ഒരിക്കലെങ്കിലും ഒരു യുദ്ധഭൂമി കണ്ടിട്ടുണ്ടോ നിങ്ങള്‍? ബോംബേറില്‍ പ്രിയപ്പെട്ടവരെ നഷ്‍ടപ്പെട്ടിട്ടുണ്ടോ? നാടുവിട്ട് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടോ?

By Web TeamFirst Published Jan 20, 2020, 12:32 PM IST
Highlights

''കെട്ടിടാവശിഷ്‍ങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഇസ്ലം എന്നൊരു ഒമ്പതുവയസ്സുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാനും ടീമിലുള്ള മറ്റുള്ളവരും ചേര്‍ന്ന്. അവള്‍ ശ്വസിക്കുന്നുണ്ടായിരുന്നില്ല. അത്രയേറെ കെട്ടിടാവശിഷ്‍ടങ്ങള്‍ക്കടിയിലകപ്പെട്ടു കിടക്കുകയായിരുന്നു അവള്‍. പക്ഷേ, അവസാനം ഞങ്ങളവളെ ജീവനോടെതന്നെ പുറത്തെത്തിച്ചു.'' 

60,000 മനുഷ്യര്‍ ജീവിച്ചിരുന്ന സ്ഥലമായിരുന്നു സിറിയയിലെ ഇദ്‍ലിബ്. പക്ഷേ, നിരന്തരമായ ബോംബാക്രമണങ്ങളെ തുടര്‍ന്നും വിശപ്പ് സഹിക്കാനാകാതെയും കടുത്ത തണുപ്പും കാരണം കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ അതിലേറെപ്പേരും സ്വന്തം സ്ഥലമുപേക്ഷിച്ച്, അതുവരെയുണ്ടാക്കിയ വിലപ്പെട്ടതെല്ലാമുപേക്ഷിച്ച് പലായനം ചെയ്‍തുകഴിഞ്ഞു. അവിടെപ്പിടിച്ചുനിന്ന ചുരുക്കം ചിലരിലൊരാളാണ് രക്ഷാപ്രവര്‍ത്തകനായ ലെയ്ത്ത് അല്‍ അബ്‍ദുള്ള.

 

യുദ്ധം തുടങ്ങുന്നതിനുമുമ്പ് ഒരു പ്രാദേശിക ഫിനാന്‍ഷ്യല്‍ എക്സ്ചേഞ്ച് കമ്പനിയില്‍ അക്കൗണ്ടന്‍റായിരുന്നു ലെയ്ത്ത്. എന്നാല്‍ ഇന്ന്, ലെയ്ത്ത് ആകെച്ചെയ്യുന്ന കണക്കുകൂട്ടലുകള്‍ ആ ദുരന്തഭൂമയില്‍നിന്ന് തനിക്ക് രക്ഷിക്കാനുള്ളവരെത്രയാണെന്നത് മാത്രമാണ്. ആ നഗരം വിട്ടുപോകേണ്ടിവന്നവരില്‍ ലെയ്‌ത്തിന്റെ ഭാര്യയും രണ്ട് കൊച്ചുകുട്ടികളും ഉൾപ്പെടുന്നു. അവിടെത്തന്നെ താമസിക്കാന്‍ തീരുമാനിച്ചിരുന്നവരിലെത്രയോപേര്‍ തന്‍റെ കണ്‍മുന്നില്‍ മരിച്ചുവീണിട്ടുണ്ട് എന്ന് ലെയ്ത്ത് പറയുന്നു.  

"ഇപ്പോൾ അവർ (ഭാര്യയും കുഞ്ഞുങ്ങളും) എന്നിൽ നിന്ന് വളരെ അകലെയാണ്. ഞങ്ങൾ ചിലപ്പോൾ വീഡിയോകോളുകൾ വഴിയാണ് സംസാരിക്കുന്നത്. എനിക്ക് അവരുടെ സാന്നിധ്യം ഒക്കെ നഷ്‍ടമായി. പക്ഷേ, അവർ എന്നെപ്പോലെ തന്നെ അപകടത്തിൽ പെടുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കല്‍പം ആശ്വാസം തോന്നും" എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

