സെക്‌സും ടെക്‌നോളജിയും തോളോട് തോൾ ചേർന്നു കടന്നു പോയ പതിറ്റാണ്ടുകൾ

By Web TeamFirst Published Sep 23, 2020, 2:19 PM IST
Highlights

ടെലിഫോണിന്റെ 'ആൻസ്വറിങ് മെഷീൻ' എന്ന സാങ്കേതിക വിദ്യയുടെ പ്രചാരത്തിനു പ്രധാന കാരണക്കാർ അന്നത്തെ അമേരിക്കൻ ലൈംഗിക തൊഴിലാളികളാണ്

നിങ്ങൾ എപ്പോഴെങ്കിലും ഇന്റർനെറ്റ് സെർച്ച് എഞ്ചിനുകൾ ഉപയോഗിച്ച് ചുമ്മാ 'സർഫിങ്' നടത്തിയിട്ടുണ്ടോ? അല്ലെങ്കിൽ ഒരു വീഡിയോ കാസറ്റ് അല്ലെങ്കിൽ വിസിഡി റെന്റൽ ഷോപ്പിൽ കയറി അവിടെ ഏതൊക്കെ സിനിമകളുണ്ടെന്നു തിരക്കി നോക്കിയിട്ടുണ്ടോ? അതുമല്ലെങ്കിൽ പാശ്ചാത്യ  രാജ്യങ്ങളിൽ ഏതിലെങ്കിലും ചെന്ന് അവിടത്തെ ഹോട്ടലിൽ മുറിയെടുത്ത്, സാറ്റലൈറ്റ് ടെലിവിഷൻ ഒന്ന് ഓണാക്കി നോക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ, അനുദിനം പുത്തൻ ആവിഷ്കാരങ്ങളുമായി നമുക്കുമുന്നിൽ എത്തുന്ന സാങ്കേതിക വിദ്യ, കഴിഞ്ഞ പതിറ്റാണ്ടുകളിൽ സെക്സിന്റെ പൊതുപ്രചാരണരീതിയെ എങ്ങനെയാണ് മാറ്റിമറിച്ചിട്ടുള്ളത് എന്ന് നിങ്ങൾക്ക് വളരെ കൃത്യമായി മനസ്സിലാക്കാനാകും. ചെറുതായൊന്നു നിരീക്ഷിച്ചാൽ മതി,  ഒരു നൂറ്റാണ്ടിൽ അധികം പ്രായമുള്ള പോർണോഗ്രഫി എന്ന   ഇടപാടിനെയെങ്കിലും എങ്ങനെയൊക്കെയാണ് ടെക്‌നോളജി സ്വാധീനിച്ചിട്ടുള്ളത് എന്നെങ്കിലും നമുക്ക് മനസ്സിലാവും.  നമ്മുടെ സംസ്കാരത്തെ തന്നെ സാങ്കേതിക വിദ്യ    എങ്ങനെ മാറ്റിമറിച്ചു എന്നതും വ്യക്തമാകും.  

എന്നാൽ സാങ്കേതിക വിദ്യകൾ വികസിതമാകുന്നതിനും  മുമ്പുതന്നെ ഈ ലോകത്തിൽ ലൈംഗികതയുടെ പലതരത്തിലുള്ള പൊതുപ്രദർശനങ്ങൾ ചി ത്രകല, കൊത്തുപണി എന്നിവയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് വ്യാപകമായിത്തന്നെ ഉണ്ടായിരുന്നു. അതിൽ പുരാതന ഗ്രീക്ക് മൺപാത്ര നിർമാണ കലയും, ഇന്ത്യയിലെ ഖജുരാഹോ, ഹംപി, കൊനാരക്ക് എന്നിങ്ങനെയുള്ള പുരാതന ക്ഷേത്ര മ്യൂറൽ ചിത്രങ്ങളും, ചുവർ ശില്പങ്ങളും, ഈജിപ്തിലെ ഇറോട്ടിക് ചിത്രങ്ങളും,  ചൈനയിലെ പൗരാണികചിത്രങ്ങളും, ഒക്കെ അതിനുദാഹരണങ്ങളാണ്.   

