തൃപുരയില്‍ സിപിഎം തോറ്റത് സോഷ്യല്‍ മീഡിയയോടും.!

By വിപിന്‍ പാണപ്പുഴFirst Published Mar 4, 2018, 12:20 PM IST
Highlights
  • കഴിഞ്ഞ വര്‍ഷം അവസാനമാണ് ഇയാള്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയത്. ഡിസംബറിലാണ് ഫോണില്‍ വാട്ട്സ്ആപ്പ് തുടങ്ങിയത്. അന്നുമുതല്‍ ഇന്നുവരെ ഇയാളുടെ ഫോണില്‍ ദിവസം ഒരു നാല് തവണയെങ്കിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റുകള്‍ സന്ദേശങ്ങളായി എത്തിയിട്ടുണ്ട്
  • ത്രിപുരയില്‍ സിപിഎം തോറ്റത് ബിജെപിയുടെ സോഷ്യല്‍ മീഡിയ തന്ത്രങ്ങള്‍ക്ക് മുന്നില്‍ കൂടിയാണ്

അഗര്‍ത്തലയിലെ സബന്ത് ദാസ് എന്ന യുവാവ് ഒരു  സ്റ്റേഷനറി കടയിലെ ജീവനക്കാരനാണ്, കഴിഞ്ഞ വര്‍ഷം അവസാനമാണ് ഇയാള്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയത്. ഡിസംബറിലാണ് ഫോണില്‍ വാട്ട്സ്ആപ്പ് തുടങ്ങിയത്. അന്നുമുതല്‍ ഇന്നുവരെ ഇയാളുടെ ഫോണില്‍ ദിവസം ഒരു നാല് തവണയെങ്കിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റുകള്‍ സന്ദേശങ്ങളായി എത്തിയിട്ടുണ്ട്. അത് ചിലപ്പോള്‍ ഇയാളെയും സ്വാദീനിച്ചിട്ടുണ്ടാകാം. ഇത് ഒരാളുടെ കാര്യമല്ല,

25 വര്‍ഷം തങ്ങളുടെ പൊന്നാപുരം കോട്ടപോലെ കാത്ത ത്രിപുരയില്‍ സിപിഎം ഭരണം അവസാനിക്കുമ്പോള്‍ അവര്‍ തോറ്റത് സോഷ്യല്‍ മീഡിയയോട് കൂടിയാണെന്ന് വ്യക്തം. ബിജെപിയുടെ കയ്യിലെ വലിയൊരു ആയുധം അത് തന്നെയായിരുന്നു. 2014 മുതല്‍ സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ ബിജെപി നേടിവരുന്ന വന്‍ മേല്‍ക്കൈ ഇത്രയും വലിയ തിരിച്ചടി  തങ്ങള്‍ക്ക് നല്‍കുമെന്ന് ഇടതുപക്ഷം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

രണ്ട് ലക്ഷത്തോളം ഫോളോവേര്‍സാണ് ബിജെപിയുടെ ത്രിപുര സംസ്ഥാന എഫ്ബി പേജിന് ഉള്ളത്. ഇതിന് ഒപ്പം തന്നെ കുറഞ്ഞ് 2.7 ലക്ഷം ആയിരുന്നു അവര്‍ ഒരോ ദിവസവും ഇട്ട പോസ്റ്റുകളുടെ റീച്ച്.  ബിജെപിയുടെ ട്വിറ്റര്‍ പേജിന് 18,200 ഫോളോവേര്‍സുണ്ട്.  ഒരോ ദിവസവും ഇടുന്ന വീഡിയോയ്ക്ക് ശരാശരി 1.62 ലക്ഷം വ്യൂ ആണ് ഉണ്ടായിരുന്നത്. 

