സ്മാര്‍ട്ട്ഫോണ്‍ നിങ്ങളെ രോഗിയാക്കി; വലിയ രോഗി

By അരുണ്‍ അശോകന്‍First Published Jan 23, 2018, 10:44 AM IST
Highlights

സെബര്‍ ലോകത്ത് ജീവിക്കുന്നവരാണ് ഇന്ന് ലോകത്തുള്ളത് അവര്‍ പോലും അറിയാതെ വരുന്ന ചിലരോഗങ്ങള്‍ "സൈബര്‍ വലയിലെ രോഗബാധകള്‍"
അരുണ്‍ അശോകന്‍ എഴുതുന്ന പരമ്പര ആരംഭിക്കുന്നു. മൊബൈല്‍ കയ്യിലില്ലാത്ത ഒരു ദിനത്തെക്കുറിച്ച് ആലോചിക്കൂ, എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ, എങ്കില്‍ ചിലപ്പോള്‍ നിങ്ങളില്‍ ഒരു രോഗി ഒളിഞ്ഞിരിപ്പുണ്ട്  നോമോഫോബിയെക്കുറിച്ച് ആദ്യം

തുവരെ അധികമാരും കടന്നുപോയിട്ടില്ലാത്ത സൈബർ ഇടനാഴികളിലൂടെയുള്ള യാത്രയായിരുന്നു.  ഒരു സൈറ്റിൽ നിന്ന് മറ്റൊന്നിലേക്കുള്ള ഭ്രാന്തമായ അലച്ചിൽ. യാത്രയുടെ ഒരു ഘട്ടത്തിൽ വിഷമത്തോടെയാണെങ്കിലും  ആ സത്യം ഞാൻ തിരിച്ചറിഞ്ഞു. ലോകത്തിലൊരുപാടുപേരെ അതിഭീകരമായി ഗ്രസിച്ചിരിക്കുന്നൊരു മനോരോഗത്തിന്റെ പടിവാതിലിലാണ് ഞാനും. നോമോഫോബിയ. 

നോ -മൊബൈൽ ഫോൺ- ഫോബിയ എന്നതിന്റെ ചുരുക്കപ്പേരാണ് നോമോഫോബിയ. സ്മാർട്ട് ഫോൺ കയ്യിലില്ലാതെ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ഭയം. ഫോണില്ലാപ്പേടിയെന്ന് മലയാളത്തിൽ  പരിഭാഷപ്പെടുത്താം. എങ്കിലും ഗൗരവമുള്ളൊരു രോഗത്തിന് ഫോണില്ലാപ്പേടിയെന്നതിനെക്കാൾ നോമോഫോബിയ തന്നെയാണ് ചേർന്ന പേര്.  

പുത്തൻ സാങ്കേതിക വിദ്യകളുടെ ലോകത്ത് ആണ്ടുമുങ്ങിയിരിക്കുന്ന മനുഷ്യരെ ബാധിക്കുന്ന പലതരം രോഗങ്ങളിൽ ഒന്ന് മാത്രമാണ് നോമോഫോബിയ. ഫാന്റം വൈബ്രേഷണൽ സിൻഡ്രോം,ഡിജിറ്റൽ അഡിക്ഷൻ, ഡിപ്രഷൻ, അമിത ഉത്കണ്ഠ, ഒറ്റപ്പെട്ടുവെന്ന തോന്നൽ അങ്ങനെ നീണ്ടുപോകുകയാണ് മൊബൈലും കംപ്യൂട്ടറും ടാബ്‍ലറ്റുമൊക്കെ മനുഷ്യനിൽ അടിച്ചേൽപ്പിക്കുന്ന മാനസിക രോഗങ്ങൾ.   മനസിനെ മാത്രമല്ല, എല്ലാം മറന്നുള്ള സൈബർ യാത്രകൾ ശരീരത്തെയും മോശമായി ബാധിക്കും.  ഇത്തരം മോശവശങ്ങൾ മനസ്സില്ലാക്കാതെ ഇനിയും സാങ്കേതികതയുടെ ലോകത്ത് മുന്നോട്ടുപോകുന്നത് അപകടമാണ്.  

