ക്ലാരെറ്റ പെറ്റാച്ചി:മുസ്സോളിനിയെന്ന ഫാസിസ്റ്റിനെ പ്രേമിച്ച് അയാൾക്കൊപ്പം തൂക്കിലേറ്റപ്പെട്ട ഇറ്റാലിയൻ സുന്ദരി

By Web TeamFirst Published Aug 15, 2020, 7:30 PM IST
Highlights

മകളെ പ്രാപിക്കാൻ വേണ്ടി അവർ മുസോളിനിയെ സ്വന്തം മാളികയിലേക്ക് ക്ഷണിച്ചു. മകളുടെ കിടപ്പറയുടെ ചുവരുകളും ഉത്തരത്തിലും വലിയ കണ്ണാടികൾ സ്ഥാപിച്ച് അതിന്റെ  ആസ്വാദ്യത പരമാവധിയാക്കാൻ ഉത്സാഹിച്ചു. 

ബെനിറ്റോ മുസ്സോളിനി എന്ന വാക്കിനൊപ്പം ലോകമോർക്കുന്ന ഒരു വാക്കാണ് ഫാസിസം എന്നത്. ഫാസിസ്റ്റ് പാർട്ടി സ്ഥാപിച്ച് മുസ്സോളിനി പ്രവർത്തിച്ച ഫാസിസത്തെക്കുറിച്ചല്ല ഇന്നിവിടെ വിവരിക്കാൻ പോകുന്നത്. അത് അയാളുടെ വ്യക്തിജീവിതത്തെക്കുറിച്ചാണ്. സ്ത്രീശരീരത്തോട് അയാൾക്കുണ്ടായിരുന്ന അടങ്ങാത്ത അഭിനിവേശത്തെക്കുറിച്ചാണ്. അയാൾ ജീവിതത്തിൽ ഒരിക്കൽ മാത്രം അറിഞ്ഞ യഥാർത്ഥ പ്രണയത്തെക്കുറിച്ചാണ്, അതിന്റെ ദാരുണാന്ത്യത്തെക്കുറിച്ചാണ്. 

മുസ്സോളിനിയുടെ കഥ തുടങ്ങുന്നത്, ഒരു കാല്പനിക നോവൽ തുടങ്ങുന്ന മട്ടിലാണ്. 1932 -ലെ റോമാ നഗരം. വസന്താരംഭത്തിലെ ഇളം ചൂടുള്ള ഒരു പ്രഭാതം. ക്ലാരെറ്റ പെറ്റാച്ചി എന്ന ഇരുപതു തികയാത്ത കുലീനയുവതി, തന്റെ സുമുഖനും സൽസ്വഭാവിയുമായ സർവോപരി സൈന്യത്തിൽ ലെഫ്റ്റനന്റുമായ പ്രതിശ്രുത വരന്റെയൊപ്പം ഒരു ലിമൊസീനിലേറി ഒരു സായാഹ്നം ആസ്വദിക്കാനായി നഗരാതിർത്തിയിലുള്ള കടൽത്തീരത്തേക്ക് ഇറങ്ങിപ്പുറപ്പെട്ടു. 

ആ ലാൻസിയ കാറിനുള്ളിൽ അവർക്കിരുവർക്കും ഇടയിൽ പുഞ്ചിരിതൂകിക്കൊണ്ട് ഒരാൾ കൂടിയുണ്ടായിരുന്നു, ക്ലാരെറ്റയുടെ ഒമ്പതുവയസ്സുള്ള സഹോദരി മിറിയം. കടൽത്തീരത്തേക്കുള്ള ആ റോഡ് ഇറ്റലിയുടെ ആധുനിക എഞ്ചിനീയറിങ് മികവിന്റെ ഒരു പ്രതീകമായിരുന്നു. ഇറ്റലിയുടെ പ്രധാനമന്ത്രിയും ഫാസിസ്റ്റ് പാർട്ടി നേതാവുമായ ബെനിറ്റോ മുസ്സോളിനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിർമിച്ച ഒരു രാജപാത താനെയായിരുന്നു അത്. അന്നു മുസോളിനിക്ക് വയസ്സ് 49. അയാൾ അധികാരത്തിന്റെ പരകോടിയിൽ നിൽക്കുന്ന കാലം. ഇറ്റലിയിൽ ഒരു ദൈവപരിവേഷത്തോടെ വിരാജിച്ചിരുന്ന കാലം. ഇറ്റാലിയൻ ജനത മുസോളിനിയെ വിളിച്ചിരുന്നത് 'ഇൽ ഡ്യൂസ്' എന്നായിരുന്നു. ലോകനേതാക്കൾക്കിടയിലും ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു എന്ന് മുസോളിനി. വിൻസ്റ്റൺ ചർച്ചിൽ അയാളെ വിളിച്ചിരുന്നത് 'റോമൻ ജീനിയസ്' എന്നായിരുന്നു. എന്തിന്, മഹാത്മാഗാന്ധി പോലും അന്ന് മുസ്സോളിനി തന്റെ ജനങ്ങളോട് കാണിക്കുന്ന പരിഗണനയുടെ പേരിൽ അയാളെ അഭിനന്ദിച്ചിട്ടുണ്ട്. 

