പാകിസ്ഥാനിലും നിരോധനം; ടിക് ടോക്കിന് വന്‍ തിരിച്ചടി

By Web TeamFirst Published Oct 9, 2020, 6:12 PM IST
Highlights

പാകിസ്ഥാന്റെ തീരുമാനം ചൈനീസ് ആപ്പിന് കനത്ത തിരിച്ചടിയാണ്. ചൈനീസ് ടെക് ഭീമന്മാരായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയാ ആപ്പാണ് ടിക് ടോക്.
 

ഇസ്ലാമാബാദ്: ഇന്ത്യക്കും അമേരിക്കക്കും പിന്നാലെ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക് പാകിസ്ഥാനിലും നിരോധിച്ചു. നിയമവിരുദ്ധമായ ഉള്ളടക്കം പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി ചൈനീസ് ആപ്പിനെ വിലക്കിയത്. ആപ്പില്‍ വരുന്ന വീഡിയോകള്‍ക്കെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം പരാതികള്‍ വരുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അധാര്‍മ്മികവും അപമര്യാദയുമായ നിരവധി ഉള്ളടക്കമാണ് ടിക് ടോക്കില്‍ വരുന്നതെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. 

പാകിസ്ഥാന്റെ തീരുമാനം ചൈനീസ് ആപ്പിന് കനത്ത തിരിച്ചടിയാണ്. ചൈനീസ് ടെക് ഭീമന്മാരായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയാ ആപ്പാണ് ടിക് ടോക്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയാണ് ആദ്യം ടിക് ടോക് നിരോധിച്ചത്. ഗല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്. ടിക് ടോകിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഇന്ത്യയില്‍ നിന്നായിരുന്നു. തൊട്ടുപിന്നാലെ അമേരിക്കയും ടിക് ടോക് നിരോധിച്ചു. 

ഇതിന് പിന്നാലെയാണ് ചൈനയുമായി സൗഹൃദബന്ധമുള്ള പാകിസ്ഥാന്‍ ആപ് നിരോധിച്ചത്. പാകിസ്ഥാന്റെ നിരോധനം സംബന്ധിച്ച് ടിക് ടോക് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 
 

click me!