'പ്രസവിക്കുന്ന അച്ഛന്മാർ'; കടൽക്കുതിരകളുടെ അതിനിഗൂഢമായ രതിജീവിതം

By Web TeamFirst Published Jun 4, 2020, 11:23 AM IST
Highlights

ഗർഭം ധരിച്ച് ഒരാഴ്ചയ്ക്കകം ഭ്രൂണങ്ങൾ അനങ്ങിത്തുടങ്ങും. അവയ്ക്ക് വലിപ്പമേറുന്നതോടെ അച്ഛന്മാരുടെ വയറും വീർത്തു വീർത്തു വരും. 

ലോക്ക് ഡൗണിനിടെ പ്രകൃതി അതിന്റെ സ്വാഭാവികാവസ്ഥയിലേക്ക് തിരികെപ്പോകുന്നത് സംബന്ധിച്ച നിരവധി സന്തോഷ വർത്തമാനങ്ങൾ നമ്മൾ കേട്ടുകഴിഞ്ഞു. അക്കൂട്ടത്തിലേക്ക് ഏറ്റവും പുതുതായി വന്ന വാർത്ത ഇംഗ്ലണ്ടിലെ ഡോർസെറ്റ് എന്ന തീരപ്രദേശനഗരത്തിൽ നിന്നാണ്. അവിടത്തെ സ്റ്റുഡ് ലാൻഡ് ബേ എന്ന പ്രദേശത്ത് ലോക്ക് ഡൌൺ തുടങ്ങി രണ്ടുമാസം പിന്നിട്ട ശേഷം നടത്തിയ ഒരു 'ഡൈവിങ്ങി'നിടെ കണ്ടെത്തിയത് 16 കടൽക്കുതിരകളെയാണ്. കടൽക്കുതിരകൾ വംശനാശ ഭീഷണി നേരിടുന്ന ഒരിനം കടൽജീവികളാണ്. ബോട്ട് യാത്ര, ട്രോളിംഗ് പോലെ സമുദ്രാന്തര്ഭാഗത്ത് മനുഷ്യർ നടത്തുന്ന ഇളക്കി മറിക്കലുകളാണ് കടൽക്കുതിരകളുടെ ആവാസ വ്യവസ്ഥയെ തകിടം മരിക്കുകയും, അവയുടെ എന്നതിൽ കുറവുവരുത്തുകയും ഒക്കെ ചെയുന്നത്.

 

 

കടലിന്റെ അടിത്തട്ടിലെ ജൈവവ്യവസ്ഥ സ്വയം 'റിപ്പയറിങ്ങിനു' വിധേയമായതാണ് ഈ മടങ്ങിവരവിന് കാരണമായി കണക്കാക്കുന്നത്. ഇപ്പോൾ അടിത്തട്ടിൽ നിറയെ കടൽപ്പുല്ല് വളരാൻ തുടങ്ങിയത്രേ വീണ്ടും. കടലിന്റെ അടിത്തട്ടിൽ പൊന്തകെട്ടി വളരുന്ന ഈ പുല്ലുകൾ കടൽക്കുതിരകൾക്ക് ഇഷ്ടഭോജ്യവും, അവയ്ക്ക് ഒളിച്ചിരിക്കാൻ ഏറ്റവും ഇഷ്ടമുള്ള ഇടവുമാണ്. അതാണ് കാര്യം. ഇങ്ങനെ സാഹചര്യങ്ങൾ അനുകൂലമായപ്പോൾ ഡോർസെറ്റ് തീരത്തേക്ക് മടങ്ങി വന്ന കടൽക്കുതിരകളുടെ കൂട്ടത്തിൽ രണ്ടു കുഞ്ഞുങ്ങളും, ഗർഭം ധരിച്ച നിരവധി ആൺ കടൽക്കുതിരകളും ഉണ്ടായിരുന്നത്രെ...!

 'ഗർഭം ധരിച്ച ആൺ കടൽക്കുതിരകളോ?'   

