കൊറോണയ്ക്കിടെ കശ്മീരിനെ ഞെട്ടിച്ചുകൊണ്ട് കേന്ദ്രത്തിന്റെ പുതിയ 'ഡൊമിസൈൽ നിയമ ഭേദഗതി'

By Web TeamFirst Published Apr 3, 2020, 5:59 AM IST
Highlights

ഈ ഭേഗഗതികൾ നടപ്പിലാക്കുന്നതോടെ സ്ഥലം വാങ്ങാനും തൊഴിൽ നേടാനുമുള്ള കശ്മീരികളുടെ സവിശേഷ ആനുകൂല്യവും സംവരണവും ഒക്കെ ഇല്ലാതെയാവുകയാണ്.

"ഈ സമയത്തുതന്നെ ഇത് ചെയ്യണം. രാജ്യത്ത് എല്ലാവരും തങ്ങളുടെ പരമാവധി ശക്തി സംഭരിച്ചുകൊണ്ട്, ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കൊറോണാവൈറസിനെ തുരത്താൻ വേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കുന്ന തിരക്കിനിടെ, വളരെ സ്വാഭാവികമെന്നോണം കേന്ദ്രം സ്ഥിരതാമസത്തിനുള്ള പുതിയ നിയമഭേദഗതികൾ ആരുമറിയാതെ കാശ്മീരിലേക്ക് കൊണ്ടിറക്കിയിരിക്കുകയാണ്. ഇത് അടിയേറ്റിരിക്കുന്നവന്റെ ഉടുതുണിയുരിയുന്ന പോലെയാണ്. ഞങ്ങൾ കശ്മീരികൾക്ക് ഇന്ത്യൻ ഗവൺമെന്റ് മുൻകാലങ്ങളിൽ നൽകിയിരുന്ന വാഗ്ദാനങ്ങൾ ഒന്നൊന്നായി ലംഘിക്കപ്പെടുന്ന ദൗർഭാഗ്യകരമായ കാഴ്ച തുടരുക തന്നെയാണ്."

Talk about suspect timing. At a time when all our efforts & attention should be focused on the outbreak the government slips in a new domicile law for J&K. Insult is heaped on injury when we see the law offers none of the protections that had been promised.

— Omar Abdullah (@OmarAbdullah)

 

ഇത് ഇന്നലെ ഒമർ അബ്ദുള്ള പുറപ്പെടുവിച്ച ഒരു ട്വീറ്റാണ്.  പരാമർശവിഷയം ഇന്നലെ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിൽ നടപ്പിലാക്കിയ സ്ഥിരതാമസ നിയമം അഥവാ ഡൊമിസൈൽ ലോ ആണ്. ഇതുവരെ നിലവിലുണ്ടായിരുന്ന നിയമങ്ങളിൽ അയവുവരുത്തിക്കൊണ്ട് , സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവർക്ക് ജമ്മു കാശ്മീരിൽ സ്ഥലം വാങ്ങി അവിടെ സ്ഥിരതാമസമാക്കാനുള്ള അവകാശം നൽകുകയാണ് കേന്ദ്രം ഇന്നലെ ചെയ്തത്. ഈ പുതിയ നിയമഭേദഗതികൾ, കഴിഞ്ഞ ഓഗസ്റ്റിൽ ആർട്ടിക്കിൾ 370-നൊപ്പം കേന്ദ്രം ആർട്ടിക്കിൾ 35A കൂടി റദ്ദാക്കിയതുകൊണ്ടുണ്ടായ സന്ദിഗ്ദ്ധതകൾ നീക്കാൻ വേണ്ടിയുള്ളതാണ്. 

