അന്ന് അവനെ മാത്രം സഹപാഠി പിറന്നാളിന് ക്ഷണിച്ചില്ല; ഒരമ്മയുടെ കുറിപ്പ് പറയുന്നത്..

By Web TeamFirst Published Mar 22, 2019, 4:06 PM IST
Highlights


ജെന്നിഫറിന്റെ മകൻ സോയർ, ഒരു ഡൗൺ  സിൻഡ്രോം കിഡ് ആണ്. പക്ഷേ, അവൻ ഒരു സാധാരണ സ്‌കൂളിൽ തന്നെയായിരുന്നു പഠിച്ചിരുന്നത്. അവൻ സ്മാർട്ടായിരുന്നു, ബുദ്ധിശാലിയായിരുന്നു, സർഗ്ഗധനനായിരുന്നു.. പക്ഷേ, പലരുടെയും കണ്ണിൽ അവൻ ഒരു ഡൗൺ  സിൻഡ്രോം കിഡ് മാത്രമായിരുന്നു. 
 

ഇന്നലെ  'ലോക ഡൗൺ സിൻഡ്രോം ദിന'മായിരുന്നു. ആയിരത്തിൽ ഒരു കുട്ടിക്ക് ഡൗൺ  സിൻഡ്രോം വരുന്നുണ്ട് എന്നാണ് കണക്ക്. നമുക്കുചുറ്റുമുള്ള പല വീടുകളിലുമുണ്ട് ഡൗൺ  സിൻഡ്രോമുള്ള കുട്ടികൾ. അവരിൽ പലരും ഇന്ന് സമൂഹത്തിന്റെ വേർപിരിക്കാനാവാത്ത ഭാഗമാണ്. അവരുടെ അമ്മമാർ സപ്പോർട്ട് ഗ്രൂപ്പുകൾ രൂപീകരിച്ച് പരസ്പരം താങ്ങാകുന്നു. പുതുതായി ഗ്രൂപ്പിലേക്ക് വരുന്ന അമ്മമാരെ തങ്ങളുടെ കുഞ്ഞുങ്ങളെ അടുത്തറിഞ്ഞ് അവരെ സമൂഹത്തിന്റെ ഭാഗമാക്കാന്‍ വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുന്നു.  തങ്ങളുടെ കുഞ്ഞുങ്ങൾ തികച്ചും നോർമൽ ആണെന്നും.  മറ്റുകുഞ്ഞുങ്ങളെപ്പോലെ  അവരുമാഗ്രഹിക്കുന്നത് അച്ഛനമ്മമാരുടെ അകമഴിഞ്ഞ സ്നേഹം മാത്രമാണെന്നും ആ അമ്മമാർ പരസ്പരം ഓർമ്മിപ്പിക്കുന്നു. സഹതാപലേശമില്ലാത്ത ഈ ലോകത്തിൽ തങ്ങളുടെ മക്കളെ അഭിമാനപൂർവം അവർ വളർത്തിവലുതാക്കുന്നു.  

ഇതിനിടയിലും, ചിലപ്പോഴെങ്കിലും, അനുതാപമില്ലാത്ത ചിലരുടെ പ്രവൃത്തികളും വാക്കുകളും അവരെ വേദനിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള ഹൃദയഭേദകമായ  ഒരനുഭവത്തോട് കാനഡയിലെ ജെന്നിഫർ എന്ന ഒരമ്മ കുറച്ചു വർഷങ്ങൾക്കുമുമ്പ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. 

ജെന്നിഫറിന്റെ മകൻ സോയർ, ഒരു ഡൗൺ  സിൻഡ്രോം കിഡ് ആണ്. പക്ഷേ, അവൻ ഒരു സാധാരണ സ്‌കൂളിൽ തന്നെയായിരുന്നു പഠിച്ചിരുന്നത്.   അവൻ സ്മാർട്ടായിരുന്നു, ബുദ്ധിശാലിയായിരുന്നു, സർഗ്ഗധനനായിരുന്നു.. പക്ഷേ, പലരുടെയും കണ്ണിൽ അവൻ ഒരു ഡൗൺ  സിൻഡ്രോം കിഡ് മാത്രമായിരുന്നു. 

