ഇന്നാണ് ആ ദിവസം, ആരതി സഹ എന്ന ഇന്ത്യക്കാരി ഇംഗ്ലീഷ് ചാനല്‍ നീന്തിക്കയറി നമ്മുടെ അഭിമാനമുയര്‍ത്തിയ ദിവസം...

By Web TeamFirst Published Sep 29, 2020, 2:17 PM IST
Highlights

1940 -ല്‍ കൊല്‍ക്കത്തയില്‍ ഒരു മധ്യവര്‍ഗ കുടുംബത്തിലായിരുന്നു ആരതിയുടെ ജനനം. അച്ഛന്‍ പഞ്ചുഗോപാല്‍ സാഹ സൈന്യത്തില്‍ ജോലി ചെയ്യുകയായിരുന്നു. അവള്‍ വളരെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അവളുടെ അമ്മ മരിച്ചു. 

ആരതി സഹ എന്ന പേര് ഒരുപക്ഷേ ഇന്ത്യയിലെ കായികപ്രേമികള്‍ പോലും അത്ര ഓര്‍ത്തുവയ്ക്കണമെന്നില്ല. എന്നാല്‍, കായികപ്രേമികള്‍ മാത്രമല്ല ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ഓര്‍ത്തുവയ്ക്കേണ്ട പേരാണ് ആരതി സഹ. ആരായിരുന്നു ആരതി സഹ? ആരതി സഹ മരിച്ചിട്ട് തന്നെ 26 വര്‍ഷങ്ങള്‍ കഴിഞ്ഞു. പക്ഷേ, അവരുടേതായി ചരിത്രത്തിലുള്ള അടയാളപ്പെടുത്തലുകള്‍ എന്നും ഇവിടെ ശേഷിക്കുന്നുണ്ട്. ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുന്ന ആദ്യത്തെ ഏഷ്യന്‍ വനിതയാണ് ആരതി സഹ. ഇന്നാണ് ആ ദിവസം. 1959 സപ്‍തംബര്‍ 29 -നാണ് വെറും പത്തൊമ്പതാമത്തെ വയസ്സില്‍ അവര്‍ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുന്നത്. പത്മശ്രീ ലഭിക്കുന്ന ആദ്യ വനിതാ നീന്തല്‍താരം കൂടിയാണവര്‍. നാലാമത്തെ വയസ്സില്‍ നീന്തല്‍ പഠിച്ച ആരതി സഹയുടെ വളര്‍ച്ച ഓരോ ഇന്ത്യക്കാരനെയും ആത്മാഭിമാനം കൊള്ളിക്കുന്നത് തന്നെയായിരുന്നു. 

1940 -ല്‍ കൊല്‍ക്കത്തയില്‍ ഒരു മധ്യവര്‍ഗ കുടുംബത്തിലായിരുന്നു ആരതിയുടെ ജനനം. അച്ഛന്‍ പഞ്ചുഗോപാല്‍ സാഹ സൈന്യത്തില്‍ ജോലി ചെയ്യുകയായിരുന്നു. അവള്‍ വളരെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അവളുടെ അമ്മ മരിച്ചു. മൂന്നു സഹോദരങ്ങളില്‍ രണ്ടാമത്തെയാളായിരുന്നു ആരതി സഹ. ഏതായാലും അമ്മയുടെ മരണശേഷം അവളെ നോക്കിയത് ഉത്തര കൊല്‍ക്കത്തയിലുള്ള അമ്മൂമ്മയാണ്. അവിടെവച്ച് അവളുടെ അമ്മാവനോടൊപ്പം ചാമ്പതല നദിയില്‍ കുളിക്കാന്‍ പോവുമായിരുന്നു ആരതി. അവിടെവച്ചാണ് അവള്‍ നീന്തല്‍ പഠിച്ചെടുക്കുന്നത്. മകള്‍ക്ക് നീന്തലില്‍ ഒരു പ്രത്യേക ഇഷ്‍ടവും കഴിവുമുണ്ട് എന്ന് മനസിലാക്കിയ അച്ഛന്‍ അവളെ ഹഡ്ഖോല നീന്തൽ ക്ലബ്ബിൽ കൊണ്ടുപോയി ചേർത്തു. 1946 -ലായിരുന്നു ഇത്. ഏതായാലും നീന്തല്‍ ക്ലാസില്‍ ചേര്‍ന്ന് ഒരു വര്‍ഷമായപ്പോഴേക്കും അവള്‍ ഷൈലേന്ദ്ര സ്മാരക നീന്തല്‍ മത്സരത്തില്‍ പങ്കെടുത്തു, യാര്‍ഡ് ഫ്രീസ്റ്റൈല്‍ ഇനത്തില്‍ വിജയിയുമായി. അതൊരു തുടക്കം മാത്രമായിരുന്നു. നീന്തലിലുള്ള ആരതി സഹ എന്ന പെണ്‍കുട്ടിയുടെ വിജയങ്ങളുടെ തുടക്കം. 

