Latest Videos

ബനാറസ് ഹിന്ദു സർവകലാശാലയിൽ ഇനിമുതൽ 'ഭൂതബാധ' ഒഴിപ്പിക്കാനുള്ള കോഴ്‌സും

By Web TeamFirst Published Dec 27, 2019, 10:41 AM IST
Highlights

ഇതിൽ പഠിപ്പിക്കാൻ പോകുന്നത്, 'ഭൂതബാധ'യുടെ പരാതികളുമായി ആശുപത്രിയിലെത്തുന്ന രോഗികളെ എങ്ങനെ ചികിത്സിക്കാം എന്നതാണ്

ബനാറസ് ഹിന്ദു സർവകലാശാല (BHU) വീണ്ടും ചർച്ചകളിലേക്ക് കടന്നു വരികയാണ്. ഇതിനുമുമ്പ്, ഫിറോസ് ഖാൻ എന്ന സംസ്കൃതം പ്രൊഫസർക്ക് എതിരെ ഒരു കൂട്ടം വിദ്യാർഥികൾ നടത്തിയ സമരം കാരണം സർവകലാശാല സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരം ചർച്ചകൾ നടന്നിരുന്നു. ഫിറോസ് ഖാനെ സ്ഥലം മാറ്റിയതോടെ ആ കോലാഹലങ്ങൾ ഒരുവിധം കെട്ടടങ്ങിയിരുന്നു. ഇപ്പോൾ, വളരെ അപൂർവമായ, ഇന്ത്യയിൽ മറ്റെവിടെയും ഇല്ലാത്ത ഒരു കോഴ്സിന്റെ പേരിൽ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ ബനാറസ് ഹിന്ദു സർവകലാശാലയുടെ പേര് കടന്നുവരികയാണ്.

പുതുതായി തുടങ്ങാൻ പോകുന്നത് ആറുമാസത്തെ ഒരു സർട്ടിഫിക്കറ്റ് കോഴ്‌സാണ്. ഡോക്ടർമാർക്കുള്ള ഒരു കോഴ്‌സാണിത്. ഇതിൽ പഠിപ്പിക്കാൻ പോകുന്നത്, 'ഭൂതബാധ'യുടെ പരാതികളുമായി ആശുപത്രിയിലെത്തുന്ന രോഗികളെ എങ്ങനെ ചികിത്സിക്കാം എന്നതാണ്. 'കുട്ടിക്ക് ബാധ കയറിയതാണ് എന്ന് തോന്നുന്നു ഡോക്ടർ...", " ഡോക്ടറേ.. സത്യമായിട്ടും ഞാൻ ഭൂതത്തെ കണ്ടു..." എന്നൊക്കെ അവകാശവാദങ്ങളും ഉന്നയിച്ചുകൊണ്ട് ബന്ധുക്കളോ, രോഗികൾ തന്നെയോ വന്നെത്തിയാൽ അവരെ എങ്ങനെ കൈകാര്യം ചെയ്യണം, അവർക്ക് എന്തൊക്കെ ചികിത്സകൾ നൽകണം എന്നതിനെപ്പറ്റിയുള്ള ഒരു സ്പെഷ്യലിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സാണ് ഇവിടെ ഡോക്ടർമാർക്കായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ ചരിത്രത്തിൽ തന്നെ ഇങ്ങനെ ഒരു സർട്ടിഫിക്കറ്റ് കോഴ്സ് ഇതാദ്യമായിട്ടാണ്.

പുതുവർഷത്തിൽ, ജനുവരി മുതൽക്കാണ് ഈ കോഴ്സ് തുടങ്ങാൻ പോകുന്നത്. ഈ കോഴ്സിൽ 'സൈക്കോസൊമാറ്റിക് ഡിസോർഡറി'നെപ്പറ്റിയുള്ള വിശദമായ പഠനം നടക്കുമെന്നാണ് സർവകലാശാല അധികൃതർ പറയുന്നത്. ആയുർവേദപഠനവിഭാഗത്തിലാണ് ഭൂതവിദ്യ എന്ന പ്രത്യേക ഉപവിഭാഗം തന്നെ തുടങ്ങുന്നത്. ഇവിടെ അജ്ഞാതമായ കാരണങ്ങളാൽ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾക്കുള്ള ചികിത്സ നല്കപ്പെടുമെന്ന സർവകലാശാല ആയുർവേദ വിഭാഗം ഡീൻ യാമിനി ഭൂഷൺ ത്രിപാഠി പറഞ്ഞു. ആയുർവേദ ഡോക്ടർമാർക്ക് ഭൂതത്തെ നേരിടാനുള്ള മനോരോഗചികിത്സാ പരിശീലനം നൽകപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ കോഴ്സാകും അതോടെ ഇവിടത്തേത്. 

