വിനോദസഞ്ചാര കേന്ദ്രത്തിലെ കൂറ്റന്‍ പാറക്കെട്ടുകള്‍ ഉല്ലാസബോട്ടുകള്‍ക്ക് മീതെ തകര്‍ന്നുവീണു, 10 മരണം

By Web TeamFirst Published Jan 10, 2022, 6:29 PM IST
Highlights

പെട്ടെന്നാണ് അത് സംഭവിച്ചത്. തൊട്ടുമുന്നിലെ, ചെങ്കുന്നായ കുന്നിന്റെ ഒരു ഭാഗം നേരെ താഴേക്ക് അടര്‍ന്നു വീണു.  പാറക്കല്ലുകള്‍ നിറഞ്ഞ കുന്നിന്റെ ഭാഗം നേരെ വന്നുവീണത് താഴെ സഞ്ചരിച്ചു കൊണ്ടിരുന്ന ഉല്ലാസ നൗകകളിലേക്കാണ്. 
 

മനോഹരമായ തടാകത്തിലൂടെ ചുറ്റുപാടുമുള്ള ചെങ്കുത്തായ കുന്നുകളും അതിനിടയിലെ വെള്ളച്ചാട്ടവും കണ്ടുകൊണ്ട് ഉല്ലാസ നൗകകളില്‍ സഞ്ചരിക്കുകയായിരുന്നു അവര്‍. കാറ്റും മഴയുമുണ്ടായിരുന്നുവെങ്കിലും ബോട്ടു യാത്രയുടെ സുരക്ഷിതത്വത്തിലായിരുന്നു വിനോദ സഞ്ചാരികള്‍. 

പെട്ടെന്നാണ് അത് സംഭവിച്ചത്. തൊട്ടുമുന്നിലെ, ചെങ്കുന്നായ കുന്നിന്റെ ഒരു ഭാഗം നേരെ താഴേക്ക് അടര്‍ന്നു വീണു.  പാറക്കല്ലുകള്‍ നിറഞ്ഞ കുന്നിന്റെ ഭാഗം നേരെ വന്നുവീണത് താഴെ സഞ്ചരിച്ചു കൊണ്ടിരുന്ന ഉല്ലാസ നൗകകളിലേക്കാണ്. 

 

 

പാറക്കല്ലുകള്‍ വീണതും ബോട്ടുകള്‍ തകര്‍ന്നടിഞ്ഞു. നിരവധി പേര്‍ തെറിച്ചുപോയി. കുറേ പേര്‍ പാറക്കെട്ടുകള്‍ക്കടിയിലായി. തല്‍ക്ഷണം മരിച്ചത് 10 പേര്‍. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത് മുപ്പതിലേറെ പേര്‍. എത്രയോ പേരെകാണാതായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. 

കായലിലേക്ക് പതിഞ്ഞ കൂറ്റന്‍ പാറകള്‍ നീക്കം ചെയ്യാനും അതിനടിയിലുള്ളവരെ കണ്ടെത്താനും ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, പ്രതികൂലമായ കാലാവസ്ഥ മൂലം ഇതൊട്ടും എളുപ്പമല്ലാത്ത അവസ്ഥയാണ്. 

ബ്രസീലിലെ പ്രശസ്തമായ ഫര്‍ണസ് തടാകത്തിലാണ് സംഭവം. ഇതിനു ചുറ്റും കൂറ്റന്‍ പാറക്കെട്ടുകളും ചെങ്കുത്തായ കുന്നുകളുമാണ്. അതിനിടയില്‍ പ്രശസ്തമായ വെള്ളച്ചാട്ടം. കായലില്‍ ഉല്ലാസ ബോട്ടുകളില്‍ സഞ്ചരിച്ച് മനോഹരമായ ഈ കാഴ്ചകള്‍ കാണാന്‍ ആയിരക്കണക്കിനാളുകളാണ് സ്ഥിരമായി വന്നുകൊണ്ടിരുന്നത്. ഇതാദ്യമായാണ് ഇതുപോലൊരു ദുരന്തം ഇവിടെ ഉണ്ടായതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

സാവോ ജോസ് ഡി ബാറ, ക്യാപിറ്റോലിയോ നഗരങ്ങള്‍ക്കിടയിലാണ് ഈ തടാകം. നിരവധി പേരാണ് സംഭവസമയത്ത് ഉല്ലാസ നൗകകളില്‍ കായലിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നത്. കായലോരത്തും നിരവധി പേര്‍ കാഴ്ചക്കാരായി ഉണ്ടായിരുന്നു. കുന്നിടിഞ്ഞു വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുന്നിടിയുന്നത് ചൂണ്ടിക്കാട്ടി ബോട്ടുകളോട് മാറിപ്പോവാന്‍ ആളുകള്‍ വിളിച്ചു പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. 

ഒരു ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി 1958-ല്‍ രൂപം കൊണ്ടതാണ് ഈ കായല്‍. 420 കിലോ മീറ്റര്‍ ദൂരത്തില്‍ നീണ്ടുകിടക്കുന്ന കായലിലൂടെയുള്ള സഞ്ചാരം ലോകപ്രശസ്തമാണ്. ലോകമെങ്ങും നിന്നുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണിത്. 

കഴിഞ്ഞ ആഴ്ച ഇവിടെ ചെയ്ത കനത്ത മഴയില്‍ ഈ പ്രദേശത്ത് പ്രളയമുണ്ടായിരുന്നു. നിരവധി പേര്‍ മരിക്കുകയും അനവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്ത വെള്ളപ്പൊക്കത്തില്‍നിന്നും പ്രദേശം കരകയറുന്നതിനിടെയാണ് പുതിയ ദുരന്തം. 

click me!