 

 

ക്ലാരെറ്റ പെറ്റാച്ചി എന്ന ഇരുപതുകാരി, അതീവ സുന്ദരിയായ യുവതി, തന്റെ ഭാവി വരനുമൊത്ത് കടൽത്തീരത്തേക്ക് സായാഹ്നം ചെലവിടാൻ പോകുന്ന വിയാ ഡെൽ മാരെയുടെ തെരുവിലൂടെ തന്നെ തീർത്തും ആകസ്മികമായി 'ഇൽ ഡ്യൂസ് ' മുസോളിനിയുടെ ആൽഫ റോമിയോ 8C  കാറും വന്നു.  ഓസ്റ്റിയക്കടുത്തുവെച്ച് മുസ്സോളിനിയുടെ ആൽഫ റോമിയോ  ക്ലാരെറ്റയുടെ ലാൻസിയയെ ഓവർടേക്ക് ചെയ്ത്, പതിവുപോലെ ഉച്ചത്തിൽ ഹോണുമടിച്ച് കടന്നുപോയി. അത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഒരു ഓവർ ടേക്കിങ് സീൻ ആയിരുന്നു. കടന്നു പോയത് ഇൽ ഡ്യൂസ് ആണെന്ന് തിരിച്ചറിഞ്ഞ ക്ലാരെറ്റ പിൻ സീറ്റിൽ ഇരുന്ന് മുസ്സോളിനിക്ക് നേരെ ഒരു നിറപുഞ്ചിരി പാസ്സാക്കി, ഒപ്പം ജനലിലൂടെ കൈ പുറത്തിട്ട് വീശിക്കാണിക്കുകയും ചെയ്തു. 

ഒരു നിമിഷം. ഒരൊറ്റ നിമിഷം. മുസോളിനിയുടെയും  ക്ലാരെറ്റയുടേയും മിഴികൾ തമ്മിലിടഞ്ഞു. നിമിഷാർദ്ധനേരം നേരം മാത്രം. അതിനുള്ളിൽ തന്നെ ആ സുന്ദരിയിൽ മുസോളിനിക്ക് പ്രണയമുദിച്ചു കഴിഞ്ഞു. അങ്ങനെ സംഭവിച്ചാൽ പിന്നെ എന്താ ചെയ്ക?  ലാൻസിയക്ക് മുന്നിലേക്ക് ഓവർടേക്ക് ചെയ്ത് കയറിയ പാടെ മുസ്സോളിനി കൈ പുറത്തിട്ട് വീശി, വണ്ടി ഒതുക്കാൻ പറഞ്ഞു. വണ്ടി നിർത്തിയതും ക്ലാരെറ്റ ചാടി പുറത്തിറങ്ങി. " അത് ഇൽ ഡ്യൂസ് ആണ്, ഞാൻ ചെന്ന് അഭിവാദ്യമർപ്പിക്കട്ടെ. എത്രകാലമായെന്നോ ഞാൻ അദ്ദേഹത്തെ ഒരു നോക്കുകാണാൻ കൊതിക്കുന്നു," 

 

 

