ഓണ്‍ലൈന്‍ ക്ലാസിനായി ഫോണ്‍പോലുമില്ലാതിരുന്ന 18-കാരന് റിസല്‍റ്റ് വന്നപ്പോള്‍ നൂറില്‍ നൂറ്!

By Web TeamFirst Published Jul 29, 2021, 3:19 PM IST
Highlights

താമസം കര്‍ണാടകയിലെ ഒരു ചേരിയില്‍. സ്‌കൂളില്‍ പോകുമ്പോള്‍ ഇടാന്‍ ഒരു നല്ല വസ്ത്രമോ ഒരു ചെരുപ്പോ അവനുണ്ടായിരുന്നില്ല. സഹപാഠികളെപ്പോലെ വലിയ വീടോ, പഠിക്കാന്‍ സ്വന്തമോയൊരു മുറിയോ എന്തിന് പുസ്തകങ്ങള്‍ പോലും ഉണ്ടായിരുന്നില്ല.
 

പട്ടിണിയുടെ രുചിയറിഞ്ഞാണ് 18 -കാരനായ മതീന്‍ ജമദര്‍ വളര്‍ന്നത്. താമസം കര്‍ണാടകയിലെ ഒരു ചേരിയില്‍. സ്‌കൂളില്‍ പോകുമ്പോള്‍ ഇടാന്‍ ഒരു നല്ല വസ്ത്രമോ ഒരു ചെരുപ്പോ അവനുണ്ടായിരുന്നില്ല. സഹപാഠികളെപ്പോലെ വലിയ വീടോ, പഠിക്കാന്‍ സ്വന്തമോയൊരു മുറിയോ എന്തിന് പുസ്തകങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. മക്കളുടെ പരീക്ഷയ്ക്കായി ലീവെടുത്ത് ഇരിക്കുന്ന വിദ്യാസമ്പന്നരായിരുന്നില്ല അവന്റെ മാതാപിതാക്കള്‍, കൂലിപ്പണി ചെയ്ത് കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്ന രണ്ടു പാവം തൊഴിലാളികള്‍. എന്നിട്ടും, കര്‍ണാടക സിലബസില്‍ പരീക്ഷയെഴുതിയ എല്ലാ കുട്ടികളെയും പിന്നിലാക്കി അവന് പിയുസി  (പ്രീ യൂണിവേഴ്സിറ്റി കോഴ്സ്) പരീക്ഷയ്ക്ക് നൂറില്‍ നൂറ്! 

കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയിലെ മണ്ണൂര്‍ ഗ്രാമത്തിലാണ് മതീന്‍ ജമദറിന്റെ വീട്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന കര്‍ണാടക പി യുസി പരീക്ഷയിലാണ് 600 -ല്‍ 600 മാര്‍ക്ക് നേടി അവന്‍ താരമായത്. പത്താം ക്ലാസ് പരീക്ഷയില്‍ 625-ല്‍ 619 മാര്‍ക്കായിരുന്നു അവന്. അതായത് 98.7 ശതമാനം. പി യു സി ഒന്നാം വര്‍ഷ പരീക്ഷയക്ക് 98 ശതമാനമായിരുന്നു. ഇത്തവണ 99 ശതമാനം മാര്‍ക്കാണ് പ്രതീക്ഷിച്ചിരുന്നതെന്ന്  മതീന്‍ സന്തോഷത്തോടെ പറയുന്നു. 

മതീനിന്റെ അച്ഛന്‍ നബിസാബ് കല്‍പ്പണിക്കാരനാണ്. പണിയുണ്ടെങ്കില്‍, ദിവസം 500 രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. അമ്മ റസിയ ബീഗത്തിന്  അടുത്തുള്ള പാടത്ത് അന്തിയാവോളം പണിയെടുത്താല്‍, 150 രൂപ കൂലി കിട്ടും. 

പണ്ടുമുതലേ, പുസ്തകം വായിക്കാനിഷ്ടമുള്ള കുട്ടിയായിരുന്നു അവനെന്ന് റസിയ ബീഗം പറയുന്നു. സ്‌കൂള്‍ വിട്ടു വന്നാലും  കളിക്കാനൊന്നും പോകാറില്ല. ''ഒരിക്കല്‍ പോലും അവനോട് പഠിക്കാന്‍ പറയേണ്ടി വന്നിട്ടില്ല. ഒരു കാര്യത്തിനും അവന്‍ ഞങ്ങളെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഒന്നും ആവശ്യപ്പെടാറുമില്ല. '' റസിയ പറയുന്നു. 

പത്താം ക്ലാസ് വരെ മാത്രം പഠിക്കാന്‍ കഴിഞ്ഞ ആ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മൂന്ന് ആണ്‍മക്കളെയും പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ മൂത്ത മകന് കണ്ണില്‍ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ്സ് വരെ മാത്രമേ പഠിക്കാന്‍ സാധിച്ചുള്ളൂ. വയ്യാതായതിനെ തുടര്‍ന്ന് അവന്‍ വീട്ടില്‍ തന്നെ കഴിയുകയാണ്.  രണ്ടാമത്തെ മകന്‍ ഇപ്പോള്‍ ബെംഗളൂരുവില്‍ പൊലീസ് കോണ്‍സ്റ്റബിളാണ്.    
 
പത്താം ക്ലാസ്സുവരെ ഗ്രാമത്തില്‍ പഠിച്ച മദീന്‍ പത്തില്‍ മികച്ച മാര്‍ക്ക് നേടിയശേഷം, 600 കിലോമീറ്റര്‍ അകലെ ഒരു കോളേജില്‍ പഠിക്കാന്‍ പോയി. വലിയ ഹോസ്റ്റ്ല്‍ ഫീസൊന്നും അടക്കാന്‍ കഴിവില്ലാത്ത ആ കുടുംബത്തെ സഹായിക്കാന്‍ ഒരു എജൂക്കേഷന്‍ ഫൗണ്ടേഷന്‍ മുന്നോട്ട് വന്നു. അവരാണ് അഹോസ്റ്റല്‍ ചിലവുകള്‍ നോക്കിയത്. ലോക്ക് ഡൗണ്‍ കാരണം ഹോസ്റ്റല്‍ അടച്ചപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ അവന്‍ നിര്‍ബന്ധിതനായി. 

എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ അവന്റെ കൈയില്‍ ഒരു നല്ല ഫോണ്‍ പോലുമുണ്ടായിരുന്നില്ല അപ്പോള്‍. ഒടുവില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കിയ 6,000 രൂപയുടെ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക കൊണ്ട് അവനൊരു ഫോണ്‍ വാങ്ങി. ബാക്കി തുക അച്ഛന്‍ തന്റെ എളിയ സമ്പാദ്യത്തില്‍ നിന്നും നല്‍കി. കഷ്ടപ്പാടുകളും അധ്വാനവും വെറുതെയായില്ല. ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാകണമെന്നതാണ് അവന്റെ ഇപ്പോഴത്തെ സ്വപ്‌നം.  

 

click me!