 

 

പതിനഞ്ചാം നൂറ്റാണ്ടിൽ ഗുട്ടൻബർഗ് പ്രിന്റിങ് പ്രസ് എന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ അന്ന് തൊട്ടുതന്നെ പോർണോഗ്രഫിയും അതോടൊപ്പം വികസിച്ചു വന്നിരുന്നു. എന്നാൽ അത് വ്യാപകമായ തോതിൽ ഒരു ഉപജീവനമാർഗമാക്കിയ ആൾ പിയെട്രോ അരെറ്റിനോ ആയിരുന്നു. അത് ഗുട്ടൻബെർഗിന്റെ കണ്ടുപിടുത്തം വിപണിയിലെത്തി അരനൂറ്റാണ്ട് കൂടി കഴിഞ്ഞിട്ടായിരുന്നു. 1885 -ൽ ജോർജ് ഈസ്റ്റ്മാൻ ഫിലിം കണ്ടുപിടിച്ച ശേഷം, 'കൊഡാക്' എന്ന് പേരിട്ട തന്റെ ബോക്സ് കാമെറയിലൂടെ,  ഫോട്ടോഗ്രാഫിയുടെ വിപണി കയ്യടക്കിയിരുന്നു. ക്യാമെറയിലെടുത്ത ഫോട്ടോകൾ പ്രിന്റ് ചെയ്യാനുള്ള സംവിധാനം വന്നതിനു തൊട്ടുപിന്നാലെ തന്നെ അശ്‌ളീല ചിത്രങ്ങളും പ്രിന്റ് ചെയ്യപ്പെടാൻ തുടങ്ങി. അക്കാലത്ത് ഒരു ലണ്ടൻ ഫോട്ടോഗ്രാഫർ ഒരു ലക്ഷത്തിലധികം അശ്‌ളീല ചിത്രങ്ങളുടെ പ്രിന്റുകളോടെ അറസ്റ്റു ചെയ്യപ്പെട്ട കേസുണ്ടായിരുന്നു. 

അക്കാലത്ത് വിക്ടോറിയൻ സദാചാര സങ്കല്പങ്ങളുടെ ഊരാക്കുടുക്കുകളിൽ പെട്ട് വളരെ ഗോപ്യമായ രീതിയിൽ മാത്രമായിരുന്നു ആഗോളതലത്തിൽ തന്നെ പോർണോഗ്രഫിയുടെ പ്രവർത്തനം. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് ആഗോളതലത്തിൽ പല  രാജ്യങ്ങളിലും സദാചാരത്തിന്റെ നിർവചനങ്ങളിൽ അയവു വന്നതും, ലൈംഗികതയുടെ ചിത്രവൽക്കരണവും വീഡിയോ ചിത്രങ്ങളിലൂടെയുള്ള പോർണോഗ്രഫിയും ഒക്കെ കുറ്റകരമല്ലാതെയാകുന്നതും ഒക്കെ. അതിനു ശേഷമാണ് സാങ്കേതികവിദ്യയിലുള്ള മുന്നേറ്റങ്ങളെ കൂടുതൽ കരുത്തോടെ പോർണോഗ്രാഫി സ്വാംശീകരിച്ചു തുടങ്ങിയത്. 

ടെക്‌സാസിൽ അന്നത്തെ അറിയപ്പെടുന്ന സാങ്കേതികവിദ്യാ ചരിത്ര ഗവേഷകനായിരുന്ന ജോനാഥൻ കൂപ്പർസ്മിത്ത് നടത്തിയ ഒരു പഠനത്തിന്റെ വിഷയം തന്നെ, 'പോർണോഗ്രഫിയും, സാങ്കേതികവിദ്യയും പുരോഗതിയും' എന്നായിരുന്നു. അന്ന് ഐക്കൺ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു മാസികയിൽ അച്ചടിച്ച് വന്ന ആ ലേഖനത്തിൽ സാങ്കേതികവിദ്യയിലെ പുരോഗതികൾ സ്വാംശീകരിക്കാൻ എങ്ങനെയാണ് സെക്സ്/പോർണോഗ്രഫി എങ്ങനെയാണ് തയ്യാറായത് എന്നും, ആ സന്നദ്ധത പിന്നീട് ചില സാങ്കേതിക വിദ്യകളുടെ വികാസചരിത്രങ്ങളുടെ തന്നെ ഭാഗമായത് എന്നുമൊക്കെ വിവരിക്കുന്നുണ്ട്. 