വിവാഹമൊക്കെ നിശ്ചയിക്കപ്പെട്ടിരുന്നു എങ്കിലും, വയസ്സറിയിച്ച കാലം തൊട്ടുതന്നെ ഇൽ ഡയോസിനെ ഭ്രാന്തമായി സ്നേഹിച്ചിരുന്ന ഒരു പെൺകുട്ടിയായിരുന്നു  ക്ലാരെറ്റ. അയാൾ അവൾക്ക് 'ബെൻ' ആയിരുന്നു. 1926 -ൽ വയലറ്റ് ഗിബ്‌സൺ എന്ന ഐറിഷ് യുവതി മുസോളിനിയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച ഒരു സംഭവമുണ്ടായി. അന്ന്, മുസ്സോളിനിയുടെ മൂക്കിൽ ഉരഞ്ഞ് ആ വെടിയുണ്ട കടന്നുപോയി. അത്, അന്ന് പതിനാലുവയസ്സുമാത്രം ഉണ്ടായിരുന്ന ക്ലാരെറ്റക്ക് താങ്ങാനായിരുന്നില്ല. അവൾ തന്റെ കാമുകന് കത്തെഴുതി, " ഓ ഡ്യൂസ്, നിന്നെ അവൾ വെടിവെച്ചപ്പോൾ ഞാനവിടെ ഇല്ലാതെ പോയല്ലോ. എന്റെ ഈ കൈകളാൽ ഞാനാ ദുഷ്ടയുടെ കഴുത്ത് ഞെരിച്ച് അവളെ കൊന്നേനെ..." എന്ന് എന്നായിരുന്നു അന്നവൾ തന്റെ കത്തിൽ കുറിച്ചത്. മുസോളിനിയുടെ നെഞ്ചിൽ കാതുചേർത്ത് അയാളുടെ ഹൃദയസ്പന്ദനങ്ങൾ കേൾക്കുന്നതിനെപ്പറ്റി അവൾ അന്ന് സ്വപ്നം കണ്ടിരുന്നു. " എൽ ഡ്യൂസ്, ഈ ജീവിതം നിനക്കുള്ളതാണ്..." എന്നവൾ തന്റെ ഡയറിത്താളുകളിൽ എഴുതി നിറച്ചു. തന്റെ മോഹങ്ങൾ താമസിയാതെ പൂവണിയും എന്ന് അപ്പോഴൊന്നും ആ കൗമാരക്കാരി പ്രതീക്ഷിച്ചിരുന്നതേയില്ല. മുസ്സോളിനിയെ ജീവനുതുല്യം പ്രണയിച്ചിരുന്ന ആദ്യത്തെ ഇറ്റാലിയൻ യുവതിയായിരുന്നില്ല ക്ലാരെറ്റ. അന്ന് ഇറ്റലിയിൽ മുസോളിനിയെ പ്രാപിക്കാൻ ഏറെ മോഹിച്ചിരുന്നു നിരവധി യുവതികളുണ്ടായിരുന്നു. 

ആരായിരുന്നു മുസോളിനി?

1883 -ൽ സോഷ്യലിസ്റ്റ് ആയൊരു കൊല്ലപ്പണിക്കാരന്റെ മകനായിട്ടാണ് ബെനിറ്റോ ജനിക്കുന്നത്. കൗമാരകാലം തൊട്ടുതന്നെ ആ പട്ടണത്തിലെ വേശ്യാലയങ്ങളിലെ സ്ഥിരം സന്ദർശകനായിരുന്നു അയാൾ. എന്തോ നന്നേ ചെറുപ്പം തൊട്ടുതന്നെ അഭിസാരികമാർ അയാൾക്കൊരു ദൗർബല്യം തന്നെയായിരുന്നു. പിന്നീട് ഏറെ പ്രസിദ്ധനായി രാജ്യത്തെ കുലീന യുവതികളുടെയൊക്കെ പ്രേമഭാജനമായിട്ടും, അവർക്കൊപ്പം രതിയിലേർപ്പെടുമ്പോൾ ഉദ്ധാരണം കിട്ടണം എന്നുണ്ടെങ്കിൽ, തനിക്കൊപ്പം കിടക്ക പങ്കിടുന്നത് ഒരു അഭിസാരികയാണ് എന്ന് മനസ്സിൽ സങ്കൽപിക്കേണ്ടി വന്നിരുന്നു മുസ്സോളിനിക്ക്. ഇത് അയാൾ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്, ജീവചരിത്രങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള സത്യവും. 

മുസ്സോളിനിയുടെ ലൈംഗിക തൃഷ്ണ അന്തമില്ലാത്ത ഒന്നായിരുന്നു. അയാൾക്ക് ദിവസേന നാലു യുവതികൾക്കൊപ്പമെങ്കിലും ശയിച്ചാലേ തൃപ്തി വന്നിരുന്നുള്ളൂ. സെക്സ് എന്നാൽ മുസ്സോളിനിക്ക് എന്നും ഏറെ ഭ്രാന്തമായ, ഒട്ടു പരുക്കനായ, ഏറെക്കുറെ ബലാത്കാരത്തോടടുത്ത് നിൽക്കുന്ന പ്രാപിക്കലായിരുന്നു. പത്തുപന്ത്രണ്ട് അഭിസാരികകൾ എന്നും അയാളുടെ വിളിപ്പുറത്ത് തയ്യാറാക്കി നിർത്തിയിരുന്നു അനുയായികൾ. 