നമ്മുടെ നാട്ടിൽ സ്ത്രീപുരുഷസങ്കല്പങ്ങളുടെ സ്റ്റീരിയോ ടൈപ്പുകൾ പലതുണ്ട്. അവയിൽ ഒന്നാണ് ഗൃഹനാഥൻ എന്ന സങ്കൽപം. പകലന്തിയോളം ജോലി ചെയ്ത് പണം സമ്പാദിച്ച് കൊണ്ടുവരുന്ന പുരുഷൻ . വീട്ടിൽ പാചകമടക്കമുള്ള എല്ലാ പണികളും ചെയ്ത്, കുടുംബം പുലർത്തുന്ന സ്ത്രീ. അതിനിടെ പുരുഷന്റെ ബീജത്തെ തന്റെ ജനനേന്ദ്രിയത്തിലൂടെ ഏറ്റുവാങ്ങി, ഭ്രൂണമാക്കി അതിനെ ഗർഭപാത്രത്തിലിട്ട് എട്ടൊമ്പതു മാസം വളർത്തി വലുതാക്കി പ്രസവിച്ചെടുക്കാനുള്ള ബാധ്യതയും അവൾക്കുതന്നെ. അങ്ങനെ കുഞ്ഞിന് ജന്മം നൽകുമ്പോഴാണ് സ്ത്രീക്ക് 'അമ്മ' എന്ന മാലാഖപ്പട്ടം കിട്ടുന്നത്. ഈ വാർപ്പ് സങ്കല്പങ്ങളൊക്കെയും പൊളിച്ചടുക്കുന്ന ഒരു ജീവിവർഗമാണ് കടൽക്കുതിര അഥവാ Sea Horse  എന്നത്. മത്സ്യവർഗ്ഗത്തിലെ 'ഹൈപ്പോ കാമ്പസ് 'എന്ന ഇനത്തിൽ പെടുന്ന 46 -ലധികം ജീവികളെ വിളിക്കുന്ന പേരാണ് കടൽക്കുതിര എന്നത്. അതിന്റെ കഴുത്തിന്റെയും തലയുടെ രൂപത്തിൽ കുതിരയുടേതിനോടുള്ള സമയമാണ് ഇങ്ങനെയൊരു പേരിനു കാരണം.

പറഞ്ഞുവന്നത് കടൽക്കുതിരകൾ നമ്മുടെ പരമ്പരാഗത ലൈംഗികതാസങ്കല്പങ്ങളുടെ സ്റ്റീരിയോടൈപ്പുകളെ തച്ചു തകർക്കുന്നതിനെപ്പറ്റിയാണ്. ഈ ജീവികൾ മേൽപ്പറഞ്ഞ ലൈംഗിക 'റോളുകൾ' പരസ്പരം വെച്ചുമാറിയിട്ടുള്ള കൂട്ടരാണ്. മത്സ്യങ്ങൾക്ക് ബാഹ്യമായി ദർശിക്കാൻ സാധിക്കുന്ന തരത്തിലുള്ള ലൈംഗികാവയവങ്ങൾ ഇല്ല എങ്കിൽ കൂടിയും നമുക്ക് അവയിൽ ആൺ പെൺ വ്യത്യാസം അറിയാൻ സാധിക്കും. ഒരു ജീവിയെ നമ്മൾ സ്ത്രീ അല്ലെങ്കിൽ പുരുഷൻ എന്ന് വിളിക്കുന്നത് അവയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ലൈംഗികകോശങ്ങളുടെ (gametes) വലിപ്പത്തിന് അനുസൃതമായിട്ടാണ്. പുരുഷപ്രജകൾ ശുക്ലം എന്ന ചെറുകോശങ്ങൾ (small gametes) ഉത്പാദിപ്പിക്കുമ്പോൾ സ്ത്രീ പ്രജകൾ അണ്ഡം എന്ന താരതമ്യേന വലിപ്പമേറിയ കോശങ്ങളാണ് (big gametes) ഉത്പാദിപ്പിക്കുക.

