അശ്ലീല സൈറ്റുകൾ നിരോധിക്കാൻ ടെലികോം കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം

By Web TeamFirst Published Oct 26, 2018, 8:46 AM IST
Highlights

ജിയോ, ബിഎസ്എൻഎൽ, എംടിഎൻ തുടങ്ങിയ ഇന്റർനെറ്റ് സേവനദാതാക്കൾ ഇതിനകം സൈറ്റുകൾ നിരോധിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടി ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന്. 

ദില്ലി: 827 അശ്ലീല സൈറ്റുകൾ നിരോധിക്കാൻ  ടെലികോം കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഇൻറർനെറ്റ് ദാതാക്കളായ മൂന്ന് ടെലികോം കമ്പനികൾ നിർദ്ദേശത്തെ തുടർന്ന്  സൈറ്റുകൾ ബ്ളോക്ക് ചെയ്തു. 857 അശ്ശീല സൈറ്റുകൾ നിരോധിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി സെപ്റ്റംബർ 27ന് ഉത്തരവിട്ടിരുന്നു.

ഉത്തരവിൽ സൂചിപ്പിച്ചിട്ടുള്ള  ഇതിൽ 827 വെബ്സൈറ്റുകൾ നിരോധിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം മന്ത്രാലയം ഇന്റർനെറ്റ് കമ്പനികൾക്ക് നിർദ്ദേശം നൽകി. ജിയോ, ബിഎസ്എൻഎൽ, എംടിഎൻ തുടങ്ങിയ ഇന്റർനെറ്റ് സേവനദാതാക്കൾ ഇതിനകം സൈറ്റുകൾ നിരോധിച്ചു. അശ്ലീല ഉള്ളടക്കം കണ്ടെത്താനായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 30 സൈറ്റുകളെ ലിസ്റ്റിൽ നിന്ന്മന്ത്രാലയം  ഒഴിവാക്കിയത്.

850ലേറെ അശ്ലീല സൈറ്റുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2015ൽ  ടെലികോം മന്ത്രാലയം ഉത്തരവിട്ടിരുന്നു. സാമൂഹികമാധ്യമങ്ങളിലും മറ്റും രൂക്ഷവിമര്‍ശം ഉയര്‍ന്നതോടെ ഉത്തരവ് ഭാഗികമായി പിന്‍വലിച്ചു. കുട്ടികളുടെ ചിത്രങ്ങൾളും വീഡിയോകളും ഉള്ള  സൈറ്റുകള്‍ ഇന്റര്‍നെറ്റ് സേവന കമ്പനികള്‍ ലഭ്യമാക്കരുതെന്ന ഉപാധിയോടെയായിരുന്നു സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. നിര്‍ദേശത്തില്‍ വ്യക്തതയില്ലെന്ന കാരണത്താല്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ ഉത്തരവ് നടപ്പാക്കിയിരുന്നില്ല. തുടർന്ന് വിലക്കേണ്ട സൈറ്റുകളുടെ കൃത്യമായ പട്ടിക സർക്കാർ നൽകി. 

click me!