അന്ന് ആയിരങ്ങൾ മരിച്ച ചെർണോബിൽ ദുരന്തഭൂമി ഇന്ന് ഡാർക്ക് ടൂറിസം സ്പോട്ട്...

By Web TeamFirst Published Jun 8, 2019, 3:50 PM IST
Highlights

സോവിയറ്റ് യൂണിയൻ ആണവ സാങ്കേതിക വിദ്യയിൽ ഉണ്ടായിരുന്ന പരിചയക്കുറവും, രഹസ്യസ്വഭാവത്തിൽ കാര്യങ്ങൾ നീക്കുന്ന പതിവും കൊണ്ടുമാത്രം സംഭവിച്ച ഒരു  ദുരന്തമായിരുന്നു അത്.

1986 -ൽ നടന്ന 'ചെർണോബിൽ ദുരന്തം' മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആണവ റിയാക്ടർ ദുരന്തങ്ങളിൽ ഒന്നാണ്. 'നാനൂറു ഹിരോഷിമകൾക്ക് തുല്യം' എന്നാണ് ആ അപകടം വിശേഷിപ്പിക്കപ്പെട്ടത്. പരീക്ഷണവേളയിൽ ഉണ്ടായ ചില അബദ്ധങ്ങൾ, നിയന്ത്രണാതീതമായ ഫലങ്ങൾ ഉണ്ടാക്കുകയും, അതിന്റെ ഫലമായി റിയാക്ടറിന്റെ ഉരുക്കു കവചങ്ങൾ പൊട്ടിത്തെറിച്ച്  അതി തീവ്രമായ ശേഷിയുള്ള റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ അന്തരീക്ഷത്തിൽ കലരുകയും ചെയ്തു. ആ പരിസരത്തുണ്ടായിരുന്ന 31 പേർ തത്സമയം മരണപ്പെട്ടു. റിയാക്ടർ സ്ഥിതി ചെയ്തിരുന്ന പ്രിപ്യാറ്റ് നഗരം റേഡിയോ ആക്ടീവ് പദാർത്ഥങ്ങളാൽ പൂർണമായി മലിനീകരിക്കപ്പെട്ടു. റിയാക്ടറിൽ നിന്നും വന്നുകൊണ്ടിരുന്ന റേഡിയോ ആക്റ്റീവ് പദാർത്ഥ വികിരണത്തിന്റെ അപകടത്തെക്കുറിച്ച് ബോധ്യമില്ലാതെ അഗ്നിശമന പ്രവർത്തകർ അധിക റേഡിയേഷൻ ഏറ്റുകൊണ്ട്   അഗ്നിശമനപ്രവർത്തനങ്ങൾ നടത്തി. അതുമൂലമുണ്ടായ  കാൻസർ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ പതിനായിരക്കണക്കിന് പേരുടെ ജീവനെടുത്തു. തുടർന്നുവന്ന പല തലമുറകളും ഈ റേഡിയേഷന്റെ ദൂഷ്യഫലങ്ങൾ അനുഭവിച്ചു.

ഇന്ന് ആ ദുരന്ത ഭൂമി ഒരു ടൂറിസ്റ്റ് സ്പോട്ടാണ്. സർക്കാർ ചെർണോബിലിൽ 'ഡാർക്ക് ടൂറിസം' എന്ന വിളിപ്പേരിൽ ടൂറിസം പ്രൊമോഷനുകൾ നടത്തുകയാണ്. 30  കിലോമീറ്റർ ദൂരത്തിൽ പടർന്നു കിടക്കുന്ന ഒരു എക്സ്കർഷൻ സൈറ്റാണ് ചെർണോബിലിൽ നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. 

പ്രവേശന കവാടത്തിനരികെയുള്ള ഓഫീസിൽ നിങ്ങളുടെ രേഖകൾ പരിശോധിക്കപ്പെടും ആദ്യം. എന്നുകരുതി കാത്തിരുന്നു മുഷിയേണ്ടതില്ല യാത്രക്കാർ. ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കുന്ന ഇടവേളയിൽ നിങ്ങൾക്ക് 'ചെർണോബിൽ ഐസ്ക്രീം' നുണയാനുള്ള സൗകര്യമുണ്ട്. 

