മേലുദ്യോഗസ്ഥന് കാപ്പി ഉണ്ടാക്കുന്നതും, ബോസിന്റെ വീട്ടിലെ ജോലി ചെയ്യുന്നതുമൊന്നും നിങ്ങളുടെ ജോലിയല്ല...

By Web TeamFirst Published Jun 16, 2019, 2:22 PM IST
Highlights

ഇതിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നതിനും മുൻപേ ഓരോ തൊഴിലാളിയും മനസ്സിലാക്കേണ്ട വലിയ ഒരുകാര്യമാണ്, നിങ്ങൾക്ക് നിങ്ങളുടെ കോൺട്രാക്ടിൽ ഉള്ള ജോലി ചെയ്യാനേ ബാദ്ധ്യത ഉള്ളൂ.

കൊച്ചി സെൻട്രൽ സർക്കിൾ ഇൻസ്പെക്ടറിന്റെ തിരോധാനവും, തിരിച്ചു വരവും, അദ്ദേഹം ജോലിസ്ഥലങ്ങളിൽ അനുഭവിച്ചിരുന്ന മാനസിക സംഘർഷങ്ങളും കഴിഞ്ഞ കുറേ ദിവസങ്ങളായി ദൃശ്യ മാധ്യമങ്ങളിൽ കണ്ടു കാണും. വിശദാംശങ്ങൾ മുഴുവനായും നമുക്ക് ഇപ്പോൾ അറിയില്ല, അത് പുറത്തു വരട്ടെ. പക്ഷെ ഒരു കാര്യം ഉറപ്പാണ്, ഡിഗ്നിറ്റി അറ്റ് വർക്ക് എന്താണ് എന്ന് നമ്മുടെ സർക്കാർ, പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പല മേലുദ്യോഗസ്ഥർക്കും അറിവുള്ളതല്ല.

കുറെ നാളുകൾക്ക് മുൻപ് മേലുദ്യോഗസ്ഥന്റെ മകളുടെ അടി വാങ്ങി, ആശുപത്രിയിൽ ആയ പോലീസുകാരന്റെ നിസ്സഹായാവസ്ഥ പത്രത്തിൽ വായിച്ചു കാണുമല്ലോ? മേലുദ്യോഗസ്ഥനു വേണ്ടി ചായ ഉണ്ടാക്കുന്ന കീഴുദ്യോഗസ്ഥന്റെ കഥയും കേട്ടുകാണും. ചുറ്റിനും നോക്കിയാൽ സമാനമായ നൂറു കണക്കിന് ഉദാഹരണങ്ങൾ വേറെയും കാണാം.

എന്ത് തൊഴിൽ ആയാലും, അത് ഒരു പൗരന്റെ അന്തസ്സിനും, മാന്യതയ്ക്കും അനുസരിച്ചു ചെയ്യാൻ ഉതകുന്ന രീതിയിൽ വിദേശ രാജ്യങ്ങളിൽ ഒക്കെയുള്ള നിയമാവലി ആണ് 'ഡിഗ്നിറ്റി അറ്റ് വർക്ക് പോളിസി (Dignity at Work Policy)'.

അയർലണ്ടിലും അമേരിക്കയിലുമായി ഞാൻ ജോലി ചെയ്ത നാലു സ്ഥാപനങ്ങളിലും നിര്‍ബന്ധിതമായ കോഴ്സ് (mandatory course) ആയിരുന്നു 'ഡിഗ്നിറ്റി അറ്റ് വർക്ക്.' ചില സ്ഥലങ്ങളിൽ ഓരോ രണ്ടു വർഷം കൂടുമ്പോൾ ഇത് പുതുക്കുകയും വേണം. ഒരു ഓർഗനൈസേഷന്റെ പ്രസിഡന്റ് മുതൽ ഏറ്റവും താഴത്തെ ശ്രേണിയിൽ ഉള്ള ആൾ വരെ ചെയ്യേണ്ടിയിരുന്ന കോഴ്സ് ആണ് 'ഡിഗ്നിറ്റി അറ്റ് വർക്ക്'.

ഓരോ തൊഴിൽ ശാലകൾക്കും അവരുടേതായ 'ഡിഗ്നിറ്റി അറ്റ് വർക്ക്' പോളിസികൾ കാണും.

'ഡിഗ്നിറ്റി അറ്റ് വർക്ക് പോളിസിയിൽ വരുന്നതാണ് Bullying (മറ്റുള്ളവരെ ഭയപ്പെടുത്തി ഭരിക്കാന് സ്വന്തം ശക്തി ഉപയോഗിക്കുക), Harassment (ശാരീരിക, മാനസിക പീഡനം) and Sexual Harassment (ലൈംഗിക പീഡനം).

ഇതിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നതിനും മുൻപേ ഓരോ തൊഴിലാളിയും മനസ്സിലാക്കേണ്ട വലിയ ഒരുകാര്യമാണ്, നിങ്ങൾക്ക് നിങ്ങളുടെ കോൺട്രാക്ടിൽ ഉള്ള ജോലി ചെയ്യാനേ ബാദ്ധ്യത ഉള്ളൂ.

അതായത്, മേലുദ്യോഗസ്ഥന് കാപ്പി ഉണ്ടാക്കുന്നതും, ബോസിന്റെ വീട്ടിലെ ജോലി ചെയ്യുന്നതും, ഗവേഷണ സൂപ്പർവൈസറുടെ മക്കളെ ക്രഷിൽ കൊണ്ടുപോയി വിടുന്നതും നിങ്ങളുടെ തൊഴിലിൽ പെട്ട കാര്യമല്ല. നിങ്ങളുടെ കോൺട്രാക്ടിൽ ഇല്ലാത്ത കാര്യങ്ങൾ, നിങ്ങളുടെ ഇഷ്ടത്തിനു വിപരീതമായി നിങ്ങളെ കൊണ്ട് ചെയ്യിക്കുന്നത് ബുള്ളിയിങ് ആണ്.

എന്താണ് 'ബുള്ളിയിങ്ങ് അഥവാ Bullying?' 
അധികാരം ഉപയോഗിച്ചോ, ഭീഷണിപ്പെടുത്തിയോ, ബലം പ്രയോഗിച്ചോ, സമ്മര്‍ദ്ദതന്ത്രങ്ങൾ പ്രയോഗിച്ചോ, ഭയപ്പെടുത്തിയോ മറ്റൊരാളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതോ, അവരെ നിങ്ങളുടെ വരുതിയിൽ ആക്കുന്നതോ, അവരെ മറ്റുള്ളവരിൽ നിന്നും താഴ്ത്തി കാണിക്കുന്നതോ ആയ പ്രവൃത്തികൾ എല്ലാം ബുള്ളിയിങ് ആയി വരും. ഉദാഹരണത്തിന് മുകളിലത്തെ പൊലീസ് ഉദ്യോഗസ്ഥൻ ജോലി സ്ഥലത്തെ ബുള്ളിയിങിന്റെ ഇര എന്ന് പറയാം.

ബുള്ളിയിങ്ങ് (Bullying) ഏതൊക്കെ തരത്തിൽ ആകാം?
ബുള്ളിയിങ്ങിനെ സാധാരണയായി അഞ്ചായി തരം തിരിക്കാം. വൈകാരികമായത് (emotional), വാക്കുകൾ കൊണ്ട് (verbal), ശാരീരികമായി (physical), sexual (ലൈംഗികമായി), ഇന്റർനെറ്റ് വഴി (cyber) ഉള്ള ബുള്ളിയിങ്ങുകൾ ഈ അഞ്ചെണ്ണം.

ഉദാഹരണങ്ങൾ പറയുമോ?
ജോലി സ്ഥലത്തുള്ള ബുള്ളിയിന്റെ ഉദാഹരണങ്ങൾ ആണ്, സ്ഥിരമായി അപമാനിക്കുക, അവജ്ഞയോടെ സംസാരിക്കുക, മറ്റുള്ളവരുടെ മുൻപിൽ താഴ്ത്തിക്കെട്ടുക, കോൺട്രാക്ടിൽ ഇല്ലാത്ത ജോലികൾ ചെയ്യിക്കുക, ഭീഷണി, ഭീഷണിയോടെ സംസാരിക്കുക, മറ്റുള്ളവരുടെ മുൻപിൽ മനപ്പൂർവ്വം ഒഴിവാക്കപ്പെടുക (തഴയപ്പെടുക), ലൈംഗിക ചുവയോടെ സംസാരിക്കുക, ജോലിയിൽ മോശമാണ് എന്ന് മറ്റുള്ളവരുടെ മുൻപിൽ വച്ച് അപമാനിക്കുക തുടങ്ങിയവ. താഴെ ഉള്ള ഉദ്യോഗസ്ഥനെ കൊണ്ട് കാപ്പി ഉണ്ടാക്കിക്കുന്നതും, സിഗരറ്റ് മേടിക്കാൻ കടയിൽ വിടുന്നതും എല്ലാം ബുള്ളിയിങ്ങിന്റെ ഉദാഹരണങ്ങൾ ആണ്.

