ഈ രാജ്യങ്ങൾക്കൊന്നും സ്വന്തമായി സൈന്യമില്ല, രാജ്യസുരക്ഷ ഇങ്ങനെ...

By Web TeamFirst Published Feb 27, 2022, 4:04 PM IST
Highlights

ആര്‍മി ഇല്ലാത്ത സ്ഥലങ്ങളുണ്ടോ ലോകത്ത്... അങ്ങനെ ചില രാജ്യങ്ങളും ലോകത്തുണ്ട്. 

ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ രാജ്യങ്ങളുടെയും നിർണായക ഘടകമായി സായുധസേന(Army) മാറിയിരിക്കുന്നു. ഇക്കാലത്ത് രാജ്യത്തിന്റെ ശക്തി അളക്കുന്നത് സൈന്യത്തിന്റെ ശക്തിയിലാണ്. ഓരോ രാജ്യവും മറ്റേതിനേക്കാൾ ശക്തവും നൂതനവുമായ യുദ്ധവിമാനങ്ങളും ആയുധങ്ങളും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. പല രാജ്യങ്ങളും തങ്ങളുടെ സായുധ സേനയെ ശക്തിപ്പെടുത്താൻ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നു. എന്നാൽ, സായുധസേനകളില്ലാത്ത ചിലയിടങ്ങളും ലോകത്തുണ്ട്. അവയിൽ ചിലത് ഏതെല്ലാമാണ് എന്ന് നോക്കാം?

അൻഡോറ(Andorra) : അൻഡോറയ്ക്ക് സ്ഥിരമായ സൈന്യമില്ലെങ്കിലും അതിന്റെ സംരക്ഷണത്തിനായി സ്പെയിനുമായും ഫ്രാൻസുമായും ഉടമ്പടികളിൽ ഒപ്പുവച്ചിട്ടുണ്ട്. അൻഡോറയുടെ ചെറിയ സന്നദ്ധസേനയുടെ പ്രവർത്തനം തികച്ചും ആചാരപരമാണ്. ദേശീയ പൊലീസിന്റെ ഭാഗമാണ് അർദ്ധസൈനിക വിഭാഗമായ ജിപിഎ. മൂന്ന് രാജ്യങ്ങളും തമ്മിലുള്ള അനൗപചാരിക കരാർ പ്രകാരം ഫ്രാൻസും സ്പെയിനും പ്രതിരോധ സഹായം നൽകുന്നു. 

ഡൊമനിക്ക(Dominica) : 1981 മുതൽ ഡൊമനിക്കയ്ക്ക് ഒരു സ്റ്റാൻഡിംഗ് ആർമി ഇല്ല. പ്രതിരോധം റീജിയണൽ സെക്യൂരിറ്റി സിസ്റ്റത്തിന്റെ ഉത്തരവാദിത്തമാണ്. 

കോസ്റ്റ റിക്ക(Costa Rica) : 1948 -ൽ, ആഭ്യന്തരയുദ്ധത്തിലെ വിജയത്തിനുശേഷം, രാജ്യം സായുധ സേനയുടെ പ്രവർത്തനം അവസാനിപ്പിച്ചു. എല്ലാ വർഷവും ഡിസംബർ 1 -ന് കോസ്റ്റാറിക്ക, ആർമി അബോളിഷൻ ദിനം ആഘോഷിക്കുന്നു. നിലവിൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ കൈകാര്യം ചെയ്യുന്നത് പൊലീസ് സേനയാണ്.

വത്തിക്കാൻ സിറ്റി(Vatican City) : ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റിയിൽ മാർപ്പാപ്പയെയും രാജ്യത്തെയും സംരക്ഷിക്കാൻ നിരവധി സായുധ സേനകൾ ഉണ്ടായിരുന്നു. എന്നാൽ, പോൾ ആറാമൻ മാർപാപ്പ 1970 -ൽ എല്ലാ സേനകളെയും നിർത്തലാക്കി. എന്നിരുന്നാലും, റോമിൽ സ്ഥിതി ചെയ്യുന്ന ചെറിയ രാജ്യം ആയതിനാൽ ഇറ്റലി വത്തിക്കാൻ നഗരത്തെ സംരക്ഷിക്കുന്നു. 

