ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കാനുള്ള അഞ്ച് കാരണങ്ങൾ

By Web TeamFirst Published Dec 24, 2019, 7:18 PM IST
Highlights

 " എന്റെ ഗോത്രസഹോദരന്മാരുടെ തകർന്നു കിടക്കുന്ന വീടുകളാണ് എനിക്ക് അയോദ്ധ്യ. അവരുടെ വീടുകൾ വീണ്ടും കെട്ടിക്കൊടുക്കുന്നതാണ് രാം മന്ദിർ നിർമാണം. അവരുടെ ഒട്ടിയ വയറുകൾ നിറയ്ക്കുന്നതാണ് എന്റെ ശ്രീരാമസേവ" ഹേമന്ത് സോറൻ പറഞ്ഞു 

ഈ വർഷം ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാര്യത്തിലെങ്കിലും അത്ര നല്ല വർഷമല്ല. ഒന്നിന് പിന്നാലെ ഒന്നായി പടിയിറങ്ങേണ്ടി വന്നത് അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, മഹാരാഷ്ട്ര, ഇതാ ഇപ്പോൾ ഝാര്‍ഖണ്ഡും. മഹാരാഷ്ട്രയിൽ ഫലം വന്നപ്പോൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മന്ത്രിസഭ രൂപീകരിക്കാൻ സാധിച്ചില്ല ബിജെപിക്ക്. ഇത്തവണയാണെങ്കിൽ, ഝാര്‍ഖണ്ഡ് മുക്തി മോർച്ചയ്ക്ക് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്ത ബിജെപിക്ക് ഭരണത്തുടർച്ചയ്ക്കുള്ള അവസരം നഷ്ടമായിരിക്കുകയാണ്. സംസ്ഥാനത്തെ പതിവിന് വിരുദ്ധമായി അഞ്ചുവർഷം തികച്ചും മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന രഘുബർ ദാസ് തന്റെ 'വെട്ടൊന്ന് മുറി രണ്ട്' എന്ന നയം കൊണ്ട്ത്രു ശത്രുക്കളാക്കിയിരിക്കുന്നത് സംസ്ഥാനത്തെ ഗോത്രവർഗക്കാരെ മാത്രമല്ല സ്വന്തം പാർട്ടിക്കുള്ളിലുള്ളവരെപ്പോലുമാണ്. അഞ്ച് കാരണങ്ങളാണ് ഝാര്‍ഖണ്ഡിലെ ബിജെപിയുടെ ഈ തോൽവിക്ക് കാരണമായി പറയാവുന്നത്. 

ഗോത്രവർഗക്കാരെ മുഷിപ്പിച്ചത് 

ഝാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ 26.3 ശതമാനവും ഗോത്രവർഗ്ഗക്കാരാണ്. തങ്ങളിൽ ഒരാളല്ലാത്ത രഘുബർ ദാസിനെ കഴിഞ്ഞകുറി ഫലം അനുകൂലമായപ്പോൾ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത് ഗോത്രവർഗക്കാരിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അധികാരത്തിലേറിയ പാടെ അദ്ദേഹം കൈക്കൊണ്ട ചില നയങ്ങളും ഗോത്രവർഗ്ഗക്കാരെ ചൊടിപ്പിച്ചു. അതിൽ പ്രധാനപ്പെട്ടത്, സംസ്ഥാനത്ത് താമസിക്കാനുള്ള നിയമങ്ങളിൽ വെള്ളം ചേർത്തതും ഭൂമി ഏറ്റെടുക്കൽ നിയമങ്ങൾ ലഘൂകരിച്ചതുമാണ്. ഇതൊക്കെയും തങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള ബിജെപിയുടെ നീക്കങ്ങളായി അവർ വായിച്ചെടുത്തു. 

" ഭൂമി ഇന്ത്യയിൽ എല്ലായിടത്തും വലിയ സംവേദനക്ഷമതയുള്ള വിഷയമാണ്. ഞങ്ങൾ ഒരു നിയമം കൊണ്ടുവന്നപ്പോൾ അതിനെ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരെ ഞങ്ങൾക്കെതിരാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. അത് തോൽവിക്ക് പ്രധാനകാരണമായി ഭവിച്ചിട്ടുണ്ട്." ദാസ് മാധ്യമങ്ങളോട് പറഞ്ഞു. സംഗതികൾ വഷളാകുന്നു എന്ന് തിരിച്ചറിഞ്ഞ് സമയത്തിന് ദാസിന് പകരം അർജുൻ മുണ്ടയെ കൊണ്ടുവന്നിരുന്നെങ്കിൽ ഒരു പരിധിവരെ ഈ ഗിരിവർഗ്ഗരോഷം നിയന്ത്രണാധീനമാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നേനെ. സംസ്ഥാനത്തെ 31 ഗിരിവർഗ്ഗ ഭൂരിപക്ഷ സീറ്റുകളിൽ മൂന്നിൽ രണ്ടും കോൺഗ്രസ് -ജെഎംഎം സഖ്യം പിടിച്ചെടുത്തു. 

