ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉപയോഗിക്കുന്നത് ഈ രാജ്യത്ത്, ഗോതമ്പിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെ?

By Web TeamFirst Published Nov 25, 2019, 12:57 PM IST
Highlights

മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഗോതമ്പ് വന്‍തോതില്‍ കൃഷി ചെയ്തുവരുന്നത്. റൊട്ടി, ബിസ്‌കറ്റ് എന്നിവ ഉണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്നത് ഗോതമ്പാണ്. 

ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉപയോഗിക്കുന്ന രാജ്യമാണ് ചൈന. നൂഡില്‍സ്, ബണ്‍, പേസ്ട്രി എന്നിവയെല്ലാം ഗോതമ്പ് ഉപയോഗിച്ചാണ് ഇവര്‍ നിര്‍മിക്കുന്നത്. ഏകദേശം 4,600 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചൈനയുടെ വടക്കന്‍ ഭാഗങ്ങളില്‍ ഗോതമ്പ് കൃഷി ആരംഭിച്ചത്. ഒരു കാലത്ത് പാവങ്ങള്‍ പട്ടിണി അകറ്റാനായി ഉപയോഗിച്ചിരുന്ന ധാന്യമായിരുന്നു ഗോതമ്പ്.

വടക്കന്‍ ചൈനയിലെ പ്രാചീന കര്‍ഷകര്‍ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു തരം ധാന്യമായിരുന്നു കൃഷി ചെയ്തിരുന്നത്. പുല്ല് വര്‍ഗത്തില്‍പ്പെട്ട ചെറിയ വിത്തുകളുള്ള തിന പോലെയുള്ള ഒരുതരം ധാന്യം.  11,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷി ചെയ്യാന്‍ ആരംഭിച്ച ഈ ധാന്യം ഇന്ന് ഈസ്റ്റ് ഏഷ്യയിലും അമേരിക്കന്‍ ഐക്യനാടുകളില്‍ പക്ഷികള്‍ക്ക് തീറ്റയായും ഉപയോഗിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ധാന്യത്തിന് പകരം ഗോതമ്പ് പ്രധാന വിളയായി കൃഷി ചെയ്യാന്‍ ആരംഭിച്ചത്.

ഗോതമ്പ് വളരെ വേഗത്തില്‍ വളരുന്ന സസ്യമാണ്. എന്തുകൊണ്ടാണ് വടക്കന്‍ ചൈനക്കാര്‍ ഗോതമ്പ് പ്രധാന വിളയായി കൃഷി ചെയ്തത്? പുരാവസ്തു ഗവേഷകര്‍ പണ്ട് ഉപയോഗിച്ചിരുന്ന ധാന്യങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. തിനയും ഗോതമ്പും പോലുള്ള സസ്യങ്ങള്‍ മണ്ണിലെ പ്രത്യേക അളവിലുള്ള കാര്‍ബണ്‍ ഐസോടോപ്പുമായി സംയോജിക്കുന്നു.  
 

 

കാലാവസ്ഥയിലുണ്ടായ വലിയ മാറ്റങ്ങളായിരിക്കാം ഗോതമ്പ് കൃഷിയിലേക്ക് ചൈനക്കാരെ ആകര്‍ഷിച്ച ഒരു കാരണം. ഏകദേശം 4,200 വര്‍ഷങ്ങള്‍ക്കു മുമ്പ് കാലാവസ്ഥ തണുത്തതും ഉണങ്ങിയതുമായി കാണപ്പെട്ടിരുന്നു. കിഴക്കന്‍ മെഡിറ്ററേനിയനിലും പടിഞ്ഞാറന്‍ ഏഷ്യയിലും മഴ ലഭ്യത വളരെ കുറഞ്ഞിരുന്നു. ആ കാലത്തുണ്ടായ വലിയ വരള്‍ച്ച ലോകമെങ്ങുമുള്ള വിളകളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. മെസൊപ്പൊട്ടേമിയന്‍ സംസ്‌കാരത്തില്‍ നിന്നും സിന്ധു നദീതട സംസ്‌കാരത്തിലേക്കുള്ള വലിയ സാമൂഹ്യ പരിവര്‍ത്തനത്തിന് ഇത് കാരണമായിട്ടുണ്ട്. ചൈനയിലെ നിയോലിത്തിക് സംസ്‌കാരത്തിന്റെ തകര്‍ച്ചയ്ക്കും ഇത് കാരണമായിട്ടുണ്ട്.

നിയോലിത്തിക് കാലഘട്ടത്തിന് ശേഷമുള്ള കാലം ലോകമെങ്ങും ജനസംഖ്യ വളരെ പെട്ടെന്ന് വര്‍ധിച്ചു വന്നതായി രേഖകള്‍ കാണിക്കുന്നു. എന്നും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയും വിളകളുടെ ഉത്പാദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലും കാരണം ചൈനയുടെ കിഴക്കന്‍ പ്രവിശ്യയിലുള്ള നിയോലിത്തിക് കര്‍ഷകര്‍ നിലനില്‍പ്പിനായി പ്രയാസപ്പെടുകയായിരുന്നു.