 

 

ജമ്മു കശ്മീർ സംസ്ഥാനത്തുള്ള സ്ഥിരതാമസക്കാരെ നിർവചിക്കാനും ആ സ്ഥിരതാമസക്കാർക്ക് കുടിയേറ്റക്കാരെക്കാൾ കൂടുതലായി പ്രത്യേക ചില അവകാശങ്ങളും പദവികളും ഒക്കെ നൽകാനും ജമ്മു കശ്മീർ നിയമസഭയെ അധികാരപ്പെടുത്തുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുഛേദമായിരുന്നു ആർട്ടിക്കിൾ 35A. ഇത് നിലവിലുണ്ടായിരുന്ന കാലമത്രയും ജമ്മു കശ്മീർ നിവാസികൾക്ക് എല്ലാ കാര്യത്തിലും താഴ്‌വരയിൽ പ്രത്യേക അവകാശങ്ങൾ നൽകപ്പെട്ടിരുന്നു. ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, സർക്കാരുദ്യോഗങ്ങളിൽ സംവരണം, പഠനത്തിനുള്ള സർക്കാർ ധനസഹായം എന്നിവ കശ്മീരികൾക്കു മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. കശ്‌മീരികൾക്കുമാത്രം ഇതുവരെ ലഭ്യമായിരുന്ന ആ സവിശേഷാനുകൂല്യങ്ങൾ, ഇന്നലെ പുതിയ ഭേദഗതികൾ പ്രാബല്യത്തിലായതോടെ ഇല്ലാതാവുകയാണ്, അഥവാ അതിന്റെ ആനുകൂല്യങ്ങൾ പുതിയതായി 'ഡൊമിസൈൽ' സ്റ്റാറ്റസ് കിട്ടുന്നവർക്കുകൂടി ലഭ്യമാവുകയാണ്. ഇനി ഈ 'ഡൊമിസൈൽ' സ്റ്റാറ്റസ് ആർജ്ജിക്കുന്ന ആർക്കും കാശ്മീരികളെപ്പോലെ തന്നെ അവിടെ സ്ഥലം വാങ്ങാം, ജോലികൾക്കുവേണ്ടി കാശ്മീരികളോട് മത്സരിക്കാം.

 

 

ആർട്ടിക്കിൾ 35A നിലവിലുണ്ടായിരുന്നപ്പോൾ നിയമത്തിൽ ഉണ്ടായിരുന്ന 'പെർമനന്റ് റെസിഡന്റ്' എന്ന പദം മാറ്റി പകരം അതിനെ 'ഡൊമിസൈൽ' എന്നാക്കിയിട്ടുണ് കേന്ദ്രം ഇന്നലെ മുതൽ. 'പെർമനന്റ് റെസിഡന്റ്' എന്നാൽ 1954 -ൽ കശ്മീരിൽ സ്ഥിരതാമസമുണ്ടായിരുന്നവരും അവരുടെ സന്തതിപരമ്പരകളും എന്നർത്ഥം വരുമ്പോൾ 'ഡൊമിസൈൽ' എന്ന സംജ്ഞക്ക് 'കഴിഞ്ഞ 15 വർഷമായി ജമ്മു കശ്മീരിൽ താമസിക്കുന്ന വ്യക്തി' എന്നുമാത്രമേ അർത്ഥമുള്ളൂ. അവർ പരമ്പരാഗതകശ്മീരികളാകണം എന്ന് നിർബന്ധമില്ല. അവിടെ ജോലി ചെയ്യുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കായി ഈ നിയമത്തിൽ പിന്നെയും ഇളവുകളുണ്ട്. അവിടെ പത്തുവർഷം പൂർത്തിയാക്കിയ കേന്ദ്ര സർക്കാർ ജീവനക്കാരുടെ മക്കൾക്ക്  'ഡൊമിസൈൽ' സ്റ്റാറ്റസിന് അർഹതയുണ്ട്. കശ്മീരിന് വെളിയിൽ നിന്ന് അവിടെ വന്നു സ്ഥിരതാമസമാക്കി അവിടെ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്നെയും ഇളവുകൊടുത്തിരിക്കുന്നു. ഏഴുവർഷത്തിലധികം കാലം കശ്മീരിൽ പഠിച്ചിട്ടുള്ള, അവിടെ പ്ലസ്ടു അല്ലെങ്കിൽ പത്താംതരത്തിലെ പരീക്ഷ എഴുതിയിട്ടുള്ള വിദ്യാർത്ഥികൾക്കും  'ഡൊമിസൈൽ' സ്റ്റാറ്റസ് സ്വയമേവ കൈവരും. മുമ്പ് ഈ 'ഡൊമിസൈൽ' സ്റ്റാറ്റസ് നിർണയിക്കാനുള്ള അധികാരം ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് തലത്തിലായിരുന്നെങ്കിൽ, പുതിയ നിയമഭേദഗതികൾ പ്രകാരം ആ അധികാരം തഹസിൽദാറിലേക്ക് താഴ്ത്തിക്കൊടുത്തിട്ടുണ്ട്. 