രണ്ടാം ലോകമഹായുദ്ധാനന്തരം 8 എംഎം കാമറകൾ വിപണിയിലെത്തുന്നു. അതോടെ വീഡിയോ താരതമ്യേന എളുപ്പമുള്ള പണിയായി മാറുന്നു. സാങ്കേതിക വിദ്യക്ക് പോർണോഗ്രാഫി ഗുണം ചെയ്യുന്ന കാഴ്ചയാണ് അക്കാലത്ത് വിപണിയിൽ ദൃശ്യമായത്. കാമറ സ്റ്റോറുകൾ അന്ന് അശ്‌ളീല വീഡിയോകൾ വാടകയ്ക്ക് നൽകാൻ തുടങ്ങി.   മൂവി പ്രൊജക്ടറുകളുടെയും, കാമറയുടെയും ഒക്കെ വില്പനയ്ക്ക് ഈ അശ്ലീലചിത്രങ്ങളുടെ  വാടകയ്ക്ക് കൊടുക്കൽ  ഒരു ഉൽപ്രേരകമായി പ്രവർത്തിച്ചു, അന്ന്. അതായത് സെക്സ്/പോൺ എന്നത് സാങ്കേതിക വിദ്യയുടെ ആഗമനത്തെ സ്വാഗതം ചെയ്തു, പിന്നാലെ സാങ്കേതിക വിദ്യക്ക് തന്നെ അത് ഏറെ പുരോഗതി ഉണ്ടാകുന്നതിനുള്ള സാമ്പത്തികപ്രേരണയും ആയി. 

 

1953 -ലാണ് ഹ്യൂ ഹെഫ്നർ 'പ്ളേ ബോയ്' എന്ന പേരിൽ  ഒരു ഇറോട്ടിക് സചിത്ര മാസിക തുടങ്ങുന്നത്. ഈ മാസികയ്‌ക്കെതിരായി കോടതിയിൽ വന്ന കേസ് 1957 -ൽ തള്ളിപ്പോയി.1972 -ൽ ജെറാഡ് ഡാമിയാനോയുടെ സംവിധാനത്തിൽ ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ 'അഡൾട്ട്സ് ഒൺലി' ചിത്രമായ  'ഡീപ്പ് ത്രോട്ട്' ആയിരുന്നു ആദ്യത്തെ ലക്ഷണമൊത്ത പോർണോഗ്രഫിക് സിനിമ. എന്നുവെച്ചാൽ, ആദ്യമായി കൃത്യമായ ഒരു കഥയോടെ, കഥാപാത്രങ്ങൾ കൃത്യമായി നിർവചിച്ചുകൊണ്ട്, നല്ലൊരു പ്രൊഡക്ഷൻ ടീമിനെത്തന്നെ അണിനിരത്തി, സാങ്കേതിക തികവോടെ 'ഡീപ്പ് ത്രോട്ട്' എന്ന ചിത്രം പുറത്തിറങ്ങിയ ശേഷമാണ്, വിപണിയിൽ 'പോൺ സ്റ്റാർ' എന്ന പദം ചിത്രത്തിലെ അഭിനേതാക്കളെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കപ്പെട്ടു തുടങ്ങുന്നത്.  ചിത്രത്തിലെ നായിക, ലിൻഡാ ലവ് ലെയ്സ് തന്റെ സ്വകാര്യ ജീവിതത്തിൽ നിന്ന് ലൈംഗിക സംതൃപ്തി കണ്ടെത്താനാവാതെ, ഓർഗാസം എന്തെന്നറിയാൻ വേണ്ടി തന്റെ സ്നേഹിതയുടെ സഹായം തേടുന്നതാണ് സിനിമയുടെ പ്രമേയം. ലിൻഡ ബോർമാൻ എന്ന നടിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഡോക്ടർ യങ് എന്ന പേരിൽ ഹാരി റീംസ് അവതരിപ്പിച്ച പുരുഷ കഥാപാത്രം നായികയെ അന്നത്തെ ലൈംഗികതയുടെ സദാചാര സങ്കൽപ്പങ്ങൾക്ക് അപ്പുറത്തേക്കുള്ള പലതിലേക്കും കൈപിടിച്ച് കൊണ്ടുപോകുന്നതാണ് സിനിമയുടെ പ്ലോട്ട്. ആ ചിത്രമിറങ്ങിയ ശേഷം 'ഹാർഡ് കോർ' പോർണോഗ്രാഫി വിപണിയിലേക്ക് നിർബാധം പ്രവഹിക്കാൻ തുടങ്ങി. 