അമേരിക്കൻ ചാനലായ സ്കൈ ടിവിയിൽ ചെർണോബിൽ എന്ന പേരിൽ ഒരു സീരീസ് വന്നത് ഏറെ ജനപ്രിയമായതിനു പിന്നാലെയാണ് ടൂറിസത്തിന് ഇങ്ങനെ ഒരു ബൂം  വന്നിരിക്കുന്നത്. ടിവിയിൽ കണ്ട ദുരന്ത ഭൂമി നേരിൽ കാണാൻ അന്താരാഷ്‌ട്ര ടൂറിസ്റ്റുകൾ അമേരിക്കയിൽ നിന്നും, ബ്രിട്ടനിൽ നിന്നും, ജർമനിയിൽ നിന്നും ഒക്കെ റഷ്യയിലേക്ക് പറന്നെത്തുന്നു. അതൊക്കെ ക്രമീകരിക്കാൻ ട്രാവൽ കമ്പനികളും സജ്ജമാണ്. 

അന്ന് പൊട്ടിത്തെറിച്ച റിയാക്ടർ നമ്പർ 4  അതുപോലെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. 01.23 hrs ഏപ്രിൽ 26, 1986  അതാണ് ആ നശിച്ച ദിവസം. എല്ലാം പൊട്ടിത്തെറിച്ച്, മാരകമായ റേഡിയേഷൻ പ്ലാന്റിലെ ജോലിക്കാരെയും, അഗ്നിശമന സേനക്കാരെയും ഒക്കെ ബാധിച്ചത്. അന്ന് നേരിട്ട് റേഡിയേഷൻ ഏറ്റുവാങ്ങിയ പലരും അന്ന് മരിച്ചില്ല. പതുക്കെ, അവരുടെ തൊലി ചാരനിറമായി.  പിന്നെ കറുത്ത നിറം. പിന്നെ പാമ്പ് പടം പൊഴിക്കുംപോലെ തൊലി ഊർന്നു വീണു. അവർ വേദന തിന്ന്  ഇഞ്ചിഞ്ചായി മരിച്ചു. 

അന്ന് ഏകദേശം ആയിരം ചതുരശ്രമൈൽ ചുറ്റളവിൽ കഴിഞ്ഞിരുന്ന മൂന്ന്  ലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ടിവന്നു. ആ പ്രദേശത്തുണ്ടായിരുന്ന ഫാമുകളിൽ പിന്നീട് പിറന്നു വീണത് ഗുരുതരമായ ജനിതകപ്രശ്നങ്ങളുള്ള മൃഗങ്ങളാണ്. എട്ടു കാലുള്ള കുതിരക്കുട്ടി, തലയില്ലാത്ത പശുക്കുട്ടി, ഒരു ഉരുളക്കിഴങ്ങോളം ഉരുണ്ട ഉണ്ടക്കണ്ണുകളുള്ള പന്നിക്കുട്ടികൾ. അങ്ങനെ പലവിധം. കണ്ടാൽ പേടിയാവുന്ന തരത്തിലുള്ളവ. 

സോവിയറ്റ് യൂണിയൻ ആണവ സാങ്കേതിക വിദ്യയിൽ ഉണ്ടായിരുന്ന പരിചയക്കുറവും, രഹസ്യസ്വഭാവത്തിൽ കാര്യങ്ങൾ നീക്കുന്ന പതിവും കൊണ്ടുമാത്രം സംഭവിച്ച ഒരു  ദുരന്തമായിരുന്നു അത്. "ഗൊറില്ലയുടെ കയ്യിൽ ഹാൻഡ് ഗ്രനേഡ് കൊടുത്ത പോലെ..." എന്നാണ് പ്രദേശവാസികളിൽ ഒരാൾ അതേപ്പറ്റി പറഞ്ഞത്. ഒഫീഷ്യൽ മരണക്കണക്ക് 31 ആണെങ്കിലും, അമിതമായ അളവിൽ ഏറ്റുവാങ്ങിയ റേഡിയേഷൻ ജീവനെടുത്തത് ഒരു ലക്ഷത്തിനു പുറത്താളുകളുടെ ജീവനാണ്. 