 നോമോഫോബിയയിലേക്ക് തന്നെ ആദ്യം പോകാം,

വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപേ നോക്കേണ്ടതായിരുന്നു. പക്ഷെ പഞ്ചിംഗ് ടൈം ഓർത്തുള്ള ഓട്ടത്തിൽ  നടന്നില്ല. ഓഫീസിലേക്കുള്ള പകുതിവഴിയും പിന്നീട്ട് കഴിയുന്പോഴാണ് ഞെട്ടിക്കുന്ന കാര്യം തിരിച്ചറിയുന്നത്.സ്മാർട്ട് ഫോൺ എടുത്തിട്ടില്ല. എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ അതെടുത്തിട്ടേ യാത്ര തുടരുമായിരുന്നുള്ളൂ. പക്ഷെ തത്കാലം അതിന് വഴിയില്ല.  അത്തരത്തിലൊരു ദിവസം എങ്ങനെയാകുമെന്ന് ഒരു നിമിഷം ചിന്തിച്ചു നോക്കൂ. ആ ചിന്ത നിങ്ങളെ വല്ലാതെ അസ്വസ്ഥതരാക്കുന്നുണ്ടോ?  എല്ലാ പ്രവർത്തനങ്ങളും താളം തെറ്റുമെന്ന ഭയം ഹൃദയമിടിപ്പ് കൂട്ടുന്നുണ്ടോ?   എങ്കിൽ നിങ്ങളും നോമോഫോബിയയുടെ പിടിയിലാണ്. 

ഫോൺ എടുക്കാത്ത ദിവസം ഓഫീസിലെ കാര്യം മുഴുവൻ താളം തെറ്റും , ഓഫീസ് കാര്യം മാത്രമല്ല വീട്ടിലെ കാര്യവും അവതാളത്തിലാകും. ഫോണെടുത്തില്ലെന്ന് ഭാര്യയെ അറിയിക്കാമെന്ന് വച്ചാൽ ഭാര്യയുടെ  നന്പരും ഓർമ്മയില്ല.  ഫോണെടുത്തില്ലെന്ന കാര്യം ഓർമ്മ വരുന്പോൾ പോലും പോക്കറ്റിൽ ഫോണിനായിതപ്പും. വീട്ടിലിരിക്കുന്ന ഫോൺ എങ്ങനെങ്കിലും കയ്യിലെത്തിക്കാൻ അതേ ഫോണിന്റെ സഹായം തേടാൻ ശ്രമിക്കുകയാണ് ബുദ്ധി.  

ഫോൺ കയ്യിൽ ഇല്ലാത്തപ്പോൾ മാത്രമല്ല ഫോണിൽ ചാർജില്ലാത്തപ്പോഴും,  നെറ്റ്‍വർക്ക് കിട്ടാത്തപ്പോഴും , ഡാറ്റ തീരുന്പോഴുമെല്ലാം  നോമോഫോബിക് ആയവർ അസ്വാസ്ഥരാകും. സ്മാർട്ട് ഫോൺ കൈയകലത്തിൽ നിന്ന് മാറുന്പോൾ  പലരിലും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കൂടുന്നതായി  അമേരിക്കയിൽ നടന്ന ചില പഠനങ്ങൾ പറയുന്നു. സ്മാർട്ട് ഫോണുകളുമായി മനുഷ്യർ ഡിജിറ്റലായൊരു പൊക്കിൾക്കൊടി ബന്ധം ഉണ്ടാക്കിയെടുത്തിട്ടുണ്ടത്രെ. 

