കൊറോണ: കരടികള്‍ക്ക് ചൈനീസ് മരണവാറന്റ്

By Web TeamFirst Published Apr 4, 2020, 5:08 PM IST
Highlights

മാര്‍ച്ച് നാലിന് ചൈനീയുടെ ദേശീയ ആരോഗ്യകമ്മീഷന്‍ ഗുരുതര കോറോണരോഗികള്‍ക്ക് നല്‍കുവാനായി ടാന്‍-റീ-ക്വിങ്ങ് എന്നൊരു ഇന്‍ജക്ഷന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഇതിലെ ഒരു പ്രധാനഘടകം കരടിയുടെ പിത്തരസമാണ്. ചൈനയിലും വിയറ്റ്നാമിലും മറ്റ് തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ഇതിനുള്ള കരടിഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണ് വന്യജീവിശാസ്ത്രജ്ഞരിലും അന്താരാഷ്ട്രസമൂഹത്തിലും ആശങ്കയുണ്ടാക്കിയത്.
 

കോറോണാവ്യാപനത്തെത്തുടര്‍ന്ന് പരമ്പരാഗതമായി നിലനിന്നിരുന്ന വന്യജീവിത്തീറ്റയും കച്ചവടവും ചൈന അവസാനിപ്പിച്ചത് ശാസ്ത്രലോകത്തെ ആഹ്ളാദിപ്പിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവിലായി ചൈനയില്‍ നിന്ന് പുറത്തുവരുന്നൊരു വാര്‍ത്ത കരടികളെ ജീവന്‍മരണപ്പോരാട്ടത്തില്‍ ആക്കിയിരിക്കുകയാണ്. തെക്കുകിഴക്കന്‍ ഏഷ്യയിലെയും വിശിഷ്യാ വടക്കു-കിഴക്കന്‍ ഇന്ത്യയിലെയും കരടികള്‍ക്കുള്ള ചൈനീസ് മരണവാറണ്ടാവും ഇതെന്ന് ഈ മേഖലയിലെ ഗവേഷകര്‍ വിലയിരുത്തുന്നു.

 


 

വൂഹാനിലെ മാംസച്ചന്തയില്‍ നിന്നാണ് കോറോണവൈറസ് പുറം ലോകത്തേക്ക് വ്യാപിച്ചതെന്ന വാര്‍ത്ത പുറത്തു വന്നശേഷം ചൈനീസ് സര്‍ക്കാര്‍ ചരിത്രപരമായ ഒരു തീരുമാനത്തിലേക്ക് നീങ്ങി. പരമ്പരാഗതമായി നിലനിന്നിരുന്ന വന്യജീവിത്തീറ്റയും കച്ചവടവും നിരോധിക്കുക. നിരോധനവാര്‍ത്ത പുറത്തുവന്നതോടെ വിയറ്റ്നാമും ഈ തീരുമാനത്തെ പിന്‍തുടര്‍ന്നു.  ഇതാകട്ടെ, ലോകമെമ്പാടുമുള്ള വന്യജീവിശാസ്ത്രജ്ഞരെ അത്യധികമായി ആഹ്ളാദിപ്പിക്കുകയും ചെയ്തു.

അതിന് കാരണമുണ്ട്.

അതിന് നാം ആദ്യം ചൈനക്കാരില്‍ ഒരു ഗണ്യവിഭാഗത്തിന്റെ ഭക്ഷണസ്വഭാവമറിയണം.വന്യജീവിയെന്നോ വളര്‍ത്തുജീവിയെന്നോ ഭേദമില്ലാതെ ജീവികളെ ആഹരിക്കുകയും കമ്പോളവല്‍ക്കരിക്കുകയും ചെയ്തിരുന്ന പ്രവണത കോറോണയ്ക്ക് മുമ്പ് ചൈനയില്‍ പലയിടത്തും ഉണ്ടായിരുന്നു. വുഹാന്‍ തന്നെ ആദ്യ ഉദാഹരണം. പൂച്ച, ബാഡ്ജര്‍, മയില്‍, വെരുക്, ഈനാംപേച്ചി, കടുവ, ആന, കാണ്ടാമൃഗം, മുള്ളന്‍പന്നി, ഒട്ടകപ്പക്ഷി, മുതല, കുരങ്ങന്‍മാര്‍, കുറുക്കന്‍മാര്‍, മങ്കൂസുകള്‍ തുടങ്ങി കൈയ്യില്‍ കിട്ടുന്ന ഏത് വന്യജീവിവര്‍ഗത്തെയും  ആഹരിക്കുകയും വില്‍പനയ്ക്കെത്തിക്കുകയും ചെയ്തിരുന്നവരാണ് ഈ ഗണ്യവിഭാഗം. ഏതാണ്ട് 54 ഇനം ജീവിവര്‍ഗങ്ങളെയാണ് ഭക്ഷണ-വാണിജ്യ ആവശ്യങ്ങള്‍ക്കായി നിയമവിധേയമായിത്തന്നെ ഫാമുകളില്‍ വളര്‍ത്താനും വില്‍ക്കാനും ചൈനയില്‍ കഴിഞ്ഞിരുന്നത്. ഇതിനൊപ്പം മത്സ്യം, തവള, പാമ്പ്, നീരാളി, ചെമ്മീന്‍, പാറ്റ എന്നിവയെക്കൊക്കെ ജീവനോടെയോ പകുതിവേവിച്ചോ ഉണ്ടാക്കുന്ന വിശിഷ്ടഭോജ്യങ്ങളും ചൈനയില്‍ സുലഭമായിരുന്നു.

