മരിച്ചവരെ മറവുചെയ്യാത്ത സെമിത്തേരികൾ കാണാൻ ബാലിയിലെ ഈ നിഗൂഢഗ്രാമത്തിലെത്തുന്നത് ആയിരക്കണക്കിന് വിനോദസഞ്ചാരികൾ

By Web TeamFirst Published May 25, 2019, 4:22 PM IST
Highlights

സ്ത്രീകൾ മൃതദേഹങ്ങൾക്കൊപ്പം ശവപ്പറമ്പിൽ പ്രവേശിച്ചാൽ ഒന്നുകിൽ ഭൂകമ്പം, അല്ലെങ്കിൽ മൗണ്ട് ബട്ടൂർ അഗ്നിപർവതം പൊട്ടിത്തെറിക്കൽ രണ്ടിലൊന്നുറപ്പാണ് എന്നാണ് പ്രദേശവാസികളുടെ വിശ്വാസം.  

" എത്ര മനോഹരമായ ആചാരം " മോഹൻ ലാൽ പണ്ട് ചിത്രം എന്ന സിനിമയിൽ പറഞ്ഞതാണ് ഈ സംഭാഷണ ശകലം.  അതോർമ്മവരും ഏതൊരാൾക്കും, ഈ ബാലിയിലെ ഈ  ഗ്രാമത്തിൽ നിലവിലുള്ള വിചിത്രമായ ഒരു ആചാരത്തെപ്പറ്റി കേട്ടാൽ. 

ബാലിയിലെ ട്രൂണിയൻ എന്ന മലമുകളിലെ ഒരു ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ഒരു ആചാരം നിലവിലുള്ളത്. അവിടെ ആരെങ്കിലും മരിച്ചാൽ അവരെ മറവു ചെയ്യില്ല അവർ. മറിച്ച്, കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളൊക്കെ ധരിപ്പിച്ച്, വിശുദ്ധമരത്തിന്റെ ചുവട്ടിൽ, മുള കൊണ്ടുണ്ടാക്കിയ ഒരു കൂട്ടിനുള്ളിൽ കിടത്തും,  അത്രമാത്രം. അവിടെ കിടന്ന് വെയിലേറ്റ് അഴുകി ഇല്ലാതെയായി അസ്ഥികൂടം പരുവത്തിൽ ആയാൽ മാത്രം എല്ലുകൾ കൂട്ടിനുള്ളിൽ നിന്നുമെടുത്ത് മരത്തിനു ചുറ്റുമുള്ള ആയിരക്കണക്കിന് വർഷം പഴക്കമുള്ള അസ്ഥികൂട ശേഖരത്തിലേക്ക് മുതൽക്കൂട്ടും..  - " എത്ര മനോഹരമായ ആചാരം..." അല്ലേ..? 

എന്നാൽ നമുക്ക് ഏറെ ബീഭത്സമെന്നു തോന്നാവുന്ന ഈ പ്രചാരത്തെ ടൂറിസമായി വികസിപ്പിച്ചിരിക്കുകയാണ് പ്രദേശവാസികൾ. 'ഡാർക്ക് ടൂറിസം' എന്നാണ് അവർ ഇതിനെ വിശേഷിപ്പിക്കുന്നത്.  ആചാരപ്രകാരം വിവാഹിതരായ ആളുകൾക്ക് മാത്രമേ ഈ പ്രത്യേക പരിഗണനയ്ക്കുള്ള അർഹതയുള്ളൂ. അവിവാഹിതരെ അവർ മരണാന്തരം, നിഷ്കരുണം മറവുചെയ്തുകളയുകയാണ് പതിവ്. 