 

 

കടൽക്കുതിരകളിൽ കാണപ്പെടുന്ന കാതലായ വ്യത്യാസം, അവയിൽ ശുക്ലം ഉത്പാദിപ്പിക്കുന്ന, പരമ്പരാഗതമായി നമ്മൾ പുരുഷൻ എന്ന് വിളിക്കുന്ന കൂട്ടർ തന്നെയാണ് ഗർഭവും ധരിക്കുന്നത് എന്നതാണ്. ലൈംഗികബന്ധത്തിന്റെ ക്ളൈമാക്സിലെത്തുമ്പോൾ പെൺകടൽക്കുതിരകൾ, ആൺ കടൽക്കുതിരയുടെ വയറ്റിലെ സഞ്ചിപോലുള്ള ഭാഗത്തേക്ക് തങ്ങളുടെ അണ്ഡം നിക്ഷേപിക്കും. അതായത് നിക്ഷേപം നടക്കുന്നത് തിരിച്ചാണെന്നർത്ഥം. അങ്ങനെ നിക്ഷേപിക്കപ്പെടുന്ന അണ്ഡങ്ങളിൽ തങ്ങളുടെ ശരീരമുത്പാദിപ്പിക്കുന്ന ശുക്ലകോശങ്ങളാൽ ആൺ കടൽക്കുതിരകൾ ബീജസങ്കലനം (fertilization) നടത്തും. ബീജസങ്കലനത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഭ്രൂണങ്ങൾ 24 ദിവസം നീണ്ട ഗർഭകാലത്തിനു (incubation) ശേഷം കടലിലേക്ക് പിറന്നു വീഴുന്നു.

ഗർഭം ധരിക്കുന്നത് ആൺ കടൽക്കുതിരകളാണ് എന്ന അറിവ് ശാസ്ത്രത്തിനുണ്ടായിട്ട് കാലം ഏറെയായിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച കാതലായ ചില പഠനങ്ങൾ നടക്കുന്നത് 2015 -ലാണ്. അക്കൊല്ലം സെപ്റ്റംബറിൽ 'മോളിക്കുലാർ ബയോളജി ആൻഡ് ഇവല്യൂഷൻ' എന്ന ശാസ്ത്ര ജേർണലിൽ, സിഡ്‌നി സർവകലാശാലയിലെ 'കംപരേറ്റിവ് ജീനോമിക്സ്' പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ഡോ. കാമിലാ വിറ്റിങ്ങ്ടന്റെ നേതൃത്വത്തിലുള്ള പഠനസംഘം ആൺ കടൽക്കുതിരകളുടെ ഉദര സഞ്ചിക്കുള്ളിൽ നടക്കുന്ന ജൈവ രാസ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ ഗവേഷണങ്ങൾ നടത്തുകയുണ്ടായി. പ്രസ്തുത പഠനത്തിൽ ആൺ കടൽക്കുതിരകൾ പ്രത്യുത്പാദന പ്രക്രിയയിൽ വഹിക്കുന്ന അനതിസാധാരണമായ പങ്കിനെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ കാണാം.