ഇതിന്റെ പാരിസ്ഥിതിക പ്രത്യാഘാതം ചെറുതായിരുന്നില്ല. വിയറ്റ്നാമിലും ചൈനയിലുമായി വര്‍ഷം തോറും ബില്യണ്‍ഡോളറുകളില്‍ നടക്കുന്ന വന്‍വ്യവസായമായി ഇത് തഴച്ചു. 2017-ല്‍ മാത്രം 73 ബില്യണ്‍ ഡോളറിന്റെ വന്യജീവിവ്യാപാരമാണ് ചൈനയില്‍ നടന്നതെന്ന് പറയുമ്പോള്‍ ഇതിന്റെ വ്യാപ്തി മനസ്സിലാവും. ഒരു മില്യണ്‍ ആളുകളിലധികം ഈ മേഖലയില്‍ പണിയെടുക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ചൈനയിലെ വന്യജീവിവ്യാപാരം മുമ്പില്ലാത്ത വിധം ചര്‍ച്ചയായ സാഹചര്യത്തില്‍ വിഷയത്തെ ലഘൂകരിക്കാനുള്ള ചൈനീസ് ശ്രമങ്ങളും ഈ കണക്കുകള്‍ക്ക് മുമ്പിലാണ് പൊളിഞ്ഞുപോകുന്നത്.

അധി:കൃതവും അനധികൃതവുമായ വന്യജീവിക്കച്ചവടം കൊഴുത്തതോടെ തെക്കുകിഴക്കന്‍ ഏഷ്യയില്‍ ആനയും കാണ്ടാമൃഗവും കടുവയുമടക്കമുള്ള ജീവികള്‍ വംശനാശത്തിന്റെ വക്കിലായി. ചൈനക്കാരുടെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നായ ഈനാംപേച്ചികളുടെ പല അവാന്തരവിഭാഗങ്ങളെയും ഇവര്‍ തിന്നൊടുക്കിയും വേട്ടയാടിയും വംശനാശത്തിലേക്കെത്തിച്ചു.

 

 

ചൈനയുടെ കാട്ടുമൃഗത്തീറ്റയ്ക്ക് പിന്നില്‍ രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് ചരിത്രപരവും രണ്ടാമത്തേത് സാംസ്‌ക്കാരികവുമാണ്. ചൈനീസ് ക്ഷാമകാലത്ത് ഭക്ഷണത്തിനായി ഭരണകൂടം നടപ്പിലാക്കിയ ഇളവുകളാണ് ചരിത്രപരമായ കാരണം. ജനങ്ങള്‍ക്ക് ക്ഷാമത്തെ അതിജീവിക്കാനായി വന്യജീവികളെ ആഹരിക്കാനും വില്‍പന നടത്താനും നല്‍കിയ അനുമതി ചൈന വളര്‍ന്ന് ലോകത്തെ നിര്‍ണായകസാമ്പത്തികശക്തി ആയിട്ടും പിന്‍വലിക്കപ്പെട്ടില്ല. ചൈന വളര്‍ന്നതിനൊപ്പം, ചൈനീസ് -തെക്കുകിഴക്കനേഷ്യന്‍കാടുകളിലെ വന്യജീവികളുടെ എണ്ണവും കുറഞ്ഞു. ഒപ്പം നാട്ടില്‍ വന്യജീവികളെ വളര്‍ത്തിയെടുക്കുന്ന ഫാമുകള്‍ വര്‍ധിച്ചു. കോറോണ വന്നതിന് ശേഷം മാത്രം ആഹാര-കച്ചവടാവശ്യത്തിനായി പ്രവര്‍ത്തിച്ചിരുന്ന ഇരുപതിനായിരത്തില്‍ അധികം വന്യജീവിഫാമുകള്‍ ഏഴ് പ്രവിശ്യകളിലായി പൂട്ടിയിട്ടുണ്ട് എന്നറിയുമ്പോള്‍ നമുക്കിതിന്റെ വ്യാപ്തി മനസ്സിലാവും.

