അയോധ്യാ തർക്കം- കോടതിമുറിയിലെ പോരാട്ടങ്ങളുടെ നാൾവഴികൾ, നാഴികക്കല്ലുകൾ

By Web TeamFirst Published Oct 17, 2019, 5:22 PM IST
Highlights

സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് മുന്നോടിയായി അയോധ്യയിൽ 144 പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. യുപി സർക്കാർ സംസ്ഥാനത്തെ സകല ഫീൽഡ് സ്റ്റാഫിന്റേയും അവധികൾ നവംബർ 30 വരെ റദ്ദാക്കിയിട്ടുമുണ്ട്.

രണ്ടേമുക്കാൽ ഏക്കർ സ്ഥലം, അഥവാ രണ്ടു ഫുട്ബാൾ ഗ്രൗണ്ടുകളോളം വിസ്തീർണ്ണം. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ചില സംഭവങ്ങളിലൂടെ ഇന്ത്യയിലെ ഹിന്ദു-മുസ്ലിം സമൂഹങ്ങൾ ഏറെ ബന്ധപ്പെട്ടുകിടക്കുന്നുണ്ട് ഈ പുരയിടവുമായി. ഇരുകൂട്ടരും തങ്ങളുടേതെന്ന് വർഷങ്ങളായി വാദിക്കുന്ന ഈ സ്ഥലവും, അവിടെ ഉയരുകയും തകർക്കപ്പെടുകയും ചെയ്ത മന്ദിരങ്ങളും എല്ലാം ചേർന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ സൃഷ്ടിച്ചിട്ടുള്ള കൊടുങ്കാറ്റുകളും ചില്ലറയല്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌, ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എസ് എ നസീർ എന്നിവരടങ്ങുന്ന ഭണഘടനാ ബെഞ്ചാണ് കേസിലെ അവസാനവാദം കേട്ടത്.  ഇന്ത്യൻ രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ചിട്ടുള, പതിറ്റാണ്ടുകളായി തുടരുന്ന, ഒരു അവകാശത്തർക്കമാണ് ഇപ്പോൾ വിധിപറയുന്നതിന് തൊട്ടടുത്തെത്തി നിൽക്കുന്നത്. 

ആരൊക്കെയാണ് കക്ഷികൾ? 

ഹിന്ദുപക്ഷത്തെ പ്രതിനിധീകരിച്ചുകൊണ്ട് നിർമോഹി അഘാഡ, മുസ്ലിങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് സുന്നി വഖഫ് ബോർഡ്, അയോധ്യയിലെ പ്രതിഷ്ഠ 'റാം ലല്ലാ വിരാജ്‌മാൻ' എന്നിവരാണ്  കേസിലെ ഇന്ന് നിലവിലുള്ള  മൂന്നു കക്ഷികൾ.

 

1959 -ലാണ് നിർമോഹി അഘാഡ എന്ന സംഘടന പ്രശ്നപരിഹാരാർത്ഥം കോടതിയുടെ വാതിലിൽ മുട്ടുന്നത്. പതിനാലാം നൂറ്റാണ്ടിലെ വൈഷ്ണവസന്യാസിയായ രാമാനന്ദനാണ് നിർമോഹി കൾട്ട് സ്ഥാപിക്കുന്നത്. 'നിർമോഹി' എന്ന വാക്കിന്റെ അർഥം യാതൊന്നും മോഹിക്കാത്ത, അല്ലെങ്കിൽ യാതൊന്നിനോടും ആർത്തിയോ, മോഹപാശമോ ഇല്ലാത്ത എന്നാണ്. ചെറിയ ഒരു ട്രസ്റ്റായി തുടങ്ങിയ അത് പിന്നീട് ഉത്തരേന്ത്യയിൽ അങ്ങോളമിങ്ങോളം നിരവധി ക്ഷേത്രങ്ങളും, മഠങ്ങളും മറ്റും സ്വന്തമായുള്ള ഒരു വലിയ സംഘടനയായി വളർന്നുവന്നു. 1961 -ൽ രണ്ടാം കക്ഷിയായി സുന്നി വഖഫ് ബോർഡ് ചേരുന്നു. ഉത്തർപ്രദേശിലെ മുസ്ലിങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ബോർഡ് അയോധ്യാ വിഷയത്തിൽ മുസ്ലിങ്ങളുടെ താല്പര്യത്തെ പ്രതിനിധാനം ചെയ്തു കൊണ്ടാണ് കക്ഷി ചേർന്നത്. 1989 -ൽ,  ശൈശവാവസ്ഥയിലെ ശ്രീരാമസ്വാമി എന്ന മൂർത്തീസങ്കല്പത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ കേസിൽ കക്ഷി ചേർന്നത് റിട്ട. ജസ്റ്റിസ് ദേവകി നന്ദൻ അഗർവാൾ ആയിരുന്നു. മൂന്നു പക്ഷവും കരുതുന്നത് വിധി തങ്ങളുടെ ഹിതങ്ങൾക്കനുസരിച്ചാകും എന്നുതന്നെയാണ്. അവരുടെയെല്ലാം ആവശ്യവും ഒന്നുതന്നെ, 2.77 ഏക്കർ വരുന്ന ഈ വസ്തുവിൽ ക്രയവിക്രയങ്ങൾക്കും, നിർമാണങ്ങൾക്കും, നിയന്ത്രണത്തിനുമുള്ള അവകാശം തങ്ങളെ ഏൽപ്പിക്കണം.

