'തലയ്ക്കുമീതെ കൂരയില്ലാതിരുന്ന' ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കിയത് രാഹുലിന്റെ നയങ്ങളോ?

By Web TeamFirst Published Sep 20, 2021, 4:11 PM IST
Highlights

തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ ഈ വേളയിൽ അമരീന്ദറിനെ ഇങ്ങനെ അപമാനിച്ചിറക്കി വിടുന്നത് കോൺഗ്രസിന് എത്ര കണ്ടു ഗുണം ചെയ്യും എന്നത് കണ്ടുതന്നെ അറിയേണ്ടി വരും. 

"തലയ്ക്കു മീതെ കൂരയില്ലായിരുന്ന ഒരു കാലമുണ്ടായിരുന്നു ഞങ്ങൾക്ക്. എന്റെ അമ്മയും ഞാനും ചേർന്ന് മണ്ണ് കുഴച്ച് ചുവരിൽ തേച്ച ഒരു ബാല്യകാലം എനിക്കോർമ്മയുണ്ട്. കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും നയങ്ങളാണ് എന്നെ ഇന്ന് മുഖ്യമന്ത്രിയാക്കി മാറ്റിയത്..." പഞ്ചാബിന്റെ പതിനാറാമത്തെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ശേഷമുള്ള ആദ്യത്തെ പത്ര സമ്മേളനത്തിൽ ചരൺജിത് സിംഗ് ചന്നി ഏറെ വികാരാധീനനായിക്കൊണ്ട് പറഞ്ഞ വാക്കുകളാണിത്. 

 

Punjab CM Charanjit Singh Channi gets emotional in his first presser. He said, "we once didn't have roof in our house, my mother & I used to get mud to plaster our walls, it's Congress & 's policies that I have become Chief Minister today" pic.twitter.com/HcF1UM697d

— Gaurav Pandhi (@GauravPandhi)

 

ഒരു ദിവസത്തോളം നീണ്ടുനിന്ന തിരക്കിട്ട ചർച്ചകൾക്കൊടുവിലാണ് ദളിത് സിഖ് നേതാവായ ചന്നിയെ പഞ്ചാബിന്റെ മുഖ്യമന്ത്രിയായി നിയോഗിച്ചത്. സംസ്ഥാന കോൺഗ്രസ് പാളയത്തിനുള്ളിൽ തുടർച്ചയായുണ്ടായ പടപ്പുറപ്പാടിനൊടുവിൽ നിലവിലെ മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചതോടെയാണ് ചന്നിയുടെ തലവര തെളിഞ്ഞത്. പഞ്ചാബിന്റെ അമരത്തെത്തുന്ന ആദ്യത്തെ ദളിത് ആയി അതോടെ ചരൺജിത് സിംഗ് ചന്നി മാറി. 

ആരാണ് ചരൺജിത് സിംഗ് ചന്നി? 

പഞ്ചാബിലെ ചംകൗർ സാഹിബ് മണ്ഡലത്തിൽ നിന്നുള്ള നിയമസഭംഗമായ ചന്നി സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ മൂന്നിൽ ഒന്ന് വരുന്ന ദളിത് സമുദായത്തിലെ രാംദാസിയാ സിഖ് എന്ന ഉപവിഭാഗത്തിന്റെ നേതാവാണ്. 2007 മുതൽ തുടർച്ചയായി മൂന്നുവട്ടമാണ്  ചന്നി ചംകൗർ സാഹിബിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ചു കയറുന്നത്. 2015 -ൽ, പതിനാലാം മന്ത്രിസഭയിൽ ചന്നിയായിരുന്നു പ്രതിപക്ഷ നേതാവ്. 2017 -ൽ സാങ്കേതിക വിദ്യാഭ്യാസം, വ്യാവസായിക പരിശീലനം, തൊഴിലുണ്ടാക്കൽ, ശാസ്ത്ര സാങ്കേതിക വകുപ്പുകളിൽ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിയായും ചന്നി പ്രവർത്തിച്ചു. അമരീന്ദർ സിങ്ങിനെതിരെ പാളയത്തിൽ പടപ്പുറപ്പാടുണ്ടായപ്പോൾ അതിനെ നയിച്ചതും ചന്നി തന്നെയാണ്.  

 

 


ഗ്രാമ മുഖ്യനായ അച്ഛൻ തെളിച്ച വഴിയിലൂടെയാണ് ചന്നി രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. സ്‌കൂൾ കാലം തൊട്ടുതന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം സ്‌കൂൾ യൂണിയന്റെ അധ്യക്ഷനാവുന്നുണ്ട്. പഞ്ചാബ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയിട്ടുള്ള ചന്നി നിലവിൽ അതേ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് പൂർത്തിയാക്കുന്ന തിരക്കിലാണ്. കോളേജ് പഠനകാലത്ത് അറിയപ്പെടുന്ന ഒരു ഹാൻഡ്ബാൾ കളിക്കാരൻ കൂടിയായിരുന്നു ഇദ്ദേഹം. 

തിരഞ്ഞെടുപ്പ് ആസന്നമായ ഈ സമയത്ത് കാലാവധി പൂർത്തിയാക്കാൻ അനുവദിക്കാതെ അമരീന്ദർ സിങിനെ ധൃതിപ്പെട്ട് ഇറക്കിവിട്ടതിന് തീർച്ചയായും രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്. അത് സംസ്ഥാനരാഷ്ട്രീയത്തിലെ ജാതി സമവാക്യങ്ങൾ കൂടി മുന്നിൽ കണ്ടുള്ള ഒരു തീരുമാനമാണ്. തുടക്കത്തിൽ ജാട്ട് സിഖ് വംശജനായ സുഖ്‌വിന്ദർ സിംഗ് രൺധാവയുടെ പേരായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നത് എങ്കിലും, അവസാന നിമിഷം ദില്ലിയിൽ ഹൈക്കമാൻഡ് ചർച്ചകൾക്കൊടുവിൽ ഏറെ അപ്രതീക്ഷിതമായിട്ടാണ് ചന്നിയുടെ പേര് ഉയർന്നുവരുന്നത്.