1945 -നും 1951 -നും ഇടയിൽ പശ്ചിമ ബംഗാളിൽ 22 സംസ്ഥാനതല മത്സരങ്ങളിൽ ആരതി സഹ വിജയിച്ചു. 100 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക്, 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് എന്നിവയായിരുന്നു ആരതിയുടെ പ്രത്യേകത. 1951 -ലെ പശ്ചിമ ബംഗാൾ സംസ്ഥാന മീറ്റിൽ 100 ​​മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കില്‍ 1 മിനിറ്റ് 37.6 സെക്കൻഡില്‍ പൂര്‍ത്തിയാക്കിയ അവര്‍ അഖിലേന്ത്യാ റെക്കോർഡും സ്ഥാപിച്ചു.

1952 -ല്‍ ഒളിംബിക്സില്‍ പങ്കെടുത്തുവെങ്കിലും ഫിനിഷ് ചെയ്യാന്‍ സാധിച്ചിരുന്നില്ല ആരതി സഹയ്ക്ക്. എന്നിട്ടും അവരെങ്ങനെ ഇത്രയും കടുപ്പമേറിയ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്നു? 1958 -ൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ മിഹിർ സെന്നിനെപ്പോലുള്ളവർ കഠിനമായി പ്രോത്സാഹിപ്പിച്ചു. 1959 -ൽ ആരതി കുറേദൂരം നീന്തിക്കയറിയെങ്കിലും ഒടുവിൽ പിന്മാറേണ്ടി വന്നു. എന്നാൽ, 19 -ാം ജന്മദിനത്തിന് അഞ്ച് ദിവസത്തിനുശേഷം അവരുടെ അടുത്ത ശ്രമം വിജയിക്കുക തന്നെ ചെയ്‍തു. ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുന്ന ആദ്യ ഏഷ്യന്‍ വനിതയായി അവര്‍ മാറി.

നിരവധി അംഗീകാരങ്ങളും ആരതി സഹയെത്തേടിയെത്തി. 1960 -ലാണ് അവർക്ക് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിക്കുന്നത്. 1996 -ൽ ആരതി സഹയുടെ വസതിക്ക് സമീപം അവരുടെയൊരു പ്രതിമ സ്ഥാപിക്കുകയും, അതിന് മുന്നിലുള്ള 100 മീറ്റർ നീളമുള്ള വഴിയ്ക്ക് അവരുടെ പേര് നൽകുകയും ചെയ്തിരുന്നു. പിന്നീട്, 1999 ൽ ഇന്ത്യൻ തപാൽ വകുപ്പ് ആ നീന്തല്‍താരത്തോടുള്ള ആദരസൂചകമായി അവരുടെ ചിത്രം പതിച്ച തപാൽ സ്റ്റാമ്പ് പുറത്തിറക്കുകയുമുണ്ടായി.

click me!