കടലറിവുകളുടെ വിസ്മയക്കാഴ്ചകൾ തുറന്നിട്ട് സിഎംഎഫ്ആർഐ

By Web TeamFirst Published Feb 4, 2023, 4:07 PM IST
Highlights

മീനിന്റെ ചെവിക്കല്ല് കൊണ്ട് നിർമിച്ച കമ്മലുകളും കാണികളുടെ കയ്യടി നേടി. ഗിത്താർ മത്സ്യം, തിരണ്ടി, വിവിധ ഇനം സ്രാവുകൾ, ചെമ്മീൻ- കക്ക- ഞണ്ട് വർഗ്ഗയിനങ്ങളും അവയുടെ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട അറിവുകളും വിവിധ ലാബുകളിൽ പ്രദർശിപ്പിച്ചു.

കൊച്ചി: ഭീമൻ മത്സ്യമായ ഹംപ്‌ഹെഡ് റാസ്, പറക്കും കൂന്തൽ, വിലകൂടിയ മുത്തുകൾ തുടങ്ങി ആഴക്കടലിന്റെ വിസ്മയ കാഴ്ചകൾ കാണാനെത്തിയത് ആയിരങ്ങൾ. 76 -ാം സ്ഥാപകദിനത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) അറിവും കൗതുകവുമുണർത്തുന്ന കാഴ്ചകളാണ് പൊതുജനങ്ങൾക്ക് വേണ്ടി തുറന്നിട്ടത്.

മ്യൂസിയം, വിവിധ പരീക്ഷണ ശാലകളിലൊരുക്കിയ പ്രദർശനം, മറൈൻ അക്വേറിയം എന്നിവയാണ് സന്ദർശകരെ ആകർഷിച്ചത്. രാജകീയ പ്രൗഢിയും ഭീമൻ രൂപവുമുള്ളതിനാൽ ചക്രവർത്തിമത്സ്യം എന്ന് വിളിക്കുന്ന ഹംപ് ഹെഡ് റാസ് ആയിരുന്നു മ്യൂസിയത്തിലെ പ്രധാന ആകർഷണം. പവിഴദ്വീപുകൾക്ക് സമീപം കാണപ്പെടുന്ന 35 കിലോ ഭാരം വരുന്ന ഈ ഭീമൻ മത്സ്യം വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ പട്ടികയിൽ പെടുന്നതാണ്. കടൽ മുയൽ, കടൽ പശു, പലതരം കടൽ സസ്യങ്ങൾ, കടൽ പാമ്പുകൾ, വിഷമത്സ്യങ്ങൾ തുടങ്ങി എണ്ണമറ്റ കടൽ ജൈവവൈവിധ്യങ്ങളുടെ കാഴ്ചകളാണ് മ്യൂസിയം സമ്മാനിച്ചത്.

മീനിന്റെ ചെവിക്കല്ല് കൊണ്ട് നിർമിച്ച കമ്മലുകളും കാണികളുടെ കയ്യടി നേടി. ഗിത്താർ മത്സ്യം, തിരണ്ടി, വിവിധ ഇനം സ്രാവുകൾ, ചെമ്മീൻ- കക്ക- ഞണ്ട് വർഗ്ഗയിനങ്ങളും അവയുടെ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട അറിവുകളും വിവിധ ലാബുകളിൽ പ്രദർശിപ്പിച്ചു. കടലിലെ വിലകൂടിയ മുത്തുകളും, മുത്തുചിപ്പി കൃഷി ചെയ്ത് അവ വേർതിരിച്ചെടുക്കുന്ന രീതികളുടെ പ്രദർശനവും ശ്രദ്ധേയമായി.

കൂടുമത്സ്യ കൃഷി, സംയോജിതജലകൃഷി രീതിയായ ഇംറ്റ തുടങ്ങി വിവിധ സമുദ്രജലകൃഷികളുടെ മാതൃകകളും സന്ദർശകർക്കായി ഒരുക്കിയിരുന്നു. പ്ലാസ്റ്റിക് മാലിന്യം മീനുകളുടെ ജീവന് ഭീഷണിയാകുന്നതിന്റെ നേർചിത്രങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു. ലൈബ്രറിയും സന്ദർശകർക്കായി തുറന്നിട്ടിരുന്നു. സിഎംഎഫ്ആർഐയുടെ പഠനപ്രവർത്തനങ്ങളെ കുറിച്ച് ഗവേഷകർ വിശദീകരിച്ചു.
 

tags
click me!