പഞ്ചാബിൽ ദളിത് പക്ഷ രാഷ്ട്രീയത്തിന് ഇന്നോളം  കാര്യമായ വളക്കൂറുണ്ട് എങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വരെയും, കോൺഗ്രസിന്റെ ഉറച്ച വോട്ടുബാങ്കായി നിലനിന്നിരുന്നു എന്നതുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ കാര്യമായ സ്വാധീനമോ പദവികളോ അവർക്ക് കിട്ടിയിരുന്നില്ല. ജിന്നി മാഹിയെപ്പോലെയുള്ള ദളിത് പാട്ടുകാരുടെ ആവേശം കൊള്ളിക്കുന്ന ഗാനങ്ങളും സംസ്ഥാനത്തെ ദളിത് അംബേദ്കറൈറ്റ് വികാരങ്ങൾ സജീവമായി നിലനിർത്തിയിരുന്നു. 

 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 37 ശതമാനം വരുന്ന ദളിത് വോട്ടർമാരിൽ പലരും ആം ആദ്മി പാർട്ടിക്ക് തങ്ങളുടെ വോട്ടുകൾ മറിച്ചുകുത്തിയതോടെയാണ് കോൺഗ്രസ് അന്നോളമുള്ള മൗഢ്യത്തിൽ നിന്നുണരുന്നതും പ്രതിവിധി ആലോചിക്കുന്നതും. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സാദ്ധ്യതകൾ മങ്ങിയിരിക്കയാണ്. കർഷകരിൽ നല്ലൊരു ഭാഗവും ദളിതനായ കർഷക തൊഴിലാളികളാണ്. അവരെ പ്രീതിപ്പെടുത്താൻ ചന്നിയെ മുഖ്യമന്ത്രിയായിക്കിയപ്പോൾ തന്നെ, ജാട്ട് സിഖ് കർഷകരെ മുന്നിൽ കണ്ടുകൊണ്ട് ജാട്ട് സിഖ് ആയ സിധുവിനെ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ആക്കുകയും ചെയ്തിട്ടുണ്ട് പാർട്ടി.

പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി നവ്‌ജ്യോത് സിംഗ് സിധുവിനെ ഹൈക്കമാൻഡ് നിയമിക്കുന്നതോടെയാണ് സംസ്ഥാനത്തെ കോൺഗ്രസ് പാളയത്തിൽ മുറുമുറുപ്പുകൾ തുടങ്ങുന്നത്. ക്യാപ്റ്റന്റെ ഇഷ്ടത്തിന് വിരുദ്ധമായി സിധുവിനെ സംസ്ഥാന അധ്യക്ഷനാക്കിയതിനു പിന്നിൽ രാഹുൽ ഗാന്ധിയായിരുന്നു എന്നാണ് പറയപ്പെടുന്നത്. 2017 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേതൃസ്ഥാനത്തേക്ക് പ്രതാപ് സിംഗ് ബാജ്‌വയെ രാഹുൽ ഗാന്ധി പിന്തുണച്ചത് മുതൽക്കാണ് അമരീന്ദറുമായുള്ള അകൽച്ച തുടങ്ങുന്നത്. അന്ന് അമരീന്ദർ ക്യാമ്പിൽ നിന്നുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഹൈക്കമാൻഡിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ക്യാപ്റ്റന്റെ പേര് തന്നെ നിർദേശിക്കേണ്ടി വന്നത്. അന്ന് ബാജ്‌വക്ക് സംസ്ഥാന കോൺഗ്രസ് നേതൃപദവി നൽകി തൽക്കാലത്തേക്ക് അദ്ദേഹത്തെ ശാന്തനാക്കി എങ്കിലും, തലപ്പത്തെ പ്രശ്നങ്ങൾ പിന്നെയും തുടർന്നുപോവുക തന്നെ ചെയ്തു. 

 

 

താൻ മൂന്നുവട്ടം അപമാനിതനായിട്ടുണ്ട് എന്ന അമരീന്ദർ സിങിന്റെ പ്രതികരണവും രാഹുൽ ഗാന്ധി പാളയത്തിന് അദ്ദേഹത്തെ അനഭിമതനാക്കി. 52 കാരനായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് ആകെ 9.5 കൊല്ലമാണ് മുഖ്യമന്ത്രി പദത്തിൽ ഇരുന്നിട്ടുള്ളത്. "എനിക്ക് പഞ്ചാബിനെ നയിക്കാനുള്ള ത്രാണിയില്ല എന്ന് ഹൈക്കമാൻഡിനു തോന്നിയിട്ടുണ്ടെങ്കിൽ, അത് എനിക്ക് വളരെ സങ്കടമുണ്ടാക്കുന്ന ഒന്നാണ്. അവർക്ക് വിശ്വാസമുള്ള ആരെയാണെന്നുവെച്ചാൽ ഇനി മുഖ്യമന്ത്രി ആക്കിക്കോട്ടെ, ഞാൻ രാജിവെക്കുന്നു" എന്നായിരുന്നു ക്യാപ്റ്റന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ ഈ വേളയിൽ അമരീന്ദറിനെ ഇങ്ങനെ അപമാനിച്ചിറക്കി വിടുന്നത് കോൺഗ്രസിന് എത്ര കണ്ടു ഗുണം ചെയ്യും എന്നത് കണ്ടുതന്നെ അറിയേണ്ടി വരും. 

click me!