സുകുമാരക്കുറുപ്പ് സ്‌റ്റൈല്‍ കൊല: ഭാര്യയെ കൊന്ന് 36.9 കോടി തട്ടിയ കോടീശ്വരന്‍ കുടുങ്ങി

By Web TeamFirst Published Jan 12, 2022, 7:23 PM IST
Highlights

സുകുമാരക്കുറുപ്പ് സ്‌റ്റൈലില്‍ സ്വന്തം ഭാര്യയെ വെടിവെച്ചു കൊന്ന് വന്‍ തുക ഇന്‍ഷൂറന്‍സ് കമ്പനികളില്‍നിന്നും തട്ടിയ കോടീശ്വരന്‍ അറസ്റ്റില്‍.

സുകുമാരക്കുറുപ്പ് സ്‌റ്റൈലില്‍ സ്വന്തം ഭാര്യയെ വെടിവെച്ചു കൊന്ന് വന്‍ തുക ഇന്‍ഷൂറന്‍സ് കമ്പനികളില്‍നിന്നും തട്ടിയ കോടീശ്വരന്‍ അറസ്റ്റില്‍. അമേരിക്കയിലെ പ്രശസ്തമായ ത്രീ റിവേഴ്‌സ് ഡെന്റല്‍ ഗ്രൂപ്പ് ഉടമയും ഡെന്റല്‍ സര്‍ജനുമായ പെന്‍സില്‍വാനിയ സ്വദേശി ഡോ. ലോറന്‍സ് റുഡോള്‍ഫ് ആണ് അറസ്റ്റിലായത്. ഭാര്യയുടെ പേരില്‍ വിവിധ കമ്പനികളിലായി ഉണ്ടായിരുന്ന അഞ്ച് മില്യന്‍ ഡോളര്‍ (36.9 കോടി രൂപ) ഇയാള്‍ കൈക്കലാക്കിയതായാണ് കേസ്. ജനുവരി നാലിന് അറസ്റ്റ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തതായി ഡെയിലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്്തു. 

 

ഡോ. റുഡോള്‍ഫ്

 

34 വര്‍ഷമായി കൂടെ ജീവിച്ച ഭാര്യ ബിയാന്‍കയുടെ മരണത്തെ തുടര്‍ന്നാണ് ഡോ. റുഡോള്‍ഫ് അറസ്റ്റിലായത്. 2016-ല്‍ സാംബിയയിലെ ഒരു വനപ്രദേശത്ത് വേട്ടയ്ക്ക് പോയപ്പോഴാണ് ബിയാന്‍ക കൊല്ലപ്പെട്ടത്. അറിയപ്പെടുന്ന വേട്ടക്കാരനായ റുഡോള്‍ഫിനൊപ്പം ലോകത്തെ പലയിടങ്ങളിലും വേട്ടയ്ക്കു പോയിരുന്ന ഭാര്യ ബിയാന്‍ക സ്വന്തം തോക്കില്‍നിന്നും അബദ്ധത്തില്‍ വെടിയേറ്റാണ് മരിച്ചതെന്നാണ് ഇയാള്‍ നേരത്തെ പറഞ്ഞിരുന്നത്. വേട്ട ഹരമായി മാറിയ ഡോ. റുഡോള്‍ഫ് വേട്ടക്കാരുടെ ആഗോളസംഘടനയായ സഫാരി ക്ലബ് ഇന്റര്‍നാഷനലിന്റെ പ്രസിഡന്റായി മൂന്ന് വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇയാള്‍ വേട്ടയാടലിനെക്കുറിച്ച് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഡോ. റുഡോള്‍ഫ് ആഫ്രിക്കയില്‍ നിരന്തരം ഭാര്യയ്‌ക്കൊപ്പം വേട്ടയ്ക്ക് പോയിരുന്നതായി കേസ് രേഖകള്‍ വ്യക്തമാക്കുന്നു. 

