ബിഹാറിലെ കൊവിഡ് 19 മരണം: മൃതദേഹം കൈകാര്യം ചെയ്യുന്നതിൽ നടന്നത് ഗുരുതര വീഴ്ച, സാമൂഹികസംക്രമണത്തിന് സാധ്യത

By Web TeamFirst Published Mar 27, 2020, 10:34 AM IST
Highlights

പരേതന്റെ മൃതദേഹം, WHO പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ എല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് കൊവിഡ് 19 ടെസ്റ്റിന്റെ ഫലം വരും മുമ്പുതന്നെ പട്‌ന AIIMS ആശുപത്രി അധികൃതർ  ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.

ബിഹാറിലെ ആദ്യത്തെ കൊവിഡ് 19 രോഗബാധ സ്ഥിരീകരിക്കപ്പെടുന്നത് മാർച്ച് 22 -നാണ്. അത് സ്ഥിരീകരിക്കപ്പെടുന്നത് കിഡ്‌നി രോഗബാധിതനായി ഒരു രോഗി മരിക്കുന്നതോടെയാണ്. ഖത്തറിൽ നിന്ന് മടങ്ങിയെത്തിയ ഒരു മുപ്പത്തെട്ടുകാരൻ മരിച്ച ശേഷമാണ് അയാളുടെ കൊറോണ ടെസ്റ്റ് റിപ്പോർട്ട് പോസിറ്റീവ് ആകുന്നത്. പരേതന്റെ മൃതദേഹം, പകർച്ചവ്യാധിക്കാലത്ത് WHO പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ എല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് കൊവിഡ് 19 ടെസ്റ്റിന്റെ ഫലം വരും മുമ്പുതന്നെ പട്‌ന AIIMS ആശുപത്രി അധികൃതർ  ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. ഇത് ഒരു കൊവിഡ് 19 പ്രതിരോധത്തിന്റെ കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഒരു വലിയ വീഴ്ചയായിരുന്നു. 

 

 

അതോടെ ശവസംസ്കാരത്തിൽ പങ്കെടുത്ത അയാളുടെ ബന്ധുക്കളും അയൽവാസികളുമായ 62 പേരുടെ സാമ്പിളുകൾ ടെസ്റ്റിംഗിന് അയച്ചിരിക്കുകയാണ് ആശുപത്രി അധികൃതർ ഇപ്പോൾ. ഈ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ആർക്കെങ്കിലും ടെസ്റ്റ് പോസിറ്റീവ് ആയാല്‍ അവർ സമ്പർക്കത്തിൽ വന്നിട്ടുള്ളവരെ നിരീക്ഷിക്കേണ്ടതായി വന്നേക്കും. രോഗബാധിതന്റെ മൃതദേഹം ഇങ്ങനെ ഒരു പരിശോധനയുമില്ലാതെ വിട്ടുനൽകി ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധിപേരെ ഒറ്റയടിക്ക് രോഗത്തിനുമുന്നിലേക്കിട്ടുകൊടുത്ത ആരോഗ്യവകുപ്പ് അതുവഴി സമൂഹ സംക്രമണത്തിനുള്ള വഴിയാണ് തുറന്നിട്ടിരിക്കുന്നത്. 

വിദേശത്തുനിന്ന് വന്നവർ എവിടെ ? 

ബീഹാർ സർക്കാരിന്റെ മുന്നിൽ മറ്റൊരു വലിയ വെല്ലുവിളി കൂടി ഉണ്ട്. ജനുവരി 15 -നു ശേഷം കൊറോണാ ബാധിത വിദേശരാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് വിമാനത്തിൽ വന്നിറങ്ങിയിട്ടുള്ള 120 പേരോളമുണ്ട്. അവരെപ്പറ്റി ഇതുവരെ പിന്നീട് യാതൊരു വിധ വിവരവും കിട്ടിയിട്ടില്ല. അവർ കൊവിഡ് 19 ബാധിതർ ആണെങ്കിൽ ഈ നിമിഷവും നാട്ടിൽ ചുറ്റിനടന്ന് കൊറോണാ വൈറസ് പടർത്തുകയാവും അവർ. ഇതിൽ 68 പേർ മുസഫർപൂർ, 24 പേർ ഗോപാൽഗഞ്ച്, 30  പേർ സാരൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.  