 

 

എഴുപതുകളോടെ പോർണോഗ്രഫിക്ക് കാര്യമായ പിന്തുണ നൽകിയ വീഡിയോ ഹോം സിസ്റ്റം അഥവാ വിഎച്ച്എസ് പ്രചാരത്തിലായി. എഴുപതുകളുടെ അവസാനത്തോടെ പുറത്തുവന്ന ആദ്യത്തെ വിസിആറും അതിന്റെ വിഎച്ച്എസ് കാസറ്റുകളും ഒക്കെ സാധാരണക്കാർക്ക് താങ്ങാനാവാത്തത്ര വിലപിടിപ്പുള്ളതായിരുന്നു. 1977 -ലാണ് കാര്യത്തെ പോർണോഗ്രഫിക് വീഡിയോ കാസറ്റ് സ്റ്റോറുകളിൽ എത്തുന്നത്. നമ്മുടെ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ ആദ്യത്തെ ബ്ലൂ ഫിലിം കാസറ്റ്. വീഡിയോ കാസറ്റുകൾക്ക് ശേഷം വിസിഡികൾ വന്നപ്പോഴും, ഡിവിഡികളിലേക്ക് അത് പുരോഗമിച്ചപ്പോഴും, പിന്നീട് ഇന്റർനെറ്റും വേൾഡ് വൈഡ് വെബ്ബും ഒക്കെ വന്നപ്പോഴും, ഈ പുതുപുത്തൻ സാങ്കേതികവിദ്യകളോട് വിപണിയിലെ ഉപഭോക്താക്കൾ പരിചയിക്കാനുള്ള ഒരു പ്രധാനകാരണം പോർണോഗ്രഫി അശ്‌ളീല വീഡിയോകൾ തന്നെയായിരുന്നു.  

എഴുപതുകളുടെ അവസാനത്തോടെ കാംകോഡറുകൾ രംഗപ്രവേശം ചെയ്തപ്പോൾ ഒരു ബിസിനസ് റിപ്പോർട്ടർ നടത്തിയ പ്രസിദ്ധമായ നിരീക്ഷണം ഇങ്ങനെ,"ഈ പുതിയ കാംകോഡറുകളുടെ നിർമാതാക്കൾ കരുതിയത് അവരുടെ ഉത്പന്നങ്ങൾ ജനങ്ങളെ കൂടുതൽ സ്പോർട്സ്, കലാസാംസ്കാരിക പരിപാടികൾ കാണാൻ വേണ്ടി പ്രയോജനപ്പെടുത്തും എന്നായിരുന്നു. അങ്ങനെ അവർ പുറമേക്ക് അവകാശപ്പെടുമ്പോഴും, ആ ഇൻഡസ്ട്രിയെ മുന്നോട്ടു നയിച്ചിരുന്ന പ്രധാന ചാലകശക്തി ' വി ഷ്വൽ സെ ക്സ്'  തന്നെ ആയിരുന്നു എന്നത് പരസ്യമായ ഒരു രഹസ്യമായിരുന്നു." 

 

ഇന്റർനെറ്റ് സാങ്കേതിക വിദ്യ ആദ്യം പ്രയോജനപ്പെടുത്തി കൂട്ടരിൽ ഒന്ന് പോർണഗ്രാഫി വിപണി ആയിരുന്നു. ഇന്റർനെറ്റ് ഉപഭോക്താക്കളിൽ നിന്ന് തങ്ങളുടെ സിനിമകൾ കാണുന്നതിന് പകരമായി പണം വാങ്ങേണ്ടത് നിലനിൽപ്പിന് അത്യാവശ്യമായിരുന്ന അവരാണ് ഓൺലൈൻ സാമ്പത്തിക ഇടപാടുകളുടെ ഇന്റർഫേസുകൾ വികസിപ്പിച്ചെടുക്കുന്നതിന് പിന്നിലെ രാസത്വരകങ്ങൾ. തങ്ങളുടെ ഡിജിറ്റൽ ഇറോട്ടിക്ക് ചിത്രങ്ങളുടെ കോപ്പിറൈറ്റ് സംരക്ഷിക്കാൻ ആഗ്രഹിച്ച പ്ളേബോയ് മാസിക, ഡിജിറ്റൽ വാട്ടർമാർക്കിങ് രംഗത്ത് ഏറെ കുതിപ്പുകൾക്ക് കാരണമായി. വിർച്വൽ ഡ്രീംസ് എന്ന പോർണോഗ്രഫി കമ്പനി തങ്ങളുടെ ലാഭത്തിന്റെ പാതിയും ചെലവിട്ടത്, ഇന്ന് പഠനരംഗത്തും ബിസിനസ് രംഗത്തും നിത്യനിദാനസംവിധാനങ്ങളിൽ ഒന്നായ വീഡിയോ കോൺഫറൻസിങ് സാങ്കേതിക വിദ്യ മെച്ചപ്പെടുത്താനും, അതിലൂടെ റിയൽ ടൈം പെയ്ഡ് പോൺ പ്രൊമോട്ട് ചെയ്യാനും വേണ്ടിയാണ്.  