ജനുവരി അവസാനം മുതല്‍ ഇത്തരം പരസ്യങ്ങള്‍ വലുതായി തന്നെ ഹിറ്റ് നല്‍കുന്നുണ്ടായിരുന്നു. ഏതാണ്ട് 3 ലക്ഷം പേരെ ഇതുവഴി തങ്ങളുടെ ആശയം എത്തിക്കാന്‍ ദിവസവും സഹായിച്ചു. ശരിക്കും തൃപുരയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന എല്ലാവരിലും ഞങ്ങളുടെ പരസ്യങ്ങള്‍ എത്തി. സോഷ്യല്‍ മീഡിയയില്‍ ഞങ്ങളുടെ ലക്ഷ്യം കൃത്യമായിരുന്നു, 18-34 വയസ് പ്രായമുള്ളവരെയാണ് ഞങ്ങള്‍ ലക്ഷ്യം വച്ചത് നീങ്ങിയത്. പുതിയ വോട്ടര്‍മാര്‍ സോഷ്യല്‍ മീഡിയ പ്രചരണത്തിന്‍റെ ഭാഗമായി ബിജെപിക്ക് വേണ്ടിയാണ് ചിന്തിച്ചത്, ഇത് പറയുന്നത് ത്രിപുര പിടിക്കാന്‍ നേത‍ൃത്വം നല്‍കിയ ബിജെപി നേതാവ് റാം മാധവിന്‍റെ ഓഫീസിലെ ശിവം ശങ്കര്‍ സിംഗ് സിംഗാണ്.

രണ്ട് ലക്ഷത്തോളം റീച്ച് എന്നതും, യുവാക്കള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എത്തുന്നു എന്നതും അത്ര ലഘവത്തോടെ കാണേണ്ടതല്ല. സിപിഎമ്മിന് 45 ഒളം ശതമാനവും ബിജെപിക്ക് അതില്‍ നിന്ന് ഇത്തിരി കൂടുതലോ ആണ് അവസാനം വോട്ടിംഗ് ശതമാനം എന്ന് ഓര്‍ക്കുക. അപ്പോള്‍ തന്നെ ബിജെപിയുടെ 2, 3ലക്ഷം റീച്ച് കിട്ടുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ രാഷ്ട്രീയമായ മാനം കൈവരിക്കുന്നതും, വോട്ടായി മാറിയെന്നും നമ്മുക്ക് കാണാന്‍ സാധിക്കും.

അതേ സമയം എതിര്‍ വശത്ത് സിപിഎമ്മിന്‍റെ സോഷ്യല്‍ മീഡിയ പദ്ധതികള്‍ എന്തെന്ന് നോക്കിയാല്‍ കാര്യം മനസിലാകും. ബിജെപിയുടെ പത്തിലൊന്ന് പോലും ഫോളോവേര്‍സ് സിപിഎമ്മിന്‍റെ ത്രിപുരയിലെ സോഷ്യല്‍ മീഡിയ പേജുകള്‍ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓഫീഷ്യലായി 15 ഫേസ്ബുക്ക് പേജുകളാണ് വിപ്ലവ പാര്‍ട്ടിക്കുണ്ടായിരുന്നത്. ഇവയില്‍ ജില്ല, ഏരിയ തല പേജുകള്‍ എല്ലാം ഉണ്ട്.  ഇവയില്‍ പലതും ഇലക്ഷന്‍ കാലത്ത് പോലും നിര്‍ജ്ജീവമായിരുന്നു എന്നതാണ് സത്യം. സജീവമായവ തന്നെ വെറുതെ മണിക് സര്‍ക്കാറിന്‍റെ ഫോട്ടോയും സര്‍ക്കാര്‍ പരസ്യങ്ങളും ഷെയര്‍ ചെയ്യുകയായിരുന്നു. അതായത് കാര്യമായ രാഷ്ട്രീയ ചര്‍ച്ചയോ, യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പോസ്റ്റുകളോ ഇല്ല.

തങ്ങളുടെ റാലികള്‍ എല്ലാം തന്നെ ഫേസ്ബുക്കിലൂടെയും, ട്വിറ്ററിലൂടെയും ലൈവ് ചെയ്യുമായിരുന്നു ബിജെപി. എന്നാല്‍ മണിക് സര്‍ക്കാറിന്‍റെ പ്രധാന റാലികള്‍ പോലും സിപിഎം പേജുകളില്‍ അപ്ഡേറ്റ് ചെയ്യപ്പെട്ടില്ല. ഇതിന് പുറമേയാണ് ബിജെപിയുടെ വാട്ട്സ്ആപ്പ് വിദ്യകള്‍. 2016 മുതല്‍ തന്നെ ട്രെയിന്‍ സംപര്‍ക്ക് എന്ന പേരില്‍ ക്യാംപെയിന്‍ ബിജെപി ആരംഭിച്ചിരുന്നു. അതായത് ഒരോ ട്രെയ്നിലും മോദിയുടെ ടീഷര്‍ട്ട് ധരിച്ച് കയറുന്ന ബിജെപി പ്രവര്‍ത്തകര്‍ ബ്രോഷറും മറ്റും നല്‍കുന്നതോടൊപ്പം യാത്രക്കാരുമായി സംവദിച്ചു. ഒപ്പം ഇവരുടെ ഫോണ്‍ നമ്പറും വാങ്ങി.

