ടിക് ടോക്കിന് വീണ്ടും നിരോധനം വന്നേക്കും; ഹെലോ ആപ്പിനും ഐടി മന്ത്രാലയത്തിന്‍റെ നോട്ടീസ്

By Web TeamFirst Published Jul 18, 2019, 2:47 PM IST
Highlights

വിശദമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്.

രാജ്യവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് ടിക് ടോക്കിനും ഹെലോ ആപ്ലിക്കേഷനും ഐടി മന്ത്രാലയം നോട്ടീസ് അയച്ചു. നിയമപരമല്ലാത്ത പ്രവൃത്തികള്‍ നടക്കുന്നുണ്ടോ എന്നറിയാനായുള്ള ചോദ്യങ്ങളാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഐടി മന്ത്രാലയത്തിന്‍റെ സൈബര്‍ നിയമ, ഇ- സുരക്ഷാ വിഭാഗമാണ് നോട്ടീസയച്ചത്. നോട്ടീസിന് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍  ടിക് ടോക്കിനും ഹെലോ ആപ്പിനും നിയന്ത്രണം വന്നേക്കുമെന്ന് ബിസിനസ്സ് ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഐടി ആക്ടിലെ വകുപ്പുകള്‍ പ്രകാരമാകും നടപടി എടുക്കുക.  

ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി പങ്കുവെയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് നോട്ടീസിന്‍റെ കൂടെയുള്ള ചോദ്യാവലിയിലുള്ളത്. ജൂലൈ 22-നകം മറുപടി നല്‍കണം. സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ 11,000 മോര്‍ഫ് ചെയ്ത രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിനായി വന്‍ തുക ചെലവഴിച്ചെന്ന ആരോപണവും ഉയരുന്നുണ്ട്. 

വിശദമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് ടിക് ടോക്കും ഹെലോയും അമിതമായ വിവരശേഖരണം നടത്താറുണ്ടോ?, എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നത്?, ചൈനയിലേക്ക് വിവരങ്ങള്‍ കടത്തുന്നുണ്ടോ എന്നും മറ്റ് രാജ്യങ്ങളിലേക്കോ വ്യക്തികളിലേക്കോ ടിക് ടോക്കും ഹെലോയും  വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് സര്‍ക്കാരിന് എങ്ങനെ ഉറപ്പുനല്‍കാനാകും എന്നും നോട്ടീസില്‍ ചോദിക്കുന്നു. 

സിംഗപ്പൂരിലും അമേരിക്കയിലുമാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്ന കമ്പനിയുടെ വാദത്തെയും നോട്ടീസില്‍ ചോദ്യം ചെയ്യുന്നുണ്ട്. ടിക് ടോക്ക്, ഹെലോ ആപ്ലിക്കേഷനുകളെ കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം കര്‍ശന നടപടി സ്വീകരിച്ചത്. ടിക് ടോക്ക് ചൈനയിലേക്ക് വിവരങ്ങള്‍ കടത്തുന്നെന്ന ആരോപണവും ശക്തമാണ്. 

click me!