ബെയ്‌റൂത്ത് സ്‌ഫോടനത്തിനു കാരണമായ അമോണിയം നൈട്രേറ്റ് വന്നത് റഷ്യൻ കപ്പലിൽ നിന്നോ?

By Web TeamFirst Published Aug 6, 2020, 4:28 PM IST
Highlights

ബെയ്‌റൂത്ത് പോർട്ടിൽ കപ്പൽ അനക്കമില്ലാതെ കിടന്ന ഓരോ ദിവസവും കപ്പലിലെ സെയ്‌ലർമാർ തങ്ങളുടെ ആവലാതികൾ അറിയിച്ചുകൊണ്ട് റഷ്യൻ പ്രസിഡന്റ് പുടിന് ഇമെയിൽ അയക്കുമായിരുന്നു. 

ബെയ്‌റൂത്ത് തുറമുഖത്തിലെ ഒരു വെയർ ഹൗസിൽ സൂക്ഷിച്ചിരുന്ന 2750 മെട്രിക് ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ ഇതുവരെ 137 പേരുടെ മരണം സ്ഥിരീകരിച്ചു കഴിഞ്ഞു. അയ്യായിരത്തിലധികം പേർക്ക് പരിക്കേൽക്കാനും രണ്ടുലക്ഷത്തിൽപരം പേരുടെ വീടുകളുടെ നാശത്തിനും കാരണമായ ഈ ഉഗ്രസ്ഫോടനത്തെപ്പറ്റിയുള്ള ലെബനനീസ് അധികാരികളുടെ അന്വേഷണം പുരോഗമിക്കുന്നതേയുള്ളൂ എങ്കിലും, പ്രാഥമിക ഘട്ടത്തിൽ അവർ നൽകുന്ന ഒരു സൂചന, ആ സ്‌ഫോടനത്തിനു കാരണമായ അമോണിയം നൈട്രേറ്റ് എവിടെനിന്ന് വന്നു എന്നത് സംബന്ധിച്ചുള്ളതാണ്. കൃഷിയിടങ്ങളിൽ വളമായി ഉപയോഗിക്കുന്ന ഈ രാസവസ്തുവിന്റെ 2750 മെട്രിക് ടൺ വരുന്ന ഒരു ഷിപ്പ്മെന്റ് 2013 -ൽ റഷ്യൻ കാർഗോ കപ്പലായ MS റോസസി(MS Rhosus)ൽ കയറ്റി മൊസാംബിക് ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടതാണ് എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയുന്നത്.

 

The Rhosus, a Moldovan flagged ship sailing to Mozambique, which called to into the port of Beirut in 2013, is the likely source of the 2,750 tons of ammonium nitrate that triggered the explosion yesterday pic.twitter.com/2SOwUpJfQh

— Michael A. Horowitz (@michaelh992)

റഷ്യക്കടുത്തുള്ള ജോർജിയയിലെ ബാറ്റുമിയിൽ നിന്ന് മൊസാംബിക് ലക്ഷ്യമാക്കിയുള്ള കപ്പലിന്റെ യാത്ര പാതിവഴി എത്തിയപ്പോഴാണ് കപ്പലിന്റെ ഉടമസ്ഥരായ ടെട്ടോ കാർഗോ സർവീസസ് ഉടമ ഇഗോർ ഗ്രെച്ചുഷ്‌കിനിൽ നിന്ന് ഒരു സന്ദേശം കപ്പലിന്റെ ക്യാപ്റ്റൻ ബോറിസ് പോർഖോഷോവിന് ഇമെയിൽ വഴി കിട്ടുന്നത്. മോൾഡോവൻ കൊടിപാറുന്ന ഈ കപ്പൽ, ഇടക്ക് ഗ്രീസിൽ ഇന്ധനം നിറയ്ക്കാൻ വേണ്ടി നിർത്തിയിരിക്കുകയായിരുന്നു അപ്പോൾ. സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നും ഈ യാത്ര നഷ്ടത്തിൽ ആകാതിരിക്കാൻ ഇടക്ക് ചെറുതായി ഒന്ന് വഴിമാറി സഞ്ചരിച്ച് ലബനനിലെ ബെയ്‌റൂത്തിൽ എത്തി അവിടെ നിന്ന്  കുറച്ച് ചരക്കുകൂടി കയറ്റി അതുമായി വേണം മൊസാംബിക്കിലേക്ക് പോകാൻ എന്നായിരുന്നു മുതലാളിയുടെ നിർദേശം. അങ്ങനെയാണ് 2750 മെട്രിക് ടൺ അമോണിയം നൈട്രേറ്റുമായി MS റോസസ് ബെയ്‌റൂത്ത് പോർട്ടിൽ ഡോക്ക് ചെയ്യുന്നത്.

