‍ഫേസ് ആപ്പ് റഷ്യയുടെ കെണിയോ? അന്വേഷണം ആവശ്യപ്പെട്ട് യുഎസ് സെനറ്റര്‍

By Web TeamFirst Published Jul 19, 2019, 10:42 AM IST
Highlights

അമേരിക്കയ്ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്താറുള്ള റഷ്യയില്‍ നിന്നുളളതാണെന്നതാണ് ആപ്പിനെ സംബന്ധിച്ച് ആശങ്ക വര്‍ധിക്കാന്‍ കാരണം.

വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഫേസ് ആപ്പിന്‍റെ ആധികാരികതയില്‍ അന്വേഷണം ആവശ്യപ്പെട്ട് യു എസ് സെനറ്റര്‍. പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ ലഭിക്കുന്നതിലുള്ള ആശങ്ക മൂലമാണ് എഫ്ബിഐയുടെ അന്വേഷണം ആവശ്യപ്പെട്ടത്. 

ബുധനാഴ്ചയാണ് സഭയിലെ അംഗമായ ചക്ക് ഷമ്മര്‍ ഫേസ് ആപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ടത്. അമേരിക്കയ്ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്താറുള്ള റഷ്യയില്‍ നിന്നുളളതാണെന്നതാണ് ആപ്പിനെ സംബന്ധിച്ച് ആശങ്ക വര്‍ധിക്കാന്‍ കാരണം. ഫേസ് ആപ്പ് ദേശസുരക്ഷയ്ക്ക് ഭീഷണിയോ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമോ ആണോ എന്ന് പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി ഉപഭോക്തൃ സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള ഏജന്‍സികളോടും ചക്ക് ഷമ്മര്‍ ഇക്കാര്യം ആവശ്യപ്പെട്ടു. 

2020-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ഫേസ് ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയസമതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉപയോഗത്തിന് ശേഷം 48 മണിക്കൂറിനുള്ളില്‍ തന്നെ ഉപയോക്താവിന്‍റെ ചിത്രം സെര്‍വറില്‍ നിന്ന് നീക്കം ചെയ്യാറുണ്ടെന്ന് ഫേസ് ആപ്പ് അധികൃതര്‍ അറിയിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

ഏറ്റവും പുതിയ വിവരം വച്ച്  122 രാജ്യങ്ങളിൽ നിന്നുള്ളവരായി ഏകദേശം 100 ദശലക്ഷം ഡൗണ്‍ലോഡുകളാണ് ഗൂഗിൽ പ്ലേയിൽ നിന്നും ഫേസ്ആപ്പിന് ലഭിച്ചിരിക്കുന്നത്. ഐഒഎസ് ആപ്പ് ഡൗണ്‍ലോഡിലും ഈ ആപ്പ് പിന്നില്‍ അല്ല. രണ്ട് കൊല്ലം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഫേസ് ആപ്പ് പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും അന്ന് പൂര്‍ണ്ണതയോടെ ചിത്രങ്ങള്‍ മാറ്റം വരുത്താന്‍ ഇതിന് സാധിക്കാത്തതിനാല്‍ ജനപ്രീതി ഉണ്ടാക്കാന്‍ സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് വലിയ മാറ്റങ്ങളുമായാണ് രണ്ടാം വരവ്. 

click me!