 

അലഹബാദ് ഹൈക്കോടതിയുടെ 2010 -ലെ ചരിത്രവിധി 

ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷമാണ് അയോധ്യാ തർക്കത്തിന്മേലുള്ള കേസുകളെല്ലാം തന്നെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റുന്നത്. പതിനഞ്ചു വർഷം കൊണ്ട് ഒമ്പതുമാസത്തോളം വാദം കേട്ട ശേഷം അലഹാബാദ് ഹൈക്കോടതി 2010 -ൽ പുറപ്പെടുവിച്ച ഐതിഹാസിക വിധിയിൽ ഈ ഭൂമി മൂന്നായി പകുത്ത്, മൂന്നു കക്ഷികൾക്കുമായി വീതം വെച്ചുകൊണ്ട് ഉത്തരവായിരുന്നു. ഈ വിധിപ്രകാരം റാം ലല്ലയ്ക്കാണ്, പണ്ട് വിവാദാസ്പദമായ ബാബരി മസ്ജിദ് നിലകൊണ്ടിരുന്ന ഭാഗമടക്കമുള്ള മൂന്നിലൊന്ന് വസ്തുവിന്റെ അവകാശം കോടതി നൽകിയിരുന്നത്. അതായത്, ഭഗവാൻ രാമന്റെ ജന്മസ്ഥലമെന്ന് എല്ലാവരും വാദിക്കുന്ന മർമ്മപ്രധാനമായ ഭാഗം. ഇത് ഈ വസ്തുവിന്റെ ഏറ്റവും ഉള്ളിലുള്ള ഭാഗമാണ്. ഇതിന് തൊട്ടു വെളിയിലുള്ള മൂന്നിലൊന്നു ഭാഗമാണ് നിർമോഹി അഘാഡയ്ക്ക് അനുവദിച്ചു നൽകിയത്. അതിനും പുറമേക്കുള്ള ശേഷിക്കുന്ന മൂന്നിലൊന്നു ഭൂമി സുന്നി വഖഫ് ബോർഡിനും കോടതി വിധിച്ചു നൽകി.

 

എന്നാൽ ഈ തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് മൂന്നു പക്ഷവും സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിന്മേലുള്ള വാദം തുടങ്ങുന്നത് 2011 -ലാണ്. ഏറെനാളത്തെ കാലതാമസത്തിനു ശേഷം, ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഇനി ദിവസവും വാദം കേൾക്കും എന്ന് സുപ്രീം കോടതി തീരുമാനിച്ചത്. അങ്ങനെ 40  ദിവസങ്ങളോളം നടത്തിയ തുടർച്ചയായ വാദങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഒക്ടോബർ 16 -ന്  വാദം പൂർത്തിയാക്കിയിരിക്കുന്നത്. 