എന്തിനും തയ്യാറായിരുന്ന ആരാധികമാർ

അക്കാലത്ത് മുസ്സോളിനിയുടെ ഓഫീസിലേക്ക് ആരാധികമാരുടെ കത്തുകളുടെ നിരന്തരപ്രവാഹമായിരുന്നു. അതൊക്കെ വലിയൊരു അലമാരയുടെ ഒരു മൂലയ്ക്കൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു പതിവ്. 1922 -ൽ പരമാധികാരത്തിലേറിയ പാടെ മുസ്സോളിനി തന്റെ സെക്രട്ടറിക്ക് കൊടുത്ത ആദ്യത്തെ ഉത്തരവാദിത്തം ആ കത്തുകളിൽ നിന്ന് നല്ല ഭംഗിയുള്ള സ്ത്രീകളെ നോക്കി ഷോർട്ട് ലിസ്റ്റ് ചെയ്ത്, സെക്സിനായി അവരെ ഓഫീസിലേക്ക് കൊണ്ടെത്തിക്കാനുള്ള ഏർപ്പാട് ചെയ്യണം. ആരാധികമാരിൽ പലരും വിവാഹിതകളായിരുന്നു. അങ്ങനെ ക്ഷണം കിട്ടി വന്നെത്തുന്നവരുമായി ആ ഓഫീസിൽ വെച്ച് മുസ്സോളിനി ബന്ധപ്പെട്ടുകൊണ്ടിരുന്നു. തികച്ചും ഏകപക്ഷീയമായിരുന്നു ആ രതിസംഗമങ്ങൾ. അഞ്ചു മിനിറ്റിൽ കൂടുതൽ അതിലൊന്നുപോലും നീണ്ടു നിന്നില്ല. താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പങ്കാളിയുടെ സുഖമെന്ന ചിന്ത ഒരിക്കലും മുസ്സോളിനിയെ അലട്ടിയിരുന്നില്ല.

അത്രക്ക് ബുദ്ധിയോ രാഷ്ട്രീയബോധ്യമോ ഇല്ലാത്ത അബലകളായ സ്ത്രീകളെയായിരുന്നു മുസോളിനിക്ക് പ്രിയം. ഇച്ഛാശക്തിയുള്ള, അധികാരപദവികളിലുള്ള സ്ത്രീകളും അക്കാലത്ത് മുസോളിനിയിൽ മോഹിതരായിരുന്നു. പക്ഷേ അങ്ങനെയുള്ള സ്ത്രീകൾ എന്നും അയാളെ എന്നും സങ്കോചത്തിൽ ആഴ്ത്തിയിരുന്നു എന്നതാണ് സത്യം. ഉദാ. ഒരിക്കൽ റോമിലെ ഒരു സ്നാനഗൃഹത്തിൽ വെച്ച് ഇറ്റാലിയൻ രാജാവിന്റെ പുത്രി മരിയാ ജോസ് മുസോളിനിയെ, അപ്രതീക്ഷിതമായി തന്റെ ഗൗൺ നിലത്തേക്ക് ഊരിയിട്ട് വിവസ്ത്രയായി തന്നിലേക്ക് ആകർഷിക്കാൻ ശ്രമിച്ചപ്പോൾ, മുസോളിനിയുടെ പുരുഷത്വം അയാളെ നിരാശപ്പെടുത്തി. ആകെ പതറിപ്പോയി അന്നയാൾ.

 

 

അതേസമയം, തന്നെ എതിർത്തിരുന്ന സ്ത്രീകൾ അയാൾക്ക് വല്ലാത്ത ലൈംഗികോത്തേജനം പകരുകയും ചെയ്തിരുന്നു. ഒരു കത്തിൽ മുസ്സോളിനി പ്രായപൂർത്തിയാകാത്ത ഒരു ആരാധികയെ ബലാത്സംഗം ചെയ്തതിനെപ്പറ്റി വിവരിക്കുന്നുണ്ട്, "കോണിപ്പടിക്കൽ വെച്ച് ഞാൻ അവളെ കടന്നുപിടിച്ചു, ആ മൂലയ്ക്കൽ ഒരു വാതിലിന്റെ മറവിൽ വെച്ച് ഞാൻ അവളെ എന്റേതാക്കി. കരഞ്ഞുകൊണ്ട്, അപമാനഭാരത്തോടെയാണ് അവൾ അവിടെനിന്ന് എഴുന്നേറ്റുപോയത്. കരച്ചിൽ കൊണ്ട് അവൾ എന്നെ അപമാനിച്ച പോലെ അന്നെനിക്ക് തോന്നി. എന്നാൽ അവളുടെ ആ അനിഷ്ടം അധികനാൾ നീണ്ടുനിന്നില്ല. മൂന്നുമാസത്തോളം ഞങ്ങൾ പരസ്പരം ഏറെ ഭ്രാന്തമായി പങ്കിട്ടു. ഹൃദയങ്ങളല്ല, ഉടലുകൾ മാത്രം..." 