ടൂർ തുടങ്ങുന്നത് ഒരു സുവനീർ ഷോപ്പിൽ ആണ്. അവിടെ നിന്നും നിങ്ങൾക്ക് 'ഒറിജിനൽ പോലെ തോന്നുന്ന' റേഡിയേഷൻ ഗ്യാസ് മാസ്കുകൾ തൊട്ട് ഇരുട്ടിൽ തിളങ്ങുന്ന 'ചെർണോബിൽ  കോണ്ടം' വരെ വാങ്ങാൻ കിട്ടും.

യാത്ര തുടർന്നാൽ നിങ്ങൾക്ക് പോകും വഴി അന്ന് തകർന്നുവീണ മട്ടിൽ സെറ്റ് ചെയ്തിരിക്കുന്ന ഒരു സ്‌കൂൾ കാണാം. അവിടെ നിലത്ത് ചിതറി വീണു കിടക്കുന്ന എക്സർസൈസ് ബുക്കുകളും, ബാഗുകളും, ഒടിഞ്ഞ കസേരകളും, ഡെസ്കുകളും ഒക്കെ കാണാം. 

300  അടിയിൽ 30,000 ടൺ ഭാരമുള്ള നമ്പർ 4  റിയാക്ടറിന്റെ പ്രൊട്ടക്ടീവ് കവർ ആളികളെ ആകർഷിക്കുന്ന ഒന്നാണ്. അതിനുള്ളിൽ കുടന്ന കൂട്ടിയ കൈകളുടെ ആകൃതിയിലുള്ള ഒരു സ്മാരകമുണ്ട് ആ ദുരന്തത്തിന്റെ.  ചിലർ അതിനു മുന്നിൽ തലകുമ്പിട്ടുനിന്ന്  ജീവിതം അവനവന് കനിഞ്ഞനുവദിച്ചു തന്നിട്ടുള്ള സൗഭാഗ്യങ്ങളെക്കുറിച്ചോർത്ത് നിശ്വസിക്കും. എന്നാൽ, പലർക്കും ആ സ്മാരകത്തിന്റെ മുന്നിൽ ചെന്ന് നിന്നു സെൽഫി എടുക്കാൻ വലിയ താത്പര്യമാണ്. 

ചെർണോബിൽ ടൂറിസം  സ്പോട്ടിന് മറ്റുള്ള സാധാരണ സ്പോട്ടുകളുടെ ഒരു പ്രകൃതി രമണീയതയും അവകാശപ്പെടാനില്ല. അപകടത്തിന് മുമ്പ് 50,000  പേർ കഴിഞ്ഞു പോന്നിരുന്ന  പ്രിപ്യാറ്റ് നഗരം ഇന്ന് ആളൊഴിഞ്ഞ ഒരു പ്രേതാലയം പോലെ, ഒരു സിനിമയുടെ സൈറ്റ് പോലെ ശാന്തവും, വിജനവുമാണ്.  ആ ദുരന്താനന്തര മൂകതയിലൂടെ  സെൽഫോണുകളും, ക്യാമറകളും, സെൽഫി സ്റ്റിക്കുകളും ഒക്കെയേന്തി കലപിലാ കലമ്പിക്കൊണ്ടും സെൽഫികൾ എടുത്തു കൂട്ടിക്കൊണ്ടും കടന്നുപോകും. 

ഈ അപകടം നടക്കുന്നതിനു മുമ്പുള്ള മാസങ്ങളിൽ   പ്രിപ്യാറ്റ് നഗരത്തിൽ ഒരു തീം പാർക്കിന്റെ പണി നടക്കുകയായിരുന്നു. ദുരന്തം നടന്ന ദിവസം കഴിഞ്ഞ് ഏഴാം നാൾ ഇത് സന്ദർശകർക്കായി തുറന്നു കൊടുക്കാനുള്ള പദ്ധതിയുണ്ടായിരുന്നു. അവിടെ ആകാശത്തെ കാർമേഘങ്ങൾ ചാരിക്കൊണ്ട് ഒരു വലിയ യന്ത്ര ഊഞ്ഞാൽ നിശ്ചലമായി നിൽപ്പുണ്ടവിടെ ഇപ്പോഴും. തീം പാർക്കിലെ കുട്ടികൾക്കുള്ള ഇടിയൻ  കാറുകൾ തുരുമ്പെടുത്തു പോയിരിക്കുന്നു. 

