ഷവോമി ഇന്ത്യയില്‍ ടി.വി നിര്‍മ്മാണം ആരംഭിച്ചു

By Pranav PrakashFirst Published Oct 5, 2018, 12:01 AM IST
Highlights

850 ജീവനക്കാരുള്ള ഈ പ്ലാന്‍റില്‍ നിന്നും  മാസം തോറും  ഒരു ലക്ഷം  ടി.വികള്‍ വച്ച് നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

തിരുപ്പതി: ബജറ്റ് ഫോണുകളിലൂടെ ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ രംഗം പിടിച്ചടക്കിയ ഷവോമി ടെലിവിഷന്‍ നിര്‍മ്മാണരംഗത്ത് കൂടുതല്‍ സജീവമാകുന്നു. കമ്പനിയുടെ ജനപ്രിയ മോഡലായ എം.ഐ എല്‍.ഇ.ഡി ടിവി ഇനി മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് കമ്പനി വ്യാഴാഴ്ച്ച പ്രഖ്യാപിച്ചു. 

ആന്ധ്രാപ്രദേശിലെ ക്ഷേത്രനഗരമായ തിരുപ്പതിയിലാണ് ഷവോമിയുടെ പുതിയ ടിവി നിര്‍മ്മാണയൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിക്സോന്‍ ടെക്നോളജീസുമായി സഹകരിച്ചാണ് ഷവോമി ഇന്ത്യയില്‍ ടിവി നിര്‍മ്മാണത്തിന് തുടക്കമിടുന്നത്. 

തിരുപ്പതിയിലെ പുതിയ ടിവി നിര്‍മ്മാണകേന്ദ്രത്തിന്‍റെ ഉദ്ഘാടനം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു നിര്‍വഹിച്ചു. തിരുപ്പതിയെ ഒരു ഐടി ഹബ്ബാക്കി മാറ്റുക എന്നത് തന്‍റെ സ്വപ്നമാണെന്നും  അതിലേക്കുള്ള നിര്‍ണായകചുവടുവയ്പ്പാണ് ഷവോമിയുടെ വരവെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. 32 ഇഞ്ച്,43 ഇഞ്ച് എല്‍ഇഡി ടിവികള്‍ ആണ് പുതിയ പ്ലാന്‍റില്‍ നിന്നും ഷവോമി പ്രധാനമായും ഉത്പാദിപ്പിക്കുക. 850 ജീവനക്കാരുള്ള ഈ പ്ലാന്‍റില്‍ നിന്നും അടുത്ത വര്‍ഷത്തോടെ മാസം തോറും  ഒരു ലക്ഷം  ടി.വികള്‍ വച്ച് നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

നിലവില്‍ ഷവോമി ഇന്ത്യയില്‍ വില്‍ക്കുന്ന ഫോണുകളില്‍ 95 ശതമാനവും പ്രാദേശികമായി നിര്‍മ്മിക്കുന്നതാണ്. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റി, തമിഴ് നാട്ടിലെ ശ്രീപെരുമ്പത്തൂര്‍,ഉത്തര്‍ പ്രദേശിലെ നോയിഡ എന്നിവടങ്ങളില്‍ നിലവില്‍ ഷവോമിക്ക് പ്ലാന്‍റുകളുണ്ട്.  കന്പനിയുടെ പവര്‍ ബാങ്ക് നിര്‍മ്മാണയൂണിറ്റ് നോയിഡയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം എയര്‍ പ്യൂരിഫെയര്‍, വാട്ടര്‍ പ്യൂരിഫെയര്‍, പ്രൊജക്ടര്‍, സെക്യൂരിറ്റി ക്യാമറ, അടുക്കള ഉപകരണങ്ങള്‍ തുടങ്ങി വിവിധ  ഇലക്ട്രിക്ക് ഉപകരണങ്ങളുടെ നിര്‍മ്മാണം സജീവമാക്കാനും എം.ഐ ഉദ്ദേശിക്കുന്നുണ്ട്.  
 

click me!