ഇതിനുമുമ്പ് തെലങ്കാനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏഴ് എൻകൗണ്ടറുകളിലും പൊതുവായുള്ളത് ഇത്രയും കാര്യങ്ങൾ

By Web TeamFirst Published Dec 6, 2019, 5:58 PM IST
Highlights

തെലങ്കാന പൊലീസിന്റെ കഥ കേട്ട ഒക്കെ ഒരേസ്വരത്തിൽ ചോദിച്ച സംശയം ഇതുമാത്രമായിരുന്നു. "ഇങ്ങനൊക്കെ, ഇതിനുമുമ്പെവിടെയൊക്കെയോ കേട്ടിട്ടുണ്ടല്ലോ" എന്ന്. സ്ക്രിപ്റ്റ് കുറച്ചു പഴയതാണ്. ഇതിനു മുമ്പ് അവർ ഒന്നും രണ്ടും വട്ടമല്ല, ഏഴുവട്ടമാണ് ഇതേ സ്ക്രിപ്റ്റിൽ എൻകൗണ്ടർ നാടകം കളിച്ചിട്ടുള്ളത്. 
 

ആന്ധ്രാ-തെലങ്കാനാ പൊലീസിന് കാരണങ്ങൾ പലതുണ്ട് കൊല്ലാൻ. ചിലപ്പോൾ അത് ആസിഡ് ആക്രമണമാണ്, മറ്റു ചിലപ്പോൾ മാവോയിസ്റ്റ് ബന്ധവും. എന്തായാലും, പിടി കിട്ടിക്കഴിഞ്ഞാൽ ടോർച്ചർ ചെയ്യുക, ആളൊഴിഞ്ഞ എവിടെങ്കിലും കൊണ്ടുപോയി നേരെ വെടിവെച്ചു കൊന്നുകളയുക. അതാണ് പതിവ്. ഇത്തവണത്തെ എൻകൗണ്ടറിന് മുമ്പ് അവർ നടത്തിയ ഏഴെണ്ണത്തിലും ആ പതിവ് അവർ തെറ്റിച്ചിട്ടില്ല. 

ആരിഫ്, നവീൻ, ശിവ, ചെന്നകേശവുലു - ഹൈദരാബാദ് വെറ്ററിനറി ഡോക്ടറുടെ ബലാത്സംഗ-കൊലപാതകക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന ഈ നാലുയുവാക്കളുടെയും എൻകൗണ്ടർ വാർത്തയും കേട്ടുകൊണ്ടാണ് ഹൈദരാബാദ് പട്ടണം ഇന്നുണർന്നത്. അവരെ ലോക്കൽ പൊലീസ് ക്രൈം സീൻ പുനരാവിഷ്കരിക്കാൻ വേണ്ടി ഇന്ന് പുലർച്ചെ മൂന്നുമണിയോടെ കൃത്യം നടത്തിയ അതേ ഇടത്ത് കൊണ്ടുപോയപ്പോൾ അവിടെ വെച്ച് അവർ പൊലീസിന്റെ കയ്യിലെ പിസ്റ്റൾ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും, തുടർന്ന് പ്രാണരക്ഷാർത്ഥം പൊലീസിന് അവരെ വെടിവെച്ചു കൊല്ലേണ്ടി വരികയുമായിരുന്നത്രെ. 

ഈ വിവരം പത്രങ്ങളിലൂടെ അറിഞ്ഞ തെലങ്കാനക്കാരും, കഴിഞ്ഞ കുറേക്കാലമായി പത്രം വായിച്ചുകൊണ്ടിരിക്കുന്ന ബാക്കി ഇന്ത്യൻ പൗരന്മാരും എല്ലാം ഒരേസ്വരത്തിൽ ചോദിച്ച സംശയം ഇതുമാത്രമായിരുന്നു. "ഇങ്ങനൊക്കെ, ഇതിനുമുമ്പെവിടെയൊക്കെയോ കേട്ടിട്ടുണ്ടല്ലോ" എന്ന്. സ്ക്രിപ്റ്റ് കുറച്ചു പഴയതാണ്. ഇതിനു മുമ്പ് അവർ ഒന്നും രണ്ടും വട്ടമല്ല, ഏഴുവട്ടമാണ് ഇതേ സ്ക്രിപ്റ്റിൽ എൻകൗണ്ടർ നാടകം കളിച്ചിട്ടുള്ളത്. 

