പൗരത്വ ഭേദഗതി ബിൽ, ത്രിപുരയിലെ ജനപ്രതിനിധികളിൽ നിന്നുയരുന്നത് തുറന്ന ഭീഷണി

By Web TeamFirst Published Dec 12, 2019, 10:34 AM IST
Highlights

ത്രിപുര എന്നും അഭയാർത്ഥികളെ തുറന്ന മനസ്സോടെ സ്വീകരിച്ചിട്ടുള്ള ഒരു സംസ്ഥാനമാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം 1948, 1955, 1965, 1971, 1981 വർഷങ്ങളിൽ ഈസ്റ്റ് പാകിസ്ഥാൻ അഥവാ ബംഗ്ലാദേശിൽ നിന്ന് ത്രിപുരയിലേക്ക് ഹിന്ദു ബംഗാളി കുടിയേറ്റങ്ങൾ വൻതോതിൽ ഉണ്ടായിട്ടുണ്ട്. 

ത്രിപുര ഇന്ത്യയിലെ ഏറ്റവും ചെറിയ  സംസ്ഥാനങ്ങളിൽ ഒന്നാണ്. 10,491 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ കൊച്ചു സംസ്ഥാനത്തിന്റെ തെക്കും, വടക്കും, പടിഞ്ഞാറും അതിർത്തികളിൽ ബംഗ്ലാദേശ് എന്ന അയൽരാജ്യമാണ്. കിഴക്കൻ അതിരു പങ്കിടുന്നതോ മിസോറാം, അസം എന്നീ സംസ്ഥാനങ്ങളും. 2011 -ലെ സെൻസസ് പ്രകാരം ഇവിടെ ആകെയുള്ളത് വെറും 36 ലക്ഷം ജനങ്ങൾ മാത്രമാണ്. ഇന്ത്യൻ ജനസംഖ്യയുടെ 0.3 ശതമാനം മാത്രം. 

ത്രിപുരി രാജകുടുംബത്തിന്റെ അധീനത്തിലായിരുന്നു ബ്രിട്ടീഷ് ഭരണകാലത്ത് ഈ പ്രദേശം. ടിപ്പേരാ മലനിരകളിൽ അന്ന് ത്രിപുരി രാജ്യം നിലനിന്നിരുന്നു. 1949 -ൽ രാജഭരണം അവസാനിച്ചു. ഈ പ്രദേശം ഇന്ത്യൻ യൂണിയനിൽ ലയിച്ചു. കുന്നുകളും, മലനിരകളും, താഴ്വരകളും നിറഞ്ഞ ഒരു സംസ്ഥാനമാണിത്. കനത്ത മഴ പെയ്യുന്ന സംസ്ഥാനം. 1972 ജനുവരി 21 -നാണ് ത്രിപുര സംസ്ഥാനം നിലവിൽ വരുന്നത്.

ത്രിപുര എന്നും അഭയാർത്ഥികളെ തുറന്ന മനസ്സോടെ സ്വീകരിച്ചിട്ടുള്ള ഒരു സംസ്ഥാനമാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം 1948, 1955, 1965, 1971, 1981 വർഷങ്ങളിൽ ഈസ്റ്റ് പാകിസ്ഥാൻ അഥവാ ബംഗ്ലാദേശിൽ നിന്ന് ത്രിപുരയിലേക്ക് ഹിന്ദു ബംഗാളി കുടിയേറ്റങ്ങൾ വൻതോതിൽ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി, സ്വാതന്ത്ര്യം കിട്ടുമ്പോൾ 80 ശതമാനത്തിലധികമുണ്ടായിരുന്ന ത്രിപുരി പ്രാതിനിധ്യം, ഇപ്പോൾ വെറും 30 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. കുടിയേറ്റം അടുത്തിടെയായി തദ്ദേശീയരും കുടിയേറിവന്നവരും തമ്മിലുള്ള സംഘർഷങ്ങൾക്ക് കാരണമായിത്തുടങ്ങിയിട്ടുണ്ട്. 

അടിസ്ഥാനപരമായി ത്രിപുരയും ഒരു ട്രൈബൽ സ്റ്റേറ്റ് ആണ്. ആസാമിനെപ്പോലെ, നാഗാലാൻഡിനെപ്പോലെ ഗോത്രപരമ്പര്യമുള്ള ഒരു സംസ്ഥാനം. ഏറെ വൈകിമാത്രം ജനാധിപത്യത്തിന്റെ പാതയിൽ സഞ്ചരിച്ചുതുടങ്ങിയവർ. ദേശീയത എന്ന വികാരം, ഗോത്രപരമ്പര്യത്തിലുള്ള അഭിമാനത്തിന് ഒരുപടി താഴെ മാത്രം സൂക്ഷിക്കുന്നവർ. എന്നാൽ അക്കാര്യത്തിലും ത്രിപുര നാഗാലാൻഡിനെക്കാളും അസമിനേക്കാളും ഒക്കെ ഭേദമാണെന്നുവേണം പറയാൻ. കാരണം, കുടിയേറ്റങ്ങളെ ത്രിപുരക്കാർ സ്വീകരിച്ചത്ര സമാധാനപരമായി ആരും തന്നെ സ്വീകരിച്ച ചരിത്രമില്ല.

എന്നാൽ അമിത് ഷാ അവതരിപ്പിച്ച പുതിയ പൗരത്വ ഭേദഗതി ബിൽ ത്രിപുരയിൽ വമ്പിച്ച പ്രതിഷേധങ്ങളിലേക്കാണ് നയിച്ചിരിക്കുന്നത്. ബിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് ബിജെപിയുടെ സഖ്യകക്ഷിയായ ഇൻഡിജിനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (IPFT) ആണ്. ഇന്ന് ഈ പൗരത്വ ഭേദഗതി ബില്ലിന്റെ പേരും പറഞ്ഞുകൊണ്ട്, ത്രിപുരയിലെ കുടിയേറ്റ ജനതയും, തദ്ദേശീയരും തമ്മിൽ കണ്ടാൽ മിണ്ടാത്ത അവസ്ഥയായിട്ടുണ്ട്.

ത്രിപുരയിൽ 144 പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഇന്റർനെറ്റ് സംവിധാനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇവിടത്തെ പ്രാദേശിക നേതാക്കൾ പലരും തങ്ങളുടെ അണികളെ പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി നേരിൽ കണ്ടുകൊണ്ട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ, സ്വതവേ സമാധാനകാംക്ഷികളായ ആ നേതാക്കൾ പറയുന്ന കാര്യങ്ങളിൽപ്പോലും ഇപ്പോൾ കാലുഷ്യവും, ഭീഷണിയുടെ സ്വരവും നിഴലിക്കുന്നുണ്ട്. അവർ പറയുന്നത് ഒരേ കാര്യമാണ്. "ത്രിപുരയെ പൗരത്വ ഭേദഗതി ബില്ലിൽ നിന്ന് ഒഴിവാക്കണം. ഇല്ലെങ്കിൽ, തങ്ങൾക്ക് അറിയാവുന്ന രീതിയിൽ ഗോത്രവർഗം പ്രതികരിച്ചെന്നിരിക്കും. എല്ലാ പ്രതികരണങ്ങളും ചിലപ്പോൾ രാഷ്ട്രീയമായിക്കൊള്ളണം എന്നില്ല!"
 

click me!