ആയുർവേദത്തിൽ സാധാരണ ഗതിക്ക് കായചികിൽസ അഥവാ പൊതു രോഗ ചികിൽസ, കൗമാരഭൃത്യം അഥവാ ബാലരോഗചികിൽസ, ഗ്രഹചികിൽസ അഥവാ മാനസികരോഗ ചികിൽസ, ശാലാക്യതന്ത്രം അഥവാ കണ്ണ്-ചെവി-മൂക്ക്-തൊണ്ട-പല്ല് എന്നിവയിലെ രോഗങ്ങൾക്കുള്ള ചികിൽസ, ശല്യതന്ത്രം അഥവാ ശസ്ത്രക്രിയാ വിഭാഗം, അഗദതന്ത്രം അഥവാ വിഷചികിൽസ, രസായനം അഥവാ യൗവനം നിലനിർത്താനുള്ള ചികിൽസ, വാജീകരണം അഥവാ ലൈംഗികശക്തി വർദ്ധിപ്പിക്കാനുള്ള ചികിൽസ എന്നിങ്ങനെയുള്ള ചികിത്സാരീതികളാണ് നിലവിലുള്ളത്. ആയുർവേദവൈദ്യന്മാരെ അവരുടെ പ്രവർത്തിക്കനുസരിച്ച് മൂന്നായി തരം തിരിച്ചിരിക്കുന്നു.ഔഷധ പ്രയോഗം ചെയ്യുന്നവരെ ഭിഷക്കുകളെന്നും ശസ്ത്രക്രിയ ചെയ്യുന്നവരെ ശല്യവൈദ്യന്മാരെന്നും മന്ത്രവാദം ചെയ്യുന്നവരെ അഥർവ്വഭിഷക്കുകളെന്നും പറയുന്നു. സുശ്രൂതന്റേയും ചരകന്റേയും ആയുർവേദഗ്രന്ഥങ്ങൾക്കാണ്‌ ഉത്തരേന്ത്യയിൽ കൂടുതലായും പ്രചാരമുള്ളത്. ഹെർബൽ മെഡിസിൻ, പഥ്യം, പഞ്ചകർമം, യോഗാഭ്യാസം എന്നിങ്ങനെ പലതിന്റെയും സഹായത്തോടെയാണ് ചികിത്സ മുന്നോട്ടുപോകുന്നത്. ഇതിൽ ഗ്രഹ ചികിത്സാ വിഭാഗമാണ് ഈ പുതിയ കോഴ്‌സിന്റെ പിന്നിൽ. 

 

രണ്ടു വർഷം മുമ്പ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് ഭാരതീയരിൽ 14 ശതമാനം പേർക്കും മാനസികമായ അസ്വാസ്ഥ്യങ്ങൾ ഉണ്ടെന്നാണ്. 2017 -ൽ ലോകാരോഗ്യസംഘടന നടത്തിയ മറ്റൊരു സർവേയിൽ, 20 ശതമാനം ഭാരതീയർക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും വിഷാദരോഗവും വന്നിട്ടുണ്ട്. എന്നിട്ടും 130 കോടിയിലധികം ജനസംഖ്യയുള്ള ഈ രാജ്യത്ത് ആകെയുള്ളത് ഏതാണ്ട് ഏഴായിരത്തോളം മനോരോഗചികിത്സാ പ്രൊഫഷണലുകൾ മാത്രമാണ്. ചുരുങ്ങിയത് 55,000 പേരെങ്കിലും വേണ്ടിടത്താണിത് എന്നോർക്കണം.  ആരോഗ്യവകുപ്പ് കൊണ്ടുവരാൻ ആഗ്രഹിക്കുന്നത് 8000 രോഗികൾക്ക് ഒരു ചികിത്സകൻ എന്ന അനുപാതമെങ്കിലുമാണ്. ഇന്ന് അത് രണ്ടു ലക്ഷം രോഗികൾക്ക് ഒരു ചികിത്സകൻ എന്ന സ്ഥിതിയിലാണ്.   മനോരോഗ ചികിത്സ സംബന്ധിച്ച് വേണ്ടത്ര അവബോധം ഇനിയും രാജ്യത്തുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഈ അവബോധത്തിന്റെ അപര്യാപ്തത നിമിത്തം മനോരോഗമുള്ള പലരും സമയസമയത്ത് ഡോക്ടറുടെ സഹായം തേടാറില്ല.