2016 ഒക്‌ടോബര്‍ 11-നാണ് കേസിനാസ്പദമായ സംഭവം. ഭാര്യയ്‌ക്കൊപ്പം സാംബിയയിലെ വനപ്രദേശത്ത് വേട്ടയ്ക്ക് പോയതായിരുന്നു അന്ന് റുഡോള്‍ഫ്. അവിടെവെച്ചാണ് ഭാര്യ വെടിയേറ്റ് മരിച്ചതായി ഇയാള്‍ സാംബിയന്‍ പൊലീസിനെ അറിയിച്ചത്. വേട്ടയ്ക്കുപയോഗിച്ച തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് ഭാര്യ മരിച്ചതെന്നാണ് ഇയാള്‍ സാംബിയന്‍ പൊലീസിനോട് പറഞ്ഞിരുന്നത്. സാഹചര്യ തെളിവുകള്‍ അനുകൂലമായിരുന്നതിനാല്‍ പൊലീസ് അയാള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന്, യു എസ് എംബസിയെ വിവരമറിയിച്ച ഇയാള്‍ അവരുടെ സമ്മതത്തോടെ മൂന്ന് ദിവസത്തിനു ശേഷം സാംബിയയില്‍ തന്നെ ഭാര്യയെ അടക്കി. എംബസിയില്‍നിന്നുള്ള രേഖകളുടെയും പൊലീസ് റിപ്പോര്‍ട്ടുകളുടെയും പിന്‍ബലത്തോടെ പിന്നീട് നാട്ടില്‍വന്ന് ഇയാള്‍ ഭാര്യയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈക്കലാക്കി. കാര്യങ്ങളെല്ലാം നന്നായി നടക്കുന്നതിനിടെയാണ് ഇയാള്‍ക്കെതിരെ എഫ് ബി ഐ അന്വേഷണം ആരംഭിച്ചത്. 

ബിയാന്‍കയുടെ സുഹൃത്താണ് എഫ് ബി ഐയെ സമീപിച്ച് മരണത്തിലുള്ള സംശയങ്ങള്‍ ചൂണ്ടിക്കാട്ടിയത്. മികച്ച വേട്ടക്കാരിയയായ ബിയാന്‍ക ഒരിക്കലും തോക്ക് അബദ്ധത്തില്‍ പൊട്ടി മരിക്കില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഡോ. റുഡോള്‍ഫിന് എല്ലാ കാലത്തും അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഭാര്യയുടെ മരണത്തിനു പിന്നാലെ ഇയാള്‍ കാമുകിക്കൊപ്പം താമസം ആരംഭിച്ചതായും ഇവര്‍ അറിയിച്ചു. ഭാര്യയുടെ മരണത്തിനു തൊട്ടുമുമ്പായി ലക്ഷക്കണക്കിന് ഡോളറുകളുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇയാള്‍ എടുത്തിരുന്നതായും അവര്‍ വിവരം നല്‍കി. തുടര്‍ന്നാണ് എഫ് ബി ഐ അന്വേഷണം ആരംഭിച്ചത്. 

 

ബിയാന്‍ക

അന്വേഷണത്തില്‍, ഇയാളുടെ അവിഹിത ബന്ധങ്ങള്‍ തെളിഞ്ഞു. കാമുകിക്കൊപ്പമാണ് ഇയാള്‍ താമസിക്കുന്നതെന്നും പൊലീസ് കണ്ടെത്തി. ഭാര്യയുടെ മരണത്തിനു തൊട്ടുമുമ്പായാണ് ഇയാള്‍ വന്‍തുകയ്ക്കുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിരുന്നതെന്നും പൊലീസ് കണ്ടെത്തി. അതിനിടെ, സാംബിയന്‍ പൊലീസ് രേഖകള്‍ പരിശോധിച്ച പൊലീസ്, ബിയാന്‍കയ്ക്ക് വെടിയേറ്റത് അബദ്ധത്തിലല്ല എന്ന നിഗമനത്തിലാണ് എത്തിയത്. മരണത്തിനു ശേഷം, യു എസ് എംബസിയെ വിവരമറിയിച്ചപ്പോള്‍, ഇയാള്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. കോടീശ്വരനായ ഇയാള്‍ വന്‍തുക ചെലവഴിച്ച് അഭിഭാഷകരുടെ സംഘത്തെ നിയോഗിച്ച് കേസ് അനുകൂലമാക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി ഇയാള്‍ക്കെതിരെ നടപടി എടുക്കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് ജനുവരി നാലിന് ഇയാള്‍ അറസ്റ്റിലായത്. 

click me!