ഈ നിയമ ഭേദഗതിയിൽ മർമ്മപ്രധാനമായ മറ്റൊരുഭാഗം ഇനി പറയുന്നതാണ്. പുതിയ ഭേദഗതിയിൽ ഇങ്ങനെ ഒരു പരാമർശമുണ്ട്, "ലെവൽ 4 അതായത് 25,500 രൂപയ്ക്ക് മുകളിലേക്ക് അടിസ്ഥാനശമ്പളമുള്ള ഒരു ജോലിയിലും ഇനി കശ്മീരിലെ 'ഡൊമിസൈൽ' അല്ലാത്തവർക്ക് അപേക്ഷിക്കാനുള്ള അർഹതയില്ല." അതായത്, ലെവൽ 4 -ലും താഴെയുള്ള, എന്നുവെച്ചാൽ കശ്മീരിലെ ജൂനിയർ അസിസ്റ്റന്റ്, അല്ലെങ്കിൽ പൊലീസ് കോൺസ്റ്റബിൾ തുടങ്ങിയ തസ്‌തികകളിൽ, ഇനിമുതൽ  ഏതൊരു ഇന്ത്യൻ പൗരനും ജോലിക്കപേക്ഷിക്കാവുന്നതാണ്. ഇതിനുമുമ്പ് ക്‌ളാസ് 4-നു മുകളിലേക്കുള്ള തസ്തികകളിൽ പെർമനന്റ് റെസിഡന്റ്‌സ് ആയ  കാശ്മീരികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ. ഇളവുനൽകിയ അർഹതാ ചട്ടങ്ങൾ പ്രകാരം നിരവധി പേർക്കാണ് പുതുതായി 'ഡൊമിസൈൽ' പദവി കിട്ടാൻ പോകുന്നത്. ഭേദഗതി നടപ്പിൽ വരുന്നതോടെ കശ്മീരികൾക്ക് ഇനി എല്ലാ സർക്കാർ ജോലികളിലും പുതിയ 'ഡൊമിസൈലു'കളിൽ നിന്നുകൂടി മത്സരം നേരിടേണ്ടി വരും എന്നർത്ഥം. ഈ പുതിയ നിയമഭേദഗതികൾ റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ കമ്മീഷണർ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുടിയേറ്റക്കാർക്കും ഗുണകരമാകും. അതായത്, തൊണ്ണൂറുകളിൽ നിർബന്ധിതമായി താഴ്വര വിട്ട് പലായനം ചെയ്യേണ്ടി വന്നിട്ടുള്ള സിഖുകാരും, കശ്മീരി പണ്ഡിറ്റുകളും ഒക്കെ ഈ ഭേദഗതികളുടെ മുഖ്യ ഗുണഭോക്താക്കളിൽ പെടും എന്നർത്ഥം.