തുടക്കം 2008 -ലായിരുന്നു. അന്നും എൻകൗണ്ടറിന്റെ കാർമ്മികത്വം ഇന്നത്തെ സൈബറാബാദ് കമ്മീഷണർ വിസി സജ്ജനാർ തന്നെ. അന്നത്തെ സംഭവം നടക്കുന്നത് വാറങ്കൽ ജില്ലയിൽ വെച്ചാണ്. വാറങ്കലിലെ രണ്ട് എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനികൾക്കുമേൽ ആസിഡ് ഒഴിച്ച കേസിലെ പ്രതികളായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കളെ പൊലീസ് ജനങ്ങളുടെ കൊലവിളികൾക്ക് ഒപ്പിച്ചുകൊണ്ട് ഒരു വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്നുകളഞ്ഞു. അന്നും ഇതേ കഥയായിരുന്നു. പ്രതികളെയും കൊണ്ട് ബൈക്കും ആസിഡ് കുപ്പിയും ഒളിപ്പിച്ചു വെച്ചിരുന്നേടത്ത് പോയപ്പോൾ അവർ ഒരു നാടൻ തോക്കുകൊണ്ട് പൊലീസിനെ ആക്രമിച്ചു, ഒപ്പം നാടൻ ബോംബുമെറിഞ്ഞു. ചെറുക്കാൻ പ്രാണരക്ഷാർത്ഥം പൊലീസ് നടത്തിയ വെടിവെപ്പിൽ അവർ മൂന്നുപേരും കൊല്ലപ്പെട്ടു എന്നുമായിരുന്നു അന്നത്തെ പൊലീസ് കഥ. എന്നാൽ അന്ന് കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കൾ ആരോപിച്ചത് തങ്ങളുടെ കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തത് വധിക്കുകയായിരുന്നു എന്നാണ്. ആ കേസിന്മേൽ അന്വേഷണം ഇന്നും വഴിമുട്ടി നിൽക്കുകയാണ്. 

ഏഴു വർഷങ്ങൾക്കു ശേഷമായിരുന്നു അടുത്ത എൻകൗണ്ടർ. ഏപ്രിൽ 2015. അന്നേക്ക് തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടിരുന്നു. അന്നത്തെ തെലങ്കാന പൊലീസ് തെഹ്‌രീക്ക് ഗൽബാ-എ-ഇസ്‌ലാം എന്ന സംഘടനയുടെ അംഗമായ വികാറുദ്ദീനെ മറ്റു നാലുപേരോടൊപ്പം നൽഗൊണ്ട ജില്ലയിൽ വെച്ച് പോലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തി. വാറങ്കൽ ജയിലിലെ വിചാരണത്തടവുകാരായ ഈ അഞ്ചുപേരും ഹൈദരാബാദ് കോടതിയിലേക്ക് കൊണ്ടുപോകും വഴി പൊലീസിനെ ആക്രമിച്ചു എന്നും പൊലീസിന്റെ ആയുധങ്ങൾ തട്ടിപ്പറിച്ചെടുത്ത് വെടിയുതിർക്കാൻ നോക്കി എന്നുമാണ് ഔദ്യോഗിക വിവരണം. ഈ തടവുകാർക്കുമേൽ പൊലീസുകാരടക്കം നിരവധി പേരുടെ കൊലപാതകത്തിന്റെ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്. 

വികാറുദ്ദീൻ ഇടക്കുവെച്ച് മൂത്രമൊഴിക്കണം എന്ന് പറയുകയും അതിനായി വാഹനം നിർത്തിക്കൊടുത്തപ്പോൾ അയാൾ പൊലീസിനെ അക്രമിക്കുകയുമാണുണ്ടായതത്രെ. എന്നാൽ, ആക്രമണസ്ഥലത്തെ ഫോട്ടോകളിൽ കാണുന്ന ആ യുവാക്കൾ എല്ലാം തന്നെ കൈവിലങ്ങണിഞ്ഞ് ചങ്ങലയാൽ ബന്ധിതരായിരുന്നു. ആ അവസ്ഥയിൽ അവരെങ്ങനെയാണ് പൊലീസിനെ ആക്രമിച്ചത് എന്നായിരുന്നു വികാറുദ്ദീന്റെ അച്ഛന്റെ ചോദ്യം. 


തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം സർക്കാരിന്റെ ഒരു നയം വളരെ വ്യക്തമായിരുന്നു. അത് 'കയ്യിൽ കിട്ടിയാൽ ജീവനോടെ വിടരുത്' എന്നത് തന്നെയായിരുന്നു. അടുത്തടുത്തായി നടന്നത് രണ്ട് എൻകൗണ്ടറുകളായിരുന്നു. 2015 ജൂണിൽ തെലങ്കാന ഛത്തീസ്ഗഢ് അതിർത്തിയിൽ വിവേക് കൊടമഗുണ്ട്ല എന്ന പത്തൊമ്പതുവയസ്സുകാരനും, കൂടെ രണ്ടു സ്ത്രീ മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. അന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ അതൊരു കോൾഡ് ബ്ളഡഡ് പൊലീസ് മർഡർ ആണെന്ന് ആരോപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഒപ്പം, കൊലപാതകം നടത്തിയതിനു മുമ്പ് പോലീസ് ഇരകളെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതിന്റെ തെളിവുകളും അവർ ശരീരത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. കൈകാലുകളിൽ പൊള്ളിയ പാടുകൾ, ഒടിഞ്ഞ അസ്ഥികൾ, പൊട്ടിയ താടിയെല്ല് എന്നിവയായിരുന്നു ടോർച്ചറിന്റെ ലക്ഷണങ്ങൾ. അടുത്ത സെപ്റ്റംബറിൽ രണ്ടു മാവോയിസ്റ്റുകൾ, മഹിതയും സാഗറും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നു. പീഡനത്തിന്റെ ലക്ഷണങ്ങൾ ഇവിടെയും ദൃശ്യമായിരുന്നു. 