ഒരുദിവസം പതിവില്ലാതെ വാടിയ മുഖവുമായാണ്  സോയർ സ്‌കൂൾ വിട്ട് വീട്ടിലെത്തിയത്. കാരണം ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല. ഒടുവിൽ ഏറെ പണിപ്പെട്ടശേഷമാണ് ജെന്നിഫറിന് കാര്യങ്ങൾ മനസ്സിലായത്. അവന്റെ ക്‌ളാസിലെ ഒരു കുട്ടിയുടെ പിറന്നാളായിരുന്നു അന്ന്. എല്ലാവരെയും പിറന്നാൾ പാർട്ടിക്ക് വിളിച്ചു ആ കുട്ടി. അവനെ മാത്രം വിളിച്ചില്ല. വിളിക്കാത്ത പിറന്നാളിന് എങ്ങനെ പോവും.. അതിന്റെ സങ്കടത്തിലായിരുന്നു പാവം സോയർ. 

ഈ സംഭവം ജെന്നിഫറിന്റെ മനസ്സിനെ പാടെയുലച്ചു. എന്നാൽ അപ്പോഴും, ആ പ്രതികരണത്തിൽ നിറഞ്ഞു നിന്നത്  അവന്റെ സഹപാഠിയോടൊ അവന്റെ രക്ഷിതാക്കളോടോ ഉള്ള  ദേഷ്യമോ, വെറുപ്പോ ഒന്നുമല്ലായിരുന്നു. തന്റെ കുഞ്ഞിനെ അടുത്തറിയാൻ ശ്രമിക്കാതിരുന്ന സമൂഹത്തോടുള്ള സഹതാപം മാത്രമായിരുന്നു.  അവരുടെ അജ്ഞത നീക്കാൻ തനിക്കു കിട്ടിയ ഒരവസരമായി ആ തിക്താനുഭവത്തെ അവർ മാറ്റി. അവരുടെ ഓർമയിലൂടെയല്ലാതെ ഈ ഡൗൺ  സിൻഡ്രോം ദിനവും കടന്നുപോവില്ല. 

തന്റെ ഫേസ്‌ബുക്കിൽ അവർ ഇങ്ങനെ കുറിച്ചു. "നിങ്ങളവനെ പിറന്നാൾ പാർട്ടിക്ക് വിളിക്കാഞ്ഞത്, അവൻ സങ്കടപ്പെട്ടിരിക്കുന്ന ഒരു കുട്ടിയായതുകൊണ്ടല്ല..  നിറഞ്ഞ സന്തോഷത്തോടെയല്ലാതെ നിങ്ങൾക്കവനെ ഒരിക്കലും കാണാൻ കിട്ടില്ല..  നിങ്ങളവനെ പാർട്ടിക്ക് വിളിക്കാഞ്ഞത്, അവൻ അതിഗൗരവക്കാരനായതുകൊണ്ടല്ല. അവനോളം ഹ്യൂമർ സെൻസുള്ളവർ ഈ ലോകത്തുതന്നെ അധികം പേരില്ല. അവനൊന്നു ചിരിച്ച്‌ കണ്ടാൽ  കൂടെച്ചിരിക്കാതിരിക്കാൻ  ആർക്കുമാവില്ല..! നിങ്ങളുടെ മകനും എന്റെ മകനും തമ്മില്‍ എന്നും വഴക്കായിട്ടോ, അല്ലെങ്കിൽ അവർ തമ്മിൽ തല്ലുകൂടിയിട്ടോ അല്ല, നിങ്ങളവനെ പിറന്നാളിന് വിളിക്കാതിരുന്നത്.. നിങ്ങളുടെ മോനെപ്പറ്റി അവനിവിടെ വന്നു പറയാത്ത ഒരു ദിവസം പോലുമില്ല. അവനെ മാത്രമായി നിങ്ങളുടെ കുഞ്ഞിന്റെ പിറന്നാൾ പാർട്ടിക്ക് വിളിക്കാതിരുന്നാലും കുഴപ്പമില്ല എന്നു നിങ്ങൾ കരുതിയത്  ഒരേയൊരു കാരണംകൊണ്ടാണ്... എനിക്കറിയാം..!  അവന് 'ഡൌൺ  സിൻഡ്രോമായതുകൊണ്ടു മാത്രമാണത്.  "  