 2008ൽ  ബ്രിട്ടീഷ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് നടത്തിയൊരു പഠനമാണ്  ഫോൺ കയ്യിലില്ലാത്തപ്പോൾ മനുഷ്യർ കാട്ടുന്ന അസ്വസ്ഥതയെ നോമോഫോബിയ എന്ന് ആദ്യമായി വിളിച്ചത് .  പഠനപ്രകാരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിൽ 53 ശതമാനം പേരിലും നോമോഫോബിയയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. സ്ത്രീകളെക്കാൾ പുരുഷൻമാരിലായിരുന്നു അന്ന് നോമോഫോബിയ കൂടുതൽ . 2012ൽ ബ്രിട്ടണിൽ തന്നെ നടന്ന മറ്റൊരു പഠനപ്രകാരം നോമോഫോബിയ പ്രകടിപ്പിക്കുന്ന ഫോൺ ഉപഭോക്താക്കളുടെ എണ്ണം 70 ശതമാനമായി കൂടി.  പുരുഷൻമാരെ കടത്തിവെട്ടി സ്ത്രീകൾ കൂടുതലായി രോഗത്തിന് അടിമപ്പെടുന്നെന്നാണ് അതു മുതലിങ്ങോട്ടുള്ള പഠനങ്ങൾ പറയുന്നത്. 

2014ൽ അയോവ സർവകലാശാലയും നോമോഫോബിയ സംബന്ധിച്ച വിശദമായ പഠനം നടത്തിയിട്ടുണ്ട്. നോമോഫോബിയ സ്ഥിരീകരിക്കുന്നതിനുള്ള ചോദ്യാവലി രൂപപ്പെട്ടതും ഈ പഠനത്തിന്റെ ഭാഗമായാണ്. ഇരുപത് ചോദ്യങ്ങളാണ് NMP-Q എന്ന ടെസ്റ്റിൽ ഉള്ളത്.   NMP-Q ടെസ്റ്റ് പ്രകാരം ഫോണില്ലാപ്പേടിക്കാരെ മൂന്നായി തിരിക്കാം.  മൈൽഡ്, മോഡറേറ്റ് , സിവിയർ എന്നിങ്ങനെയാണ്  ഈ തരംതിരിവ്.  ഓൺലൈനായും ടെസ്റ്റ് നടത്താം.  

 മനുഷ്യർ സ്വന്തം തലച്ചോറിനെ രണ്ടാം ബുദ്ധിയാക്കി ഫോണിനെ ഒന്നാം ബുദ്ധിയാക്കിയിരിക്കുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. എല്ലാ വിവരങ്ങളും ഒരു വിരൽ തുന്പിൽ കിട്ടുന്പോൾ എന്തിന് പലകാര്യങ്ങളും ഓർത്തുവയ്ക്കണമെന്നതാണ് ഭൂരിഭാഗം പേരുടെയും ചിന്ത. എന്നാൽ സ്വാഭാവികമായി ഉണ്ടായിരുന്ന പല ശേഷികളുടെയും സാവധാനത്തിലുള്ള ശോഷണമാണ് ഇതിന്റെ അനന്തരഫലം.  ഇത്തിരി ഓർമ്മക്കുറവ് ഉണ്ടാകുന്നതല്ലാതെ ഇതുകൊണ്ട് മറ്റ് പ്രശ്നങ്ങളൊന്നുമില്ലല്ലോയെന്നാകും ഭൂരിഭാഗം പേരും ചിന്തിക്കുന്നത്. 

എന്നാൽ  അടിയന്തര ചികിത്സ ആവശ്യമായ രോഗമായി നോമോഫോബിയ മാറാറുണ്ടെന്ന്  പല പഠനങ്ങളും പറയുന്നു.  ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോൺ ഉപയോക്താക്കൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.  പുതിയ സാങ്കേതിക വിദ്യ ഉണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങളെ ഗൗരവത്തോടെ കാണാൻ നമുക്ക് സാധിക്കണം. സാങ്കേതിക വിദ്യ നമ്മെ ഭരിക്കുകയല്ല, നാം സാങ്കേതിക വിദ്യയെ ഭരിക്കുകയാണ് വേണ്ടത്.  
 

click me!