കടൽക്കുതിരകളിലെ ഗർഭം എന്ന നിഗൂഢത

കടൽക്കുതിരകളുടെ ഗർഭകാലത്ത് നടക്കുന്നത് ചില്ലറ അഭ്യാസമല്ല. 3000 -ൽ പരം ജീനുകളാണ് ഈ സങ്കീർണ്ണപ്രക്രിയയുടെ ഭാഗമാകുന്നത്. ആ ജീനുകളെ പഠനവിധേയമാക്കിയ ഗവേഷകർ, പ്രസ്തുത ജീനുകൾ നിർണായക പങ്കുവഹിക്കുന്ന പല പ്രക്രിയകളെയും തിരിച്ചറിഞ്ഞു. ആൺ കടൽക്കുതിരകളുടെ ഉദരസഞ്ചിയിൽ നിന്ന് ഗർഭകാലത്ത് പല സമയത്താണ് സാമ്പിളുകൾ ശേഖരിച്ചായിരുന്നു പഠനങ്ങൾ. ഇതിനായി അവർ അത്യാധുനിക ഡിഎൻഎ സീക്വൻസിങ് സാങ്കേതികവിദ്യയുടെ സഹായവും തേടിയിരുന്നു. ഇത്തരത്തിൽ ഡിഎൻഎ സീക്വൻസിങ് ടെക്‌നോളജി പ്രയോജനപ്പെടുത്തിക്കൊണ്ട് കടൽക്കുതിരകൾക്കുമേൽ നടത്തപ്പെടുന്ന ലോകത്തെ ആദ്യത്തെ പഠനമായിരുന്നു ഡോ. വിറ്റിങ്ങ്ടന്റെ നേതൃത്വത്തിൽ നടന്നത്.

 

 

ആൺ കടൽക്കുതിരകളിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് പോഷകങ്ങൾ കൈമാറ്റം ചെയ്യുന്ന ചില ജീനുകളെ ഈ പഠനത്തിലൂടെ അവർ തിരിച്ചറിഞ്ഞു. കുഞ്ഞുങ്ങളുടെ അസ്ഥികൂടവും, അവയുടെ ത്വക്കിന്റെ തൊട്ടുതാഴെയായി കാണപ്പെടുന്ന കുഞ്ഞുകുഞ്ഞു അസ്ഥിവലയങ്ങളും ഒക്കെ രൂപപ്പെടുത്താൻ വേണ്ട കാൽസ്യവും ഫാറ്റും ഒക്കെ നൽകുന്നത് അച്ഛന്മാരാണ്. ഭ്രൂണം ഉത്പാദിപ്പിക്കുന്ന കാർബൺ ഡയോക്സൈഡ്, നൈട്രജൻ തുടങ്ങിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ജീനുകളും ആൺ കടൽക്കുതിരകൾ മക്കൾക്ക് നൽകും. ഒപ്പം, ഈ ഭ്രൂണങ്ങളെ അണുബാധയേൽക്കാതെ കാത്തുസൂക്ഷിക്കുന്നതും, അവയ്ക്ക് വേണ്ട ആന്റി ബാക്റ്റീരിയൽ ആന്റി ഫംഗൽ തന്മാത്രകൾ നൽകുന്നതും ഒക്കെ അച്ഛന്മാർ തന്നെയാണ്.

