ഭീകരവാദം ഇന്ത്യയുടെ ഇടനെഞ്ചിന് കുത്തിയിട്ട് പതിനെട്ടുവർഷം തികയുമ്പോൾ നമ്മുടെ പാർലമെന്റ് എത്രമാത്രം സുരക്ഷിതം ?

By Web TeamFirst Published Dec 13, 2019, 2:40 PM IST
Highlights

ഇരുസഭകളും ആക്രമണം നടക്കുന്നതിന് നാൽപതു മിനിട്ടുമുമ്പുതന്നെ പിരിഞ്ഞിരുന്നു എങ്കിലും, നൂറിലധികം എംപിമാരും എൽകെ അദ്വാനി അടക്കമുള്ള വിവിഐപികളും ഒക്കെ അപ്പോഴും പാർലമെന്റ് മന്ദിരത്തിനുള്ളിൽ സന്നിഹിതരായിരുന്നു. 

ഡിസംബർ 13. വെള്ളിയാഴ്ച.  ഇന്ത്യൻ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ദിവസമാണിന്ന്. നമ്മുടെ ജനാധിപത്യത്തിന്റെ പ്രയോഗശാലയായ പാർലമെന്റ് മന്ദിരം തീവ്രവാദാക്രമണത്തിന് വിധേയമായതിന്റെ പതിനെട്ടാം വാർഷികം. 2001 ഡിസംബർ 13 -ന് രാവിലെ 11.40 -നടുപ്പിച്ചാണ് പാർലമെന്റ് കോംപ്ലക്സിലേക്ക് അഞ്ചു തീവ്രവാദികൾ ഒരു ചുവപ്പ് ബീക്കൺ ലൈറ്റ് പിടിപ്പിച്ച ഒരു അംബാസഡർ കാറിൽ, വിൻഡ്ഷീൽഡിൽ ആഭ്യന്തര വകുപ്പിന്റെ വ്യാജസ്റ്റിക്കറും പതിപ്പിച്ചുകൊണ്ട് കടന്നുവന്നത്. ആ വാഹനം വിജയ് ചൗക്ക് ഭാഗത്തുനിന്ന്  പാർലമെന്റിന്റെ ഒന്നാം ഗേറ്റിൽ വന്നുനിന്നപ്പോൾ, അന്ന് അവിടെ വാച്ച് ആൻഡ് വാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥയായ കമലേഷ് കുമാരി യാദവിന് അവരുടെ രൂപഭാവങ്ങളിൽ സംശയം തോന്നി. അകത്തുവിടാൻ അവർ വിസമ്മതിച്ചു. കൂടുതൽ പരിശോധനകൾക്ക് മുതിർന്നതോടെ ഭീകരവാദികൾ കമലേഷ് കുമാരി യാദവിനെ വെടിവെച്ചുകൊന്നു. 

പ്ലാനിങ്ങിന് വിരുദ്ധമായുണ്ടായ സംഭവങ്ങളിൽ പരിഭ്രമിച്ചുപോയ കാർ ഡ്രൈവർ തിരക്കിട്ട് വാഹനം തിരിക്കുന്നതിനിടെ വണ്ടി വൈസ്പ്രസിഡന്റ് കൃഷ്ണകാന്തിന്റെ കാറിൽ തട്ടി. അതോടെ ആക്രമണത്തിന് ഒരുങ്ങി വന്ന കാർ യാത്രികർ ആകെ അന്ധാളിച്ചുപോയി. പാർലമെന്ററിൽ എത്താൻ കാത്തു നിൽക്കാതെ അവിടെ  വെച്ചുതന്നെ അവർ വെടിയുതിർത്തു തുടങ്ങി. മുപ്പതുമിനിറ്റോളം നീണ്ട പൊരിഞ്ഞ പോരാട്ടമായിരുന്നു പിന്നെ അവിടെ നടന്നത്. അഞ്ചു ഭീകരവാദികളും അന്ന് സുരക്ഷാസേനയുടെ തോക്കിനിരയായി. എട്ടു സുരക്ഷാ ഉദ്യോഗസ്ഥർ, പാർലമെന്റ് വളപ്പിലെ ഒരു തോട്ടക്കാരൻ എന്നിവർക്കും ജീവൻ നഷ്ടമായി. പതിനഞ്ചോളം പേർക്ക് വെടിവെപ്പിൽ  പരിക്കേറ്റു. 

