 ഡിസംബറോടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഒരു ട്രില്യണ്‍ രൂപയായി കുറയ്ക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ ഞങ്ങള്‍ എല്ലാവരും തയ്യാറാണ്,' സിഐടി പറഞ്ഞു.

മിക്ക ഉപഭോക്താക്കളുടെയും അഭിപ്രായത്തില്‍, ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ ലൈറ്റ് എമിറ്റിംഗ് ഡയോഡ് ബള്‍ബുകള്‍, മെഴുകുതിരികള്‍, പ്ലാസ്റ്റിക് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പൊതുവെ കൂടുതല്‍ ചെലവേറിയതും ഗുണനിലവാരമുള്ളതുമാണ്. ഇത് അവരെ വിലകുറഞ്ഞ ചൈനീസ് ബദലുകളിലേക്ക് തള്ളിയിരിക്കാം. 

എന്നിരുന്നാലും, മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍, എയര്‍ പ്യൂരിഫയറുകള്‍, ഗാഡ്‌ജെറ്റുകള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവ പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി, ചൈന നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരത്തില്‍ തുല്യമോ മികച്ചതോ ആണെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇനി വരാന്‍ പോകുന്ന സീസണിലും ഇന്ത്യന്‍ ഉപയോക്താക്കള്‍ ചൈനീസ് ബ്രാന്‍ഡുകളുടെ ബഹിഷ്‌ക്കരണം തുടര്‍ന്നാല്‍ അത് ചൈനീസ് വ്യാപാരികള്‍ക്ക് വന്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

click me!