'ഞങ്ങളെ ക്വാറന്റൈനിൽ ആക്കൂ' എന്ന് ജൂനിയർ ഡോക്ടർമാർ 

കൊവിഡ് 19 വ്യാപനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഇന്ത്യ എത്തുന്നതിനെ നേരിടാനുള്ള തയ്യറെടുപ്പായി എല്ലാ സംസ്ഥാനത്തും ഓരോ കൊറോണാ ആശുപത്രി വേണമെന്നാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്. അതിൻപ്രകാരം, പട്‌നയിലെ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയെ കൊറോണാ ആശുപത്രിയാക്കി മാറ്റാനാണ് ബീഹാർ സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ബിഹാറിലെ ആരോഗ്യപരിപാലന രംഗത്തിന്റെ ഗുരുതരാവസ്ഥ വെളിവാക്കുന്ന ഒരു കത്ത്, അവിടത്തെ 83 ജൂനിയർ ഡോക്ടർമാർ അയച്ചിരിക്കുന്നത് ആശുപത്രി അധികൃതർക്കൊപ്പം, ബീഹാർ ആരോഗ്യ വകുപ്പിനും, മുഖ്യമന്ത്രിയുടെ ഓഫീസിനും, പ്രധാനമന്ത്രിയുടെ ഓഫീസിനും ആണ്. "കൊറോണാ ഭീതി ഇല്ലെങ്കിൽ പോലും അടിസ്ഥാനപരമായി ഡോക്ടർമാർക്ക് ഉണ്ടായിരിക്കേണ്ട പേർസണൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ്സ് ആണ് ഗ്ലൗസും N95 മാസ്കും സാനിറ്റൈസറും ഒക്കെ. ഇതൊന്നും ഇവിടെ ഡോക്ടർമാർക്ക് പോലും ലഭ്യമാക്കിയിട്ടില്ല. പിന്നെ എങ്ങനെയാണ് രോഗികൾക്ക് ഇതൊക്കെ നൽകുമെന്ന് പ്രതീക്ഷിക്കുക."

ഇവിടെ ആശങ്ക ജനിപ്പിക്കുന്നത് ജൂനിയർ ഡോക്ടർമാരുടെ കത്തിൽ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യമാണ്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ഇത്രയും ദിവസം രോഗികളെ പരിശോധിച്ച തങ്ങൾ ഒക്കെയും രോഗത്തിന്റെ സംക്രമണത്തിന് ഇരയായിട്ടുണ്ടോ എന്ന് സംശയം ഉണ്ടെന്നും അതുകൊണ്ട് തങ്ങൾ 83 പേരെയും ഉടനടി സെൽഫ് ക്വാറന്റൈനിലേക്ക് പോകാൻ അനുവദിക്കണം എന്നുമായിരുന്നു അവരുടെ ഒരാവശ്യം. അവർ പറയുന്നതിലും ഇത്തിരി കാര്യമില്ലാതില്ല. കൊവിഡ് 19 ബാധിതരായ രണ്ടു രോഗികളെയും നളന്ദാ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുമായി ഇടപെട്ട പല ജൂനിയർ ഡോക്ടർമാർക്കും തങ്ങളുടെ സുരക്ഷിതത്വത്തിനായി മാസ്‌കോ മറ്റുള്ള സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. അവ സപ്ലൈ ചെയ്യാൻ ചുമതലപ്പെട്ടവർ അവരുടെ പണി വെടിപ്പിന് ചെയ്യാതിരുന്നതുകൊണ്ട് അതൊന്നും ആശുപത്രി സ്റ്റോറിൽ ഇല്ലായിരുന്നു എന്നതാണ് അതിനു കാരണം. ഇനിയിപ്പോൾ കൊറോണാ ഹോസ്പിറ്റൽ ആയി പ്രക്ഷ്യാപിച്ച സ്ഥിതിക്ക് ഇങ്ങോട്ട് കൊവിഡ് 19 ബാധിതരുടെ കുത്തൊഴുക്കായിരിക്കും. അപ്പോൾ പിന്നെ തങ്ങളിൽ ഒരാൾ പോലും കൊറോണ പിടിക്കാതെ രക്ഷപ്പെടുന്ന ലക്ഷണമില്ലെന്നാണ് ഈ ഡോക്ടർമാർ പറയുന്നത്. 