ഇരുസഭകളും ആക്രമണം നടക്കുന്നതിന് നാൽപതു മിനിട്ടുമുമ്പുതന്നെ പിരിഞ്ഞിരുന്നു എങ്കിലും, നൂറിലധികം എംപിമാരും എൽകെ അദ്വാനി അടക്കമുള്ള വിവിഐപികളും ഒക്കെ അപ്പോഴും പാർലമെന്റ് മന്ദിരത്തിനുള്ളിൽ സന്നിഹിതരായിരുന്നു. ഗേറ്റിൽ ആ സുരക്ഷാ ഉദ്യോഗസ്ഥൻ ജാഗ്രത പാലിച്ചില്ലായിരുന്നു എങ്കിൽ എകെ 47 യന്ത്രത്തോക്കുകളും ഗ്രനേഡുകളും ഒക്കെയായി വന്നവർ ആ വാഹനത്തിൽ തന്നെ പാര്‍ലമെന്റിനുള്ളിൽ കടക്കുകയും, അവരിൽ പലരെയും വധിക്കുകയും ചെയ്തിരുന്നേനെ. 

ലഷ്കർ എ ത്വയ്യിബ, ജെയ്ഷെ മുഹമ്മദ് എന്നീ സംഘടനകളുടെ മേലാണ് അന്നത്തെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരോപിക്കപ്പെട്ടത്. പിന്നണിയിൽ ഐഎസ്‌ഐ എന്ന പാക് ചാരസംഘടനയുടെ ഇടപെടലുകളും നടന്നിട്ടുണ്ടെന്ന് കേട്ടിരുന്നു അന്ന്. അന്ന് ചാവേർ ദൗത്യത്തിനെത്തിയ ഹംസ, തുഫൈൽ എന്ന് വിളിക്കുന്ന ഹൈദർ, റാണാ, രൺവിജയ്‌, മുഹമ്മദ് എന്നിങ്ങനെ അഞ്ചുപേരെയും അവിടെ വെച്ചുതന്നെ സൈന്യം വധിച്ചു. പാകിസ്ഥാനിൽ പ്രസ്തുത ആക്രമണം ആസൂത്രണം ചെയ്തത് മസൂദ് അസർ ആയിരുന്നു എന്ന് അന്വേഷണസംഘം കണ്ടെത്തി. അപകടം നടന്ന അന്നുതന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടു. 

ദിവസങ്ങൾക്കുള്ളിൽ തന്നെ ദില്ലി പൊലീസിന്റെ സ്‌പെഷ്യൽ സെൽ കേസുമായി ബന്ധപ്പെട്ട്, ടെലഫോൺ റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ, നാലുപേരെ അറസ്റ്റുചെയ്തു. മുഹമ്മദ് അഫ്സൽ ഗുരു, ഷൗക്കത് ഹുസ്സൈൻ ഗുരു, ഷൗക്കത്തിന്റെ ഭാര്യ അഫ്സാൻ ഗുരു, ദില്ലി സർവ്വകലാശാലയിലെ അറബിക് പ്രൊഫസറായ SAR ഗീലാനി എന്നിവരായിരുന്നു ആ നാലുപേർ. അഫ്സൽ ഗുരു പതിനൊന്നു വർഷം നീണ്ടുനിന്ന വിചാരണക്കൊടുവിൽ തൂക്കിലേറ്റപ്പെട്ടു. ഗിലാനി ദീർഘകാലം ജയിലില്‍ കഴിഞ്ഞശേഷം മേൽക്കോടതിയിൽ കുറ്റവിമുക്തനാക്കപ്പെട്ടു. ഒടുവിൽ അടുത്തിടെ ദില്ലിയിൽ വെച്ച് ഹൃദയസ്തംഭനം നിമിത്തം മരണപ്പെട്ടു. ഷൗക്കത്തിന്റെ ഭാര്യ അഫ്സാനെ ആക്രമണത്തിന്റെ കുറ്റത്തിൽ നിന്ന് വിമുക്തയാക്കി. അഞ്ചുകൊല്ലത്തെ കഠിനതടവിനും പിഴയ്ക്കും ശേഷം അവരെ  കോടതി മോചിപ്പിച്ചു. ഷൗക്കത് ഹുസൈനും തടവുശിക്ഷ കിട്ടിയെങ്കിലും, ശിക്ഷാ കാലയളവിലെ നല്ലനടപ്പ് പരിഗണിച്ച് ഷൗക്കത് പതിനൊന്നുമാസം നേരത്തെ ജയിൽ മോചിതനാക്കപ്പെട്ടു. 

അന്ന് ആക്രമണത്തിനിടെ കൊല്ലപ്പെട്ട സിആർപിഎഫ് കോൺസ്റ്റബിൾ കമലേഷ് കുമാരിക്ക് രാഷ്ട്രം അശോക് ചക്ര നൽകി ആദരിച്ചു. സിആർപിഎഫ് കോൺസ്റ്റബിൾമാരായ ജെപി യാദവ്, എം എസ് നേഗി എന്നിവർക്കും അശോക് ചക്ര കിട്ടി. ഡൽഹി പോലീസ് സബ് ഇൻസ്‌പെക്ടർമാരായ ഘനശ്യാം, നാനക് ചന്ദ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ റാം പാൽ, ഹെഡ് കോൺസ്റ്റബിള്‍മാരായ ഓംപ്രകാശ്, വിജേന്ദർ സിങ് എന്നിവർക്ക് കീർത്തി ചക്രയും നൽകുകയുണ്ടായി. 