പ്രസവം എന്ന അത്ഭുതം

കടൽക്കുതിരകളുടെ ഗർഭത്തേക്കാൾ ഏറെ രഹസ്യമയമായ ഒന്നാണ് അവയുടെ പ്രസവം. മേൽപ്പറഞ്ഞ ആ 3000 -ൽ പരം ജീനുകൾ തന്നെയാണ് കടൽക്കുതിരകളെ ഈ പ്രസവത്തിനും തയ്യാറെടുപ്പിക്കുന്നത്. ഗർഭം ധരിച്ച് ഒരാഴ്ചയ്ക്കകം ഭ്രൂണങ്ങൾ അനങ്ങിത്തുടങ്ങും. അവയ്ക്ക് വലിപ്പമേറുന്നതോടെ അച്ഛന്മാരുടെ വയറും വീർത്തു വീർത്തു വരും. ഈ കാലയളവിൽ കടൽക്കുതിരകളിൽ ഈസ്ട്രജൻ ഹോർമോൺ കാര്യമായ അളവിൽ ഉത്പാദിപ്പിക്കപ്പെടും. ഇതാണ് പ്രസവത്തിനായി അവയുടെ ശരീരത്തെ പാകപ്പെടുത്തുന്നത്. മറ്റു പല സസ്തനികളുടേതിനോടും സമാനമാണ് കടൽക്കുതിരകളിലെ പ്രസവപ്രക്രിയയും. മനുഷ്യർക്കുള്ള പോലെ തന്നെ ഒരു പ്ലാസെന്റ എന്ന ഭാഗം ഗർഭപാത്രത്തിനുള്ളിൽ ഭ്രൂണത്തിന് വേണ്ട ഓക്സിജൻ നൽകും. അതോടൊപ്പം പരശ്ശതം ജീനുകൾ ഒരു സംഗീത കച്ചേരിയിലെ കണ്ടക്ടറുടെ നിർദ്ദേശാനുസൃതം എന്നപോലെ യഥാവിധി പ്രവർത്തിച്ചാണ് പ്രസവം സാധ്യമാകുന്നത്. പരിണാമ ദശയിൽ മറ്റു പല സസ്തനികളെക്കാളും ആയിരക്കണക്കിന് വർഷം ഇളപ്പമുള്ള കടൽക്കുതിരകളിലും ഏതാണ്ട് അതേ ജീനുകളാണ് പ്രസവത്തിനു ശരീരമൊരുക്കാൻ പ്രകൃതി ഉപയോഗിച്ചിട്ടുള്ളത് എന്നത് ഏറെ കൗതുകകരമാണ്. ഇങ്ങനെ പരസ്പരം ബന്ധമില്ലാത്ത ജീവിവർഗ്ഗങ്ങളിൽ സമാനമായ പ്രകൃതങ്ങൾ ദൃശ്യമാകുന്നതിനെ ശാസ്ത്രം 'കൺവർജന്റ് ഇവലൂഷൻ' എന്ന പേരിട്ടാണ്‌ വിളിക്കുന്നത്.

 

 

ഇത്രയൊക്കെ പറഞ്ഞു എങ്കിലും, പുനരുത്പാദനത്തിൽ പെൺ കടൽക്കുതിരകളുടെ പങ്കും അവഗണിക്കാവുന്നതല്ല. അവയാണ് ഭ്രൂണത്തിന് വേണ്ട പോഷണങ്ങൾ അടങ്ങിയ കരുത്തുറ്റ അണ്ഡങ്ങളെ സംഭാവന ചെയുന്നത്. എങ്കിലും, സന്താനോത്പാദനത്തിൽ പെൺ കടൽക്കുതിരകളുടെ ഉത്തരവാദിത്തം രതിയിലേർപ്പെട്ട് ആൺ കടൽക്കുതിരകളുടെ ഉദാരസഞ്ചിയിൽ തങ്ങളുടെ അണ്ഡം നിക്ഷേപിക്കുന്നതോടെ അവസാനിക്കുകയാണ്. പിന്നെ അവ തിരിഞ്ഞുപോലും നോക്കില്ല തങ്ങളുടെ ഇണയെ. അതിനുശേഷമുള്ള ഗർഭകാലവും പ്രസവവും ഒക്കെ ആൺ കടൽക്കുതിരകളുടെ മാത്രം ചുമതലയാണ്. അത് അവ എത്രമാത്രം കൃതഹസ്തതയോടെയാണ് നിർവഹിക്കുന്നത് എന്നതുസംബന്ധിച്ച വിശദാംശങ്ങളാണ് സിഡ്‌നി സർവകലാശാല നടത്തിയ ഈ പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

ഈ പഠനം, കടൽക്കുതിരകളിലെ ഗർഭധാരണത്തെയും പ്രസവത്തെയും സംബന്ധിച്ച ഒട്ടേറെ സംശയങ്ങൾക്കും കൗതുകങ്ങൾക്കും നിഗൂഢതകൾക്കും പരിഹാരമുണ്ടാക്കി എങ്കിലും, 'മറ്റു ജീവിവർഗ്ഗങ്ങളിൽ നിന്ന് വ്യത്യസ്തമായി എന്തുകൊണ്ട് ആൺ കടൽക്കുതിര ഗർഭം ധരിക്കുന്നു, പ്രസവിക്കുന്നു ?' എന്ന ചോദ്യം ഇന്നും ഒരു സമസ്യയായിത്തന്നെ തുടരുകയാണ്. 

click me!