 

 

അങ്ങനെ നോക്കുമ്പോൾ, പുതിയ 'ഡൊമിസൈൽ'  നിയമഭേദഗതികൾ കശ്മീരിൽ സൃഷ്ടിക്കാൻ പോകുന്ന വിപ്ലവങ്ങൾ ചെറുതാകില്ല. ഇതുവരെ പുറംനാട്ടിൽ നിന്നുവന്ന് താഴ്‌വരയിൽ ദീർഘകാലമായി അധിവസിക്കുന്നവർക്ക് അവിടെ ഭൂമി സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. പ്രാദേശികമായ സർക്കാർ ജോലികളിലും ഏർപ്പെടാൻ അവരെ നിയമം അനുവദിച്ചിരുന്നില്ല. ആ അവസ്ഥയ്ക്ക് ഇനിമുതൽ മാറ്റം വരാൻ പോവുകയാണ്.

2019 ഓഗസ്റ്റ് അഞ്ചിന്, മുന്നറിയിപ്പൊന്നും കൂടാതെ, കാശ്മീരികളോട് ആലോചിക്കുക പോലും ചെയ്യാതെ, സത്യം പറഞ്ഞാൽ ബലം പ്രയോഗിച്ചുതന്നെ, ആർട്ടിക്കിൾ 370 പൊടുന്നനെ റദ്ദാക്കിയ പോലെയാണ് ഇപ്പോൾ കേന്ദ്രം ഈ പുതിയ 'ഡൊമിസൈൽ' നിയമ ഭേദഗതിയും നടപ്പിൽ വരുത്തിയിരിക്കുന്നത്. ഇത് കശ്മീരിലെ രാഷ്ട്രീയ പാർട്ടികളിൽ വലിയ അതൃപ്തിക്കാണ് വഴിവെച്ചിട്ടുള്ളത്. അവരിൽ പലരും കടുത്ത ഭാഷയിൽ തങ്ങളുടെ അമർഷം കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്. 

എന്നാൽ, കാര്യമായ രാഷ്ട്രീയ ഇച്ഛാശക്തിയൊന്നും അവശേഷിക്കാത്ത പരുവത്തിലാണ് കശ്മീരിലെ പ്രബലരായ രാഷ്ട്രീയ നേതാക്കളിൽ പലരും. ഫാറൂഖ് അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ഫാറൂഖ് അബ്ദുള്ളയും അടക്കമുള്ള മിക്ക നേതാക്കളും, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന്റെ തലേന്ന് തുടങ്ങി, മാസങ്ങൾ നീണ്ടുനിന്ന വീട്ടുതടങ്കലിൽ നിന്ന്, അതേൽപ്പിച്ച മാനസികമായ ആഘാതത്തിൽ നിന്ന് ഈയിടെ തിരിച്ചു വന്ന്, തങ്ങളുടെ സാമാന്യജീവിതം പുനരാരംഭിച്ചതേയുള്ളൂ. പുറത്തുവന്ന ശേഷം ഒമർ അബ്ദുള്ള പോലും പറഞ്ഞത്, കൊവിഡ് 19 -നോട് പൊരുതി ജയിച്ച ശേഷമേ താൻ ഇനി ആർട്ടിക്കിൾ 370 -നെപ്പറ്റി ഒരക്ഷരം മിണ്ടൂ എന്നാണ്. ഈ പുതിയ 'ഡൊമിസൈൽ'  നിയമഭേദഗതി കൂടി കേന്ദ്രത്തിൽ നിന്ന് വന്നതോടെ ഒമറിനുമേൽ പ്രതികരിക്കാനുള്ള പ്രാദേശികസമ്മർദ്ദം ഏറുകയാണ്. 