ഇത് വിദേശതൊക്കെയല്ലേ പറ്റൂ, നമ്മുടെ നാട്ടിൽ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ തൊഴിലാളിക്ക് നിയമ പരിരക്ഷ ഉണ്ടോ?
ഉണ്ടല്ലോ. ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ ഇരുപത്തൊന്ന് (Article 21 -Right to Life and Personal Liberty). ഇത് ജീവിതത്തിന്റെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നു. 

ചില വിശേഷ സാഹചര്യങ്ങളിലിലൊഴിച്ച്, (അതും നിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായി മാത്രം), ഒരാൾക്കും സ്വൈരജീവിതമോ വ്യക്തിസ്വാതന്ത്ര്യമോ നിഷേധിക്കരുതെന്നാണ്!  സുപ്രീം കോർട്ട് Francis Coralie v. Union Territory വിധി ന്യായത്തിൽ ഇപ്രകാരം പറയുന്നുണ്ട്. ജീവിക്കാനുള്ള അവകാശം എന്നത്, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം കൂടി ഉൾപ്പെടുന്നതാണ്. അതായത് അങ്ങനെ ജീവിക്കാൻ വേണ്ട അവശ്യഘടകങ്ങളായ, 'സമീകൃതാഹാരം, വസ്ത്രം, പാർപ്പിടം, എഴുതാനും, വായിക്കാനും, സാധ്യമായ രീതികളിലൊക്കെ ആത്മപ്രകാശനം നടത്താനുമുള്ള സൗകര്യങ്ങൾ, സഹജീവികളുമായുള്ള ഇടപഴകാനും, യഥേഷ്ടം സഞ്ചരിക്കാനും ഏറ്റവും അല്പസ്വല്പമൊക്കെ ആത്മാവിഷ്കാരം നടത്താനും ഒക്കെയുള്ള അവകാശം ഇതൊക്കെ പെടും. 
-(Reference: Chaskalson. "Human dignity as a constitutional value." The Concept of Human Dignity in Human Rights Discourse (Kluwer Law International The Hague 2002) (2002): 133-144.)

നിങ്ങൾ ബുള്ളിയിങിന്റെ ഇരയാണെങ്കിൽ എന്തൊക്കെ ചെയ്യാം?
നിങ്ങളുടെ നേരിട്ടു മുകളിൽ ഉള്ള ഉദ്യോഗസ്ഥനിൽ നിന്നാണ് ബുള്ളിയിങ്ങ് ഉണ്ടാകുന്നതെങ്കിൽ, അതിനും മുകളിലുള്ള ഉദ്യോഗസ്ഥനോട് പരാതിപ്പെടാം. അല്ലെങ്കിൽ സ്ഥാപനത്തിന്റെ HR മാനേജരോട് നേരിട്ടു പരാതി പറയാം. നിങ്ങൾ ഏതെങ്കിലും യൂണിയൻ മെമ്പർ ആണെങ്കിൽ, യൂണിയൻ പ്രതിനിധികളും ആയും ഈ കാര്യങ്ങൾ ചർച്ച ചെയ്യാം. നിങ്ങൾ നേരിട്ട് തൊഴിൽ ദാതാവിനെ കണ്ട് പരാതി പറയുന്നതിലും കൂടുതൽ ഫലപ്രദമായത് യൂണിയൻ പ്രതിനിധികളുമായി തൊഴിൽ ദാതാവിനെ കാണുന്നതാണ്.

ഒരു കാര്യം അടിവരയിട്ടു പറയാം നിങ്ങൾ, നിങ്ങളുടെ കോൺട്രാക്ടിൽ (എഴുതിയതോ, വാക്കുള്ളതോ ആയ) പറഞ്ഞ കാര്യങ്ങൾ മാത്രം ചെയ്യാനേ നിങ്ങൾ ബാധ്യസ്ഥരായുള്ളൂ. ചുരുക്കത്തിൽ കേരളത്തിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപങ്ങളിലെ എല്ലാ ഉദ്യോഗസ്ഥർക്കും അടിയന്തിരമായി നൽകേണ്ട ഒരു കോഴ്സ് ആണ് *ഡിഗ്നിറ്റി അറ്റ് വർക്ക് പോളിസി* എന്ന കാര്യത്തിൽ തർക്കം ഉണ്ടാവില്ല.

 

click me!