ആ ആക്രമണം ഇന്ത്യൻ ഗവൺമെന്റിന്റെ കണ്ണുകൾ തുറപ്പിക്കാൻ പോന്നതായിരുന്നു. തങ്ങളുടെ രാജ്യത്തെ പരമപ്രധാനമായ ഒരു സ്ഥാപനത്തിന്റെ സുരക്ഷാ എത്രമാത്രം പരിതാപാവസ്ഥയിലാണ് എന്ന് അന്ന് സർക്കാർ തിരിച്ചറിഞ്ഞു. അതിനുശേഷം കർശനമായ സുരക്ഷാ സംവിധാനങ്ങൾ പാർലമെന്റിന് ഏർപ്പെടുത്തപ്പെട്ടു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത  'സ്റ്റേറ്റ് ഓഫ് ദി ആർട്ട്' ടെക്‌നോളജി കൊണ്ട് പാർലമെന്റ് കോംപ്ലക്സ് പരിസരം സുരക്ഷിതമാക്കപ്പെട്ടു. ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐബെക്സ് എന്ന സ്ഥാപനം ന്യൂസിലാൻഡിൽ നിന്നുള്ള ഗാലഗർ എന്ന കമ്പനിയുമായി ചേർന്നുകൊണ്ട് പ്രസ്തുത സാങ്കേതികവിദ്യയുടെ ഇൻസ്റ്റലേഷൻ നടത്തി. ഇൻസ്റ്റലേഷനുശേഷം സെൻട്രൽ പവർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ വിശദമായ ടെസ്റ്റുകൾ അതിന്മേൽ നടത്തപ്പെട്ടു. 

ഓരോ 1.2 സെക്കന്റിലും ഹൈപവർ പൾസുകൾ കടന്നുപോകുന്ന ഒരു വൈദ്യുതികമ്പിവേലിയാണ് ഇപ്പോൾ പാർലമെന്റിനെ സുരക്ഷിതമാക്കുന്നത്. ആ വൈദ്യുതവേലിയെ 30 സെക്യൂരിറ്റി സോണുകളായി തിരിച്ച് ഓരോ സോണും വെവ്വേറെ നിരീക്ഷണങ്ങൾക്ക് വിധേയമാക്കപ്പെടുന്നുണ്ട്. നുഴഞ്ഞുകയറാൻ വരുന്ന ആരെങ്കിലും ഈ വേലിയിൽ തൊട്ടാൽ ആ നിമിഷം കടുത്ത വെദ്യുതാഘാതമേൽക്കും. ഇപ്പോൾ പ്രധാനമന്ത്രി, സ്‌പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, രാജ്യസഭാ ചെയർമാൻ തുടങ്ങി ചുരുക്കം പേർക്കുമാത്രമാണ് കാറിൽ പാർലമെന്റ് മന്ദിരത്തിനടുത്തേക്ക് പ്രവേശനമുള്ളൂ. ബാക്കി എല്ലാവരുടെയും കാറുകൾ 150  മീറ്റർ അകലെ പാർക്ക് ചെയ്യേണ്ടതാണ്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനങ്ങളിൽ ചാവേർ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലായിട്ടാണ് ഈ സംവിധാനം. 

എംപിമാർ, മന്ത്രിമാർ അങ്ങനെ ആരുതന്നെയായാലും വിശദമായ ബോഡി സ്കാനിങ്, മെറ്റൽ ഡിറ്റക്ടർ പരിശോധനകൾക്ക് ശേഷം മാത്രമേ അകത്തേക്ക് കടക്കാനാവൂ. അവിടേക്ക് സ്ഥിരമായി വരുന്ന എല്ലാ വ്യക്തികളെയും തിരിച്ചറിയാനുള്ള പരിശീലനം ഗാർഡുമാർക്ക് നൽകിയിട്ടുണ്ട്. ഒപ്പം സ്ഥിരമായി അവിടെ ജോലിക്കെത്തുന്ന തോട്ടക്കാർ, തൂപ്പുകാർ, മറ്റു സ്റ്റാഫ് എന്നിവരെയും തിരിച്ചറിയാൻ വേണ്ട പരിശീലനം അവർക്കുണ്ട്. ഇനി ഇത്തരത്തിൽ ഒരു അക്രമണമുണ്ടായാൽ, പാർലമെന്റിന്റെ പരിസരത്തേക്ക് എത്തും മുമ്പുതന്നെ അതിനെ നേരിടാൻ തങ്ങൾ  സജ്ജമാണ് എന്ന് സുരക്ഷാസൈന്യം അവകാശപ്പെടുന്നുണ്ട്. 

click me!