കുഞ്ഞുങ്ങളുടെ എണ്ണം കൂട്ടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടി ജപ്പാൻ

By Web TeamFirst Published Dec 8, 2020, 12:13 PM IST
Highlights

കഴിഞ്ഞ വർഷം ജപ്പാനിൽ ജനിച്ചുവീണത്  865,000 -ൽ താഴെ കുഞ്ഞുങ്ങളാണ്. ഇത് ഇന്നേ വരെയുള്ളതിൽ വെച്ച് ഏറ്റവും കുറഞ്ഞ ജനനനിരക്കാണ്. 

വർഷം ചെല്ലും തോറും കുറഞ്ഞു കുറഞ്ഞു വരുന്ന ജനന നിരക്ക് ജപ്പാനിൽ ഭരണകൂടത്തിന് ആശങ്കകൾക്ക് കരണമായിരിക്കുകയാണ്. ഈ ദുര്യോഗത്തിനുള്ള പരിഹാരമെന്നോണം വരും വർഷങ്ങളിൽ നാട്ടിലെ ജനങ്ങൾക്ക് ചേരുന്ന ഇണകളെ കണ്ടെത്താൻ വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ മാട്രിമോണി ആപ്ലിക്കേഷനുകൾ  ഡിസൈൻ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഗവണ്മെന്റ്. കഴിഞ്ഞ വർഷം ജപ്പാനിൽ ജനിച്ചുവീണത്  865,000 -ൽ താഴെ കുഞ്ഞുങ്ങളാണ്. ഇത് ഇന്നേ വരെയുള്ളതിൽ വെച്ച് ഏറ്റവും കുറഞ്ഞ ജനനനിരക്കാണ്. 

കഴിഞ്ഞ കുറെ വർഷങ്ങളായി ജനനനിരക്കിൽ ഈ നെഗറ്റീവ് ട്രെൻഡ് കണ്ടുതുടങ്ങിയിട്ടത് എന്നതിനാൽ ഇതിനെ വിപരീതമാക്കാൻ വേണ്ട പരിശ്രമങ്ങൾ പൂർവാധികം ശക്തിയോടെ തുടരും എന്നാണ് അധികാരികൾ പറയുന്നത്. ആ ദിശയിലാണ് ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തിയുള്ള പുതിയ നീക്കങ്ങൾ. 2021 -ൽ 19 മില്യൺ ഡോളറാണ് ജപ്പാൻ ഈ രംഗത്തെ ഗവേഷണങ്ങൾക്കും സോഫ്റ്റ്വെയർ നിർമാണത്തിനും വേണ്ടി നീക്കിവെച്ചിട്ടുള്ളത്. നാട്ടിൽ നിലവിലുള്ള മനുഷ്യബുദ്ധിയിൽ മാത്രം പ്രവർത്തിക്കുന്ന സോഫ്ട്‍വെയറുകളെ അടിസ്ഥാനപ്പെടുത്തിയുള്ള മാട്രിമോണി സംവിധാനങ്ങൾ വേണ്ടത്ര ഫലപ്രദമല്ല എന്ന തിരിച്ചറിവിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകൾ അന്വേഷിച്ച് ഗവൺമെന്റ് തലത്തിൽ തന്നെ പുതിയ പ്രോജക്ടുകൾ വരുന്നത്.

രാജ്യത്തെ ജനന നിരക്കുകൾ ഇങ്ങനെ കുറഞ്ഞുവരുന്നത് തുടർന്നാൽ, 2017 -ൽ 12.8 കോടിയുണ്ടായിരുന്ന ജപ്പാനിലെ ജനസംഖ്യ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അഞ്ചു കൂടിയായി ചുരുങ്ങുമെന്നാണ് പ്രവചനം. അത് നാട്ടിൽ ആവശ്യത്തിന് പ്രവർത്തിക്കാൻ വേണ്ട ആളുകൾ ഇല്ലാത്ത അവസ്ഥയുണ്ടാകും എന്നും രാജ്യത്തിന്റെ പുരോഗതിക്ക് വിഘാതമാവുന്ന സാഹചര്യമുണ്ടാകും എന്നുമാണ് വിലയിരുത്തൽ. ആ ഭാവിസാധ്യത ഒഴിവാക്കാനാണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയത്നങ്ങൾ.  

click me!