തിനയും ചോളവും അപേക്ഷിച്ച് ഗോതമ്പ് കൃഷി ചെയ്യുമ്പോള്‍ കൂടുതല്‍ വെള്ളം ആവശ്യമാണ്. അതുകൊണ്ടുതന്നെ വരള്‍ച്ചയുടെ കാലഘട്ടത്തില്‍ ഗോതമ്പ് കൃഷി ഒരിക്കലും അനുയോജ്യമായിരുന്നില്ല. തിനയും ചോളവും പോലുള്ള ധാന്യങ്ങള്‍ വിളവെടുത്ത ശേഷം ഗോതമ്പ് കൃഷി ചെയ്യാമായിരുന്നു. ഏതെങ്കിലും വര്‍ഷം മറ്റുള്ള ധാന്യങ്ങള്‍ കൃഷി ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ഗോതമ്പ് കൃഷി ചെയ്യാനുള്ള അവസരമായി പ്രയോജനപ്പെടുത്തിയിരുന്നു. അങ്ങനെയായിരിക്കണം ചൈനയിലുള്ളവര്‍ ഗോതമ്പ് വളര്‍ത്താന്‍ തുടങ്ങിയതെന്ന് കരുതപ്പെടുന്നു.

ഗോതമ്പ് കൃഷി ഇന്ത്യയില്‍

മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഗോതമ്പ് വന്‍തോതില്‍ കൃഷി ചെയ്തുവരുന്നത്. റൊട്ടി, ബിസ്‌കറ്റ് എന്നിവ ഉണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്നത് ഗോതമ്പാണ്. തുണിമില്ലുകളിലെ ആവശ്യത്തിനുള്ള സ്റ്റാര്‍ച്ച് ഉത്പാദിപ്പിക്കാന്‍ ഗോതമ്പ് വ്യാപകമായി ഉപയോഗിക്കുന്നു. ഗോതമ്പുതവിട് പ്രധാന കാലിത്തീറ്റയാണ്. ശീതകാലവിളയായതിനാലാണ് കേരളത്തില്‍ ഗോതമ്പ് കൃഷി ചെയ്യാത്തത്.

കേരളത്തില്‍ വട്ടവടയിലും കാന്തല്ലൂരും

വട്ടവടയിലെ വസന്തകാലവിളയാണ് ഗോതമ്പ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് വട്ടവടയില്‍ ഗോതമ്പ് കൃഷി കണ്ടുവരുന്നത്. ഗോതമ്പ് വളരുന്ന സമയത്ത് തണുപ്പാണ് ആവശ്യം. കതിരിട്ട് തുടങ്ങുമ്പോള്‍ ചെറുചൂട് ആവശ്യമാണ്.

 

സമുദ്രനിരപ്പില്‍ നിന്നും 3300 മീറ്റര്‍ ഉയരത്തില്‍ വരെ ഗോതമ്പ് കൃഷി ചെയ്യാം. മഞ്ഞും മഴയും ചെറുക്കാനുള്ള ശക്തി ഗോതമ്പിനുണ്ട്. ഉയരമുള്ള സ്ഥലങ്ങളിലെ കാലാവസ്ഥയില്‍ ഗോതമ്പ് നന്നായി വിളയുമെന്നതുകൊണ്ടാണ് കാന്തല്ലൂരിലും ഈ ധാന്യം കൃഷി ചെയ്തുവരുന്നത്.

ഇവിടെ കര്‍ഷകര്‍ തങ്ങളുടെ ആവശ്യത്തിനാണ് ഗോതമ്പ് കൃഷി ചെയ്യുന്നത്. കാര്യമായ പരിചരണമൊന്നും കൂടാതെ കൃഷി ചെയ്യാന്‍ പറ്റുമെന്നതാണ് ഗോതമ്പിന്റെ പ്രത്യേകത. വട്ടവടയില്‍ അരിഗോതമ്പിന്റെയും സൂചിഗോതമ്പിന്റെയും വിത്തുകള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നുണ്ട്. പ്രത്യേകമായ രീതിയില്‍ നനയ്ക്കുകയോ വളപ്രയോഗം നടത്തുകയോ ചെയ്യുന്നില്ല. എന്നിരുന്നാലും 125 മുതല്‍ 150 കി.ഗ്രാം വരെ ഗോതമ്പ് 30 സെന്റില്‍ നിന്ന് ഇവര്‍ വിളവെടുക്കാറുണ്ട്. നേരത്തെ കൃഷി ചെയ്ത് വിളവെടുത്ത ഭൂമിയില്‍ അവശേഷിക്കുന്ന വളമുള്ള മണ്ണില്‍ത്തന്നെ  ഗോതമ്പ് കൃഷി ചെയ്യാം. കാര്‍ത്തിക മാസത്തിലാണ് വട്ടവടക്കാര്‍ ഗോതമ്പ് വിത്ത് വിതയ്ക്കുന്നത്.

click me!