 

 

ഈ പുതിയ നിയമഭേദഗതികൾ കശ്മീർ താഴ്വരയുടെ ഡെമോഗ്രാഫിക്സ് അഥവാ മത, പ്രാദേശികതാടിസ്ഥാനത്തിലുള്ള ജനസംഖ്യാവിതരണത്തെ ഉടച്ചുവാർക്കാൻ പോന്നതാണ്. ഫലത്തിൽ പരമ്പരാഗത കശ്മീരികൾക്ക് ഇതൊന്നും ഹിതകരമാകാൻ പോകുന്നില്ല എന്നുവേണം മനസ്സിലാക്കാൻ. കാരണം, ഭൂമി സ്വന്തമാക്കുന്നതിലും, സർക്കാർ ജോലി നേടുന്നതിലും അവർക്ക് കുടിയേറ്റക്കാർക്കുമേൽ ഇത്രയും കാലം ഉണ്ടായിരുന്ന മേൽക്കൈ ഇതോടെ നഷ്ടപ്പെടാൻ പോവുകയാണ്. ഇനി കാശ്മീരി, കുടിയേറ്റ വ്യത്യാസമില്ലാതെ കയ്യിൽ പണമുള്ള ആർക്കും താഴ്‌വരയിൽ ഭൂമിവാങ്ങാൻ സാധിക്കും. മിടുക്കുള്ള ആർക്കും അവിടെ സർക്കാർ ജോലിയും നേടാൻ സാധിക്കും. അത് പ്രദേശവാസികളുടെ തൊഴിലവസരങ്ങൾ ചുരുക്കും. സാമൂഹികമായ മേൽക്കൈയും ഇടിക്കും. കേന്ദ്രത്തോട് കൂറുകാണിച്ചുകൊണ്ട് കാലങ്ങളായി നിലകൊണ്ട മുഖ്യധാരാ രാഷ്ട്രീയക്കാരാണ് കശ്മീരികൾക്ക് ഇന്നത്തെ ഗതി വരുത്തിയത് എന്ന ആക്ഷേപമാണ് ഇപ്പോൾ പ്രദേശവാസികൾ പ്രധാനമായും ഉന്നയിക്കുന്നത്. 

"ഇത് ഇസ്രായേൽ പലസ്തീനികളോട് കാണിച്ച അതേ മാതൃകയിലുള്ള അധിനിവേശത്തിനുള്ള ശ്രമമാണ്. കശ്മീരികൾക്കുള്ള സംവരണം ക്‌ളാസ് ഫോർ ജീവനക്കാരിലേക്ക് ചുരുങ്ങി. മറ്റുള്ള എല്ലാ തലങ്ങളിലും ഇനി ഞങ്ങൾക്ക് ഇന്ത്യയിലെ എല്ലാവരുമായും മത്സരിക്കണം. ഇതുവരെ നിലവിലുണ്ടായിരുന്ന നിയമത്തെ ഇങ്ങനെ മാറ്റുന്നതിലൂടെ കേന്ദ്രം നൽകുന്ന സന്ദേശം വ്യക്തമാണ്, 'നിങ്ങൾ കാശ്മീരികൾ ഇനി പുറമേനിന്ന് വരുന്നവരുടെ  അടിമപ്പണിയെടുത്ത്  കഴിഞ്ഞുകൂടിയാൽ മതി' എന്നുതന്നെ. ഇത് കശ്മീർ മറ്റൊരു പലസ്തീൻ ആയി മാറുന്നതിന്റെ ലക്ഷണമാണ് ..." എന്ന് ശ്രീനഗറിൽ നിന്നുള്ള ഒരു നിയമവിദ്യാർത്ഥി 'സ്ക്രോളി'നോട് പ്രതികരിച്ചു.

കശ്മീരിനെ കശ്മീരികളുടേതല്ലാതാക്കുന്ന വളരെ പതുക്കെയുള്ള ഒരു പ്രവർത്തനത്തിന്റെ ഗൂഢാലോചനയുടെ ആദ്യപടി മാത്രമാണ് ഈ പുതിയ ഡൊമിസൈൽ നിയമ ഭേദഗതി എന്നാണ് തദ്ദേശവാസികളിൽ പലരുടെയും ആക്ഷേപം. 

click me!