ലെയ്‍ത്തിന് ആദ്യം നഷ്‍ടപ്പെടുന്നത് അദ്ദേഹത്തിന്‍റെ ഇളയ സഹോദരന്‍ മുഹമ്മദിനെയാണ്. 2012 -ല്‍ ഒരു വ്യോമാക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് മുഹമ്മദ് മരിക്കുന്നത്. അന്ന് തന്‍റെ സഹോദരനെ രക്ഷിക്കാന്‍ ലെയ്ത്ത് ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷേ, ആ ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു. 'വൈറ്റ് ഹെല്‍മറ്റ്' എന്നറിയപ്പെടുന്ന ആ സന്നദ്ധസംഘത്തിലെ അംഗമായിട്ടുള്ള ലെയ്‍ത്തിന്‍റെ ആദ്യത്തെ രക്ഷാപ്രവര്‍ത്തന ദൗത്യമായിരുന്നു അത്. 

''ഇടിഞ്ഞുപൊളിഞ്ഞിരിക്കുന്ന കെട്ടിടത്തിന്‍റെ അവശിഷ്‍ടങ്ങള്‍ക്കിടയില്‍നിന്നും അവനെ വലിച്ചെടുക്കാനും ആശുപത്രിയിലെത്തിക്കാനും ഞാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ, കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അവന്‍ മരിച്ചു. അവന് വെറും 22 വയസ്സ് മാത്രമായിരുന്നു പ്രായം. അതായിരുന്നു ഞങ്ങള്‍ കണ്ട ആദ്യത്തെ ഏറ്റവും വലിയ ബോംബാക്രമണം'' ലെയ്ത്ത് പറയുന്നു. സ്വന്തം അനുജനെയടക്കം നഷ്‍ടപ്പെട്ട ആ ബോംബാക്രമണം ലെയ്ത്തിനെ രക്ഷാപ്രവര്‍ത്തനദൗത്യത്തില്‍നിന്നും പിന്നോട്ടുവലിച്ചേക്കാം എന്നാണ് തോന്നുന്നതെങ്കില്‍ തെറ്റി. പിന്മാറാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. മാത്രവുമല്ല, കൂടുതല്‍ ശക്തമായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടാനായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം. 

''അതിനുശേഷം നിരവധി തവണ ഇവിടെ വലുതും ചെറുതുമായ വ്യോമാക്രമണങ്ങളുണ്ടായി. ഒരുപാട് മനുഷ്യര്‍ക്ക് നമ്മുടെ സഹായം ആവശ്യമുണ്ടായിരുന്നു. അതുതന്നെയായിരുന്നു ഞാന്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനിറങ്ങാനുണ്ടായ കാരണവും. എന്‍റെ സഹോദരന്‍റെ മരണം എന്നിലേല്‍പ്പിച്ച കൊടിയ വിഷാദത്തില്‍നിന്നും ഞാന്‍ കരകയറിയതും അങ്ങനെത്തന്നെയായിരുന്നു.'' -ലെയ്ത്ത് പറയുന്നു. 

 

2015 -ലെ ഒരു രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് ലെയ്ത്ത് ഓര്‍ക്കുന്നു. അസ്സദ് അനുകൂല സേന ആ സമയത്താണ് പട്ടണത്തില്‍ ബാരല്‍ ബോംബുകള്‍ പ്രയോഗിച്ചു തുടങ്ങിയത്. ഉഗ്രസ്ഫോടനശേഷിയുള്ള ആ ബോംബുകളിലടങ്ങിയിരുന്നത് കൂര്‍ത്ത ആണികളും മറ്റ് ലോഹശകലങ്ങളുമായിരുന്നു. മനുഷ്യരെ അവരവരുടെ വീട്ടില്‍ത്തന്നെ അടക്കാന്‍ പ്രാപ്‍തിയുണ്ടായിരുന്നു അവയ്ക്ക്. ഒപ്പം നിരവധി വെടിയുണ്ടകള്‍ സാധാരണ മനുഷ്യരുടെനേരെ ചീറിവന്നു. എത്രയോപേര്‍ മരിച്ചു, എത്രയോ പേര്‍ക്ക് മാരകമായി പരിക്കേറ്റു. 