രണ്ടാമത്തെ കാരണത്തിലേക്ക് വരുമ്പോള്‍, ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌ക്കാരങ്ങളിലൊന്നാണ് ചൈന. പലവന്യജീവികളുടെയും ശരീരഭാഗങ്ങളിലും ഔഷധഗുണമുണ്ടെന്നും അതിനെ സൂപ്പായോ മദ്യമായോ ഒക്കെ ആഗിരണം ചെയ്യുന്നത് ലൈംഗികശേഷിയുള്‍പ്പെടെ വര്‍ധിപ്പിക്കുമെന്ന വിശ്വാസം അതിന്റെ ഭാഗമായി ചൈനക്കാര്‍ക്ക് പകര്‍ന്നുകിട്ടിയിട്ടുള്ളതാണ്. ഈനംപേച്ചി അതിന്റെ ശല്‍ക്കങ്ങളിലും കടുവ അതിന്റെ എല്ലിലും, ആന കൊമ്പിലുമെല്ലാം ലൈംഗികഉത്തേജകഘടകങ്ങള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നു എന്ന വിശ്വാസം നിലനില്‍ക്കുന്ന സ്ഥലം.

പല മരുന്നുകളിലും ഇപ്പോഴും വന്യമൃഗഘടകങ്ങള്‍ ചൈന ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മരുന്നുത്പാദനവുമായി ബന്ധപ്പെട്ട വന്യജീവിഫാമുകള്‍ ഇപ്പോഴും നിയമവിധേയമാണ് താനും. മനുഷ്യന് പ്രയോജനപ്രദമായ എല്ലാ ജീവികളെയും വാണിജ്യപരമായി പരമാവധി ഉപയോഗപ്പെടുത്തുക എന്ന കണ്ണില്ലാത്ത നയമാണ് ചൈന ഇക്കാര്യത്തില്‍ പിന്‍തുടരുന്നത്.

ഉദാഹരണത്തിന് കടുവകളെ എടുക്കുക. കടുവകളെ എല്ലിനായും മാംസത്തിനായും വളര്‍ത്തുന്ന ഫാമുകള്‍ ചൈനയിലുണ്ട്. കടുവയുടെ എല്ലില്‍ നിന്നും ഉണ്ടാക്കുന്ന ടൈഗര്‍ബോണ്‍ലിക്വര്‍ ചൈനയിലെ വിശിഷ്ടപാനീയമാണ്. കടുവയുടെ ലിംഗം കൊണ്ടുള്ള സൂപ്പാണ് മറ്റൊരു വിശിഷ്ടഭോജ്യം. പ്രത്യേക റസ്റ്ററന്റുകളില്‍ നേരത്തേ ബുക്ക് ചെയ്താല്‍ മാത്രം ലഭിക്കുന്ന ഇവ വിലയേറിയതുമാണ്. നേരത്തേ പറഞ്ഞ ലൈംഗികോത്തേജകമരുന്ന് എന്നതാണ് ഇവയുടെ മൂല്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസം.

ഈനാംപേച്ചിയെന്ന പാവം ജീവിയെ ചൈനാക്കാര്‍ കൊന്നൊടുക്കിയതിന്റെ പിന്നിലും ഈ വിശ്വാസമല്ലാതെ മറ്റൊന്നുമല്ല. ഇതിന്റെ ശല്‍ക്കങ്ങളാണ് ഉത്തേജകമരുന്നായി ഉപയോഗിച്ചു പോന്നത്. സത്യത്തില്‍, നമ്മുടെ കരിങ്കുരങ്ങിന്റെ അവസ്ഥയിലാണ് ചൈനയിലെ ഏതാണ്ടെല്ലാ ജീവികളും എന്ന് പറയാം. എന്നില്‍ ഔഷധഗുണമില്ല എന്ന് പരസ്യം ചെയ്താണ് നമ്മള്‍ കരിങ്കുരങ്ങിനെ രക്ഷിച്ചെടുത്തത് എങ്കില്‍ കോറോണവൈറസ് തന്നെ വേണ്ടി വന്നു ചൈനീസ് ജീവിവര്‍ഗങ്ങള്‍ക്ക് തുണയാകുവാന്‍. ഈനാം പേച്ചിയില്‍ കാണുന്ന കോറോണവൈറസും മനുഷ്യനില്‍ രോഗം പടര്‍ത്തുന്ന കോറോണവൈറസും തമ്മില്‍ സാമ്യമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് പരമ്പരാഗതമായി നടന്നു വന്ന ഭക്ഷണശീലത്തിനും വമ്പന്‍ കച്ചവടത്തിനും തിരശ്ശീലയിടാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചത്.