പ്രാദേശിക തലത്തിലുള്ള അതൃപ്തി, അച്ചടക്കമില്ലായ്മ 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, പാർട്ടി തലവൻ അമിത് ഷായുടെയും പിന്തുണയുണ്ടായിരുന്നിട്ടും, പ്രാദേശിക തലത്തിൽ ഒട്ടും ജനപ്രിയത, സ്വന്തം പാർട്ടിക്കാർക്കിടയിൽ പോലും ആർജ്ജിക്കാൻ രഘുബർ ദാസിനായില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിനെതിരെ ബിജെപി സ്റ്റേറ്റ് കമ്മിറ്റിയ്ക്കുള്ളിൽ പോലും പടപ്പുറപ്പാടുണ്ടായിരുന്നു. പ്രധാന വിമത സ്വരം മുൻ മന്ത്രി സരയു റായ് തന്നെ.  ജംഷഡ്‌പൂർ ഈസ്റ്റ് സീറ്റിൽ 2014 -ൽ നടന്ന  തെരഞ്ഞെടുപ്പിൽ രഘുബർ ദാസ് 70,000 -ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വളരെ എളുപ്പത്തിൽ ജയിച്ചുകയറിയതാണ്. എന്നാൽ ഇത്തവണ ബിജെപി സീറ്റ് പങ്കുവച്ചപ്പോൾ സരയു റായിയെ തഴഞ്ഞു. അതിൽ കുപിതനായ റായി വിമതനായി, ജംഷഡ്‌പൂർ ഈസ്റ്റിൽ നിന്ന് രഘുബർ ദാസിനെതിരെത്തന്നെ മത്സരിക്കുകയും പതിനയ്യായിരത്തില്പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ദാസിനെ തറപറ്റിക്കുകയും ചെയ്യുകയായിരുന്നു. അർജുൻ മുണ്ടയുടെ അനുയായികളും രഘുബീർദാസിനെതിരെ തിരിഞ്ഞു എന്നാണ് കേൾക്കുന്നത്. അധികാരത്തിലേറിയ അന്ന് മുതൽ സംസ്ഥാനത്തെ രണ്ടു സീനിയർ നേതാക്കൾക്കുമിടയിൽ ശീതയുദ്ധം നടന്നുവരികയാണ്. ശത്രുത മൂത്ത് മുഖ്യമന്ത്രി അധികാരികളോട് സംസ്ഥാനത്തെ ചടങ്ങുകൾക്ക് മുണ്ടയെ വിളിക്കേണ്ട എന്ന് പറയുന്ന അവസ്ഥ പോലുമുണ്ടായിരുന്നു. 

സഖ്യമുണ്ടാക്കാൻ കാണിച്ച വിമുഖത 

സീറ്റ് വിഭജന സമയത്ത് കാണിച്ച കെടുകാര്യസ്ഥതയാണ് പിന്നീട് ബിജെപിക്ക് വിനയായത്. സഖ്യകക്ഷികളായ ലോക് ജനശക്തി പാർട്ടിയെയും, ജനതാദൾ യുണൈറ്റഡിനെയും വേണ്ടപോലെ പരിഗണിക്കാതെ വിട്ട ബിജെപി, ഓൾ ഝാര്‍ഖണ്ഡ് സ്റ്റുഡന്റസ് യൂണിയൻ (AJSU) എന്ന, പല മണ്ഡലങ്ങളിലും നിർണായക സ്വാധീനമുള്ള പാർട്ടിയെ സഖ്യത്തിലെടുത്തില്ല. അവർ ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാൽ അത് ഭരണവിരുദ്ധ വോട്ടുകൾ വിഭജിച്ചോളും എന്ന് പാർട്ടി പ്രതീക്ഷിച്ചു. എന്നാൽ ആ പ്രതീക്ഷയ്ക്ക് വിരുദ്ധമായി AJSU രണ്ടു സീറ്റ് പിടിക്കുകയും വിലപ്പെട്ട എട്ടു ശതമാനത്തോളം വോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. AJSU നേതാവായ സുദേഷ് മഹ്‌തോയ്ക്ക് കുർമി വോട്ടുബാങ്കിലുള്ള സ്വാധീനം, അവരെ കൂടെ നിർത്തിയിരുന്നെങ്കിൽ ബിജെപിക്ക് ഗുണം ചെയ്തേനെ എന്ന് രാഷ്ട്രീയനിരീക്ഷകർ കരുതുന്നു. 