 


 

"ഞങ്ങളിൽ പലർക്കും WHO ഗൈഡ്‌ലൈൻസ് പ്രകാരമുള്ള സുരക്ഷാ മുൻകരുതലുകൾ കൂടാതെയാണ് കൊവിഡ് 19 രോഗികളെ പരിചരിക്കേണ്ടി വന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഫ്ലൂ പിടിപെട്ടു കിടക്കുന്നുണ്ട് ചില ഡോക്ടർമാർ. അവരെപ്പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് മുൻകരുതൽ എന്ന നിലയിൽ അവർ ഹോം ക്വാറന്റൈനിൽ ആണെന്നാണ്. അവരുമായി ഇടപെട്ടവരായ ഞങ്ങളും അപ്പോൾ സ്വാഭാവികമായും ക്വാറന്റൈനിൽ പോകേണ്ടവർ തന്നെയാണ്. അതാണ് അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത്. " ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ പ്രതിനിധി രവി രാമൻ ബിബിസിയോട് പറഞ്ഞു. മീഡിയയിൽ ഇത് സംബന്ധിച്ച കാര്യങ്ങൾ പുറത്തുപറയുന്നതിനും മെഡിക്കൽ കോളേജ് അധികൃതർ ജൂനിയർ ഡോക്ടർമാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 

വേണ്ടത്ര N95 കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഭ്യമല്ലായിരുന്നു എന്നുള്ള സത്യം ആശുപത്രി അധികൃതരും സമ്മതിക്കുന്നുണ്ട്. എന്നാൽ 500 ബെഡ്ഡുകളും 43 വെന്റിലേറ്ററുകളുമായി വളരെ മികച്ച സൗകര്യങ്ങളുള്ള ആശുപത്രി മറ്റെല്ലാതരത്തിലും ഒരു നല്ല കൊറോണാ ആശുപത്രിയായി പ്രവർത്തിക്കാൻ സജ്ജമല്ല എന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഗോപാൽ കൃഷ്ണ അഭിപ്രായപ്പെടുന്നത്. എന്നാൽ ബിഹാറിലെ ഇന്നത്തെ കേസുകളുടെ വെളിച്ചത്തിൽ 500 കിടക്കകൾ തികയാൻ സാധ്യത കുറവാണ്. കാരണം ബിഹാറിലെ പല ആശുപത്രികളിലായി 1228 പേരെ കൊവിഡ് 19 ബാധ സംശയിച്ച് പ്രവേശിപ്പിച്ചിട്ടുണ്ട്. അവരെ ഒന്നിച്ച് ഇവിടേക്ക് കൊണ്ടുവന്നാൽ സ്ഥലം തികയാതെ വന്നേക്കും. 

 

 

തല്ക്കാലം എന്തായാലും കേന്ദ്ര ആരോഗ്യവകുപ്പ് പറയുന്നത് ഇന്ത്യയിൽ ഇന്നേവരെ ഒരു സാമൂഹിക സംക്രമണത്തിന്റെ കേസൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ്. എന്നാൽ ബിഹാറിൽ ആദ്യത്തെ മൃതദേഹത്തിന്റെ കാര്യത്തിൽ തന്നെ ഉണ്ടായിട്ടുള്ള വീഴ്ച ബിഹാറിൽ അധികം താമസിയാതെ സംഗതി സമൂഹ സംക്രമണത്തിലേക്ക് കടക്കാനുള്ള സാധ്യത വളരെയധികം വർധിപ്പിച്ചിട്ടുണ്ട്. 

click me!