 

 

അതുപോലെ സെക്സ് ടെക്‌നോളജിയെ പ്രൊമോട്ട് ചെയ്തതിന്റെ  ഒരുദാഹരണം കൂടി ഉണ്ട് അമേരിക്കയിൽ. അമ്പതുകളിൽ ഫോണുകളുമായി ബന്ധിപ്പിച്ചുകൊണ്ട് 'ആൻസ്വറിങ് മെഷീൻ' എന്നൊരു സാങ്കേതിക വിദ്യ നിലവിലുണ്ടായിരുന്നു. അതിന്റെ പ്രചാരത്തിനു പ്രധാന കാരണക്കാർ അന്നത്തെ അമേരിക്കൻ ലൈംഗിക തൊഴിലാളികളാണ്. മൊബൈൽ ഫോൺ ടെക്‌നോളജി ഒക്കെ നിലവിൽ വരുന്നതിനു മുമ്പ്, ഒരു കസ്റ്റമർ ഫോൺ വിളിക്കുന്ന സമയത്ത് വീട്ടിൽ ഇല്ലാതിരുന്നാൽ, ഫോണെടുക്കാൻ പറ്റുന്ന സാഹചര്യം ഇല്ലാതിരുന്നാൽ ഒക്കെ ആ കസ്റ്റമർ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി സ്വന്തം സ്വരത്തിൽ സന്ദേശങ്ങൾ റെക്കോർഡ് ചെയ്ത കേൾപ്പിച്ചിരുന്ന അന്നത്തെ 800 ഡോളറോളം വില വന്നിരുന്ന അത്യാധുനിക 'ആൻസ്വറിങ് മെഷീനുകൾ'ക്കുവേണ്ടി അവർ പണം മുടക്കി. അങ്ങനെ ആ വ്യവസായം പച്ചപിടിച്ചു. പല രാജ്യങ്ങളുടെയും ടെലിഫോൺ നെറ്റ്‌വർക്ക് തന്നെ ഇങ്ങനെ കമേഴ്‌സ്യൽ സെക്സ് വർക്കിന്റെ ബലത്തിൽ കെട്ടിപ്പടുത്തതാണ്. 

1982 -ൽ അമേരിക്കയിൽ വന്ന ഒരു നിയമ ഭേദഗതിക്ക് ശേഷം ഫോണിൽ അശ്ലീലസംഭാഷണങ്ങൾക്ക് ഉണ്ടായിരുന്ന വിലക്ക് നീങ്ങി. അതോടെ ഇന്റർനാഷണൽ ഡയലിംഗിൽ വിളിച്ചാൽ പണം നൽകി സെക്സ് ചാറ്റ് നടത്താം എന്നായി. ആ ബിസിനസ് തൊണ്ണൂറുകളിൽ വർഷാവർഷം രണ്ടു ബില്യൺ ഡോളർ വെച്ചാണ് വളർന്നുകൊണ്ടിരുന്നത്. 

ഇനിയങ്ങോട്ടും, സാങ്കേതിക വിദ്യയെ മുന്നോട്ട് നയിക്കുന്നതിൽ സെക്‌സിന്/ പോർണോഗ്രഫിക്ക് പഴയപോലുള്ള റോൾ ഉണ്ടാകുമോ?. സെക്സ് അല്ലെങ്കിൽ പോൺ എന്നത് സാങ്കേതിക വിദ്യയുടെ അദൃശ്യമായ ഒരു ഉപയോഗമാണ്. അത് നടക്കുന്നില്ല എന്ന് സങ്കല്പിക്കാനാണ് വിപണിക്കും, നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ഗവണ്മെന്റുകൾക്കും, ഉപഭോക്താക്കൾക്കും ഒക്കെ ഒരു പോലെ ആഗ്രഹം. 
 

click me!