'' ഒരിക്കല്‍ കെട്ടിടത്തിന്‍റെ അവശിഷ്‍ടങ്ങള്‍ക്കിടയില്‍നിന്ന് ഒരു വൃദ്ധയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. എന്‍റെ കൈകളപ്പോള്‍ നഗ്നമായിരുന്നു. തകര്‍ന്ന വീടിന്‍റെ അടിയിലെവിടെയോ കുടുങ്ങിക്കിടപ്പായിരുന്നു അവര്‍. എനിക്കവരുടെ നിലവിളി കേള്‍ക്കാമായിരുന്നു. പക്ഷേ, അവരെ കാണുന്നില്ലായിരുന്നു. പക്ഷേ, അവസാനം ജീവനോടെതന്നെ നമ്മളവരെ പുറത്തെത്തിച്ചു.'' രക്ഷാപ്രവര്‍ത്തനത്തിലെ ഒരനുഭവത്തെ കുറിച്ച് ലെയ്ത്ത് ഓര്‍ക്കുന്നു. അടുത്തിടെ നടന്ന ഒരു സംഭവത്തെകുറിച്ച് കൂടി ലെയ്ത്ത് ഓര്‍ത്തെടുക്കുന്നു. 

 

''കെട്ടിടാവശിഷ്‍ങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഇസ്ലം എന്നൊരു ഒമ്പതുവയസ്സുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാനും ടീമിലുള്ള മറ്റുള്ളവരും ചേര്‍ന്ന്. അവള്‍ ശ്വസിക്കുന്നുണ്ടായിരുന്നില്ല. അത്രയേറെ കെട്ടിടാവശിഷ്‍ടങ്ങള്‍ക്കടിയിലകപ്പെട്ടു കിടക്കുകയായിരുന്നു അവള്‍. പക്ഷേ, അവസാനം ഞങ്ങളവളെ ജീവനോടെതന്നെ പുറത്തെത്തിച്ചു.'' എന്നാല്‍ എല്ലാ പരിശ്രമങ്ങള്‍ക്കുമൊടുവിലും മരണത്തിന് കീഴടങ്ങേണ്ടി വന്നവരുമുണ്ട്. ഒരു രക്ഷാപ്രവര്‍ത്തനത്തിനും സഹായിക്കാനാവാതെ പോയ ആ മനുഷ്യരെ കുറിച്ചോര്‍ക്കുമ്പോള്‍ അദ്ദേഹത്തിന് വേദനയുണ്ട്. 

ആബിര്‍ എന്ന് പേരായ ഒരു സയന്‍സ് വിദ്യാര്‍ത്ഥിനിയെ കുറിച്ച് അദ്ദേഹം ഓര്‍ക്കുന്നു. യൂണിവേഴ്‍സിറ്റി ലബോറട്ടറിയില്‍ നടന്ന അക്രമത്തെ തുടര്‍ന്നായിരുന്നു അത്.  ''ജീവിതത്തില്‍ ഒരിക്കലും എനിക്കാ സംഭവം മറക്കാനാകില്ല. അവളുടെ പേര് ആബിര്‍ എന്നായിരുന്നു. ലബോറട്ടറിയില്‍നിന്നും അവളെയെടുത്ത് ഓടുമ്പോഴും അവള്‍ക്ക് ജീവനുണ്ടായിരുന്നു. ബിരുദപഠനം തീരാറായിരുന്നു. അവള്‍ സഹായത്തിനായി നിര്‍ത്താതെ നിലവിളിക്കുന്നത് പുറത്തുകേള്‍ക്കാമായിരുന്നു. ആംബുലന്‍സിന്‍റെ നിര്‍ത്താതെയുള്ള സൈറണ്‍ വിളികളും പരിക്കേറ്റ മനുഷ്യരുടെ സഹായത്തിനായുള്ള നിലവിളികളും മാത്രമായിരുന്നു അവിടെ മുഴങ്ങിക്കേട്ടിരുന്നത്. ആംബുലന്‍സ് നിറഞ്ഞിരുന്നു. അവള്‍ എന്‍റെ കൈകളില്‍ കിടന്നുതന്നെ മരിച്ചു.''