ഡൗൺ  സിൻഡ്രോം ബാധിച്ച കുഞ്ഞുങ്ങളെന്നാൽ പെട്ടെന്ന് ഭയന്ന് പോവുന്ന, പെട്ടെന്ന് അക്രമാസക്തരാവുന്ന, പെട്ടെന്ന് പിണങ്ങുന്ന ഏതോ അന്യഗ്രഹ ജീവികൾ എന്ന് കരുതിയിരിക്കുന്ന രക്ഷിതാക്കളോട് ഒന്നേ ജെന്നിഫറിന് പറയാനുണ്ടായിരുന്നുള്ളു, "അവരും മറ്റുള്ളവരുമായി അടുത്ത ബന്ധം സ്ഥാപിക്കാനാഗ്രഹിക്കുന്ന, മറ്റുള്ളവരുടെ ജീവിതങ്ങളെ വിലമതിക്കുന്ന, അർത്ഥപൂർണ്ണമായ ജീവിതങ്ങൾ നയിക്കാൻ ആഗ്രഹിക്കുന്ന, തീർച്ചയായും പിറന്നാൾ പാർട്ടികളിൽ തങ്ങളുടെ ക്‌ളാസ്സിലെ കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിക്കാൻ ആഗ്രഹിക്കുന്ന സാധാരണ കുട്ടികൾ മാത്രമാണ്.." 

തീരുമാനം രക്ഷിതാവറിയാതെ, കുട്ടി നേരിട്ടെടുത്തതാണെങ്കിൽ, ആ കുട്ടിയെ വിളിച്ചിരുത്തി സംസാരിക്കണം എന്ന് ജെന്നിഫർ തന്റെ പോസ്റ്റിൽ പറയുന്നു. ഒരിക്കലും.. ജീവിതത്തിലൊരിക്കൽപ്പോലും ഒരാളെയും അവരുടെ പരിമിതികളുടെയോ, മതത്തിന്റെയോ, ജാതിയുടെയോ ഒന്നും പേരിൽ പരിഹസിക്കുകയോ ഒഴിവാക്കുകയോ ഒന്നും ചെയ്യരുതെന്ന് നിങ്ങളുടെ കുട്ടിയോട് പറഞ്ഞു മനസ്സിലാക്കണം. 

തന്റെ ഭാഗത്തും തെറ്റുണ്ടെന്ന് ജെന്നിഫർ സമ്മതിക്കുന്നു തന്റെ പോസ്റ്റിൽ. കഴിഞ്ഞു പോയൊരു വർഷം ഒരു കുടുംബത്തെപ്പോലും ഇക്കാര്യങ്ങളിൽ ബോധവൽക്കരിക്കാൻ താൻ ശ്രമിച്ചിട്ടില്ല എന്നവർ കുറ്റബോധത്തോടെ ഓർക്കുന്നു.  ഈ കാര്യത്തിൽ ഇനിയും എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന്, ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.. ആ കത്ത് അവർ ചുരുക്കുന്നത് ഇങ്ങനെയാണ്..
"നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ ഇക്കാര്യത്തെക്കുറിച്ച് നിങ്ങളോട് എത്രനേരം വേണമെങ്കിലും സംസാരിക്കാൻ  ഞാൻ തയ്യാറാണ്.  ലോകത്തിൽ എല്ലാവരും  തെറ്റുകൾ വരുത്തി മാത്രം ശരിയിലേക്കെത്തുന്നവരാണ്.  നമുക്കും ഈ തെറ്റിനെ ഒരു ശരിയിലെത്തിക്കാൻ ശ്രമിക്കാവുന്നതാണ്.'' 

ജെനിഫറിന്റെ ഈ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ ഈ വിഷയത്തെപ്പറ്റി വലിയൊരു ചർച്ചയ്ക്കു തന്നെ കാരണമായി. സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ നിരവധി പേർ ഇതേപ്പറ്റി പ്രതികരിച്ചു. 


 

click me!