'കയ്യില്‍ ആയുധങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല, പക്ഷെ, രാജ്യസ്നേഹമുണ്ടായിരുന്നു'; ഇന്ത്യക്കായി 300 സ്ത്രീകള്‍ അന്ന് വീടിന് പുറത്തിറങ്ങി

By Web TeamFirst Published Mar 5, 2019, 6:13 PM IST
Highlights

''ഞങ്ങള്‍ 300 സ്ത്രീകളായിരുന്നു അന്നുണ്ടായിരുന്നത്. പക്ഷെ, ആദ്യ ചുവട് വെച്ചത് ഗ്രാമത്തിലെ സര്‍പഞ്ച് ജാഥവ്ജിഭായി ഹിരണിയാണ്. ഗ്രാമത്തിലെ സ്ത്രീകളോരോന്നും അവരെ അനുഗമിച്ചു. '' ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അവര്‍ ജോലിയില്‍ സഹായിച്ചു. എന്തെങ്കിലും ചെറിയ സംശയം തോന്നിയാല്‍ പോലും ശബ്ദിക്കാന്‍ വണ്ണം അലാറാം തയ്യാറാക്കിവെച്ചു. ഓടിയൊളിക്കാനുള്ള ഇടങ്ങളും ഓരോരുത്തരും കണ്ടുവെച്ചു. 

1971 -ലെ ഇന്തോ-പാക് യുദ്ധം... ഡിസംബര്‍ 8.. പാകിസ്ഥാന്‍ വിമാനങ്ങള്‍ ഭുജിലുള്ള ഇന്ത്യന്‍ എയര്‍ഫോഴ്സ് എയര്‍സ്ട്രിപ് ബോംബിട്ട് തകര്‍ത്തു കളഞ്ഞു. എയര്‍ഫോഴ്സ് , ബി എസ് എഫിന്‍റെ സഹായം തേടി എയര്‍സ്ട്രിപ് പുനര്‍നിര്‍മ്മിക്കുന്നതിന്. പക്ഷെ, സമയം കടന്നു പോയിക്കൊണ്ടിരുന്നു. തൊഴിലാളികളും കുറവ്. ആ ഘട്ടം എങ്ങനെ മറികടക്കുമെന്ന് ആശങ്ക ബാക്കിയായി.

ആ സമയത്താണ് ഗ്രാമവാസികളായ മുന്നൂറോളം സ്ത്രീകള്‍ രാജ്യത്തിനായി, വീടിന് പുറത്തിറങ്ങാന്‍ തീരുമാനിച്ചത്. അവരുടെ കയ്യില്‍ ആയുധങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. രാജ്യസ്നേഹം മാത്രമായിരുന്നു കരുതല്‍. എയര്‍സ്ട്രിപ് പുനര്‍നിര്‍മ്മാണം അവര്‍ അങ്ങനെ ആരംഭിച്ചു. 

വെറും 72 മണിക്കൂര്‍ മാത്രം!
'താന്‍ ഒരു സൈനികന്‍ തന്നെയാണെന്നാണ് അപ്പോള്‍ തനിക്ക് തോന്നിയത്' എന്നാണ് അതിലൊരാളായ വല്‍ഭായി സേഘനി പറഞ്ഞത്. ആ ദിവസത്തെ കുറിച്ചുള്ള അവരുടെ ഓര്‍മ്മ ഇങ്ങനെ, ''അന്ന് ഡിസംബര്‍ ഒമ്പത്, പാക് സൈന്യം ബോംബിട്ട് എയര്‍സ്ട്രിപ് തകര്‍ത്തതിനെ കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടിലുള്ള സ്ത്രീകളെല്ലാം പുറത്തിറങ്ങി. അവരാരും തന്നെ സ്വന്തം ജീവനെ കുറിച്ചോ, സുരക്ഷയെ കുറിച്ചോ, കുടുംബത്തെ കുറിച്ചോ ഓര്‍ത്തതേ ഇല്ല.''

''ഞങ്ങള്‍ 300 സ്ത്രീകളായിരുന്നു അന്നുണ്ടായിരുന്നത്. പക്ഷെ, ആദ്യ ചുവട് വെച്ചത് ഗ്രാമത്തിലെ സര്‍പഞ്ച് ജാഥവ്ജിഭായി ഹിരണിയാണ്. ഗ്രാമത്തിലെ സ്ത്രീകളോരോന്നും അവരെ അനുഗമിച്ചു. '' ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അവര്‍ ജോലിയില്‍ സഹായിച്ചു. എന്തെങ്കിലും ചെറിയ സംശയം തോന്നിയാല്‍ പോലും ശബ്ദിക്കാന്‍ വണ്ണം അലാറാം തയ്യാറാക്കിവെച്ചു. ഓടിയൊളിക്കാനുള്ള ഇടങ്ങളും ഓരോരുത്തരും കണ്ടുവെച്ചു. 

ആദ്യദിവസമൊന്നും ഭക്ഷണം പോലും കഴിക്കാന്‍ കിട്ടിയിരുന്നില്ല. പലരും തളര്‍ന്നുപോയി. പിറ്റേദിവസം, അടുത്തുള്ള ക്ഷേത്രത്തില്‍ നിന്നും പഴങ്ങളും മറ്റും നല്‍കി. നാലാമത്തെ ദിവസം നാല് മണി ആയപ്പോഴേക്കും എയര്‍സ്ട്രിപ് പ്രവര്‍ത്തിച്ചു തുടങ്ങി. അത് തങ്ങളെ സംബന്ധിച്ച് അങ്ങേയറ്റം അഭിമാനകരമായ നിമിഷമായിരുന്നുവെന്ന് ഹിരണി പറയുന്നു.

അന്ന് വല്‍ഭായിയുടെ മകന് വെറും 18 മാസം മാത്രമായിരുന്നു പ്രായം. അടുത്ത വീട്ടില്‍ അവനെ ഏല്‍പ്പിച്ചാണ് അവര്‍ ഇറങ്ങിയത്. 'അന്നെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ' എന്ന് ചോദിച്ചാല്‍ ഇന്നും അവര്‍ക്ക് ഉത്തരമൊന്നുമില്ല. 

'എനിക്ക് ആകെ അറിയാമായിരുന്നത് എന്‍റെ സഹോദരന്മാര്‍ക്ക് എന്നെ ഏറ്റവുമധികം ആവശ്യം ഈ സമയത്താണ് എന്നത് മാത്രമായിരുന്നു. പൈലറ്റുമാര്‍ ഞങ്ങളെ അത്രയും ശ്രദ്ധിച്ചിരുന്നു'വെന്നും വല്‍ഭായി പറയുന്നു. അങ്ങനെ 72 മണിക്കൂറിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ ആകാശത്തേക്ക് പറന്നു.

ഈ സ്ത്രീകള്‍ക്ക് എന്തെങ്കിലും സമ്മാനം നല്‍കണം എന്ന അഭിപ്രായം പിന്നീട് ഉയര്‍ന്നപ്പോള്‍ അവര്‍ പറഞ്ഞത്, ' ഇത് നമ്മുടെ രാജ്യത്തിന് വേണ്ടിയാണ്, നമ്മുടെ രാജ്യത്തിനായി ഇത് നമ്മള്‍ ചെയ്യേണ്ടതല്ലേ' എന്നാണ്. മധാപറില്‍ ഈ സ്ത്രീകളുടെ കരുത്തിന്‍റെയും ത്യാഗത്തിന്‍റെയും പ്രതീകമായി 'വീരാംഗന സ്മാരക്' എന്ന സ്മാരകം തന്നെ പണിതിട്ടുണ്ട്. 
 

click me!