ബെയ്‌റൂത്ത് പോർട്ടിൽ ഡോക്ക് ചെയ്ത പാടെ അവിടത്തെ തുറമുഖ അധികാരികളുടെ വക ഒരു ഇൻസ്‌പെക്ഷൻ ഷിപ്പിന്റെ ഡെക്കിൽ ഉണ്ടായി. അതിൽ അവർ ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തി. കപ്പൽ അവിടെ പിടിച്ചിട്ടു. അവർ ചുമത്തിയ പിഴ അടയ്ക്കാനുള്ള പണമൊന്നും ക്യാപ്റ്റന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. ഉടമ ഇഗോറും കൈമലർത്തിയതോടെ കപ്പൽ ഡോക്ക് വിടുന്ന കാര്യം സംശയമായി. പിന്നെ, നീണ്ട കാലത്തേക്ക് ഒരു അനിശ്ചിതാവസ്ഥയായിരുന്നു. കപ്പലിലെ എഞ്ചിനീയർമാരും സെയ്‌ലർമാരും വലിയ പ്രതിസന്ധികളിലൂടെയാണ് അടുത്ത പതിനൊന്നു മാസം കടന്നു പോയത്. ആദ്യമാസം തന്നെ ശമ്പളം നിലച്ചു.  വേണ്ടത്ര ഫുഡ് സപ്ലൈസ് പോലും ഇല്ലാത്ത അവസ്ഥ.  ആ കപ്പൽ പിന്നീടൊരിക്കലും ബെയ്‌റൂത്ത് പോർട്ടിൽ നിന്ന് എടുത്തില്ല. 

 

 

ബെയ്‌റൂത്ത് പോർട്ടിൽ കപ്പൽ അനക്കമില്ലാതെ കിടന്ന ഓരോ ദിവസവും കപ്പലിലെ സെയ്‌ലർമാർ തങ്ങളുടെ ആവലാതികൾ അറിയിച്ചുകൊണ്ട് റഷ്യൻ പ്രസിഡന്റ് പുടിന് ഇമെയിൽ അയക്കുമായിരുന്നു. കപ്പലുടമയിൽ നിന്ന് ഒരു സഹായവും കിട്ടാതിരുന്ന സാഹചര്യത്തിൽ കപ്പലിലെ ഇന്ധനം ബെയ്‌റൂത്തിലെ ബ്ലാക്ക് മാർക്കറ്റിൽ വിറ്റാണ് ക്യാപ്റ്റൻ, തങ്ങളുടെ കേസുവാദിക്കാൻ ലബനനിലെ ഒരു അഭിഭാഷകനു ഫീസായി നൽകാനുള്ള  പണം കണ്ടെത്തിയത്. ഷിപ്പിന്റെ ക്രൂവിന് ഭക്ഷണം കഴിക്കാൻ വേണ്ട പണം പോലും കപ്പലുടമ ഇഗോർ നൽകിയിരുന്നില്ല. ഒടുവിൽ കപ്പലിലെ റഷ്യൻ ക്രൂ കപ്പലുപേക്ഷിച്ച് ബെയ്‌റൂത്തിൽ ഇറങ്ങി, അവിടെ നിന്ന് വിമാനത്തിൽ സ്വന്തം നാട്ടിലേക്ക് തിരികെപ്പോവുകയായിരുന്നു എന്ന് സിഎൻഎൻ പറയുന്നു. അവർക്ക് അത്രയും കാലത്തെ ശമ്പളക്കുടിശ്ശികയും കപ്പലുടമയിൽ നിന്ന് തീർത്തു കിട്ടിയില്ലത്രേ.

2014 -ൽ മാരിടൈം ആക്ടിവിറ്റി നിരീക്ഷിക്കുന്ന ഒരു ഓൺലൈൻ പ്രസിദ്ധീകരണ ഉടമയായ മിഖായിൽ വൊയ്ട്ടെങ്കോ ഈ കപ്പലിനെ വിളിച്ചത് 'വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ബോംബ്' എന്നാണ്. ആ കപ്പലിൽ ശേഖരിച്ചിരുന്ന അളവിൽ കവിഞ്ഞ അമോണിയം നൈട്രേറ്റ് തന്നെയായിരുന്നു ആ വിശേഷണത്തിന് കാരണം. 