യുദ്ധം തുടങ്ങുന്നതിനുമുമ്പ് തന്‍റെ നഗരം എങ്ങനെയായിരുന്നുവെന്നും ലെയ്ത്ത് ഓര്‍ക്കുന്നു. ''2011 -ല്‍ യുദ്ധം തുടങ്ങുന്നതിനുമുമ്പ് സറാക്വീബ്‌ ഒരു കാര്‍ഷിക നഗരമായിരുന്നു. അതായിരുന്നു ഇദ്‍ലിബിനെ ഗ്രാമവുമായി ബന്ധിപ്പിച്ചിരുന്നത്. ആളുകളെല്ലാം നമ്മുടെ മാര്‍ക്കറ്റിലേക്ക് വരുമായിരുന്നു. അല്ലെങ്കില്‍ മറ്റിടങ്ങളിലേക്ക് പോകാനായി ഇതുവഴിവന്നു. വിനോദസഞ്ചാരികളും ചിലപ്പോഴൊക്കെ നമ്മുടെ നഗരത്തിലെത്തി. എപ്പോഴും ജീവിതം നിറഞ്ഞുനിന്നയിടമായിരുന്നു അത്. എപ്പോഴും ചിരിയും സന്തോഷവുമുണ്ടായിരുന്നു. ഇന്ന് നിശബ്‍ദമായ, ശൂന്യമായ നഗരത്തിന്‍റെ വെറും പുറന്തോട് മാത്രമാണെന്‍റെ നഗരം.''

 

''വാഹനങ്ങള്‍ക്കാവശ്യത്തിനുള്ള ഇന്ധനത്തിന്‍റെ ലഭ്യത കുറഞ്ഞിരിക്കുകയാണ്. വൈദ്യുതിയോ കത്തിക്കാനുള്ള വിറകുകളോ കിട്ടാനില്ല. കത്തിക്കാനായി എന്തെങ്കിലും കിട്ടുമോയെന്ന് അന്വേഷിക്കുകയാണ് ഇവിടെ ശേഷിച്ചവര്‍. ഒന്നും കിട്ടാത്തതിനാല്‍ തങ്ങളുടെ പ്രിയപ്പെട്ട ഫര്‍ണിച്ചറും വസ്ത്രങ്ങളുംവരെ കത്തിച്ചു തുടങ്ങി. മാത്രവുമല്ല, നാടുവിട്ട് പലായനം ചെയ്യേണ്ടി വന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ടവയൊന്നും കൂടെക്കൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയണമെന്നില്ല.'' ലെയ്ത്ത് പറയുന്നു. 

പ്രദേശത്തെ അവസ്ഥ ഇപ്പോഴും വളരെയധികം മോശമാണ്. ഏതുനേരത്തും ശേഷിച്ചിരിക്കുന്ന മനുഷ്യര്‍ക്കൊപ്പം ആ മണ്ണുവിട്ട് പലായനം ചെയ്യേണ്ടി വന്നേക്കാമെന്ന് ലെയ്‍ത്തിനറിയാം. ''ഞാനെപ്പോഴും ജീവിച്ചിരുന്നത് സറാക്വീബിലായിരുന്നു. ഇവിടംവിട്ട് ഓടിപ്പോകേണ്ടിവരല്ലേയെന്ന് ഞാനെപ്പോഴും പ്രാര്‍ത്ഥിക്കുന്നു. ഇതാണെന്‍റെ ജീവിതം, എന്‍റെ ആത്മാവ്, എന്‍റെ എല്ലാമെല്ലാം... അന്താരാഷ്ട്ര ചര്‍ച്ചകള്‍ക്കും കരാറുകള്‍ക്കുമെല്ലാമൊടുക്കം എന്തു സംഭവിക്കും എന്നെനിക്കറിയില്ല. പക്ഷേ, ഒരിക്കല്‍ ഈ നഗരം എന്തായിരുന്നോ ആ പഴയ കാലത്തേക്ക് തിരിച്ചുപോകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതാണെന്‍റെ ഏറ്റവും വലിയ ആഗ്രഹം...'' -ലെയ്ത്ത് പറഞ്ഞുനിര്‍ത്തുന്നു. 

യുദ്ധം വേദനയും നഷ്‍ടവും ഭീകരമായ ഓര്‍മ്മകളുമല്ലാതെ മറ്റൊന്നും സമ്മാനിക്കുന്നില്ല എന്ന് ഇനിയെപ്പോഴാണ് ലോകത്തിന് ബോധ്യപ്പെടുക. 

(കടപ്പാട്: ബിബിസി, ചിത്രങ്ങള്‍: ഗെറ്റി ഇമേജ്) 

 

 

click me!