ക്ലാരെറ്റ എന്ന വ്യത്യസ്തയായകാമുകി 

എന്നാൽ, ക്ലാരെറ്റ പെറ്റാച്ചി മുസ്സോളിനി അന്നോളം കണ്ട സ്ത്രീകളിൽ നിന്ന് വ്യത്യസ്തയായിരുന്നു. റോമിലെ ഏറെ സ്വാധീനമുള്ള ഒരു ധനിക കുടുംബത്തിലെ അംഗമായിരുന്ന ആ യുവതിക്ക് മുസ്സോളിനിയോട് ഭ്രാന്തമായ അഭിനിവേശമുണ്ടായിരുന്നു. എന്നാൽ, തന്റെ ദേഹത്തൊന്നു തൊടാനോ, തന്നെ പ്രാപിക്കാനോ ഒന്നും അവൾ മുസ്സോളിനിയെ അത്ര എളുപ്പത്തിൽ അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മുസ്സോളിനിക്ക് അവസാനം വരെയും അവളെ സ്നേഹിക്കാതിരിക്കാൻ കഴിഞ്ഞില്ല. മരണത്തിലും അയാൾ അവളെ കൂടെക്കൂട്ടി.

 

 

ക്ലാരെറ്റയെ ആദ്യമായി കണ്ടുമുട്ടിയ തന്റെ നാല്പത്തൊമ്പതാം വയസ്സിൽ മുസ്സോളിനി റേച്ചൽ ഗ്വായ്ഡിയുമായി വിവാഹിതനായിരുന്നു. അതിൽ അഞ്ചു മക്കളും അയാൾക്കുണ്ടായിരുന്നു. വണ്ടി കുറുകെയിട്ട് പരിചയപ്പെട്ട അന്നുതന്നെ അയാൾ ക്ലാരെറ്റയോട് തന്റെ ഓഫീസിലേക്ക് വന്നു തന്നെ കാണാൻ ആവശ്യപ്പെട്ടു. ഓഫീസിൽ വെച്ചുള്ള ആദ്യത്തെ കണ്ടുമുട്ടലിലും ക്ലാരെറ്റ ഒൻപതുകാരിയായ സഹോദരി മറിയത്തെ കൂടെക്കൂട്ടി. അതുകൊണ്ട് മുസ്സോളിനി വിചാരിച്ച രീതിയിൽ കാര്യങ്ങൾ പുരോഗമിച്ചില്ല. പിന്നെ ഫോൺ വിളിയോട് ഫോൺ വിളിയായി. 

ഒരു ദിവസം, ക്ലാരെറ്റയുടെ അമ്മ ഗിസേപ്പിനാ പിറ്റാച്ചിയെ മുസ്സോളിനി ഓഫീസിലേക്ക് വിളിച്ചുവരുത്തി. അയാൾ അവരോട് ഇങ്ങനെ പറഞ്ഞു,. "നിങ്ങളുടെ മകൾ കന്യകയാണോ? അവളെ നിങ്ങൾ സൂക്ഷിച്ചു കൊണ്ടുനടക്കണം. മുസ്സോളിനിയോടടുക്കാൻ ഭാഗ്യം സിദ്ധിച്ചവർക്ക്  കാമുകന്മാരുണ്ടാവാൻ പാടില്ല..! " 
 