എന്തായാലും കപ്പലിന്റെ ക്യാപ്റ്റൻ പ്രൊഖൊഷേവും ബെയ്‌റൂത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകനായ ചാർബൽ ഡാഘറും തമ്മിൽ  നടന്നിട്ടുള്ള എഴുത്തുകുത്തുകൾ പ്രകാരം ആ അമോണിയം നൈട്രേറ്റ് ഒടുവിൽ നാലഞ്ചുവർഷം മുമ്പെപ്പോഴോ  തുറമുഖത്തെ ഏതോ ഗോഡൗണിലേക്ക് മാറ്റി എന്നാണ് അറിയാൻ കഴിയുന്നത്. അന്ന് ലെബനീസ് കസ്റ്റംസ് ചീഫ് ആയിരുന്ന ബദ്രി ദാഹർ ഈ രാസവസ്തു ഇങ്ങനെ ഗോഡൗണിൽ വെക്കുന്നത് അപകടമാണ് എന്ന് ചൂണ്ടിക്കാണിച്ച് മേലധികാരികൾക്ക് നിരവധി മുന്നറിയിപ്പുകൾ നൽകി. എന്തിന്, ദാഹറും അദ്ദേഹത്തിന് ശേഷം കസ്റ്റംസ് മേധാവിയായ മെർഹിയും 2014 -ന് ശേഷം പലകുറി ഇത് ഓർമ്മിപ്പിച്ചുകൊണ്ടുള്ള മെയിലുകൾ അയച്ചിട്ടുണ്ട്. അവർ ഇക്കാര്യം ചൂണ്ടിക്കാട്ടി ബെയ്‌റൂത്ത് കോടതിയെ വരെ സമീപിക്കയുണ്ടായി. 2017 -ൽ  അവർ കോടതിക്കെഴുതിയ കത്തിൽ "കസ്റ്റംസിന്റെ ഹാങ്ങർ 12 -ൽ സൂക്ഷിച്ചിട്ടുള്ള അമോണിയം നൈട്രേറ്റ് എത്രയും പെട്ടെന്ന് റീ-എക്സ്പോർട്ട് ചെയ്യാൻ വേണ്ട നടപടി കൈക്കൊള്ളണം" എന്ന് കൃത്യമായി എഴുതിയിട്ടുണ്ട്. 

 

'ഈ കാർഗോ വേണമെങ്കിൽ ലബനീസ് ആർമിയുടെ ആവശ്യങ്ങൾക്കായി വിൽക്കാവുന്നതാണ്' എന്നുവരെ അദ്ദേഹം അപകടമൊഴിവാക്കാൻ വേണ്ടി അറ്റകൈയെന്നമട്ടിൽ നിർദേശിച്ചിരുന്നു. മൊത്തം ആറു കത്തുകളാണ് ദാഹർ ഈ വിഷയം ചൂണ്ടിക്കാട്ടി എഴുതിയിട്ടുള്ളത്. ഇങ്ങനെ ഒരു അപകടകരമായ കാർഗോ ആ റഷ്യൻ കപ്പലിൽ നിന്ന് തുറമുഖ അധികാരികൾ ഇറക്കി വെക്കാൻ പാടില്ലായിരുന്നു എന്ന് അദ്ദേഹം അന്നുതന്നെ എഴുതിയിട്ടുണ്ട്. എന്നാൽ പോർട്ട് ഡയറക്ടർ ജനറൽ ഹസ്സൻ ക്രെയ്‌ട്ടേം പറഞ്ഞത് തങ്ങൾ ഹാങ്ങർ 12 -ൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത് കോടതിയുടെ നിർദേശം അനുസരിച്ചാണ് എന്നും, അത് അപകടകരമാണ് എന്നറിയുമായിരുന്നെങ്കിലും, ഇത്രക്ക് അപകടകരമാണ് എന്നറിയുമായിരുന്നില്ല എന്നുമാണ്.

MS റോസസ് എന്ന റഷ്യൻ കപ്പലിൽ നിന്നുതന്നെയാണ് ഇപ്പോൾ പൊട്ടിത്തെറിച്ച ഈ 2750 മെട്രിക് ടൺ അമോണിയം നൈട്രേറ്റ് ബെയ്‌റൂത്ത് തുറമുഖത്തിൽ വെയർഹൗസിൽ എത്തിച്ചേർന്നത് എന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലെബനീസ് ഗവൺമെന്റിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല എങ്കിലും, അതുസംബന്ധിച്ച അഭ്യൂഹങ്ങൾ വളരെ ശക്തമായി പ്രചരിക്കുന്നുണ്ട്. മേൽപ്പറഞ്ഞ വിശദവിവരങ്ങൾ വിരൽ ചൂണ്ടുന്നത് ആ അഭ്യൂഹങ്ങളിൽ വാസ്തവമുണ്ടാകാനുള്ള ഒരു വലിയ സാധ്യതയിലേക്ക് തന്നെയാണ്. 

click me!