എന്താണ് ബിറ്റ്കോയിന്‍; എന്തിന് ഹാക്കര്‍മാര്‍ ഇത് ഉപയോഗിക്കുന്നു

By Vipin PanappuzhaFirst Published May 16, 2017, 11:08 AM IST
Highlights

വാന്നക്രൈ സൈബര്‍ ആക്രമണം നേരിട്ട കമ്പ്യൂട്ടറുകളില്‍ ലഭിച്ച സന്ദേശം കമ്പ്യൂട്ടറുകള്‍ പഴയപോലെ പ്രവര്‍ത്തിക്കണമെങ്കില്‍ മോചനദ്രവ്യമായി പണം ബിറ്റ്‌കോയിനായി നല്‍കണമെന്നാണ്. അവിടെയാണ് ചോദ്യം ഉയരുന്നത് എന്താണ് ഈ ബിറ്റ്കോയിന്‍.

സൈബര്‍ ലോകത്ത് ഉപയോഗിക്കുന്ന ഡിജിറ്റല്‍ പണമാണ് ബിറ്റ്‌കോയിന്‍. സാങ്കല്‍പ്പിക കറന്‍സി എന്നും ഇതിനെ വിശേഷിപ്പിക്കാം. നാം ഉപയോഗിക്കുന്ന കറന്‍സിയുടെ മൂല്യം അതില്‍ സര്‍ക്കാരുകള്‍, അല്ലെങ്കില്‍ അവയുടെ കേന്ദ്രബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതുപോലെയാണ്. അതുപോലെ ഓണ്‍ലൈന്‍ ലോകത്ത് ഒരുകൂട്ടം ആളുകള്‍ നിശ്ചയിച്ചിട്ടുളള മൂല്യമാണ് ബിറ്റ്‌കോയിന്‍. 

ഏതാണ്ട് ഒരുലക്ഷം രൂപയ്ക്കു മുകളില്‍ വരും ഒരു ബിറ്റ്‌കോയിന്റെ മൂല്യം. എന്നാല്‍ കേന്ദ്രീകൃതമായ ഒരു ബാങ്കോ അഥോറിട്ടിയോ അല്ല ബിറ്റ്‌കോയിന്‍ വിനിമയം നിയന്ത്രിക്കുന്നത്. ആരുടെയും ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ അല്ല ബിറ്റ്‌കോയിന്‍ എന്നുചുരുക്കം. 

അതേസമയം കൂടുതല്‍ കൂടുതല്‍ വ്യാപാരികളും സേവനങ്ങളും ലോകത്തെ വിവിധ ഭാഗങ്ങളില്‍ ബിറ്റ്‌കോയിന്‍ ഒരു പണമിടപാടു സംവിധാനമായി അംഗീകരിച്ചിട്ടുണ്ട്. ഇതുവരെയുണ്ടായിരുന്ന പണവിനിമയസംവിധാനങ്ങള്‍ക്കില്ലാത്ത സവിശേഷതകളും ബിറ്റ്‌കോയിനെ ഡിജിറ്റല്‍ ലോകത്തു കൂടുതല്‍ പ്രിയങ്കരമാക്കുന്നത്.

ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വേറായി പുറത്തിറങ്ങിയ ബിറ്റ്‌കോയിന്‍റെ സ്രഷ്ടാവിനെ സംബന്ധിച്ചും ഭിന്നാഭിപ്രായമുണ്ട്. അജ്ഞാതനായ ഒരു പ്രോഗ്രാമറോ ഒരുസംഘം പ്രോഗ്രാമര്‍മാരോ സതോഷി നകാമോട്ടോയെന്ന പേരില്‍ 2008 ലാണ് ഈ സംവിധാനം ലോകത്തിനുമുന്നില്‍ ആദ്യമായി അവതരിപ്പിച്ചതത്രേ. 

ഇടപാടുകള്‍ നടത്താന്‍ താല്‍പര്യപ്പെടുന്ന രണ്ട് ഉപയോക്താക്കള്‍ക്കും ബിറ്റ്‌കോയിന്‍ വിലാസം ഉണ്ടായിരിക്കണം. ഇപ്രകാരം രണ്ടു ബിറ്റ്‌കോയിന്‍ വിലാസക്കാര്‍ തമ്മിലുള്ള ഇടപാടുവിവരം നെറ്റ്‌വര്‍ക്കിലുള്ള മറ്റു കമ്പ്യൂട്ടറുകള്‍ക്കു കൈമാറും. ഇവ സാക്ഷ്യപ്പെടുത്തുന്ന മുറയ്ക്ക് കൈമാറ്റം സാധുവാകും. ഇപ്പോള്‍ 300 മുതല്‍ 500 ഡോളര്‍ മൂല്യമുള്ള ബിറ്റ്കോയിന്‍സാണ് ഹാക്കര്‍മാര്‍ പ്രതിഫലമായി ആവശ്യപ്പെടുന്നത്. ഇത് ഏതാണ്ട് 20,000 രൂപയ്ക്കടുത്ത് വരും.

ഒരുപരിധിവരെ ബിറ്റ്കോയിന്‍ ആക്കൗണ്ടുള്ളവരെ തിരിച്ചറിയാന്‍ സാധിക്കില്ല എന്നത് തന്നെയാണ് ഹാക്കര്‍മാര്‍ മോചനദ്രവ്യം ബിറ്റ്കോയിനില്‍ ആവശ്യപ്പെടാന്‍ കാരണം. ബിറ്റ്കോയിന്‍ അക്കൗണ്ടുകളുടെ ഇടപാടുകള്‍ ചില രഹസ്യന്വേഷണ ഏജന്‍സികള്‍ക്ക് പിന്തുടരാം എങ്കിലും ഈ അക്കൗണ്ടിന് പിന്നിലുള്ള വ്യക്തിയെ തിരിച്ചറിയുക എന്നത് ശ്രമകരമാണെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ഒരിക്കല്‍ എങ്കിലും ബിറ്റ്കോയിന്‍ സാധാരണ പണമായി മാറ്റുമ്പോള്‍ മാത്രമേ അക്കൗണ്ട് ഉടമയെ തിരിച്ചറിയാന്‍ സാധിക്കൂ.

സൈബര്‍ സേവനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കരിഞ്ചന്തകള്‍ ഏറെയുണ്ട്. അതായത് വിവിധ ഹാക്കര്‍മാര്‍ വിവരങ്ങളും, തങ്ങളുടെ ഹാക്കിംഗ് ടൂള്‍സും വാങ്ങുന്നത് ഇത്തരം ചന്തകളില്‍ നിന്നാണ്. അതിനാല്‍ തന്നെ പിടിക്കപ്പെടാതിരിക്കാന്‍ ഹാക്കര്‍മാര്‍ക്ക് അവിടെ ബിറ്റ്കോയിന്‍ വഴി ഇടപാടുകള്‍ നടത്താം. അതിനാല്‍ കൂടിയാണ് ഹാക്കര്‍മാര്‍ തങ്ങളുടെ പ്രതിഫലം ബിറ്റ് കോയിന്‍സില്‍ വാങ്ങുന്നത്.

click me!