പിന്നെയും ദിവസങ്ങളോളം അമാന്തിച്ചു നിന്ന ശേഷം ഒരു ദിവസം മുസ്സോളിനി ധൈര്യം സംഭരിച്ച്, ഗിസേപ്പിനാ പിറ്റാച്ചിയോട് അവരുടെ മകളെ തന്റെ കാമുകിയാക്കാനുള്ള അനുവാദം ചോദിച്ചു. അവർ സന്തോഷത്തോടെ സമ്മതം മൂളി. ഗിസേപ്പിനെ മകളെ പ്രാപിക്കാൻ വേണ്ടി മുസോളിനിയെ സ്വന്തം മാളികയിലേക്ക് ക്ഷണിച്ചു. മകളുടെ കിടപ്പറ അവർ ആ സംഗമങ്ങൾക്കായി പിങ്കുനിറത്തിലുള്ള യവനികകളാൽ അലങ്കരിച്ചു. മുറിയുടെ ചുവരുകളും ഉത്തരത്തിലും വലിയ കണ്ണാടികൾ സ്ഥാപിച്ച് തന്റെ മകളുമൊത്തുള്ള എൽ ഡ്യൂസിന്റെ സംഗമരാവുകളുടെ ആസ്വാദ്യത പരമാവധിയാക്കാൻ ഉത്സാഹിച്ചു. പക്ഷേ, അന്നത്തെ റോമാ നഗരം വിവാഹിതനായ മുസോളിനിയും അവിവാഹിതയും കന്യകയുമായ  ക്ലാരെറ്റയും തമ്മിലുള്ള ആ അവിഹിത ബന്ധത്തെ പകൽ വെളിച്ചത്തിൽ അനുവദിച്ചു കൊടുക്കാനും മാത്രം പുരോഗമിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് ആ രതിസംഗമങ്ങൾ രഹസ്യമായിത്തന്നെ തുടർന്നു.

ബന്ധങ്ങൾക്ക് മറയായി വിവാഹം

ഒടുവിൽ അധികം താമസിയാതെ, മുസ്സോളിനിയുടെ അനുഗ്രഹാശിസ്സുകളോടെ തന്നെ 1934 -ൽ  ക്ലാരെറ്റയുടെ വിവാഹം അവളുടെ പ്രതിശ്രുത വരൻ ലെഫ്റ്റനന്റ് ഫെഡെറിച്ചിയുമായി മുൻ നിശ്ചയപ്രകാരം നടക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തന്റെ കാമുകിക്ക് ഒരു ഭർത്താവുണ്ടാവേണ്ടത് മുസോളിനിക്കും അത്യാവശ്യമായിരുന്നു എന്നതിനാൽ തന്റെ വിശ്വസ്തനായ ലെഫ്റ്റനന്റുമായുള്ള  ക്ലാരെറ്റയുടെ വിവാഹബന്ധം അയാൾക്കും എതിർപ്പില്ലാത്ത ഒന്നായിരുന്നു. വെനീസിൽ തന്റെ ഭർത്താവിനൊത്ത് ഹ്രസ്വമായ ഒരു മധുവിധു ചെലവിട്ട ശേഷം അവൾ തിരക്കിട്ട് തന്റെ കാമുകന്റെ കരവലയത്തിലേക്കുതന്നെ മടങ്ങിയെത്തി. 

ദീർഘകാലം മുസോളിനിയുടെ പീഡനങ്ങൾ അനുഭവിച്ചു കൂടെ നിന്ന റേച്ചലിന് പുറമെ, ഇഡാ ഡാൽസർ എന്ന തന്നെക്കാൾ മൂന്നുവയസ്സു മൂപ്പുള്ള ഒരു ബ്യൂട്ടീഷ്യനുമായും മുസോളിനിക്ക് ബന്ധങ്ങളും സന്താനങ്ങളും ഉണ്ടായിട്ടുണ്ട്. ഒടുവിൽ അവരുമായി തെറ്റി അവരെ ഭ്രാന്താലയത്തിൽ അടച്ചിട്ടാണ്, റേച്ചലിന്റെ അടുത്തേക്കുതന്നെ അയാൾ തിരികെ എത്തുന്നത്. ഭർത്താവിന്റെ കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തെക്കുറിച്ച് റേച്ചലിന് നല്ല നിശ്ചയമുണ്ടായിരുന്നു. കാരണം, തന്റെ കാമുകിമാർ അയച്ചുവിടുന്ന കത്തുകൾ പലതും അയാൾ അവളെ കാണിക്കുമായിരുന്നു. 

