ക്യാമ്പിലും ദുരിതം, കനത്ത മഴയിൽ തകർന്ന് രോഹിം​ഗ്യൻ അഭയാർത്ഥി ക്യാമ്പിലെ കൂടാരങ്ങൾ, മൂന്നുകുട്ടികളടക്കം മരിച്ചു

By Web TeamFirst Published Jul 30, 2021, 1:22 PM IST
Highlights

വെള്ളപ്പൊക്കത്തിൽ വെറും കൈയോടെ അവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടുക്കാനോ, കഴിക്കാനോ ഒന്നും തന്നെ അവരുടെ പക്കലില്ല. അവർക്ക് സാമ്പത്തിക സഹായം, ഭക്ഷണം, വസ്ത്രം എന്നിവ ആവശ്യമാണ്. പലയിടത്തും ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും കാരണം അവർക്ക് ആവശ്യമായ വൈദ്യസഹായവും എത്തിക്കാൻ സാധിക്കുന്നില്ല.  

2017 ഓഗസ്റ്റ് മുതലാണ് ന്യൂനപക്ഷ മുസ്ലീം റോഹിംഗ്യകൾ മ്യാൻമാറിൽ നിന്ന് അതിർത്തി കടന്ന് ബംഗ്ലാദേശിലേയ്ക്ക് എത്താൻ തുടങ്ങിയത്. അവരിൽ ആയിരക്കണക്കിനാളുകൾ അവിടത്തെ കോക്സ് ബസാറിലെ തിരക്കേറിയ ക്യാമ്പുകളിൽ അഭയം തേടി. എന്നാൽ, ദുരന്തമുഖത്ത്  നിന്ന് രക്ഷപ്പെട്ടു ഓടിയെത്തിയ അവർ ഇപ്പോൾ മറ്റൊരു വിപത്തിനെ നേരിടുകയാണ് അവിടെ. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് തെക്കൻ ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർഥിക്യാമ്പുകൾ തകർന്നു. അവർക്ക് ആകെ തലചായ്ക്കാനുണ്ടായിരുന്ന കിടപ്പാടം പോലും ഇപ്പോൾ ഇല്ലാതായി. സ്വന്തം വീടും, നാടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന അവർ അഭയം തേടി എത്തിയിടത്തും നിരാലംബരായി. വീടുകളിലോ, അഭയകേന്ദ്രങ്ങളിലോ ആശ്രയം തേടുകയാണ് അവർ ഇപ്പോൾ.    

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 2,500 അഭയകേന്ദ്രങ്ങൾ തകർന്നുവെന്ന് യുഎൻ അഭയാർഥി ഏജൻസിയുടെ (യുഎൻ‌എച്ച്‌സി‌ആർ) കണക്കുകൾ പറയുന്നത്. കൂടാതെ, ആറ് റോഹിംഗ്യൻ അഭയാർഥികൾ മണ്ണിടിച്ചിലിൽ കൊല്ലപ്പെടുകയോ വെള്ളപ്പൊക്കത്തിൽ മുങ്ങുകയോ ചെയ്തിട്ടുണ്ട്. പല ക്യാമ്പുകളിലും മുട്ടോളം വെള്ളം കയറി. മുളയും ടാർപാളയും ഉപയോഗിച്ച് കെട്ടിയ ദുർബലമായ കൂടാരങ്ങൾ മഴയിൽ തകർന്നു. കുറഞ്ഞത് 5,000 പേരെങ്കിലും ഭവനരഹിതരായി തീർന്നു. മരണപ്പെട്ടവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. വെള്ളപ്പൊക്കത്തിൽ വെറും കൈയോടെ അവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടുക്കാനോ, കഴിക്കാനോ ഒന്നും തന്നെ അവരുടെ പക്കലില്ല. അവർക്ക് സാമ്പത്തിക സഹായം, ഭക്ഷണം, വസ്ത്രം എന്നിവ ആവശ്യമാണ്. പലയിടത്തും ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും കാരണം അവർക്ക് ആവശ്യമായ വൈദ്യസഹായവും എത്തിക്കാൻ സാധിക്കുന്നില്ല.  

1990 -കളുടെ തുടക്കം മുതൽ നിലനിന്നിരുന്ന കുടുപലോംഗ് അഭയാർത്ഥി ക്യാമ്പ് റോഹിംഗ്യകൾക്കുള്ള ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പാണ്. ഏകദേശം എഴുപതുലക്ഷത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്ന ആ ക്യാമ്പ് എന്നാൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള ഭൂപ്രദേശത്ത് സ്ഥിതിചെയ്യുന്നത്. ഈ മഴയിലും, വെള്ളപ്പൊക്കത്തിലും അവിടവും വലിയ രീതിയിൽ ബാധിക്കപ്പെട്ടിട്ടുണ്ട്. യുഎൻ‌എച്ച്‌സി‌ആർ പരിശീലനം നേടിയ അഭയാർഥി സന്നദ്ധ പ്രവർത്തകരും മറ്റുള്ളവരും കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി രാവും പകലും കനത്ത മഴയിൽ പ്രവർത്തിക്കുന്നു. അതേ സമയം മഴക്കാലം മൂന്നുമാസം കൂടി നീണ്ടുനിൽക്കുമെന്നും, കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്നും യുഎൻ‌എച്ച്‌സി‌ആർ മുന്നറിയിപ്പ് നൽകി.

മ്യാൻമറിൽ സൈന്യം രോഹിം​ഗ്യർക്കെതിരെ കടുത്ത ആക്രമണങ്ങൾ അഴിച്ചുവിടാൻ തുടങ്ങിയതിനെ തുടർന്ന് 2017 ഓഗസ്റ്റ് മുതലാണ് റോഹിംഗ്യകൾ ബംഗ്ലാദേശിലെ അഭയാർഥിക്യാമ്പുകളിലേക്ക് പലായനം ചെയ്യാൻ തുടങ്ങിയത്. ബലാത്സംഗങ്ങൾ, കൊലപാതകങ്ങൾ, വീടുകൾ കത്തിക്കൽ തുടങ്ങിയ ക്രൂരമായ മാർ​ഗങ്ങളിലൂടെ അവരെ അടിച്ചമർത്താൻ സൈന്യം ശ്രമിച്ചു. അങ്ങനെ സ്വന്തം മണ്ണിൽ നിന്ന് പ്രാണരക്ഷാർത്ഥം പലായനം ചെയ്യാൻ അവർ നിർബന്ധിതരായി. അവരെ സ്വദേശത്തേക്ക് തിരികെ കൊണ്ടുവരാൻ ബംഗ്ലാദേശും മ്യാൻമറും ശ്രമിക്കുമ്പോൾ റോഹിംഗ്യകൾ നാട്ടിലേക്ക് മടങ്ങാൻ ഭയപ്പെടുന്നു. ഒരു ദശലക്ഷത്തിലധികം റോഹിംഗ്യൻ അഭയാർഥികൾ താമസിക്കുന്ന കോക്സ് ബസാർ ജില്ല ബംഗ്ലാദേശിലെ ഏറ്റവും ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പറയുന്നു.  

                                                                                                                           

click me!