കൊല്ലപ്പെട്ടവരിൽ അധികവും ആദിവാസികളും പിന്നാക്കവിഭാഗക്കാരും 

തെലങ്കാനയിലെ ഭദ്രാദ്രി-കൊത്താഗുഡം പ്രദേശത്ത് എട്ടുപേരെ മാവോയിസ്റ്റുകൾ എന്നാരോപിച്ചുകൊണ്ട്‌ പൊലീസ് വെടിവെച്ചു കൊല്ലുന്നു. ഏറ്റുമുട്ടൽ കൊല എന്ന് പൊലീസ് അവകാശപ്പെട്ടു എങ്കിലും പോയിന്റ് ബ്ലാങ്കിൽ നിർത്തി വെടിവച്ചു കൊല്ലുകയാണുണ്ടായത് എന്ന് ബന്ധുക്കൾ ആരോപിച്ചത്. അവരുടെയും ശരീരങ്ങളിൽ നീരുവന്ന്, ദേഹത്ത് പല അസ്ഥികളും ഒടിഞ്ഞ നിലയിലായിരുന്നു കണ്ടെത്തപ്പെട്ടത്. ഈ വര്‍ഷം ജൂലായിൽ ലിംഗണ്ണ എന്നയാളെ, സിപിഐ(എം എൽ) ന്യൂ ഡെമോക്രസിയുടെ ഏരിയ കമാണ്ടർ എന്ന പേരും പറഞ്ഞുകൊണ്ട് പൊലീസ് തോക്കിനിരയാക്കി. തന്റെ അച്ഛൻ പ്രദേശത്തെ ആദിവാസികളുടെ പ്രാഥമികാവശ്യങ്ങൾക്ക് വേണ്ടി പൊരുതിയ ഒരു ആക്ടിവിസ്റ്റ് മാത്രമാണെന്നായിരുന്നു മകൻ ഹരി പറഞ്ഞത്. ലിംഗണ്ണയോടൊപ്പവും ഏഴു ഗ്രാമീണരെ നക്‌സലൈറ്റുകൾ എന്നാരോപിച്ച് പൊലീസ് കൊന്നു തള്ളിയിരുന്നു അന്ന്. 

അതിനുശേഷം നടന്ന മറ്റൊരു കുപ്രസിദ്ധമായ എൻകൗണ്ടർ കൊല മാവോയിസ്റ്റ് മുഹമ്മദ് നയിമുദ്ദീന്റെ വധമായിരുന്നു. 1993 -ൽ കെ വൈ വ്യാസ് ഐപിഎസിനെ കൊന്ന കേസിൽ പൊലീസ് തേടിക്കൊണ്ടിരുന്ന പ്രതിയായിരുന്നു നയീം. 1993 -ൽ തന്നെ അറസ്റ്റുചെയ്യപ്പെട്ടിരുന്ന നയീം, ജാമ്യത്തിലിറങ്ങിയ ശേഷം പോലീസിന്റെ ഇൻഫോമർ ആയി പ്രവർത്തിച്ചു പോരുകയായിരുന്നു. തന്റെ പല കോമ്രേഡുകളെയും വധിക്കാൻ നയീം പൊലീസിനെ സഹായിച്ചിരുന്നു. രാഷ്ട്രീയക്കാരുമൊത്ത് സ്ഥലത്ത് റിയൽ എസ്റ്റേറ്റ് മാഫിയ നടത്തിയിരുന്ന ഇയാളെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പൊലീസ് ഇല്ലാതാക്കിയത് എന്ന് അന്ന് ആരോപണമുണ്ടായിരുന്നു. 

ഇത്രയധികം കേസുകളിൽ ഏകദേശം ഒരേ സ്ക്രിപ്റ്റ് തന്നെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച ചരിത്രമുള്ള തെലങ്കാനാ പൊലീസ്, ഇന്ന് ഇങ്ങനെ ജനരോഷമിരമ്പിയ ഒരു ബലാത്സംഗ-കൊലപാതക കേസിൽ ജനങ്ങളെക്കൊണ്ട് ലഡ്ഡു വിതരണം ചെയ്യിക്കാൻ പോന്ന, അഭിനന്ദന സൂചകമായി ഹസ്തദാനം ചെയ്യാൻ പ്രേരിപ്പിക്കുന്ന, പൊലീസ് സേനയുടെ ഫലസിദ്ധിയെപ്പറ്റി പൊതുജനത്തെക്കൊണ്ട് പറയിപ്പിക്കാൻ പോന്ന തരത്തിൽ, വ്യാജ ഏറ്റുമുട്ടൽ എന്ന് പ്രഥമദൃഷ്ട്യാ സംശയം തോന്നുന്നതരത്തിൽ പ്രവർത്തിക്കുമ്പോൾ അത് വിശ്വസിക്കുക ഏറെ ദുഷ്കരമായ ഒരു പ്രവൃത്തിയാകും. 
 

click me!