ഭൂതബാധ എന്നതും ഒരു തരം മാനസിക പ്രശ്നം തന്നെ ആയിട്ടാണ് ആയുർവ്വേദം കാണുന്നത്. എന്നാൽ, ഇങ്ങനെ ഒരു പ്രശ്നമുണ്ടാകുമ്പോൾ വേണ്ടത്ര അവബോധമില്ലാത്ത ജനങ്ങൾ നേരെ ചെല്ലുന്നത് മന്ത്രവാദം എന്നൊക്കെപ്പറഞ്ഞുള്ള തട്ടിപ്പുകൾ നടത്തുന്നവരുടെ അടുത്താണ്. അവിടെ അവർക്ക് വേണ്ട മനോരോഗ ചികിത്സ ലഭിക്കുന്നില്ല. പകരം ഏറെ പണം ചെലവിട്ട്, യാതൊരു ഉപകാരവുമില്ലാത്ത കുറെ പ്രഹസനങ്ങൾ അരങ്ങേറുന്നു. ഇങ്ങനെയുള്ള അസുഖങ്ങൾക്ക് വേണ്ട മനോരോഗ ചികിത്സ നൽകാൻ ഒരു ആയുർവേദ ഡോക്ടർക്ക് വേണ്ട പരിശീലനം നൽകുന്നതാണ് ഈ സർട്ടിഫിക്കറ്റ് കോഴ്സ്. 

എന്നാൽ, സോഷ്യൽ മീഡിയയിൽ ഈ കോഴ്സ് കടുത്ത വിമർശനങ്ങൾക്കാണ് ഇരയായിക്കൊണ്ടിരിക്കുന്നത്. ഭൂതബാധ ഒഴിപ്പിക്കാനുള്ള കോഴ്‌സുകളൊക്കെ നടത്തി സർക്കാർ ഫണ്ട് പാഴാക്കരുത് എന്നും അതൊക്കെ കടുത്ത രോഗങ്ങൾകൊണ്ട് വലയുന്നവർക്ക് വേണ്ട ചികിത്സ ലഭ്യമാക്കാൻ പ്രയോജനപ്പെടുത്തണമെന്നും വിമർശകർ പറയുന്നു. എന്നാൽ ഇങ്ങനെയുള്ള കടുത്ത മാനസിക രോഗങ്ങൾ ആയുർവേദത്തിലെ ഭൂതവിദ്യ കൊണ്ടൊന്നും ശമിപ്പിക്കാവുന്നതല്ല എന്നും, അതിന് രോഗികൾ ആധുനിക ചികിത്സയിലെ മനോരോഗാജ്ഞരെത്തന്നെ ചെന്ന് കൺസൾട്ടു ചെയ്യേണ്ടതുണ്ട് എന്നുമാണ് വിമർശകരിൽ ചിലരെങ്കിലും പറയുന്നത്.പക്ഷേ, ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മെഷീൻ ലേണിങ്ങിന്റെയും ഒക്കെ രംഗങ്ങളിൽ ഗവേഷണം നടത്തുമ്പോൾ, ഇന്ത്യയിലെ നമ്പർ വൺ യൂണിവേഴ്സിറ്റി ഭൂതവിദ്യയും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് പരിതാപകരമായ അവസ്ഥയാണെന്ന് വിമർശകർ കളിയാക്കുന്നുണ്ട്. ചൈന 6G നടപ്പിലാക്കിയിട്ടും, നമ്മൾ പാരമ്പര്യത്തിന്റെ പേരും പറഞ്ഞുകൊണ്ടിരിക്കയാണ് എന്നാണ് മറ്റൊരു വിമർശനം. എന്നാൽ, 'ഭൂതവിദ്യ' എന്ന പേര് മാത്രം കേട്ടുകൊണ്ട് ആരും വിമർശിക്കാൻ മിനക്കെടേണ്ട എന്നും ഇത് ആയുർവേദ ചികിത്സാ വിധികൾ പ്രകാരം സൈക്കോസൊമാറ്റിക് ഡിസോർഡറുകളെ ചികിത്സിക്കാനുള്ള പ്രൊഫഷണൽ ആയ ഒരു സർട്ടിഫിക്കറ്റ് കോഴ്സ് തന്നെയാണ് എന്നുമാണ് സർവകലാശാല അധികൃതർ പറയുന്നത്. 

 

click me!