എന്നാൽ,  ക്ലാരെറ്റ മുസ്സോളിനിയുടെ മറ്റുള്ള പങ്കാളികളേക്കാൾ വ്യത്യസ്തയായിരുന്നു. അവൾക്ക് മുസ്സോളിനിയുടെ മേൽ തികഞ്ഞ സ്വാധീനമുണ്ടായിരുന്നു. 1939 -ൽ മുസ്സോളിനി  ക്ലാരെറ്റയുടെ ഭർത്താവിനെ ടോക്കിയോവിലെ തന്റെ എയർ അറ്റാഷെ ആയി പറഞ്ഞയച്ചു. അതോടെ  ക്ലാരെറ്റ പൂർണമായും മുസോളിനിയുടേത് മാത്രമായിമാറി. അവൾ മറ്റൊരാളെയും പ്രണയിക്കുന്നത് മുസോളിനിക്ക് സഹിക്കില്ലായിരുന്നു. അതേ സമയം, തിരിച്ച് അങ്ങനെയൊരു നയവും ഇൽ ഡ്യൂസിനില്ലായിരുന്നു. അത് വല്ലാത്തൊരു ഇരട്ടത്താപ്പായിരുന്നു എങ്കിലും,  ക്ലാരെറ്റക്ക് അതിൽ എതിർപ്പില്ലായിരുന്നു. മറിച്ച്, മുസോളിനിയുടെ വായിൽ നിന്നുതന്നെ പരസ്ത്രീകളെ വീഴ്ത്തിയതിന്റെയും, അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്റെയും കഥകൾ കേൾക്കാൻ അവൾക്ക് വലിയ താത്പര്യമായിരുന്നു. മാഗ്ദ ഫോണ്ടെയ്ൻ എന്ന ഫ്രഞ്ച് ജേര്ണലിസ്റ്റുമായുള്ള വന്യമായ തന്റെ രതിയെപ്പറ്റി അയാൾ  ക്ലാരെറ്റയോട് പൊലിപ്പിച്ചു പറഞ്ഞു. പുതിയ കഥകൾ പറയാനില്ലാത്തപ്പോൾ അയാൾ അവളോട് കല്പിത പ്രണയങ്ങളുടെ കഥകൾ പറഞ്ഞു പൊലിപ്പിച്ചു. 

വില്ലനായി രണ്ടാം ലോക മഹായുദ്ധം 

അങ്ങനെ സംഭവ ബഹുലമായ ലൈംഗിക ജീവിതം മുസ്സോളിനി തുടരുന്നതിനിടെയാണ് രണ്ടാം ലോകമഹായുദ്ധമുണ്ടാവുന്നത്. താമസിയാതെ യുദ്ധത്തിന്റെ തിരക്കുകൾ അയാളെ ആവേശിച്ചു. പഴയപോലെ സെക്സിൽ ശ്രദ്ധ ചെലുത്താൻ അയാൾക്ക് നേരം കിട്ടാതെയായി. പ്രായവും അയാളുടെ ലൈംഗികശേഷിയിൽ കുറവുവരുത്തി. എന്നാൽ, അതിനേക്കാളൊക്കെ എൽ ഡ്യൂസിനെ തളർത്തിയത് ജർമനിയിൽ നിന്നുയർന്നുവന്ന പുതിയ സ്വേച്ഛാധിപതിയായിരുന്നു. അഡോൾഫ് ഹിറ്റ്‌ലലർ തകർത്തുകളഞ്ഞത് സ്വേച്ഛാധിപത്യത്തെപ്പറ്റി അന്നോളം മുസ്സോളിനിയിലൂടെ ലോകം കണ്ടും കേട്ടുമറിഞ്ഞ പ്രതിച്ഛായകളെ ആയിരുന്നു. ഹിറ്റ്‌ലറെ പ്രീതിപ്പെടുത്തേണ്ട അവസ്ഥയിലേക്ക് അക്കാലത്തെ എ യൂറോപ്പിലെ അധികാര സമവാക്യങ്ങൾ മുസോളിനിയെ കൊണ്ടെത്തിച്ചു. അതിനുവേണ്ടി മാത്രം അയാൾ ഇറ്റലിയിലെ ജൂതരെ കൊന്നുതള്ളി. 1940 -ൽ ഇറ്റലി ജർമനിക്കൊപ്പം നിന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കുചേർന്നു. 1941 -ൽ അമേരിക്ക സഖ്യകക്ഷികൾക്കൊപ്പം ചേരുന്നതിനു ശേഷം മുസോളിനിയുടെ ദുർദശ തുടങ്ങി. 1943 -ൽ സിസിലി വഴി സഖ്യ കക്ഷികളുടെ സൈന്യം യൂറോപ്പിലേക്ക് കടന്നുവരാൻ തുടങ്ങി. മുസ്സോളിനി ഇറ്റലിയിൽ ഏറെ വെറുക്കപ്പെട്ട ഒരാളായി മാറി.