സാമ്പത്തികതളർച്ച, ദാരിദ്ര്യം 

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ദരിദ്രമായ സംസ്ഥാനമാണ് ഝാര്‍ഖണ്ഡ്. പാവപ്പെട്ട ഗോത്രവർഗക്കാരാണ് ഭൂരിഭാഗവും. സ്റ്റീൽ പ്ലാന്റുകൾ, ഖനികൾ, വാഹനനിർമാണശാലകൾ  എന്നിവയാണ് പ്രധാന വരുമാനമാർഗ്ഗം. സാമ്പത്തിക മാന്ദ്യം ഈ നിർമാണ മേഖലയെ ഒന്നടങ്കം ബാധിച്ചത് സംസ്ഥാനത്ത് ആകമാനം തൊഴിൽ  നഷ്ടങ്ങൾക്ക് കാരണമായി. അധികാരത്തിലേറുമ്പോൾ സംസ്ഥാനത്ത് കൊണ്ടുവരും എന്ന് വാഗ്ദാനം ചെയ്തിരുന്ന യാതൊരു വികസനനിക്ഷേപങ്ങളും സാക്ഷാത്കരിക്കാതിരുന്നത് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്ന വേളയിൽ ബിജെപിക്ക് വിനയായി. 

നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്തമായ വോട്ടിങ് പാറ്റേൺ 

ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകൾക്ക് ശേഷം ഇപ്പോൾ ഝാര്‍ഖണ്ഡിലും ഒരു കാര്യം വ്യക്തമായിട്ടുണ്ട്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളെ വോട്ടർമാർ സമീപിക്കുന്നത് ഒരേ രീതിയിലല്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ 14 -ൾ 12 സീറ്റും നേടി തൂത്തുവാരിയ ബിജെപിക്ക് ആറുമാസത്തിനുള്ളിൽ തന്നെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് അതിന്റെ ലക്ഷണമാണ്. പ്രചാരണത്തിൽ ഒരു കുറവും ബിജെപി വരുത്തിയിട്ടില്ല. മോദി എട്ടും അമിത് ഷാ പതിനൊന്നും റാലികൾ നടത്തിയിരുന്നു പ്രചാരണത്തിനിടെ. പൗരത്വ നിയമ ഭേദഗതിയും അയോദ്ധ്യ വിധിയുമൊക്കെയായിരുന്നു ബിജെപി മുന്നോട്ടുവെച്ച മുഖ്യ പ്രചാരണ വിഷയങ്ങൾ. അതൊക്കെ ഉയർത്തിപ്പിടിക്കുന്നതിനിടെ, സംസ്ഥാനത്തെ അടിസ്ഥാന പ്രശ്നങ്ങളായ തൊഴിലില്ലായ്മയും, പ്രാദേശിക കലാപങ്ങളും, ഭൂമി തർക്കങ്ങളും ഒക്കെ അവർ അവഗണിച്ചത് വിനയായി. 

ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ഒരു യാഥാർഥ്യമാണ്. എല്ലാ സംസ്ഥാനങ്ങളിലും എല്ലായ്പ്പോഴും 'മോദി/ഷാ മാജിക്' വിജയിച്ചെന്നു വരില്ല, പ്രാദേശികമായ ജനവികാരത്തെ പ്രാദേശികമായ നേതൃത്വം കൊണ്ടുതന്നെ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. പ്രചാരണത്തിനിടെ ബിജെപിയുടെ അയോധ്യാ-രാം മന്ദിർ നിർമാണത്തിൽ അധിഷ്ഠിതമായ അവകാശവാദങ്ങളെ നേരിട്ടുകൊണ്ട്  ഹേമന്ത് സോറൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു, " എന്റെ ഗോത്രസഹോദരന്മാരുടെ തകർന്നു കിടക്കുന്ന വീടുകളാണ് എനിക്ക് അയോദ്ധ്യ. അവരുടെ വീടുകൾ വീണ്ടും കെട്ടിക്കൊടുക്കുന്നതാണ് രാം മന്ദിർ നിർമാണം. അവരുടെ ഒട്ടിയ വയറുകൾ നിറയ്ക്കുന്നതാണ് എന്റെ ശ്രീരാമസേവ" - പോളിംഗ് ബൂത്തിലേക്ക് കടന്നു ചെന്ന ഝാര്‍ഖണ്ഡിലെ പൗരന്മാരെ ബിജെപിക്ക് എതിരായി കുത്താൻ പ്രേരിപ്പിച്ചതും അവരുടെ ഹൃദയത്തിൽ സ്പർശിച്ചുപോയ ഈ വാക്കുകൾ തന്നെയാകും. 


      

click me!