ചെർണോബിലിലെ ഒരുവിധം ഇടത്തിലൊക്കെയും റേഡിയേഷൻ ഇന്ന് സാധാരണഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും, ചിലയിടങ്ങളിൽ, അപൂർവം ചിലയിടങ്ങളിൽ മാത്രം, റേഡിയോ ആക്റ്റീവ് ഹോട്ട് സ്പോട്ടുകൾ നിലവിലുണ്ട്. അതുകൊണ്ട് ഗൈഡിനെ വിടാതെ പിന്തുടരുന്നതാണ് ബുദ്ധി. ആവശ്യമില്ലാതെ വല്ല വഴിക്കും ഇറങ്ങിപ്പോയാൽ തിരിച്ചു നാട്ടിൽ ചെല്ലുമ്പോൾ  ദേഹം 'തിളങ്ങാനുള്ള' സാധ്യത അവഗണിച്ചുകൂടാ. 

യാത്ര തീരുന്നിടത്ത് ഒരു ചെറിയ സൂപ്പർ മാർക്കറ്റു കൂടിയുണ്ട്. അവിടെ ചെർണോബിൽ ബ്രാൻഡ് തൊപ്പികളും, ടി ഷർട്ടുകളും ഒക്കെയുണ്ട്.  അന്നത്തെ ദുരന്തത്തിന്റെ ചില ഇരകളും വേണ്ടത്ര നഷ്ടപരിഹാരവും ചികിത്സാ സഹായവും കിട്ടാഞ്ഞതിന്റെ പേരിൽ ആ സൈറ്റിൽ തന്നെ കൂര കെട്ടി താമസമുണ്ട്. അവർക്ക് ടൂറിസ്റ്റുകൾ വരുമ്പോൾ വല്ലതുമൊക്കെ കിട്ടുന്നു. 

"ഞങ്ങളെ വെടിവെച്ചു കൊന്നു ഇവിടെത്തന്നെ മൂടിക്കോളൂ... ഇല്ലെങ്കിൽ ചാവും വരെ ഞങ്ങൾ ഇവിടെ തന്നെയാണ് താമസിക്കാൻ പോവുന്നത്..."  അവർ അധികാരികളോട് പറയുന്നു. 

ഇങ്ങനെ അവിടെ കുടികിടപ്പുകാരായ നൂറിലധികം ഇരകളുണ്ട് അന്നത്തെ ദുരന്തത്തിന്റേതായി. അവർ ആ ദുരന്ത ഭൂവിൽ കൃഷിചെയ്യുന്നു. അവിടെ കുഴിച്ച കിണറിൽ നിന്നും വെള്ളമെടുക്കുന്നു. ആ ഭൂമിയിൽ വിളയുന്ന ഉരുളക്കിഴങ്ങിൽ നിന്നും അവർ വോഡ്ക കാച്ചിയെടുക്കുന്നു. മനുഷ്യർ ഉപേക്ഷിച്ചിട്ടുപോയ ദുരന്തഭൂമി ആദ്യകാലത്ത് കയ്യേറിയ വന്യമൃഗങ്ങളിൽ ചിലതും ഇന്ന്  ആ പ്രദേശങ്ങളിലുണ്ട്. 

2011 -ലാണ് ആദ്യമായി ചെർണോബിൽ ദുരന്തഭൂമി ടൂറിസത്തിനായി തുറന്നത്. രണ്ടു പേർക്ക് ഈ ദുരന്തഭൂവിലൂടെ സഞ്ചരിച്ച് തിരിച്ചുവരാൻ 200  പൗണ്ടാണ് ചെലവ്.  ഏകദേശം ഇരുപതിനായിരം രൂപ. ടെലിവിഷൻ സീരീസ് ടെലികാസ്റ്റ് ചെയ്തു കഴിഞ്ഞ ശേഷം ഇങ്ങോട്ടുള്ള സന്ദർശകരുടെ എണ്ണം അധികരിച്ചിട്ടുണ്ടെന്നാണ് ടൂർ പ്രോഗ്രാം നടത്തുന്ന ലൂപ്പിൻ ട്രാവൽസ് പറയുന്നത്. ഇനിയങ്ങോട്ട് ദുരന്തഭൂവിലൂടെ ഡാർക്ക് ടൂറിസം നടത്താൻ താത്പര്യപ്പടുന്നവരുടെ എണ്ണം കൂടുതലാവാനാണ് സാധ്യത. 

click me!