ഷൂ വാങ്ങാനെത്തിയ യുവാവില്‍ നിന്നും പേപ്പര്‍ ക്യാരീ ബാഗിന് പണം വാങ്ങി; ബാറ്റയ്ക്ക് 9000 രൂപ പിഴ

By Web TeamFirst Published Apr 15, 2019, 9:58 AM IST
Highlights

399 രൂപയ്ക്കാണ് ഷൂ വാങ്ങിയതെങ്കിലും 402 രൂപയാണ് ഇയാള്‍ക്ക് ബില്‍ തുകയായി നല്‍കേണ്ടി വന്നത്. മൂന്ന് രൂപ പേപ്പര്‍ ബാഗിന് ഈടാക്കുകയായിരുന്നു.

ചണ്ഡീഗഡ്: പേപ്പര്‍ ക്യാരീ ബാഗിന് പണമീടാക്കിയ പ്രമുഖ ചെറുപ്പ് നിര്‍മ്മാണ കമ്പനിയായ ബാറ്റയ്ക്ക് 9000 രൂപ പിഴ. ചണ്ഡീഗഡ് കണ്‍സ്യൂമര്‍ ഫോറമാണ് കസ്റ്റമറുടെ പരാതിയെത്തുടര്‍ന്ന് പിഴയിട്ടത്. ദിനേശ് പ്രസാദ് റാട്ടൂരി എന്ന വ്യക്തിയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ഇയാള്‍ ബാറ്റയില്‍ നിന്നും ഷൂ വാങ്ങിയത്.

399 രൂപയ്ക്കാണ് ഷൂ വാങ്ങിയത്. എന്നാല്‍ 402 രൂപയാണ് ഇയാള്‍ക്ക് ബില്‍ തുകയായി നല്‍കേണ്ടി വന്നത്. പേപ്പര്‍ ബാഗിനായി ബാറ്റ മൂന്നു രൂപ അധിമായി ഈടാക്കുകയായിരുന്നു. പരസ്യമുള്ള പേപ്പര്‍ ബാഗിന് പണം ഈടാക്കരുതെന്ന നിയമം നിലനില്‍ക്കവേയാണ് അധിക തുക വാങ്ങിയത്. ഇതേത്തുടര്‍ന്ന്  അധികമായി ഈടാക്കിയ തുക തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഇയാള്‍ ചണ്ഡീഗഡ് കണ്‍സ്യൂമര്‍ ഫോറത്തില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ബാറ്റയ്ക്ക് 9000 രൂപ കണ്‍സ്യൂമര്‍ഫോറം പിഴയിട്ടത്. ഇതോടൊപ്പം പേപ്പര്‍ ബാഗുകള്‍ ഫ്രീയായി നല്‍കാനും ഫോറം ബാറ്റയോട് നിര്‍ദ്ദേശിച്ചു. അധികമായി ഈടാക്കിയ തുക തിരിച്ചു നല്‍കാനും 1000 രൂപ പിഴ നല്‍കാനും ഫോറം ഉത്തരവിട്ടിട്ടുണ്ട്.  കസ്റ്റമര്‍ അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങള്‍ക്ക് 3000 രൂപ അധികം നല്‍കണം. ഇത് കൂടാതെ 5000 രൂപ കോടതിചിലവ് കെട്ടാനും ഉത്തരവുണ്ട്. 
 

click me!