Chocolate bordered Flitter : അനേകം ചിത്രശലഭങ്ങളെ പകർത്തി, അപ്രതീക്ഷിതമായി ക്യാമറയിൽ പതിഞ്ഞ് അജ്ഞാതസുന്ദരി

Published : Dec 07, 2021, 12:44 PM IST
Chocolate bordered Flitter : അനേകം ചിത്രശലഭങ്ങളെ പകർത്തി, അപ്രതീക്ഷിതമായി ക്യാമറയിൽ പതിഞ്ഞ് അജ്ഞാതസുന്ദരി

Synopsis

ഡിസംബർ ഒന്നിന് സൂടാക്‌സയിലെ ഒരു പേപ്പറിലാണ് വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്. ഇതുവരെ അറിയാവുന്നിടത്തോളം, സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ അതിരാവിലെ മുതൽ മധ്യാഹ്നം വരെ ഇത് സജീവമാണ്. 

സിക്കി(Sikkim)മിൽ ചിത്രശലഭങ്ങളുടെ ചിത്രമെടുക്കുന്ന ഒരു ഫോട്ടോഗ്രാഫർ(Photographer) ആകസ്മികമായി ഒരു പുതിയ ഇനം ചിത്രശലഭത്തെ കണ്ടെത്തി. വടക്കൻ സിക്കിമിലെ സോംഗു(Dzongu)വിൽ നിന്നുള്ള സോനം വാങ്‌ചുക് ലെപ്‌ച(Sonam Wangchuk Lepcha) 2016 മുതൽ ചിത്രശലഭങ്ങളുടെ ഫോട്ടോ എടുക്കുന്നു. എന്നാൽ, ഒരു ദിവസം താന്‍ പുതിയ ഇനങ്ങളെ കണ്ടെത്തുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.

താൻ പകര്‍ത്തുന്ന ചിത്രശലഭങ്ങളുടെ ഫോട്ടോകൾ ബംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലേക്ക് (NCBS) വാങ്ചുക് ലെപ്ച അയച്ചുകൊടുക്കുന്നു. അവിടെ അവയെ തിരിച്ചറിയുകയും ‘ബട്ടർഫ്ലൈസ് ഓഫ് ഇന്ത്യ’ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. 2020 -ൽ, തവിട്ട് ബോർഡറുകളുള്ള ഒരു മഞ്ഞ ചിത്രശലഭത്തെ അദ്ദേഹം പകര്‍ത്തി. അത് പിന്നീട് ഒരു അജ്ഞാത ഇനമാണെന്ന് കണ്ടെത്തിയതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. 

“സോനത്തിന്റെ ചിത്രം അവലോകനം ചെയ്യുമ്പോൾ, ഇത് ഇന്ത്യയിൽ മുമ്പ് അറിയപ്പെടാത്ത ഒരു ഇനമാണെന്നും വാസ്തവത്തിൽ ഇതൊരു പുതിയ ഇനമാണെന്നും ഞാൻ മനസ്സിലാക്കി” എൻ‌സി‌ബി‌എസിലെ കൃഷ്‌ണമേഗ് കുന്റെ ദി ഹിന്ദുവിനോട് പറഞ്ഞു. ചോക്ലേറ്റ് ബോർഡർഡ് ഫ്ലിറ്റർ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇനത്തിന് സോഗ്രാഫെറ്റസ് ഡിസോങ്‌വെൻസിസ് എന്ന ശാസ്ത്രീയ നാമമുണ്ട്. വടക്കൻ സിക്കിമിലെ സോംഗു കണ്ടെത്തിയ സ്ഥലത്തിന്റെ പേരിലാണ് ഇതിന് ഇങ്ങനെ പേര് നൽകിയിരിക്കുന്നത്. 

"ചൈനീസ് സ്പീഷിസുകൾക്ക് പൊതുവായ നിറത്തിലും രൂപത്തിലും ചോക്ലേറ്റ് ബോർഡർ ഫ്ലിറ്ററിനോട് സാമ്യമുണ്ട്. പക്ഷേ, അവയ്ക്ക് അല്പം വ്യത്യസ്തമായ പാടുകൾ ഉണ്ട്. സിക്കിം ഇനങ്ങളുടെ പിൻചിറകിലെ ചോക്ലേറ്റ്-തവിട്ട് പാടുകൾ ചെറുതാണ്. ആണ്‍ചിത്രശലഭത്തിന്‍റെ ചില ആന്തരിക ഘടനകളും മൂന്ന് സ്പീഷീസുകൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു'' കൃഷ്‌നമേഗ് കുന്റെ ഈസ്റ്റ് മോജോയോട് പറഞ്ഞു.

ഗ്വാങ്‌ഡോങ്ങിലെ സോഗ്രാഫെറ്റസ് പാംഗി, തെക്കുകിഴക്കൻ ചൈനയിലെ ഹോങ്കോങ്ങിന് സമീപമുള്ള ഹൈനാനിലെ സോഗ്രാഫെറ്റസ് ഹൈനാനെൻസിസ് എന്നിവയാണ് അതിന്റെ ഏറ്റവും അടുത്ത ബന്ധുക്കളെന്ന് ദി ഹിന്ദുവിനോട് സംസാരിക്കുമ്പോൾ കുന്റെ പറഞ്ഞു. ഡിസംബർ ഒന്നിന് സൂടാക്‌സയിലെ ഒരു പേപ്പറിലാണ് വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്. ഇതുവരെ അറിയാവുന്നിടത്തോളം, സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ അതിരാവിലെ മുതൽ മധ്യാഹ്നം വരെ ഇത് സജീവമാണ്. 

PREV
click me!

Recommended Stories

'പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ
കോയമ്പത്തൂരിൽ റോഡിലേക്ക് പാഞ്ഞുകയറി കുതിരകൾ, കുട്ടികളുമായി സ്കൂട്ടിയിൽ പോവുകയായിരുന്ന സ്ത്രീയ്ക്ക് പരിക്ക്; വീഡിയോ