ഐസ്‌ലാൻഡ്(Iceland) : 1869 -ൽ ഐസ്‌ലാൻഡിന് ഒരു സൈന്യം ഉണ്ടായിരുന്നു, എന്നാൽ അതിനുശേഷം, 1951 മുതൽ 2006 വരെ നിലനിന്നിരുന്ന ഒരു ഐസ്‌ലാൻഡ് ഡിഫൻസ് ഫോഴ്‌സ് നിലനിർത്താൻ യുഎസുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ടു. 2006-ൽ, ഐസ്‌ലാൻഡിന് സുരക്ഷ നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. 

സമോവ(Samoa) : 1962 -ൽ സമോവയും ന്യൂസിലൻഡും തമ്മിൽ ഒപ്പുവച്ച സൗഹൃദ ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളും തമ്മിൽ അനൗപചാരിക പ്രതിരോധ ബന്ധം സ്ഥാപിച്ചു. പോളിനേഷ്യൻ രാജ്യത്തിന് സ്വന്തമായി സായുധ സേന ഇല്ലാതിരിക്കാൻ ഇത് കാരണമായി. എന്നിരുന്നാലും, ഉടമ്പടിയുടെ സ്വഭാവം അനൗപചാരികമായതിനാൽ, അത് നൽകുന്നതിന് മുമ്പ് സമോവ ന്യൂസിലാൻഡിനോട് സഹായം ചോദിക്കേണ്ടതുണ്ട്.

വാനുവാട്ടു(Vanuatu) : ഈ രാജ്യത്തിന് വാനുവാട്ടു മൊബൈൽ ഫോഴ്‌സ് എന്ന് വിളിക്കപ്പെടുന്ന ഒരു സേന ഉണ്ട്, അത് ആഭ്യന്തര സുരക്ഷ നിലനിർത്തുന്നു. 

സോളമൻ ദ്വീപുകൾ(Solomon Islands) : തുടക്കത്തിൽ, ഈ രാജ്യം സ്വന്തം ശക്തി നിലനിർത്തി. എന്നാൽ, കനത്ത വംശീയ സംഘട്ടനത്തിനുശേഷം, ഓസ്‌ട്രേലിയയും ന്യൂസിലൻഡും പോലുള്ള രാജ്യങ്ങളെ ഇടപെടാൻ നിർബന്ധിതരാക്കി. ഈ രാജ്യത്തിന് സ്വന്തമായി ഒരു സൈന്യവും ഇല്ല. എന്നിരുന്നാലും, രാജ്യത്തിന് താരതമ്യേന വലിയ പൊലീസ് സേനയുണ്ട്.

ലിച്ചെൻസ്റ്റീൻ(Liechtenstein) : ചിലവ് കൂടുതലാണ് എന്ന് കണക്കാക്കിയതിനെ തുടർന്ന് 1868 -ൽ അതിന്റെ സ്റ്റാൻഡിംഗ് ആർമി നിർത്തലാക്കി. യുദ്ധസമയത്ത് മാത്രമേ സൈന്യത്തിന് അനുമതിയുള്ളൂ, എന്നാൽ ആ സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല. ആന്തരിക സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നതിന് ചെറിയ ആയുധസൗകര്യങ്ങൾ ഒക്കെയുള്ള ഒരു പൊലീസ് സേനയെ ലിച്ചെൻസ്റ്റീൻ പരിപാലിക്കുന്നു. മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള അനൗപചാരിക കരാർ പ്രകാരം ഓസ്ട്രിയയും സ്വിറ്റ്സർലൻഡും പ്രതിരോധ സഹായം നൽകുന്നു. 

കിരിബതി(Kiribati) : ഭരണഘടനയനുസരിച്ച്, ആഭ്യന്തര സുരക്ഷയ്ക്കായി ഒരു മാരിടൈം നിരീക്ഷണ യൂണിറ്റ് ഉൾപ്പെടുന്ന പൊലീസിന് മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ. മൂന്ന് രാജ്യങ്ങളും തമ്മിലുള്ള അനൗപചാരിക കരാർ പ്രകാരം ഓസ്‌ട്രേലിയയും ന്യൂസിലൻഡും പ്രതിരോധ സഹായം നൽകുന്നു.

click me!