ഇതിനുമുമ്പ്, മാർച്ച് 11 -ന്  സുപ്രീം കോടതി തന്നെ നിയോഗിച്ച ഒരു മൂന്നംഗ പ്രശ്നപരിഹാരസമിതി തങ്ങളുടെ റിപ്പോർട്ട് കഴിഞ്ഞ ഓഗസ്റ്റിൽ കോടതിയിൽ വെച്ചിരുന്നു. ആ റിപ്പോർട്ടിൽ പറഞ്ഞ നീക്കുപോക്കുകളും മൂന്നു പക്ഷത്തിനും സമ്മതമല്ലായിരുന്നു. അനുരജ്ഞന ശ്രമങ്ങളുടെ അടുത്ത പടിയെന്ന നിലയ്ക്ക് രണ്ടാമതൊരു റൗണ്ട് കൂടി അതേ സമിതി പരിഷ്കരിച്ച മറ്റൊരു റിപ്പോർട്ടും കോടതിക്ക് മുമ്പിൽ വെച്ചിരുന്നു. അതിലെ നിർദേശങ്ങൾ പക്ഷേ, സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് റിപ്പോർട്ടിംഗിന് വിലക്കുണ്ടായിരുന്നതുകൊണ്ട് പരസ്യമായിരുന്നില്ല. അലഹബാദ് കോടതി വിധിയിൽ ചെറിയ ചില പരിഷ്‌കാരങ്ങൾ മാത്രം വരുത്തിയാൽ മതി എന്ന് കരുതുന്നവരും കുറവല്ല. എന്നാൽ, കോടതി വിധി എങ്ങനെയായിരിക്കും എന്നത് തികച്ചും അപ്രവചനീയമാണ്. എങ്കിലും, ഊഹാപോഹങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഒന്നും ഒട്ടും കുറവില്ല. 
 
അലഹബാദ് ഹൈക്കോടതിയുടെ 2010 -ലെ വിധി നിലനിർത്തപ്പെടുമോ ? 

അങ്ങനെ സംഭവിച്ചാൽ, നിർമോഹി അഘാഡയും, റാം ലല്ലയും തമ്മിൽ അമ്പലം ആരുണ്ടാക്കും എന്ന കാര്യത്തിൽ തർക്കമുണ്ടാകാം. വിശ്വ ഹിന്ദു പരിഷത്ത് ഈ കേസിൽ റാം ലല്ലാ വിരാജ്മാന്റെ കൂടെയാണ്. വിഎച്ച്പിയുടെ നേതാവായ ചമ്പത് റായ് പറയുന്നത്, ക്ഷേത്രനിർമാണച്ചുമതല റാം ജന്മഭൂമി ന്യാസ് ഏറ്റെടുക്കും എന്നാണ്. 

എന്നാൽ പ്രതിഷ്ഠിക്കുന്ന മൂർത്തി ഏതായിരിക്കണം,  ശൈശവാവസ്ഥയിലുള രാമനോ, അതോ ധനുർധാരിയായ ശ്രീരാമനോ എന്ന കാര്യത്തിൽ റാം ലല്ലാ വിരാജ്‌മാനും, നിർമോഹി അഘാഡയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ധനുർധാരിയായ ശ്രീരാമമൂർത്തിയെ പ്രതിഷ്ഠിക്കണം എന്ന് അഘാഡ നിർബന്ധം പിടിക്കുമ്പോൾ, പ്രതിഷ്ഠിക്കപ്പെടുന്നെങ്കിൽ അത് റാം ലല്ല അഥവാ 'ശൈശവാവസ്ഥയിലുള്ള രാമനാ'യിരിക്കും എന്ന് റാം ലല്ലാ വിരാജ്‌മാനും കടുംപിടുത്തത്തിലാണ്. 

വിധിവരാൻ ഇനി ദിവസങ്ങൾ മാത്രം 

കഴിഞ്ഞ ഒന്നര മാസമായി സുപ്രീം കോടതിയിൽ നടന്നുകൊണ്ടിരുന്ന മാരത്തോൺ വാദങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ ബുധനാഴ്ച പര്യവസാനമായി. ഇനി വിധിപറയാനുള്ള കാത്തിരിപ്പുമാത്രം. ചീഫ് ജസ്റ്റിസ് അടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അന്തിമ വിധി  നവംബർ 17-ന്  ഗോഗോയ് പടിയിറങ്ങും മുമ്പ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആ വിധിക്ക് മുന്നോടിയായി അയോധ്യയിൽ 144 പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഉത്തർ പ്രദേശ് സർക്കാർ സംസ്ഥാനത്തെ സകല ഫീൽഡ് സ്റ്റാഫിന്റേയും അവധികൾ നവംബർ 30 വരെ റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കുകയും ചെയ്തിരിക്കുന്നു. ഇരുപക്ഷത്തും കക്ഷി ചേർന്നിട്ടുള്ള പാർട്ടികളുടെയും, സംഘടനകളുടെയും, വ്യക്തികളുടെയും ഒക്കെ ഹൃദയങ്ങൾ പെരുമ്പറയടിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. 
 
 

click me!