ഫുകുഷിമ ദുരന്തഭൂമിയില്‍ വന്യജീവികളുടെ എണ്ണം കൂടുന്നു, മനുഷ്യര്‍ പലായനം ചെയ്‍തത് പ്രധാന കാരണം?

By Web TeamFirst Published Jan 12, 2020, 10:46 AM IST
Highlights

ആ സമയത്ത് ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് 164,000 ആളുകള്‍ സ്ഥിരമായി വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായിരുന്നു. ആയിരക്കണക്കിന് ആളുകൾ ഒരു ദശാബ്‍ദത്തിനുശേഷം പലായനം ചെയ്‍തു. പ്ലാന്‍റിന് ചുറ്റും 30 കിലോമീറ്റർ ദൂരമുള്ള 'ഒഴിവാക്കൽ മേഖല' ഉപേക്ഷിക്കപ്പെട്ടു കിടക്കുകയായിരുന്നു. 

ഏകദേശം ഒമ്പത് വര്‍ഷം കഴിയുന്നു ജപ്പാനിലെ ഫുകുഷിമ ഡൈചി ആണവനിലയ ദുരന്തം കഴിഞ്ഞിട്ട്. 2011 മാര്‍ച്ച് 11 -നായിരുന്നു ആണവ അപകടങ്ങളുടെ തുടക്കം. സെന്ദായ് ഭൂചലനത്തെയും സുനാമിയേയും തുടര്‍ന്നാണ് ഫുക്കുഷിമ ആണവ അപകടങ്ങളുണ്ടാകുന്നത്. ഫുക്കുഷിമ ഒന്നിലെ ഒന്നാം നമ്പര്‍ റിയാക്ടറാണ് ആദ്യം പൊട്ടിത്തെറിച്ചത്. സുനാമിയെത്തുടര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുകയും റിയാക്ടര്‍ കോര്‍ തണുപ്പിക്കുന്ന പമ്പുകള്‍ പ്രവര്‍ത്തിക്കാതെ വരികയുമായിരുന്നു. തുടര്‍ന്ന് മര്‍ദ്ദം വളരെ വര്‍ധിക്കുകയും സ്ഫോടനമുണ്ടാവുകയും ചെയ്‍തു. അതേത്തുടര്‍ന്ന് ജപ്പാന്‍ സര്‍ക്കാര്‍ ആണവോര്‍ജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ആയിരക്കണക്കിന് ജനങ്ങളെ പ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിക്കുകയുമായിരുന്നു. 

എന്നാല്‍, ആ ദുരന്തഭൂമിയില്‍നിന്ന് പ്രതീക്ഷയുടേതായ ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മനുഷ്യരെല്ലാം പലായനം ചെയ്‍ത ഫുകുഷിമ എക്സ്ക്ലൂഷന്‍ സോണില്‍ വന്യജീവികള്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് ഫ്രോണ്ടിയേഴ്‍സ് ഇൻ ഇക്കോളജി ആൻഡ് എൻവയോൺമെന്‍റ് ജേണലിൽ തിങ്കളാഴ്‍ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

1986 -ല്‍ യുക്രെയിനില്‍ ചെര്‍ണോബില്‍ ആണവദുരന്തത്തെ തുടര്‍ന്ന് ആ പ്രദേശമുപേക്ഷിച്ച് മനുഷ്യരെല്ലാം പലായനം ചെയ്യുകയുണ്ടായി. എന്നാല്‍, ഇതേത്തുടര്‍ന്ന് പ്രദേശത്ത് വന്യജീവികളുടെ എണ്ണം വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു. സമാനമായ സ്ഥിതിയാണിപ്പോള്‍ ഫുകുഷിമയിലും കാണുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. റേഡിയോളജിക്കല്‍ മലിനീകരണമുണ്ടായിരുന്നിട്ടും ഫുകുഷിമയിലെ ഇവാക്കുവേഷന്‍ പ്രദേശത്തേക്ക് വീണ്ടും വന്യജീവികള്‍ എത്തിത്തുടങ്ങിയിരുന്നുവെന്നാണ് പഠനം തെളിയിക്കുന്നതെന്ന് പഠനാംഗവും യൂണിവേഴ്‍സിറ്റി ഓഫ് ജോര്‍ജ്ജിയയിലെ വൈല്‍ഡ്‍ലൈഫ് ബയോളജിസ്റ്റുമായ ജെയിംസ് ബീസ്‍ലി പറയുന്നു. 'ആളുകളെ ഒഴിപ്പിച്ചതിനുശേഷം ഈ ജീവിവർഗ്ഗങ്ങൾ ധാരാളമായി വർദ്ധിച്ചുവെന്ന് ഇത് സൂചിപ്പിക്കുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്.