ഇത്തരത്തില്‍ ബിജെപി ശേഖരിച്ചത് ലക്ഷക്കണക്കിന് ഫോണ്‍ നമ്പറുകളാണ്. ഇതിലൂടെ ബിജെപി തങ്ങളുടെതായ ഒരു പ്രചരണ ബേസ് തന്നെ ഉണ്ടാക്കി. സെക്കന്‍റുകള്‍ക്കുള്ളില്‍ ഒരു സന്ദേശത്തിലൂടെ എന്തും ത്രിപുരയിലെ ഒരു വലിയ ജനവിഭാഗത്തെ അറിയിക്കാന്‍ ബിജെപിക്ക് കഴിയുമായിരുന്നു. ആയിരക്കണക്കിന് ബിജെപി രാഷ്ട്രീയം പറയുന്ന പോസ്റ്റുകളാണ് ഇതുവഴി പ്രവഹിച്ചത്. ഇതിന് ഒപ്പം തന്നെ വിവിധ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ബിജെപിക്ക് സാധിച്ചു. ഇതിനാല്‍ പ്രത്യക്ഷത്തില്‍ ഭരണവിരുദ്ധ വികാരം ഇല്ലെന്ന തോന്നല്‍ ഭരണകക്ഷിയില്‍ ഉണ്ടാക്കാനും എന്നാല്‍ അന്തര്‍ധാരയായി ഭരണവിരുദ്ധ വികാരം ഉണ്ടാക്കാനും ബിജെപിക്ക് സാധിച്ചു. പക്ഷെ ഇത് കൃത്യമായി ഒരു സ്ഥലത്തും സിപിഎമ്മിനും മാണിക് സര്‍ക്കാറിനും മനസിലായില്ല എന്നതാണ് സത്യം.

വാട്ട്സ്ആപ്പ് സന്ദേശങ്ങളില്‍ തന്നെ വീഡിയോകള്‍ ചെലുത്തിയ സ്വദീനം വലുതാണ്, ആദിവാസി മേഖലകളിലെ യുവാക്കള്‍ക്ക് വാട്ട്സ്ആപ്പിലൂടെ ഒഴുകിയെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളായിരുന്നു. ഒപ്പം കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെ പരസ്യങ്ങള്‍. 2014 മുതല്‍ തന്നെ ബിജെപി ആസൂത്രിതമായി ത്രിപുരയില്‍ ചെയ്യുന്ന കാര്യമാണ് മാധ്യമങ്ങളിലെ സാന്നിധ്യം. വളരെക്കുറിച്ച് വാര്‍ത്ത ചാനലുകള്‍ മാത്രമാണ് ത്രിപുരയില്‍ പ്രവര്‍ത്തിക്കുന്നത്. അവയില്‍ തന്നെ വികസന പ്രശ്നം, രാഷ്ട്രീയ പ്രശ്നം എന്നിവയില്‍ ഇടപെട്ട് ഒരു ബൈറ്റ് എങ്കിലും പ്രദേശികമോ, സംസ്ഥാനതലത്തിലുള്ളതോ ആയ നേതാക്കളുടെതായി വരും. ഇത്തരത്തിലുള്ള വീഡിയോകളാണ് മറ്റൊരു ഐറ്റം, ഇതിലൂടെ തങ്ങള്‍ക്കായി സംസാരിക്കാന്‍ ബിജെപി നേതാക്കളുണ്ടെന്ന ബോധം വലിയതോതില്‍ ജനങ്ങളില്‍ ഉണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചു. വായിക്കാനോ, അധികം സമയം ചിലവഴിക്കാനോ ആഗ്രഹിക്കാത്തവരെ വീഡിയോകള്‍ വഴി അവര്‍ ആകര്‍ഷിച്ചു എന്നതാണ് സത്യം.

ബിജെപിയുടെ സോഷ്യല്‍ മീഡിയ അടവുകള്‍ക്ക് മുന്നില്‍ കൂടിയാണ് സിപിഎം ത്രിപുരയില്‍ പരാജയപ്പെട്ടത് എന്ന് വ്യക്തം. പുതുയുഗത്തിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ സ്വയം അപ്ഡേറ്റ് ചെയ്യപെടാനാവാതെ സ്വയം ഏറ്റുവാങ്ങിയ പരാജയങ്ങളില്‍ ഒന്ന്.

click me!