അച്ഛന്‍റെ ശമ്പള കുടിശ്ശിക ലഭിച്ചില്ല, ഒരു മകന്‍ തീകൊളുത്തി ആത്മഹത്യ ചെയ്‍തു, മറ്റൊരാള്‍ 17 വര്‍ഷമായി അധികൃതരോട് യാചിക്കുകയാണ്...

By Web TeamFirst Published Jan 9, 2020, 3:19 PM IST
Highlights

കോടതി ഉത്തരവിനെ തുടർന്ന്, പാരിജത്തിന് സർക്കാർ അനുവദിച്ചത് വെറും ഒരുലക്ഷം രൂപയാണ്. അപ്പോഴേക്കും അദ്ദേഹത്തിന് കാൻസർ ബാധിച്ചിരുന്നു. അനുവദിച്ച തുക അദ്ദേഹത്തിന് ചികിത്സക്കായി ചിലവാക്കേണ്ടി വന്നു. പക്ഷേ, എന്നിട്ടും ക്യാൻസറിന്‍റെ പിടിയിൽനിന്ന് രക്ഷപ്പെടാനാകാതെ 2005 -ൽ അദ്ദേഹം മരണപ്പെട്ടു.
 


കുറച്ച് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 2002 ഓഗസ്റ്റ് 15 -ന് ബീഹാറിക്കാരനായ ചന്ദൻ ഭട്ടാചാര്യ പട്‍ന ഹൈക്കോടതിയുടെ മുൻപിൽ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയുണ്ടായി. രാജ്യത്തെ നടുക്കിയ ആ സംഭവം ഒരുപാട് പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും കാരണമായിത്തീർന്നു. ആത്മഹത്യ ചെയ്‍ത ചന്ദൻ ഭട്ടാചാര്യയുടെ പിതാവ് സർക്കാർ സ്ഥാപനത്തിൽ ജോലിചെയ്‍തിരുന്ന പാരിജത് ഭട്ടാചാര്യക്ക് വർഷങ്ങളായി ശമ്പളം ലഭിച്ചിരുന്നില്ല. പണം ലഭിക്കാത്തതിന്‍റെ പേരിൽ ആ കുടുംബം പട്ടിണിയിലായി. പഠനത്തിൽ മിടുക്കനായിരുന്ന ചന്ദൻ ഭട്ടാചാര്യക്ക് കോഴ്‌സ് ഫീസ് അടയ്ക്കാൻ പണമില്ലാതാവുകയും, പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടതായും വന്നു. ജീവിതം വഴിമുട്ടിയ ആ അവസരത്തിൽ, മനംനൊന്താണ് ചന്ദൻ ആത്മഹത്യ ചെയ‍്‍തത്.  

ജോലിചെയ്‍തതിന് ലഭിക്കേണ്ട ശമ്പള കുടിശ്ശിക ലഭിക്കാനായി വർഷങ്ങളോളം സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയ ആ അച്ഛനും, സർക്കാരിന്‍റെ അനാസ്ഥമൂലം ജീവൻ വെടിയേണ്ടിവന്ന ആ മകനും ഇന്നും ഭരണകൂടത്തിന്‍റെ മുന്നിൽ ഒരു കളങ്കമായി നിലകൊള്ളുന്നു. എന്നാൽ, ഏറ്റവും ദുഃഖകരമായ കാര്യം ഇതൊന്നുമല്ല. സംഭവം നടന്ന് 17 വർഷം കഴിഞ്ഞിട്ടും, ഇപ്പോഴും ആ കുടുംബം അതേ ശമ്പള കുടിശ്ശികയ്ക്കായി അലയുകയാണ് എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യം.

ബീഹാർ സ്റ്റേറ്റ് അഗ്രോ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് കോർപ്പറേഷനിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു പാരിജത് ഭട്ടാചാര്യ. എന്നാൽ, ആ സ്ഥാപനം നഷ്ടത്തിലായതിനെ തുടർന്ന് പ്രവർത്തനരഹിതമായി. നഷ്‍ടത്തിന്‍റെ പേര് പറഞ്ഞു അത്രയുംകാലം ജോലിചെയ്‍തതിനുള്ള ശമ്പളം നൽകിയതുമില്ല. 1993 ഫെബ്രുവരി മുതലുള്ള കണക്ക് നോക്കിയാൽ ഇപ്പോൾ ഈ കടുംബത്തിന് നൽകാനുള്ള ശമ്പള കുടിശ്ശിക ഏകദേശം 25 ലക്ഷം രൂപയോളം വരും.