 

 

അടുത്ത ദിവസം മുസ്സോളിനി വീട്ടുതടങ്കലിൽ പറഞ്ഞയക്കപ്പെട്ടു. അവിടെ നിന്ന് ഹിറ്റ്ലറുടെ രഹസ്യപൊലീസ് അയാളെ രക്ഷിച്ചെടുത്ത്, ജർമൻ അധീനതയിലുള്ള വടക്കൻ ഇറ്റലിയുടെ അധികാരിയായി പ്രതിഷ്ഠിച്ചു. പോയപ്പോൾ അയാൾ  ക്ലാരെറ്റയെയും കൂടെക്കൂട്ടി. 1945 ഏപ്രിൽ മാസത്തിൽ എവിടേക്കും സഖ്യസൈന്യം എത്തുമെന്നായപ്പോൾ മുസ്സോളിനി ഒരു ട്രക്കിലേറി സ്വിറ്റ്സർലണ്ടിലേക്ക് ഒളിച്ചു കടക്കാൻ ഉറപ്പിച്ചു. കോമോ തടാകത്തിനടുത്തുവെച്ച് ഇറ്റാലിയൻ വിപ്ലവകാരികൾ  അവർ സഞ്ചരിച്ച ട്രക്ക് തടഞ്ഞു. 1945 ഏപ്രിൽ 27 -ന്, ഹിറ്റ്‌ലര്‍ ആത്മഹത്യാ ചെയ്യുന്നതിന് രണ്ടുനാൾ മുമ്പ്, അവരെ ബന്ധിതരാക്കി മെസ്സെഗ്ര എന്ന ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നു. ആ ഗ്രാമത്തിൽ വെച്ച് വിപ്ലവകാരികളുടെ ആൾക്കൂട്ടം അവർക്ക് ഉടൻ വധശിക്ഷ നൽകണം അന്ന് ആർത്തുവിളിച്ചു. 

 

 

അവസാന നിമിഷം വരെയും തന്റെ കാമുകന്റെ ഒപ്പം തന്നെ തുടർന്ന ക്ലാരെറ്റ ആ അന്ത്യനിമിഷത്തിലും മുസ്സോളിനിയെ ഇറുക്കെപ്പുണർന്നുകൊണ്ട് അവരോട് അപേക്ഷിച്ചു,"അരുതേ... അദ്ദേഹത്തെ കൊല്ലരുതേ.." ചുറ്റും നിന്ന വിപ്ലവകാരികളിൽ ഒരാളുടെ റൈഫിളിൽ നിന്ന് പുറപ്പെട്ട ആദ്യത്തെ വെടിയുണ്ട തന്നെ ക്ലാരെറ്റയുടെ ജീവൻ നിമിഷനേരം കൊണ്ട് കവർന്നു. രണ്ടാമത്തെ വെടിയുണ്ട മുസ്സോളിനിക്ക് നേരെ ഉതിരുന്നതിനിടെ ആ റൈഫിൾ സ്റ്റക്കായതിനാൽ ഉണ്ട മുസ്സോളിനിയെ മാരകമായി പരിക്കേൽപ്പിക്കുക മാത്രമാണ് ചെയ്തത്. തന്റെ കീറിപ്പറിഞ്ഞ് ചോരയിൽ കുതിർന്ന ഷർട്ട് വലിച്ചു കീറി മുസ്സോളിനി അവരോട് അലറി,"കൊന്നുകള.. എത്രയും പെട്ടെന്ന് എന്നെ കൊന്നുകള..! " അടുത്ത റൈഫിൾ കൊണ്ടുവരപ്പെട്ടു. അതിൽ നിന്നുതിർന്ന വെടിയുണ്ട മുസ്സോളിനിയുടെ നെഞ്ചുപിളർന്നു. ക്ലാരെറ്റയുടെ ദേഹത്തേക്കുതന്നെ മുസോളിനിയും മരിച്ചുവീണു. 

ഇരുവരുടെയും മൃതദേഹങ്ങൾ മിലാൻ നഗരത്തിലേക്ക് കൊണ്ടുപോകപ്പെട്ടു. അവിടെ തടിച്ചുകൂടിയ ജനക്കൂട്ടം അടിച്ചും ചവിട്ടിയും ആ മൃതദേഹങ്ങളോടുള്ള തങ്ങളുടെ കലി വെളിപ്പെടുത്തി. അതിനുശേഷം രണ്ടു മൃതദേഹങ്ങളും അവർ എസ്സോ പെട്രോൾ സ്റ്റേഷന്റെ തുരുമ്പിച്ച ഒരു റെയിലിങ്ങിൽ നിന്ന് തലകീഴായി കെട്ടിത്തൂക്കി. മുസ്സോളിനി എന്ന ഫാസിസ്റ്റിനെ പ്രണയിച്ച ക്ലാരെറ്റ അങ്ങനെ അയാളുടെ തൊട്ടരികിലായിത്തന്നെ തന്നെ ആ റെയിലിങ്ങിൽ തൂങ്ങിയാടി. 

 

click me!