 

 

എന്നാല്‍ ഏറ്റവുമൊടുവില്‍ പുറത്തുവന്ന മറ്റൊരു വാര്‍ത്ത പ്രകാരം കരടികള്‍ വീണ്ടും ചൈനയില്‍ കുരുക്കിലായിരിക്കുന്നൂവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

സംഗതി ഇതാണ് : മാര്‍ച്ച് നാലിന് ചൈനീയുടെ ദേശീയ ആരോഗ്യകമ്മീഷന്‍ ഗുരുതര കോറോണരോഗികള്‍ക്ക് നല്‍കുവാനായി ടാന്‍-റീ-ക്വിങ്ങ് എന്നൊരു ഇന്‍ജക്ഷന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഇതിലെ ഒരു പ്രധാനഘടകം കരടിയുടെ പിത്തരസമാണ്. ചൈനയിലും വിയറ്റ്നാമിലും മറ്റ് തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ഇതിനുള്ള കരടിഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണ് വന്യജീവിശാസ്ത്രജ്ഞരിലും അന്താരാഷ്ട്രസമൂഹത്തിലും ആശങ്കയുണ്ടാക്കിയത്.

കരടിയുടെ പിത്തരസം എട്ടാംനൂറ്റാണ്ട് മുതലുള്ള പരമ്പരാഗതചൈനീസ് ചികിത്സാരീതിയില്‍ തുടങ്ങിയതാണ്. ഇന്നത് പല ആധുനികഔഷധങ്ങളിലും വരെ ഘടകമാണ്. വേള്‍ഡ് അനിമല്‍ പ്രൊട്ടക്ഷന്റെ റിപ്പോര്‍ട്ട് പ്രകാരം ചൈന, വിയറ്റ്നാം, മ്യാന്‍മാര്‍, ലാവോസ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലായി 24,000 -ല്‍ അധികം കരടികള്‍ കൂട്ടിലടയ്ക്കപ്പെട്ട നിലയില്‍ ഫാമുകളിലുണ്ട്.

അങ്ങേയറ്റം ക്രൂരമായ സാഹചര്യങ്ങളിലൂടെയാണ് ഫാമുകളില്‍ ഈ പാവം ജീവികള്‍ക്ക് കടന്നുപോവേണ്ടി വരുന്നത്. നിന്നുതിരിയാന്‍ ഇടമില്ലാത്ത കൂടുകളില്‍ പാര്‍പ്പിക്കുന്ന, ജീവനുള്ള കരടികളുടെ പിത്താശയത്തിലേക്ക് പ്രത്യേകതരം കുഴലുകള്‍ ഇടിച്ചിറക്കിയാണ് മരുന്നിനായി പിത്തരസം ശേഖരിക്കുന്നത്. പലകരടികളും ഇതോടെ അണുബാധയേറ്റ് പഴുത്ത് മരിക്കും. കരടികളോടുള്ള ഈ ക്രൂരത അന്താരാഷ്ട്രവിഷയമായി മാറിയതോടെ, ചൈനയിലെ മൃഗസ്നേഹികള്‍ സംഘടിക്കുകയും കരടിരക്ഷാസംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ലാബുകളില്‍ കൃത്രിമമായി പിത്തരസഘടകങ്ങള്‍ ഉദ്പാദിപ്പിക്കണമെന്ന ആവശ്യവും ഇവരുന്നയിച്ചെങ്കിലും നിലവില്‍ പിത്തരസഉത്പ്പാദനത്തിനായി അസംഖ്യം കരടിഫാമുകള്‍ നിയമവിധേയമായി ചൈനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ വിദേശത്തുനിന്നുള്ള കരടിയുടെ പിത്തരസവും, കാട്ടുകരടിയുടെ പിത്തരസവും ചൈനയില്‍ നിയമവിധേയവുമല്ല. പക്ഷെ അനധികൃതവന്യജീവിക്കച്ചവടം പൊടിപൊടിച്ചിരുന്ന ചൈനയില്‍, സര്‍ക്കാരിന്റെ ഈ മരുന്ന് ശുപാര്‍ശ തെക്കു കിഴക്കന്‍ ഏഷ്യയിലൊന്നാകെ നിയന്ത്രണാതീതമായ കരടിവേട്ടയ്ക്ക് തുടക്കമിടുമെന്ന ആശങ്കയാണ് ശാസ്ത്രജ്ഞര്‍ പങ്കിടുന്നത്. നിയമം മൂലം സംരക്ഷിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍ക്കൂടി  കടുവ, കാണ്ടാമൃഗം, ആന തുടങ്ങിയ ജീവികള്‍ നിലവില്‍ വംശനാശഭീഷണി നേരിടുന്നുണ്ട്.  