ആ സമയത്ത് ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് 164,000 ആളുകള്‍ സ്ഥിരമായി വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായിരുന്നു. ആയിരക്കണക്കിന് ആളുകൾ ഒരു ദശാബ്‍ദത്തിനുശേഷം പലായനം ചെയ്‍തു. പ്ലാന്‍റിന് ചുറ്റും 30 കിലോമീറ്റർ ദൂരമുള്ള 'ഒഴിവാക്കൽ മേഖല' ഉപേക്ഷിക്കപ്പെട്ടു കിടക്കുകയായിരുന്നു. 

ഏതായാലും, 120 ദിവസത്തേക്ക് 106 സ്ഥലങ്ങളിൽ സജ്ജീകരിച്ച ക്യാമറകളുപയോഗിച്ച് വന്യജീവികളുടെ പതിനായിരക്കണക്കിന് ചിത്രങ്ങളാണ് ടീം എടുത്തത്. കാട്ടുപന്നി, മുയൽ, ചകോരം, കുറുക്കൻ എന്നിവയുടെ എണ്ണം നേരത്തെ കുറവായിരുന്നു. എന്നാല്‍, പല ഇനങ്ങളും ഇപ്പോള്‍ മനുഷ്യരെ കുടിയൊഴിപ്പിക്കപ്പെട്ട പ്രദേശങ്ങളിൽ ധാരാളമായി കാണുന്നുണ്ടെന്നും പഠനഫലങ്ങള്‍ വെളിവാക്കുന്നു. ഫുകുഷിമ പ്രദേശം പൂര്‍വസ്ഥിതി പ്രാപിക്കുന്നുവെന്നതിന്‍റെ തെളിവുകളായാണ് ഇത് കണക്കാക്കപ്പെടുന്നത്. മാത്രവുമല്ല, റേഡിയേഷന്‍ കാരണം എന്തെങ്കിലും പ്രശ്‍നങ്ങളുണ്ടായിരുന്നുവെങ്കിലും ജീവിവര്‍ഗങ്ങളുടെ എണ്ണം കുറയാന്‍ അത് കാരണമായിട്ടില്ലായെന്നും പഠനത്തില്‍ പറയുന്നു. 

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഫുകുഷിമയിൽ പല മൃഗങ്ങൾക്കും റേഡിയേഷൻ തകരാറുകൾ സംഭവിച്ചിട്ടുണ്ടാകാമെങ്കിലും, ഇത് ദീർഘകാലാടിസ്ഥാനത്തില്‍ ജീവികളുടെ എണ്ണക്കുറവിന് കാരണമായിട്ടില്ല. എന്നാല്‍, ചെര്‍ണോബില്‍ പ്രദേശത്ത് ജീവിവര്‍ഗങ്ങളുടെ എണ്ണത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുറവ് വരുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു. മനുഷ്യരെ ഒഴിപ്പിച്ച സ്ഥലത്ത് കൂടുതലായി വന്യജീവികളെ കാണുന്നത് മനുഷ്യരാണ് കൂടുതല്‍ വന്യജീവികള്‍ക്ക് ഭീഷണിയെന്ന് തെളിയിക്കുന്നതാണെന്നും മനുഷ്യന്‍ മറ്റ് ജീവികളെ പലപ്പോഴും അവയുടെ ആവാസവ്യവസ്ഥയ്ക്ക് പുറത്താക്കുകയാണെന്നും പഠനം നടത്തിയവര്‍ പറയുന്നു. 

click me!