കേബിള്‍ തലകീഴായി പിടിപ്പിച്ചു; വേഗ റോക്കറ്റ് അറ്റ്‍ലാന്‍റിക്കില്‍ തകര്‍ന്നുവീണു; നഷ്ടം 30000 കോടി രൂപ

By Web TeamFirst Published Nov 22, 2020, 9:12 AM IST
Highlights

ചൊവ്വാഴ്ച രാത്രിയാണ് ഫ്രെഞ്ച് ഗയാനയിലെ കൌറൌ സ്പേയ്സ് സെന്‍റിറില്‍ നിന്ന് പറന്നുയര്‍ന്ന റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ അറ്റ്ലാന്‍റിക് സമുദ്രത്തിലേക്ക് തകര്‍ന്നുവീണത്. 

വയറിംഗിലുണ്ടായ ചെറിയൊരു അപാകത മൂലം നഷ്ടമായത് 30000 കോടി രൂപ. രണ്ട് സാറ്റലൈറ്റുകളുമായി ബഹിരാകാശത്തിലേക്ക് കുതിച്ചുയര്‍ന്ന വേഗ റോക്കറ്റ് നിലംപൊത്താന്‍ കാരണമായത് വയറിംഗിലെ അപാകത മൂലമെന്ന് കണ്ടെത്തല്‍. ചൊവ്വാഴ്ച രാത്രിയാണ് ഫ്രെഞ്ച് ഗയാനയിലെ കൌറൌ സ്പേയ്സ് സെന്‍റിറില്‍ നിന്ന് പറന്നുയര്‍ന്ന റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ അറ്റ്ലാന്‍റിക് സമുദ്രത്തിലേക്ക് തകര്‍ന്നുവീണത്. 

വിക്ഷേപണത്തിന് പിന്നാലെ ദിശമാറിയ റോക്കറ്റ് എട്ട് മിനിറ്റിന് ശേഷമാണ് വേഗ തകര്‍ന്നത്. റോക്കറ്റിന്‍റെ ഡിസൈനിലെ തകരാറല്ല വേഗ നിലംപൊത്താന്‍ കാരണമായതെന്ന് ഏരിയന്‍സ്പേയ്സ് സിഇഒ സ്റ്റീഫന്‍ ഇസ്രയേല്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കിയത്. ഇതിന് പിന്നാലെ തകരാറ് കണ്ടെത്താന്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് തകരാറിന് കാരണമായത് വയറിംഗിലെ ചെറിയ ഒരു അശ്രദ്ധയാണെന്ന് കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ പദ്ധതികള്‍ക്കനുസരിച്ചാണ് വേഗ കുതിച്ചുയര്‍ന്നത്. എന്നാല്‍ രണ്ടാംഘട്ടത്തില്‍ നിയന്ത്രണം നഷ്ടമാവുകയെന്നായിരുന്നു ഏരിയന്‍സ്പേയ്സ് ടെക്നിക്കല്‍ ഡയറക്ടര്‍ റോളണ്ട് ലേയ്ജര്‍ വിശദമാക്കിയത്. 

വയറിംഗിലെ തകരാറ് മൂലമാണ് ഉയരാനുള്ള നിര്‍ദ്ദേശം ലഭിച്ചതോടെ റോക്ക് നിലത്തേക്ക് പതിച്ചത്. എന്‍ജിന്‍ സംയോജിപ്പിച്ച സമയത്ത് സംഭവിച്ച അശ്രദ്ധയാവും ഇതെന്നാണ് ടെക്നിക്കല്‍ ഡയറക്ടര്‍  പറയുന്നത്.  ഫൈനല്‍ ലോഞ്ചര്‍ ഘട്ടത്തിലെ കേബിളുകള്‍ തലകീഴായി ഘടിപ്പിച്ചത് മൂലം ത്രസ്റ്റ് കണ്‍ട്രോള്‍ സിസ്റ്റം തലകീഴായാവും  ഘടിപ്പിച്ചതെന്നാണ് നിരീക്ഷണം. ഇത് ഡിസൈനിലെ അപാകതയല്ലന്നും മാനുഷികമായ അശ്രദ്ധയാണെന്നും ഏരിയന്‍സ്പേയ്സ്  ടെക്നിക്കല്‍ വിഭാഗം വിശദമാക്കുന്നു. ഇത് രണ്ടാം തവണയാണ് വേഗ റോക്കറ്റ് വിക്ഷേപണത്തിനിടയില്‍ തകരുന്നത്. 2019ല്‍ സമാനമായ സംഭവത്തില്‍ യുഎഇയുടെ ഇമേജിംഗ് സാറ്റലൈറ്റാണ് നഷ്ടമായത്. 

click me!