മൃതദേഹങ്ങൾ കാട്ടുമൃഗങ്ങൾ ആഹരിക്കാതിരിക്കാനാണ്  മുളകൊണ്ട് കൂടുണ്ടാക്കിയുള്ള ഈ സംരക്ഷണം. 'താരു മെന്യൻ ' എന്ന വളരെ വിശേഷപ്പെട്ട സുഗന്ധം പുറപ്പെടുവിക്കുന്ന ഒരു മരത്തിനു ചുവട്ടിലാണ് ഇങ്ങനെ മൃതദേഹങ്ങൾ കൊണ്ട് കിടത്തുക.  താരു മെന്യൻ എന്ന വാക്കിന്റെ അർഥം അസാമാന്യ സുഗന്ധം എന്നാണ്. മൃതദേഹങ്ങൾ അഴുകുമ്പോൾ വമിക്കുന്ന ദുർഗന്ധത്തെ ഈ മരത്തിന്റെ സുഗന്ധം ഇല്ലാതാക്കുമെന്നാണ് ഗ്രാമീണർ പറയുന്നത്. മരച്ചുവട്ടിലെ നിലപാടുതറയിൽ തലയോട്ടികൾ നല്ല ഭംഗിക്ക് അടുക്കി വെച്ചിരിക്കുന്നത് കാണാൻ നല്ല ചന്തമാണ്. 

വാടകയ്ക്ക് ഒരു ബോട്ടുമെടുത്ത്, ബട്ടൂർ തടാകം മുറിച്ചു കടന്ന്, മൌണ്ട് ബട്ടൂർ അഗ്നിപർവ്വതത്തിനു ചുവട്ടിൽ ചെന്നിറങ്ങി, കാടും മേടും കേറിയിറങ്ങി കിലോമീറ്ററുകൾ നടന്നാലാണ് ട്രൂണിയൻ ഗ്രാമത്തിൽ എത്തുക. സന്ദർശകർ മരച്ചുവട്ടിലെ തലയോട്ടികൾക്കരികിൽ വെച്ചിരിക്കുന്ന താലത്തിൽ കാണിക്കയായി പണം നിക്ഷേപിച്ചിട്ടു പോവുന്ന പതിവുണ്ട് ഇവിടെ. 

മൃതദേഹങ്ങളെ അനുഗമിച്ചുകൊണ്ട് ശ്മശാനത്തിലേക്ക് പ്രവേശിക്കാൻ പുരുഷന്മാർക്ക് മാത്രമേ അവകാശമുളൂ. കുളിപ്പിച്ച മൃതദേഹങ്ങളെ നല്ല വസ്ത്രങ്ങളുടുപ്പിച്ച്, മുഖം മാത്രം വെളിപ്പെടുത്തിയ നിലയിൽ മുളങ്കൂടുകൾക്കുള്ളിൽ പ്രതിഷ്ഠിക്കും. സ്ത്രീകൾ മൃതദേഹങ്ങൾക്കൊപ്പം ശവപ്പറമ്പിൽ പ്രവേശിച്ചാൽ ഒന്നുകിൽ ഭൂകമ്പം, അല്ലെങ്കിൽ മൗണ്ട് ബട്ടൂർ അഗ്നിപർവതം പൊട്ടിത്തെറിക്കൽ രണ്ടിലൊന്നുറപ്പാണ് എന്നാണ് പ്രദേശവാസികളുടെ വിശ്വാസം.  മുളങ്കൂടുകൾക്ക് വെളിയിൽ അകത്ത് വെച്ചിരിക്കുന്ന മൃതദേഹത്തിന്റെ നല്ലൊരു ചിത്രം ഫ്രെയിം ചെയ്ത് അടയാളത്തിനായി വെച്ചിട്ടുണ്ടാകും. 

ലോകത്തെമ്പാടും നിന്നുള്ള വിനോദസഞ്ചാരികൾക്ക് പ്രസിദ്ധമാണ് ബാലി. അവരിൽ പലർക്കും സ്ഥിരം യാത്രകളോട് പ്രിയം കുറവാണ്. അങ്ങനെയുള്ളവർക്ക് താത്പര്യം കൂടി വരികയാണ് വളരെ നിഗൂഢമായ  ഈ ഗ്രാമവും അവിടത്തെ വിചിത്രമായ ഈ ആചാരവും. 

click me!