ആയിരക്കണക്കിന് ഞണ്ടുകളും കൊഞ്ചും ചത്തനിലയിൽ, കൂട്ടമരണത്തിനുത്തരവാദി ജലമലിനീകരണമല്ലെന്ന്...

By Web TeamFirst Published Nov 28, 2021, 3:52 PM IST
Highlights

കടൽത്തീരത്ത് നടത്തിയ സർവേയിൽ ഞണ്ടുകളെയും ലോബ്സ്റ്ററുകളും മാത്രമേ ഇത്തരത്തില്‍ ചത്തനിലയിൽ കണ്ടെത്തിയിട്ടുള്ളൂവെന്ന് ജെന്നിംഗ്സ് പറഞ്ഞു. 

ഒക്ടോബർ മാസത്തിലാണ്, ഹാർട്ട്‌പൂളിനും റോബിൻ ഹുഡ്‌സ് ബേയ്ക്കും ഇടയിൽ (Hartlepool and Robin Hood's Bay) നിരവധിക്കണക്കിന് ഞണ്ടുകളെയും ലോബ്സ്റ്ററുകളെയും (crabs and lobsters) ചത്തനിലയിൽ കണ്ടെത്തിയതായി ഒന്നിലധികം റിപ്പോർട്ടുകൾ വന്നത്. എന്നാൽ, വടക്ക് കിഴക്കൻ തീരത്തെ ബീച്ചുകളിൽ ചത്ത നിലയിൽ കണ്ടെത്തിയ ഈ ആയിരക്കണക്കിന് ഞണ്ടുകളുടെയും ലോബ്സ്റ്ററുകളുടെയും മരണകാരണം രാസമലിനീകരണമല്ലെന്ന് ഇപ്പോൾ പരിസ്ഥിതി ഏജൻസി പറഞ്ഞിരിക്കുകയാണ്. 

അന്വേഷകർ, മുമ്പ് വെള്ളം മലിനമായത് ഇവയുടെ മരണത്തിന് കാരണമായിരുന്നിരിക്കാം എന്നത് നിരാകരിച്ചിരുന്നു. അതുപോലെ തന്നെ കടലിനടിയിലെ കേബിളിംഗ്, സീസ്മിക് സർവേ പ്രവർത്തനം അല്ലെങ്കിൽ ഡ്രെഡ്ജിംഗ് ഇവയാവാം കാരണം എന്നതും തള്ളിക്കളഞ്ഞിരുന്നു. എന്തെങ്കിലും രോഗമോ സ്വാഭാവികമായ എന്തെങ്കിലും കാരണമോ ആയിരിക്കാം ഈ കൂട്ടമായ ചത്തൊടുങ്ങലിന് കാരണം എന്നാണ് പറയുന്നത്. 

മൾട്ടി-ഏജൻസി അന്വേഷണം മുൻഗണന ആണെന്ന് എൻവയോൺമെന്റ് ഏജൻസിയിലെ ഓപ്പറേഷൻസ് മാനേജർ സാറാ ജെന്നിംഗ്സ് പറഞ്ഞു. അവർ പറഞ്ഞു: "ജലം, അവശിഷ്ടം, ഞണ്ട് എന്നിവയുടെ സാമ്പിളുകൾ വിശകലനം ചെയ്യാൻ ഞങ്ങൾ പരമ്പരാഗതവും നൂതനവുമായ സ്ക്രീനിംഗ് രീതികൾ ഉപയോഗിച്ചു. 1,000- ത്തിലധികം രാസമാലിന്യങ്ങൾക്കായി ഞങ്ങൾ പരിശോധിച്ചു. പക്ഷേ, ഈ സ്കെയിലിൽ അത്തരം ഒരു സംഭവത്തിലേക്ക് നയിച്ചേക്കാവുന്ന അപാകതകളൊന്നും കണ്ടെത്തിയില്ല."

കടൽത്തീരത്ത് നടത്തിയ സർവേയിൽ ഞണ്ടുകളെയും ലോബ്സ്റ്ററുകളും മാത്രമേ ഇത്തരത്തില്‍ ചത്തനിലയിൽ കണ്ടെത്തിയിട്ടുള്ളൂവെന്ന് ജെന്നിംഗ്സ് പറഞ്ഞു. സെന്റർ ഫോർ എൻവയോൺമെന്റ്, ഫിഷറീസ് ആൻഡ് അക്വാകൾച്ചർ സയൻസിൽ നിന്നുള്ള മൈക്ക് ഗബ്ബിൻസ് പറഞ്ഞു: "ജലത്തില്‍ ജീവിക്കുന്ന ജീവികളില്‍ കണ്ടുവരുന്ന ഏതെങ്കിലും രോഗമാണോ ഈ മരണത്തിന് കാരണമായതെന്ന് ഞങ്ങൾ അന്വേഷിക്കുന്നത് തുടരുകയാണ്."

"ഞങ്ങളുടെ ഫിഷ് ഹെൽത്ത് ഇൻസ്‌പെക്ടറേറ്റ് പട്ടികപ്പെടുത്തിയതും മറ്റ് പട്ടികപ്പെടുത്താത്തതുമായ രോഗങ്ങൾക്കായി പ്രദേശത്ത് നിന്ന് ശേഖരിച്ച ഷെൽഫിഷ് സാമ്പിളുകൾ വിശകലനം ചെയ്യുന്നു, പക്ഷേ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല.'' എന്തെങ്കിലും ഒരുത്തരം ലഭിക്കുന്നതുവരെ അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

ചത്തിരിക്കുന്ന ഞണ്ടുകളിൽ നിന്ന് മനുഷ്യന്റെ ആരോഗ്യത്തിന് അപകടസാധ്യത കുറവാണെന്ന് പരിസ്ഥിതി ഏജൻസി പറഞ്ഞു. എന്നിരുന്നാലും ബീച്ചിലെ ബാധിത പ്രദേശങ്ങൾ സാധ്യമാകുന്നിടത്തോളം ഒഴിവാക്കാനും അവയെ സ്പർശിക്കുകയോ കഴിക്കുകയോ ചെയ്യരുതെന്നും ആളുകളോട് നിർദ്ദേശിക്കുന്നു.
 

click me!