കാറോണചികിത്സക്കായി നിര്‍ദ്ദേശിക്കപ്പെട്ട മറ്റൊരു ഗുളികയും ഇതേ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഇതൊരു പരമ്പരാഗതമരുന്നാണ്. അംഗോങ്ങ്ന്വിഹോങ്ങ് എന്ന പേരുള്ള ഗുളികയിലെ പ്രധാനഘടകം  കാണ്ടാമൃഗക്കൊമ്പില്‍ നിന്നും എടുക്കുന്നതാണ്. പനിയും അനുബന്ധരോഗങ്ങളും ചികിത്സിക്കുന്നതിനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. കാണ്ടാമൃഗക്കൊമ്പിന്റെ കച്ചവടം ലോകം മുഴുവന്‍ നിരോധിക്കപ്പെട്ട ഒന്നാണ്. ലോകം മുഴുവന്‍ കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍, ഇത്തരം മരുന്നുകള്‍ ഔദ്യോഗികമായി നിര്‍ദ്ദേശിക്കപ്പെടുന്നത് കരടിക്കും കാണ്ടാമൃഗത്തിനുമുള്ള മരണവാറണ്ടാവും. നിലവില്‍ കോറോണവൈറസിന് ഈ രണ്ട് മരുന്നുകളും ഫലപ്രദമാണെന്ന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍പ്രദേശ് ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കരടിവേട്ട ശക്തിപ്രാപിക്കുമെന്ന ആശങ്കയാണ് ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പടരുന്നത്. കാണ്ടാമൃഗങ്ങളുടെ സ്വാഭാവികവിവാഹരകേന്ദ്രമെന്ന നിലയില്‍ ആസാമിലെ കാശിരംഗ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഇപ്പോഴും വേട്ടക്കാരുടെ ഹോട്ട്സ്പോട്ടുകളാണ്. അരുണാചല്‍പ്രദേശില്‍ കരടിവേട്ട ശക്തവുമാണ്. വടക്കുകിഴക്കന്‍വനാന്തരങ്ങളില്‍ നിന്നും വേട്ടയാടിയുണ്ടാക്കുന്ന കരടിയുടെ പിത്തരസവും കാണ്ടാമൃഗക്കൊമ്പിന്റെയും പ്രധാന വിപണി ചൈനയാണ്. മ്യാന്‍മാര്‍ വഴി ജലമാര്‍ഗം മൊംഗാളയില്‍ എത്തിച്ച് അവിടെ നിന്ന് ഇവ ചൈനയിലേക്ക് കടത്തപ്പെടുന്നു. ചൈനയിലെ യുന്നാനിലുള്ള ഗുഞ്ചും എന്ന സ്ഥലമാണ് കാണ്ടാമൃഗക്കൊമ്പുകളുടെ അനധികൃതവിപണിയായി പ്രവര്‍ത്തിക്കുന്നത്. ഇത് ഒരു കിലോയ്ക്ക് ഇന്ത്യന്‍ രൂപയില്‍ വില ഒരു കോടി മുപ്പത് ലക്ഷം വരെ വരും എന്നറിയുക !

എന്തായാലും ചൈന ഒരു പരിഷ്‌കൃതസമൂഹത്തിന് യോജിച്ചവിധം പ്രവര്‍ത്തിക്കുകയും ഈ രണ്ട് മരുന്നുകളെയും ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും എന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം കോറോണ ആഞ്ഞടിക്കുന്നത് പാവം കരടികളെക്കൂടി കൊന്നൊടുക്കിയാവും. ആസക്തിയാലും അന്ധവിശ്വാസത്തിനാലും വന്യജീവികളില്‍ പലതിനെയും തിന്നൊടുക്കിയ ചൈന തന്നെ അതിനിടയാക്കുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു ദുരന്ത അധ്യായവുമാവും.

click me!