ചന്ദൻ ഭട്ടാചാര്യയുടെ ആത്മഹത്യയെ തുടർന്ന് സുപ്രീം കോടതി പ്രവർത്തനരഹിതമായ നിരവധി പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 125 കോടി രൂപ നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. ബിഹാറിലും, ജാർഖണ്ഡിലുമുള്ള 35,000 -ത്തോളം ജീവനക്കാർക്കാണ് ഇങ്ങനെ ശമ്പള കുടിശ്ശിക ലഭിക്കാനുള്ളത്.

കോടതി ഉത്തരവിനെ തുടർന്ന്, പാരിജത്തിന് സർക്കാർ അനുവദിച്ചത് വെറും ഒരുലക്ഷം രൂപയാണ്. അപ്പോഴേക്കും അദ്ദേഹത്തിന് കാൻസർ ബാധിച്ചിരുന്നു. അനുവദിച്ച തുക അദ്ദേഹത്തിന് ചികിത്സക്കായി ചിലവാക്കേണ്ടി വന്നു. പക്ഷേ, എന്നിട്ടും ക്യാൻസറിന്‍റെ പിടിയിൽനിന്ന് രക്ഷപ്പെടാനാകാതെ 2005 -ൽ അദ്ദേഹം മരണപ്പെട്ടു.

ചന്ദൻ ആത്മഹത്യ ചെയ്‍തപ്പോൾ, പ്രതിപക്ഷ പാർട്ടികളിലുണ്ടായിരുന്ന ധാരാളം രാഷ്ട്രീയക്കാർ, ബിജെപിയുടെയും, അന്നത്തെ സമതാ പാർട്ടിയുടെയും അടക്കം ധാരാളം പേർ, വീട്ടിൽ വരികയും കുടുംബത്തിന് എല്ലാവിധ സഹായം വാഗ്ദ്ധാനം ചെയ്യുകയും ചെയ്‍തു. ഇപ്പോൾ, ചന്ദന്‍റെ ഇളയ സഹോദരൻ അമരാണ് പിതാവിന്‍റെ കുടിശ്ശികക്കായി വാതിലുകളിൽ മുട്ടുന്നത്. "എന്‍റെ അച്ഛന് ലഭിക്കേണ്ട തുകയ്ക്കായി ഞാൻ മുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രിമാരോടും എല്ലാവരോടും അപേക്ഷിച്ചു കഴിഞ്ഞു” അമർ പറഞ്ഞു. എന്നാൽ, ഇതുവരെ ആരും പ്രതികരിച്ചിട്ടില്ല.

"ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ ഞാൻ സമർപ്പിച്ച നിവേദനങ്ങളെ കാർഷിക വകുപ്പ് അവഗണിക്കുകയാണ് ചെയ്‍തത്. കഴിഞ്ഞവർഷം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഞാൻ എഴുതിയ കത്തിന് പ്രതികരണം ലഭിച്ചു. എന്‍റെ കത്ത് ബീഹാറിലേക്ക് കൈമാറിയതായി വിവരവും ലഭിച്ചു. പക്ഷേ, അതിനുശേഷം ഒരറിവുമില്ല" അമർ പറഞ്ഞു.

കോൺഗ്രസിന്‍റെ ഭരണകാലത്ത്, ട്രാക്ടറുകൾ വിൽക്കുന്നതിനും, ചെരിപ്പുകൾ നിർമ്മിക്കുന്നതിനും ചലച്ചിത്രങ്ങൾ നിർമ്മിക്കുന്നതുമായ നിരവധി സംരംഭങ്ങൾ ആരംഭിച്ചിരുന്നു. ഇത് 35,000 -ത്തിലധികം ആളുകൾക്ക് തൊഴിലവസരങ്ങളും നൽകിയിരുന്നു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞപ്പോൾ അവ എല്ലാം നഷ്ടത്തിലായി അടച്ചുപൂട്ടുകയായിരുന്നു.

ഇപ്പോൾ അച്ഛനും, സഹോദരനും, അമ്മയും മരിച്ചു.  ശാരീരിക വൈകല്യമുള്ള ഒരു സഹോദരിയും  അമറും മാത്രമാണുള്ളത്. അച്ഛൻ കഠിനാധ്വാനം ചെയ്‍ത് സമ്പാദിച്ച പണം ലഭിക്കാനായി വർഷങ്ങളായി ഓരോ വാതിലുകളിൽ മുട്ടുകയാണ് അദ്ദേഹം. പക്ഷേ, അധികാരികൾ ഭാഗത്ത് നിന്ന് ഇതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല.  

click me!